October 14, 2026

പുസ്തകങ്ങള്‍ കാലത്തിന്റെ വഴിവിളക്കുകള്‍; കല്‍പ്പറ്റ നാരായണന്‍

0
IMG-20220620-WA00322.jpg
By ന്യൂസ് വയനാട് ബ്യൂറോ
കൽപ്പറ്റ : പുസ്തകങ്ങള്‍ കാലത്തിന്റെ വഴിവിളക്കുകളാണെന്നും കാലാനുവര്‍ത്തിയായ വായനയാണ് മനുഷ്യന്റെ സാംസ്കാരിക മൂല്യത്തിന്റെ അടിത്തറയെന്നും സാഹിത്യകാരന്‍ കല്‍പ്പറ്റനാരായണന്‍ പറഞ്ഞു. കണിയാമ്പറ്റ ഗവ.ഹയര്‍ സെക്കന്‍ഡറി സ്കൂളിൽ ഇന്‍ഫര്‍മേഷന്‍ പബ്ലിക് റിലേഷന്‍സ് വകുപ്പിന്റെ നേതൃത്വത്തിൽ സംഘടിപ്പിച്ച വായനാപക്ഷാചരണം ജില്ലാ തല ഉദ്ഘാടന ചടങ്ങില്‍ മുഖ്യപ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം. ടി. സിദ്ദിഖ് എം.എൽ.എ ജില്ലാതല ഉദ്ഘാടനം നിർവഹിച്ചു.
വായനയ്ക്ക് മാറുന്ന കാലഘട്ടത്തില്‍ വിഭിന്ന ഭാവങ്ങള്‍ വന്നെങ്കിലും ആധുനിക സൗകര്യത്തിലും പരന്ന വായനകള്‍ സാധ്യമാണ്. രണ്ടായിരം വര്‍ഷങ്ങളുടെ അറിവിന്റെയും ഓര്‍മ്മകളുടെയും മേച്ചില്‍പ്പുറങ്ങളിലൂടെയുള്ള സഞ്ചാരം പോലും പുസ്തകങ്ങളിലൂടെ അനായാസം കൈമാറ്റം ചെയ്യപ്പെടുന്നു. പ്രകൃതിയും മനുഷ്യനും ചേര്‍ന്ന് നിര്‍മ്മിക്കുന്ന സുന്ദര ലോകം പരിണാമങ്ങള്‍ക്ക് വിധേയമാകുമ്പോഴും അക്ഷരങ്ങളുടെ  മൂല്യങ്ങളുടെ അടയാളപ്പെടുത്തലുകള്‍ മഹത്തരമാണ്. തലമുറകള്‍ക്ക് വെളിച്ചമേകിയ ചരിത്ര ഗ്രന്ഥങ്ങള്‍ മനുഷ്യരാശിയുടെ ആത്മവിശ്വാസത്തിന്റെ അടിത്തറകള്‍ കൂടിയാണ്. ശാസ്ത്ര ജ്ഞാനം പോലും പുസ്തകങ്ങളിലൂടെയും വായനയിലൂടെയും വിനിമയം ചെയ്യപ്പെടുന്നു. ഇന്ന് നാം അറിഞ്ഞതൊക്കെയും വായനയിലൂടെയാണ്. നൂറ്റാണ്ടുകളുടെ ചരിത്ര വഴികളെയും പിന്നിട്ട് വിവിധ തലത്തിലൂടെ വായന പുതിയ കാലത്തിലൂടെയും കുതിക്കുകയാണ്. ലോക ചരിത്രത്തില്‍ വ്യക്തി മുദ്രപതിപ്പിച്ച വ്യക്തികളില്‍ പലരുടെയും ജീവിതം മാറ്റി മറിച്ചതിന് പിന്നില്‍ മഹത്ഗ്രന്ഥങ്ങള്‍ പിന്തുണയേകിയ ആത്മവിശ്വാസങ്ങള്‍ കാണാം. വായനയിലൂടെ സാമൂഹിക ബോധവും സാംസ്കാരിക ബോധവും വളരുമെന്നതിന് തെളിവാണ് ഇന്ന് ഈ കാണുന്ന നന്മകളുടെ ലോകം. കേവലമായ മനുഷ്യായുസ്സിനപ്പുറം അനശ്വരമാണ് പുസ്തകങ്ങളുടെയും വായനയുടെയും ലോകമെന്ന് കല്‍പ്പറ്റ നാരായണന്‍ പറഞ്ഞു.
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *