March 28, 2024

കോവിഡ് വ്യാപനം; വ്യക്തിപരമായ ശ്രദ്ധ ഏറെ പ്രധാനം :ഡി.എം.ഒ

0
Img 20220703 Wa00612.jpg
കൽപ്പറ്റ : ജില്ലയിൽ കോവിഡ് കേസുകള്‍ വര്‍ധിക്കാതിരിക്കാന്‍ എല്ലാവരുടേയും സഹകരണവും ശ്രദ്ധയും ഉണ്ടാകണമെന്ന് ജില്ലാ മെഡിക്കൽ ഓഫീസർ ഡോ. കെ സക്കീന. ആരോഗ്യ വകുപ്പ് നിരന്തരം യോഗങ്ങള്‍ വിളിച്ച് കോവിഡ് സാഹചര്യം വിലയിരുത്തുന്നുണ്ട്. എല്ലാ കീഴ് സ്ഥാപനങ്ങളിലും പ്രതിരോധം ശക്തമാക്കാന്‍ നിര്‍ദേശം നല്‍കിയിട്ടുണ്ട്. സംസ്ഥാനത്ത് കോവിഡ് കേസുകള്‍ ചെറുതായി ഉയരുന്നെങ്കിലും ജില്ലയിൽ ആശങ്കപ്പെടേണ്ട കാര്യമില്ല. ആശുപത്രികളിലും ഐസിയുവിലും ചികിത്സ തേടുന്നവരുടെ എണ്ണം കുറവാണ്. പ്രായമായവരിലും അനുബന്ധ രോഗമുള്ളവരിലും വാക്‌സിന്‍ എടുക്കാത്തവരിലുമാണ് കൂടുതലും രോഗം ഗുരുതരമാകുന്നത്. അതിനാല്‍ തന്നെ അവര്‍ കൂടുതല്‍ ശ്രദ്ധിക്കണമെന്നും ഡി എം ഒ പറഞ്ഞു.എല്ലാ കാലവും നമുക്ക് അടച്ചിടല്‍ ഉള്‍പ്പെടെയുള്ള നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്താന്‍ കഴിയില്ല. കോവിഡിനോടൊപ്പം ജീവിക്കുക എന്നതാണ് പ്രധാനം. ആരില്‍ നിന്നും ആരിലേക്കും കോവിഡ് ബാധിക്കാന്‍ സാധ്യതയുണ്ട്. അതിനാല്‍ വ്യക്തിപരമായ ശ്രദ്ധ ഏറെ പ്രധാനമാണ്. കോവിഡിനെ പ്രതിരോധിക്കാന്‍ എല്ലാവരും നിര്‍ബന്ധമായി മാസ്‌ക് ധരിക്കണം. ഇടയ്ക്കിടയ്ക്ക് സോപ്പും വെള്ളവും ഉപയോഗിച്ചോ സാനിറ്റൈസര്‍ ഉപയോഗിച്ചോ കൈ വൃത്തിയാക്കണം. കൈ വൃത്തിയാക്കാതെ കണ്ണ്, മൂക്ക്, വായ് എന്നിവ സ്പര്‍ശിക്കരുത്. ആദ്യ ഡോസും രണ്ടാം ഡോസും കരുതല്‍ ഡോസും എടുക്കാനുള്ള എല്ലാവരും വാക്‌സിന്‍ എടുക്കേണ്ടതാണ്. വാക്‌സിൻ എല്ലാ ആരോഗ്യ കേന്ദ്രങ്ങളിലും ലഭ്യമാണ്. ഏതൊക്കെ ദിവസങ്ങളിൽ എവിടെയൊക്കെ വാക്‌സിൻ ലഭ്യമാണ് എന്നറിയുന്നതിന് ജില്ലയിൽ ഹെൽപ്പ് ലൈൻ നമ്പറിൽ ബന്ധപ്പെടാവുന്നതാണ്
നമ്പർ :+919072510900
*കുട്ടികളെയും ശ്രദ്ധിക്കുക*
സ്‌കൂള്‍ തുറന്ന സാഹചര്യത്തില്‍ കുട്ടികളെയും ശ്രദ്ധിക്കേണ്ടതാണ്. കൃത്യമായി മാസ്‌ക് ധരിപ്പിച്ച് മാത്രം സ്‌കൂളില്‍ വിടുക. 12 വയസിന് മുകളിലുള്ള എല്ലാ കുട്ടികള്‍ക്കും കോവിഡ് വാക്‌സിന്‍ നല്‍കുക. കുട്ടികളില്‍ നിന്നും പ്രായമുള്ളവരിലേക്കും മറ്റസുഖമുള്ളവരിലേക്കും കോവിഡ് ബാധിക്കാന്‍ സാധ്യതയുള്ളതിനാല്‍ പ്രത്യേകം ശ്രദ്ധിക്കണം. കുട്ടികള്‍ സ്‌കൂളില്‍ നിന്നും മുതിര്‍ന്നവര്‍ ജോലിക്ക് പോയിട്ടും വീട്ടില്‍ എത്തിയാലുടന്‍ വസ്ത്രങ്ങള്‍ മാറ്റി കുളിച്ചതിന് ശേഷം മാത്രമേ ഇവരുമായി ഇടപെടാവൂ. ജലദോഷം, പനി, ചുമ, ശ്വാസതടസം തുടങ്ങിയ രോഗലക്ഷണങ്ങളുള്ളവര്‍ ഇവരോട് ഇടപഴകരുത്. പുറത്ത് പോയി വരുന്നവരില്‍ നിന്നും അവരിലേക്ക് രോഗം പടരാനും അവര്‍ക്ക് ഗുരുതരമാകാനും സാധ്യതയേറെയാണ്. രോഗലക്ഷണങ്ങളുള്ള കുട്ടികളെ സ്‌കൂളുകളില്‍ വിടരുത്. അധ്യാപകരും ഇത് പ്രത്യേകം ശ്രദ്ധിക്കേണ്ടതാണ്. എന്തെങ്കിലും ബുദ്ധിമുട്ടുണ്ടെങ്കില്‍ ഡോക്ടറുടെ സേവനം തേടേണ്ടതാണ്.
രോഗലക്ഷണങ്ങളുള്ളവര്‍ കോവിഡ് പരിശോധന നടത്തുകയും വിശ്രമിക്കുകയും വേണം. പ്രായമായവര്‍, മറ്റനുബന്ധ രോഗമുള്ളവര്‍ എന്നിവര്‍ക്ക് രോഗലക്ഷണങ്ങള്‍ കണ്ടാല്‍ ഉടന്‍ ആരോഗ്യ പ്രവര്‍ത്തകരെ വിവരമറിയിച്ച് വിദഗ്ധ ചികിത്സ ഉപ്പാക്കണം.
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *