April 19, 2024

ഡോക്ടർ ജോസഫ് മക്കോളിൽ : കുസാറ്റിൽ നിന്ന് വാഴത്തോട്ടത്തിലേക്ക് ,സിനിമ പോലൊരു ജീവിതം

2
Img 20210222 Wa0212.jpg
നാനോ ടെക്നോളജിയിൽ 100% വിജയസാധ്യതയുള്ള ശാസ്ത്രജ്ഞൻ ആയിരിക്കവേ കൊച്ചിൻ യൂണിവേഴ്സിറ്റി കുസാറ്റ് സിൻഡിക്കേറ്റിലെ ചില ഉദ്യോഗസ്ഥരുടെ  ചതിക്കുഴിയിൽ പെട്ട് സ്വന്തം ജീവിതംതന്നെ നഷ്ടമായ വയനാട്ടുകാരൻ ആണ് ഡോ : ജോസഫ് മക്കോളിൽ. ഇന്ന് അദ്ദേഹം ലക്ഷക്കണക്കിന് കടബാധ്യതയുള്ള ഒരു വയനാടൻ കർഷകനായി മാനന്തവാടി കല്ലോടി മൂളിത്തോട് ഉള്ള സ്വന്തം കൃഷിയിടത്തിൽ നിസ്സംഗനായ ഒരു കർഷക ഋഷിയായി  ജീവിതം അനുഷ്ടിക്കുന്നു . ഒരു ക്രൈം ത്രില്ലർ സിനിമാക്കഥയെ പോലും വെല്ലുന്നതാണ് ഡോ: ജോസഫിൻറെ ജീവിതകഥ . അവിശ്വസനീയമായതും ഭീതിപ്പെടുത്തുന്നതുമായ ഒട്ടേറെ ഉയർച്ചതാഴ്ചകൾ നിറഞ്ഞ അജു ജീവിതം തന്നെ ഒരു ഗവേഷണ വിഷയം പോലെ ഗഹനവും ആഴമേറിയതുമാണ് .മനുഷ്യ ജീവിതത്തിലെ സമസ്ത മേഖലയെയും വിരൽത്തുമ്പിൽ നിർത്തിക്കളയുന്ന ആ കർമ്മകാണ്ഡത്തെ അക്ഷരങ്ങളിൽ ഒതുക്കാൻ  ശ്രമിക്കുകയാണ് . ഒട്ടേറെ പഠിക്കാനുള്ളതാണ് ഡോക്ടർ ജോസഫ് മക്കോളിലിന്റെ ജീവിതം . മാധ്യമ ലോകത്ത് ആരും ഇതുവരെ ഇദ്ദേഹത്തിൻറെ സമ്പൂർണ്ണ  ജീവിതകഥ റിപ്പോർട്ട് ചെയ്തിട്ടില്ല  എന്ന ചാരിതാർത്ഥ്യവും ന്യൂസ് വയനാടിന് ഉണ്ട് .
??????????
*അഭിമുഖം തയ്യാറാക്കിയത് :  ജിത്തു തമ്പുരാൻ*
 Q : കുസാറ്റിലേക്കുള്ള വഴികൾ എളുപ്പം ആയിരുന്നുവോ ?
Ans : പഠിക്കുന്ന കാലത്ത് ഒരു ഡ്രൈവർ ആകണം എന്നായിരുന്നു എൻറെ ആഗ്രഹവും സ്വപ്നവും . കല്ലോടി മൂളിത്തോട് ഭാഗത്തെ പടു വഴികളിലൂടെ സാഹസികമായി വണ്ടിയോടിക്കുന്ന ഡ്രൈവർമാരെ കണ്ടാണ് എനിക്ക് ആരാധന തോന്നിയത് . പക്ഷേ ഇപ്പോഴും എനിക്ക് ഒരു വാഹനങ്ങളും ഓടിക്കാൻ സാധിച്ചിട്ടില്ല. മൂളിത്തോട് നാഷണൽ എൽപി സ്കൂൾ , കല്ലോടി  യു പി സ്കൂൾ എന്നിവിടങ്ങളിലൊക്കെ പഠിച്ച് വെള്ളമുണ്ട ഗവ : ഹൈസ്കൂളിൽ എത്തി . എട്ടാംക്ലാസിൽ മൂന്നുമാസം പഠിക്കുമ്പോഴേക്കും സാമ്പത്തിക ബുദ്ധിമുട്ട് വീട്ടിൽ തോട്ടത്തിലെ പണി ചെയ്യാൻ ആളില്ലാത്ത അവസ്ഥ ഇതൊക്കെ വന്നു . എന്നോട് രക്ഷിതാക്കൾ പഠിത്തം നിർത്തി കൊള്ളാൻ പറഞ്ഞു . ആദ്യഘട്ടം പഠനത്തിന് അതോടെ തിരശീലവീണു . എൻറെ ചിരകാല അഭിലാഷവും ഇഷ്ടവുമായ പോത്തിനെ കെട്ടി നിലം ഉഴുതുമറിക്കൽ അവിടെ സാധ്യമാവുകയായിരുന്നു . അഞ്ച് വർഷങ്ങൾക്ക് ശേഷം കല്ലോടി പുതിയ ഹൈസ്കൂൾ വന്നപ്പോൾ പഠിക്കാൻ കുട്ടികളെ തികയാത്ത അവസ്ഥ വരികയും എന്നെ അവിടെ കൊണ്ട് ചേർക്കുകയും ചെയ്തു. സ്ഥിരമായി മണ്ണിലിറങ്ങി പണിയുന്ന ഒരു സാധാരണക്കാരൻ കുട്ടി ആയതിനാൽ ശരീരവലിപ്പം കൊണ്ട് ഞാൻ തടിമാടൻ ഒന്നും ആയില്ല .അന്നൊക്കെ എന്തെങ്കിലുമൊക്കെ മണ്ണിൽ നട്ട് അത് വളർത്തിയെടുക്കുക എന്നതായിരുന്നു ഏറ്റവും വലിയ ലക്ഷ്യം. ഒരു ചുവട് മത്തങ്ങ നട്ടാൽ 100 -150 മത്തങ്ങയൊക്കെ കിട്ടുന്ന ഫലപുഷ്ടി ഇവിടുത്തെ മണ്ണിന്  ഉണ്ടായിരുന്നു. മത്തങ്ങ കൂടുതൽ വിളവ് കിട്ടാൻ മത്തങ്ങ വള്ളിയുടെ ഉള്ളിൽ  സ്വർണ്ണ തരികൾ കയറ്റി വെച്ചാൽ മതി എന്ന് ഒരാൾ എന്നോട് പറഞ്ഞു . അതുപ്രകാരം ഞാൻ എൻറെ കഴുത്തിൽ ഉള്ള കാശ് രൂപത്തിന്റെ മുകളിൽ കടിച്ച് സ്വർണം തരി അടർത്തിയെടുത്ത് മത്തങ്ങ വള്ളിക്കുള്ളിൽ വച്ചു . പക്ഷേ അത് വിഡ്ഢിത്തം ആയിരുന്നു എന്ന് പിന്നീട് അറിയാൻ സാധിച്ചു. നല്ല മാർക്കോട് കൂടി എസ്എസ്എൽസി പാസായി എങ്കിലും ഒരു ഓറിയന്റേഷന് ഒന്നും ആരും അക്കാലത്ത് ഉണ്ടായിരുന്നില്ല. വീട്ടിലേക്ക് എന്തെങ്കിലും സാധനം പൊതിഞ്ഞു കൊണ്ടുവരുന്ന പത്രക്കടലാസ് ഒക്കെയായിരുന്നു അന്ന് വായിച്ചു കൊണ്ടിരുന്നത്.
സത്യത്തിൽ 1979 ൽ കല്ലോടി സ്കൂളിലേക്ക് പോയത് ഏഴാം ക്ലാസ് പാസായവർക്ക് അവിടെ പ്യൂണിന്റെ പോസ്റ്റിൽ പണി കിട്ടും എന്ന് അറിഞ്ഞിട്ടാണ്. പക്ഷേ മാനേജ്മെൻറ് കോട്ടയിലേക്ക് 6300 രൂപ അടക്കണം എന്ന് പറഞ്ഞു. അതോടുകൂടി കയ്യിൽ പൈസ ഇല്ലാത്തതിനാൽ  വിദ്യാർത്ഥി ആവാം എന്ന തീരുമാനം കൈക്കൊണ്ടു .20 ആം വയസ്സിലാണ് എസ്എസ്എൽസി നല്ല മാർക്കോട് കൂടി പാസാകുന്നത്.
Q : ശാസ്ത്രകൗതുകം എങ്ങനെയാണ് തലയ്ക്കു പിടിച്ചത് ?
മൂന്നാം ക്ലാസിലൊക്കെ പഠിക്കുന്ന സമയത്ത് ഞാൻ വല്ലാതെ ചിന്തിക്കുന്ന കൂട്ടത്തിലായിരുന്നു. ഞാൻ ആലോചിച്ചു , ഒരല്പം അരി അളന്ന് ചെമ്പിൽ ഇട്ടു തിളപ്പിച്ച ശേഷം ചോറ് ആയി മാറുമ്പോൾ ചെമ്പ് നിറയെ എത്തുന്നു .എങ്കിൽ എന്തുകൊണ്ട്  ചോറിനെ തിരിച്ച് അരി ആക്കാൻ പറ്റുന്നില്ല ? അമ്മ ഒരു വലിയ ഈശ്വര വിശ്വാസി ആയിരുന്നു അമ്മ രഹസ്യമായി പ്രാർത്ഥന ചൊല്ലികൊണ്ടാണ് അരി അടുപ്പിൽ ഇടുന്നത് . ആ പ്രാർത്ഥനയുടെ ശക്തി കൊണ്ടാണ് അരി ചോറ് ആകുന്നത് എന്ന് അമ്മ വിശ്വസിച്ചു. വിശ്വാസി അല്ലാതിരുന്ന ഞാൻ ഇതിൻറെ റിവേഴ്സ് പ്രോസസ് ചിന്തിച്ചു. ചോറ് എങ്ങനെ അരിയാക്കാം എന്ന് . അപ്പോഴാണ് ഏതോ കുട്ടിയുടെ കയ്യിലെ ചോറ്റു പാത്രത്തിൽ നിന്ന് താഴെ വീണ് കിടക്കുന്ന ചോറ് ഞാൻ കണ്ടത്. വിശപ്പിൻറെ ആധിക്യം കൊണ്ട് അത് വാരി തിന്നണം എന്ന് വരെ തോന്നി പോയി. പക്ഷേ അങ്ങനെ ചെയ്തില്ല . രണ്ടു ദിവസം കഴിഞ്ഞപ്പോൾ ആ ചോറ് വെയിലത്തുണങ്ങി അരി പോലെ ആയി തീർന്നു .
ഒമ്പതാം ക്ലാസിൽ വച്ച് ആഴ്ചകളും മാസങ്ങളും വർഷങ്ങളും എന്തുകൊണ്ട് ആവർത്തിക്കപ്പെടുന്നു എന്ന് ഞാൻ ചിന്തിച്ചു . എന്തുകൊണ്ട് തിങ്കളാഴ്ച വിശേഷം ചൊവ്വാഴ്ച മാത്രം വരുന്നു ?. ഇതിനെയൊക്കെ ഫലമായി ഞാൻ ഇന്നത്തെ കമ്പ്യൂട്ടർ പോലെയുള്ള ഒരു യന്ത്രം വികസിപ്പിച്ചെടുത്തു. ഇലക്ട്രോണിക് സർക്യൂട്ട് ആയിരുന്നു അതിൻറെ ബേയ്സ് . പത്ത് വർഷം കഴിയുമ്പോൾ ജനുവരി 30 ഏതു ദിവസം ആയിരിക്കും എന്നൊക്കെ കണ്ടുപിടിക്കാൻ ആ യന്ത്രം കൊണ്ട് പറ്റുമായിരുന്നു . തലശ്ശേരിയിൽ നടന്ന സംസ്ഥാന ശാസ്ത്രമേളക്ക് ഈ ഉപകരണം കൊണ്ടുപോയി . അവിടെ അന്ന് വന്ന ശാസ്ത്ര അധ്യാപകർക്ക് യന്ത്രത്തിന്റെ പൊരുൾ മനസ്സിലാക്കാൻ സാധിച്ചില്ല.
പിന്നീട് കൂത്തുപറമ്പ് നിർമലഗിരി കോളേജിൽ പ്രീഡിഗ്രിക്ക് ചേർന്നപ്പോൾ അവിടെയുള്ള ശാസ്ത്ര അധ്യാപകനോട് ഞാൻ ഈ കണ്ടുപിടുത്തത്തെ കുറിച്ച് പറയുകയുണ്ടായി.സ്കൂളിൽ ആകെ 99 പേരേ ഉണ്ടായിരുന്നുള്ളൂ . അവിടെ നിന്ന് ആരും കാര്യമായി പഠിക്കാത്തത് കൊണ്ട് കോളേജിൽ  പത്തോ പതിനഞ്ചോ വിദ്യാർത്ഥികളേ ഉണ്ടായിരിക്കുകയുള്ളൂ എന്ന് ഞാൻ കരുതി . പക്ഷേ ആയിരക്കണക്കിന് വിദ്യാർത്ഥികളെയും വലിയ വലിയ കെട്ടിടങ്ങളും ഒക്കെ കണ്ടപ്പോൾ കോളേജിൻറെ ആദ്യത്തെ കാഴ്ച തന്നെ എനിക്ക് തലകറങ്ങി പോകുന്ന അനുഭവമായി തീർന്നു.
Ans : പ്രീഡിഗ്രിക്ക് ശേഷം എന്താണ് പഠിച്ചത് ?
Ans : പ്രീഡിഗ്രിക്ക് ശേഷം വാറംഗൽ , ജമ്മു & കാഷ്മീർ എന്നിവിടങ്ങളിൽ എൻജിനീയറിങ്ങിന് അഡ്മിഷൻ കിട്ടി . പക്ഷേ നാടുവിട്ടു പോകാനുള്ള മടി കൊണ്ട് അതിനു പോയില്ല. നിർമലഗിരിയിൽ നിന്ന് ബി എസ് സി ഫിസിക്സ് പൂർത്തിയാക്കിയശേഷം തൃശ്ശൂർ സെൻറ് തോമസിൽ നിന്ന് എം എസ് സി ഫിസിക്സ് പൂർത്തിയാക്കി .ആ കാലഘട്ടത്തിലാണ് അധ്യാപകരിലെ സിംഹമായ പ്രൊഫസർ പി സി തോമസിനെ പരിചയപ്പെടുന്നത്.
ആ കാലഘട്ടത്തിൽ എൻറെ സീനിയേഴ്സിന് റിസൾട്ട് കിട്ടാത്ത ചില പരീക്ഷണങ്ങൾ എനിക്ക് വിജയകരമായി പൂർത്തിയാക്കാൻ സാധിച്ചിരുന്നു. ഈ സമയത്ത് ആണ് എനിക്ക് കുസാറ്റിൽ അഡ്മിഷൻ മെറിറ്റിൽ തന്നെ കിട്ടുന്നത്.
Q.കുസാറ്റിലെ ആദ്യദിനങ്ങൾ എങ്ങനെയായിരുന്നു ?
Ans : ഞങ്ങൾ ആറുപേർ മെറിറ്റ് സീറ്റിൽ കുസാറ്റിലേക്ക്  കയറിച്ചെന്നു .അന്ന് കുസാറ്റിൽ ടെക്നോളജി മാത്രമാണുണ്ടായിരുന്നത്.ഞങ്ങളുടെ പ്രവേശനത്തിനു ശേഷമാണ് അത് സയൻസ് ആൻഡ് ടെക്നോളജി ആയിത്തീ ർന്നത്.എൻറെ വേഷവും ഭാവവും ഒക്കെ കണ്ടപ്പോൾ വയനാട്ടിലെ ഒരു ആദിവാസി വിഭാഗത്തിലെ  പ്രതിനിധി  ആണ് എന്ന് അവർ കരുതി .ശാസ്ത്ര പരീക്ഷണത്തിന് ഒക്കെ പോകുമ്പോൾ പാൻസ് കോട്ട് ഒക്കെ ഇടണം എന്ന് എനിക്ക് അന്ന്  അറിയില്ലായിരുന്നു .
 മറ്റുചിലർ വയനാട്ടിൽ നിന്നും വന്ന നക്സലൈറ്റ് ആണ് എന്ന രീതിയിൽ എന്നെ സംശയിക്കുകയും ഉണ്ടായി.ഞാൻ വയനാടൻ കാടുകളിൽ എവിടെയോ താമസിക്കുന്ന ഒരു കീഴ് ജാതിക്കാരൻ ആണ് എന്ന രീതിയിലും പരാമർശങ്ങളുണ്ടായി . മോർ എജുക്കേറ്റഡ് മോർ സെൽഫിഷ് എന്ന രീതിയിലേക്കാണ് മനുഷ്യ സ്വഭാവം രൂപീകരിക്കപ്പെടുന്നത് എന്ന് അവിടുന്ന് എനിക്ക് പതുക്കെ ബോധ്യപ്പെട്ടു വന്നു. എംഎസ്സി കഴിഞ്ഞ് കുറെ നാൾ അവിടെ കൊച്ചിൻ യൂണിവേഴ്സിറ്റിക്ക് അടുത്ത്  ഉള്ള ഒരു പാരലൽ കോളേജിൽ ജോലി ചെയ്തു . വിദ്യാനികേതൻ എന്നായിരുന്നു അതിൻറെ പേര്.
Q : പിന്നീട് എങ്ങനെയാണ് പി എച്ച് ഡി യിൽ എത്തിച്ചേർന്നു ഡോക്ടർ ജോസഫ് ആയത് ?
എം എസ് സി പൂർത്തിയാക്കി  ഒരു വർഷം കഴിഞ്ഞും കൊച്ചിൻ യൂണിവേഴ്സിറ്റിയുടെ ഹോസ്റ്റലിൽ 36ാം നമ്പർ മുറിയിൽ തന്നെയായിരുന്നു എൻറെ താമസം. മദ്രാസ് ഐ ഐ ടി യിൽ പി എച്ച് ഡി ക്ക് ശ്രമിച്ച് കാലാവസ്ഥ  ശരിയാകാത്തതിനാൽ തിരിച്ചുവന്നു  , മുംബൈ ഐഐടിയിൽ പി എച്ച് ഡി ക്കുവേണ്ടി ചെന്നുചേർന്നു . അക്കാലത്ത് അവിടെ ബംഗാളി ബ്രാഹ്മണരുടെ സ്വാധീനവും ഭരണവും ഒക്കെയായിരുന്നു. സയൻസ് ബംഗാളി ബ്രാഹ്മണർ , ടെക്നോളജി തെലുങ്കു ബ്രാഹ്മണർ ഇങ്ങനെയായിരുന്നു കയ്യടക്കപ്പെട്ടത് . അവിടെനിന്നും ഒരു രക്ഷയും ഇല്ലാതെ തിരിച്ചുവന്നു . എന്നിട്ട് കൊച്ചിൻ യൂണിവേഴ്സിറ്റിയിലെ പാരലൽ കോളേജിൽ അധ്യാപകനായി തുടരുകയായിരുന്നു. എന്തായാലും കൊച്ചിൻ യൂണിവേഴ്സിറ്റിയിൽ നിന്നു തന്നെ റിസർച്ച് പൂർത്തിയാക്കാൻ സാധിച്ചു. പി എച്ച് ഡി ക്ക് ശേഷം മുംബൈ യൂണിവേഴ്സിറ്റിയിൽ പോസ്റ്റ് ഡോക്ടർ റിസർച്ചിന്റെ അനുവാദം കിട്ടി. അന്നത്തെ  സ്ഥാപനമേധാവി ആയിരുന്ന എസ് മേജർ എന്നോട് അനുഭാവപൂർവ്വം പെരുമാറി .രണ്ടുപേർ ഒഴിഞ്ഞു പോകാനുണ്ട് , അവർ പോയി വേക്കൻസി വന്നെങ്കിൽ മാത്രം മുംബൈ ഐഐടിയിലേക്ക് എന്നെ പരിഗണിക്കാമെന്ന് അദ്ദേഹം പറഞ്ഞു.  ഈ സമയത്ത് ഞാൻ വീട്ടിൽ തിരിച്ചെത്തി കുടുംബത്തോടൊപ്പം കഴിഞ്ഞ് വിവാഹിതൻ ഒക്കെ ആയിരുന്നു. പോസ്റ്റുമാൻ ഐഐടി യിലേക്കുള്ള അപ്പോൾ മെൻറ് കത്ത് കൊണ്ടുവന്നിട്ടത് മുറ്റത്ത് ഇത് ക്രിസ്മസിന് ഉണ്ണീശോയെ വരവേൽക്കാൻ ഉണ്ടാക്കിയിട്ട പുൽക്കൂടിന്റെ ഉള്ളിൽ ആയിരുന്നു .അതുകൊണ്ട് ഈ കത്ത് ആർക്കും കാണാൻ സാധിച്ചില്ല. കുറച്ചുദിവസം കഴിഞ്ഞ് പുൽക്കൂട് പൊളിച്ചു കളയുമ്പോഴാണ് ഇക്ക അവിടെ വന്നതായി അറിയാൻ സാധിച്ചത്. അത് ഞാൻ ജോയിൻ ചെയ്യേണ്ടതിൻറെ തൊട്ടു തലേന്ന് ആയിരുന്നു എൻറെ കൈയിൽ എത്തുന്നത് . എങ്കിലും ഫോൺ വിളിച്ച് അന്വേഷിച്ചപ്പോൾ ഡേറ്റ് തെറ്റുന്നതു നോക്കണ്ട മുംബൈയിലേക്ക് കയറിക്കോളൂ എന്ന് അനുവാദം കിട്ടി. അവിടുത്തെ ജീവിതവും സംഭവബഹുലമായിരുന്നു. അവിടെ പ്ലാസ്റ്റിക്കിന്റെ മുകളിൽ സ്വർണ്ണം പൂശി ഒരു പരീക്ഷണം നടത്തുന്ന എൻറെ സീനിയറായ മദ്രാസി വനിതയെ കണ്ടു. ഓരോ പരീക്ഷണം പരാജയപ്പെടുമ്പോഴും അവർ സ്വർണ്ണം പൂശിയ പ്ലാസ്റ്റിക് മെറ്റീരിയൽ ഉപേക്ഷിക്കുകയായിരുന്നു പതിവ് . ഞാൻ അവരോട് അത് ദൂരെ കളയുന്നതിനു പകരം എനിക്ക് തന്നേക്കാൻ ആവശ്യപ്പെട്ടു. ഞാൻ അതുകൊണ്ട് മറ്റൊരു പരീക്ഷണം നടത്തി വിജയിച്ചു. ഞങ്ങളുടെ പ്രൊഫസർ ആദ്യം എന്നോട് ദേഷ്യപ്പെട്ടെങ്കിലും ആ ഗോൾഡ് കോട്ടഡ് പ്ലാസ്റ്റിക് മെറ്റീരിയൽ  ഒരു ഇലക്ട്രോഡ് ആയി ഉപയോഗിച്ച് ഒരു സെൻസർ വികസിപ്പിക്കുകയാണ് ഞാൻ ചെയ്തത് എന്നറിഞ്ഞപ്പോൾ പ്രൊഫസർക്ക് അത്ഭുതമായി. അദ്ദേഹം ഒരിക്കൽ ഇതിന് ശ്രമിച്ച് പരാജയപ്പെട്ട വ്യക്തിയായിരുന്നു . അത്ഭുതപരതന്ത്രനായ അദ്ദേഹം അവിടെയുള്ള പ്രൊഫസർമാരെയും റിസർച്ച് ഫെലോകളെയും ഒക്കെ വിളിച്ചു വരുത്തി എൻറെ പരീക്ഷണ വിജയത്തെക്കുറിച്ച് പറഞ്ഞു . അതോടുകൂടി  അവിടെയുള്ള ഏത് ലാബിൽ കയറി ഏതു സമയത്ത് എന്തു പരീക്ഷണം ചെയ്യാനുള്ള അനുവാദം എനിക്ക് കിട്ടി. ഞാൻ അവിടെ രാത്രികാലങ്ങളിലാണ് കൂടുതൽ പരീക്ഷണങ്ങളിൽ ഏർപ്പെട്ടത്.അതിനുശേഷം ഒരു വർഷം ഇറ്റലിയിൽ ഗവേഷകനായി എത്തിച്ചേർന്നു . പ്രായം കൂടി പോയതിനാൽ ഒരു വർഷത്തിലധികം അവിടെ അവിടെ ജോലി ചെയ്യാൻ സാധിച്ചില്ല.
Q. പ്രായം കൂടിപ്പോയി എന്നു പറഞ്ഞത് ഏതർത്ഥത്തിലാണ് ?
അതായത് , പൊക്രാൻ അണുബോംബ് പ്രയോഗിച്ച ആ കാലയളവിൽ ഞങ്ങളെ പോലുള്ളവരുടെ വിസ റദ്ദ് ചെയ്യപ്പെട്ടിരുന്നു . ഈ കാലഘട്ടം കൃഷിയും അധ്യാപനവും ഒക്കെ ആയിട്ടാണ് കഴിച്ചുകൂട്ടേണ്ടി വന്നത് . എന്തായാലും അതും ഇങ്ങനെ ഒരു വർഷം നഷ്ടപ്പെടുത്തിയതിനുശേഷം ഇസ്രായേലിൽ നിന്നുള്ള ഒരു പ്രൊഫസറും ആയി പരിചയപ്പെടുകയും എൻറെ പ്രോജക്ടും അദ്ദേഹത്തിൻറെ പ്രൊജക്റ്റും തമ്മിലുള്ള സാമ്യത അദ്ദേഹത്തെ അത്ഭുതപ്പെടുത്തുകയും ചെയ്തു. വക്കുള എന്ന് പേരുള്ള ഒരു റഷ്യക്കാരൻ ആയിരുന്നു എൻറെ സ്പോൺസറായി വന്നിരുന്നത് . എങ്കിലും മേൽപ്പറഞ്ഞ പ്രശ്നങ്ങൾ നിലവിലുള്ളതിനാൽ ആ പ്രോജക്ട് എനിക്ക് നഷ്ടപ്പെട്ടു. എങ്കിലും എൻറെ പേര് അവിടെ രജിസ്റ്റർ ചെയ്യപ്പെട്ടു കഴിഞ്ഞിരുന്നു . ഒരു വർഷത്തിനുശേഷം യൂറോപ്യൻ യൂണിയൻറെ ഒരു പ്രൊജക്റ്റിനു വേണ്ടി അവർ വിളിച്ച്  ഞാൻ ഇസ്രായേലിലേക്ക് പുറപ്പെട്ടു .
Q : ഇസ്രായേലിൽ ആ സമയത്ത് ആഭ്യന്തര കലാപങ്ങളുടെ കലഘട്ടം ആയിരുന്നില്ലേ ? ഇത് അങ്ങയുടെ പ്രവർത്തനത്തെ ഏതുവിധത്തിൽ ബാധിച്ചു ?
Ans.ആറ് മാസമേ എനിക്ക് അവിടെ സ്വസ്ഥമായി ഗവേഷണം നടത്താൻ സാധിച്ചിട്ടുള്ളൂ. ആ സമയത്ത് സ്വീഡനും പലസ്തീനും തമ്മിൽ സായുധ പോരാട്ടമായിരുന്നു. ഒരു കൂട്ടക്കൊല നടന്ന തിനുശേഷം പല കാരണങ്ങളും പറഞ്ഞ് എനിക്ക് ഫണ്ട് തന്നു കൊണ്ടിരുന്ന കമ്പനി അവരുടെ ധനസഹായം പിൻവലിച്ചു. ഒരു ദിവസം ഞാൻ ഓഫീസിൽ ചെല്ലുമ്പോൾ നിങ്ങളുടെ സേവനം ഇനി ആവശ്യമില്ല എന്ന രീതിയിലുള്ള ഒരു ടെർമിനേഷൻ കത്ത് മേശപ്പുറത്ത് കിടക്കുന്നുണ്ടായിരുന്നു. വരുന്ന മെയ് 15 ന് ഉള്ളിൽ അവിടം വിട്ട് സ്വന്തം രാജ്യത്തേക്ക് പൊയ്ക്കൊള്ളണം എന്ന്  ഡെഡ്‌ലൈൻ വാണിങ്ങും അതിൽ ഉണ്ടായിരുന്നു . ഒരു മാസത്തെ നോട്ടീസ് പോലും ഇഷ്യൂ ചെയ്യാതെയാണ് ഈ നടപടി ഉണ്ടായത് എന്ന് ഓർമ്മിക്കണം. ഞാൻ അവിടെ കോടതിയിൽ കേസിനു പോയി . അവിടെയുള്ള ഹ്യൂമൻ റൈറ്റ്സ് ഫിസിഷ്യൻസ് എന്ന അലോപ്പതി ഡോക്ടർമാരുടെ സംഘടന എനിക്കു വേണ്ടി പ്രവർത്തിക്കാൻ ഇറങ്ങി. അവർ എൻറെ കേസ് ഏറ്റെടുത്തു.
Q : പക്ഷേ , ഈ കാലഘട്ടങ്ങളിൽ എങ്ങനെയാണ് അങ്ങ് അവിടെ പിടിച്ചു നിന്നത് ?
Ans : കേസ് ഫയൽ ചെയ്യാൻ മൂന്നുദിവസം വേണമെന്നും അതുവരെ ആരെ അവിടെയുള്ള പോലീസിന്റെയോ പട്ടാളം അധികൃതരുടെയോ കണ്ണിൽ പെടാതെ നിൽക്കണമെന്ന് ആ സംഘടന എന്നോട് ആവശ്യപ്പെട്ടു. അതുപ്രകാരം  എനിക്കൊപ്പം വർക്ക് ചെയ്യുന്ന ഒരു ഫലസ്തീനി എന്നെ അദ്ദേഹത്തിൻറെ നാട്ടിൽ കൊണ്ടുപോയി ഒരു യൂത്ത് ഹോസ്റ്റലിൽ ഒളിവിൽ താമസിപ്പിച്ചു. യുദ്ധം ആയതിനാൽ അവിടെയുള്ള ആൾക്കാർ എല്ലാം ഒഴിഞ്ഞു പോയി ഹോസ്റ്റൽ കാലിയായി നിൽക്കുന്ന അവസ്ഥയിൽ ആയിരുന്നു. ഹോസ്റ്റലിൻറെ ഇസ്ലാം ആയ മുതലാളിയും ഒരു വലിയ പട്ടിയും എൻറെ കൂട്ടുകാരായിത്തീർന്നു . അവിടെയുള്ള വിശാലമായ അടുക്കളയിൽ നിന്നും ഞാൻ ചോറ് വെച്ച് തിന്നു . അതിൽ ഇതിൽ ഉപ്പു വിതറി നാരങ്ങ പിഴിഞ്ഞൊഴിച്ച് തൈര് കൂട്ടി ഒരു മാസം അഡ്ജസ്റ്റ് ചെയ്തു . ഇതിനിടയിൽ ഒരു തവണ ഞാൻ എൻറെ അക്കൗണ്ടിൽ നിന്നും പൈസ എടുക്കാൻ ബേങ്കിലേക്ക് പോയിരുന്നു. ബേങ്ക് ജെറുസലേമിൽ ആയിരുന്നു . അന്ന്  എൻറെ കൂടെ യൂണിവേഴ്സിറ്റിയിൽ ഉണ്ടായിരുന്ന ഒരു സഹപ്രവർത്തകനെ കണ്ടുമുട്ടി. കണ്ടാൽ എന്നെ പോലെ തന്നെ ഉണ്ടായിരുന്ന ഒരു ബംഗാളി ശാസ്ത്രജ്ഞനെ എനിക്ക് പകരം പിടിച്ചു കൊണ്ടു പോയതായി അയാൾ പറഞ്ഞ് അറിയാൻ സാധിച്ചു . തെറ്റിദ്ധാരണ കൊണ്ട്  ആണെങ്കിലും ഞാൻ ആണെന്ന് കരുതി പിടിച്ചുകൊണ്ടുപോയ ബംഗാളി ശാസ്ത്രജ്ഞന് മേൽ അവർ ചാർത്തിയത്  വ്യാജ ബലാത്സംഗക്കുറ്റം ആയിരുന്നു . എങ്കിലും ഇന്ത്യയിലെ കൊൽക്കത്തയിലേക്ക് കടത്തിയ പാടെ അയാൾക്ക് യുഎസിലേക്ക് ഗവേഷണത്തിന് നല്ല ഒരു തുക ഫെലോഷിപ്പിൽ വിസ കിട്ടുകയായിരുന്നു. ഞാൻ അപ്പോഴും പാലസ്തീനിൽ ചോറും തൈരും തിന്ന് ഒളിവിൽ കഴിയുന്നു . എന്തായാലും അപ്പോഴേക്കും മേൽപ്പറഞ്ഞ ഡോക്ടർമാരുടെ സംഘടന എനിക്കുവേണ്ടി കേസുകൊടുത്തു റസീറ്റ് കൈപ്പറ്റി .അതോടുകൂടി എനിക്ക് ധൈര്യമായി ഒളിവിൽനിന്ന് പുറത്തുവരാം എന്ന അവസ്ഥ വന്നു. ഞാൻ ഇസ്രായേലിലേക്ക് തിരികെ പോയി. പക്ഷേ കേസ് കഴിയുന്നതുവരെ എനിക്ക് ഗവേഷണത്തിന് തിരികെ കയറാൻ സാധിക്കുകയില്ലായിരുന്നു . കുറഞ്ഞത് ഒരു വർഷം ഈ കേസിന് പുറകെ പോകേണ്ടതായി വരും. മറ്റെന്തെങ്കിലും ചെയ്യാതെ അവിടെ ജീവിക്കാൻ പറ്റില്ല എന്ന അവസ്ഥയായി . അവിടെ കുറെ നാൾ ബേക്കറി തൊഴിലാളിയായി ജോലി ചെയ്തു. ശേഷം ഒരു ബാറിൽ ജോലിക്കാരനായി. അവിടെ തറ വൃത്തിയാക്കാനും കക്കൂസ് കഴുകാനും ഒക്കെയാണ് ഞാൻ ചെന്നത് . അത്യുഷ്ണം പ്രേമിക്കുന്ന കാലാവസ്ഥയിൽ ഫാമിലെ പണിക്കാരനായും വർക്ക് ചെയ്തിട്ടുണ്ട് . പിന്നെ ചുമട്ടുതൊഴിലാളിയായും അവിടെ സേവനം അനുഷ്ഠിച്ചു. വിസ കയ്യിൽ ഉള്ളതുകൊണ്ട് എനിക്ക് വീട് വാടകക്ക് കിട്ടാൻ പ്രയാസം ഇല്ലായിരുന്നു. അവിടെയുള്ള ഒരു വ്യക്തി ഈ കാലഘട്ടത്തിൽ അദ്ദേഹത്തിൻറെ ഉടമസ്ഥതയിലുള്ള ഒരു ഹോട്ടൽ എന്നോട് നടത്തി കൊള്ളാൻ പറഞ്ഞു. എന്തെങ്കിലും ചെറിയ ഒരു വാടക കൊടുത്താൽ മതി എന്ന് അദ്ദേഹം പറഞ്ഞു. ഈ സമയത്ത് ഓരോ കടയിൽ നിന്നും വാഹനങ്ങളിൽ ലോഡ് കയറ്റി അൺ ലോഡ് ചെയ്യുന്ന തൊഴിലാളികളുടെ കൂട്ടത്തിലും അവരിലൊരാളായി ഞാൻ ജോലി ചെയ്തു. എന്തായാലും ഇസ്രായേലി വിസയുടെ കാലാവധി കഴിഞ്ഞപ്പോൾ ഞാൻ കൊച്ചി യൂണിവേഴ്സിറ്റിയിലേക്ക് തന്നെ തിരികെ എത്തി.
Q അത് അടുത്ത വഴിത്തിരിവ് ആയിരുന്നു എന്ന് പറയാൻ പറ്റുമോ ?
Ans : കെ ശ്രീകുമാർ  എന്ന സോഷ്യലിസ്റ്റ് ആയ ജീനിയസിനെ ആ സമയത്താണ് ഞാൻ പരിചയപ്പെടുന്നത് . അദ്ദേഹം പറഞ്ഞത് പ്രകാരം ഒരു പ്രോജക്റ്റ് ഉണ്ടാക്കി ഞാനവിടെ തുടർ പ്രവർത്തനം ആരംഭിച്ചു. 2009 ൽ ആയിരുന്നു അത്. ആ സമയത്ത് ഇത് കേരളത്തിലെ പ്രമുഖ രാഷ്ട്രീയ സാംസ്കാരിക പ്രവർത്തകനായ ശ്രീ എം എ ബേബി എന്നെ ഫോണിൽ വിളിച്ചു . നാനോ ടെക്നോളജിയിൽ വിദേശത്തുനിന്ന് ട്രെയിനിങ് കഴിഞ്ഞ് വളരെ കുറച്ചുപേർ മാത്രമേ അന്ന് ഇവിടെ ഇന്ത്യയിൽ ഉണ്ടായിരുന്നുള്ളൂ . അദ്ദേഹം എന്നോട് കുസാറ്റിൽ ഒരു പ്രോജക്ട് സെറ്റ് ചെയ്യാൻ ആവശ്യപ്പെട്ടു. എൻറെ പ്രോജക്ട് ഞാൻ യൂണിവേഴ്സിറ്റി വി.സിക്ക് ശ്രീകുമാർ മുഖേന അയച്ചുകൊടുത്തു . പക്ഷേ മിസ്റ്റർ ശ്രീകുമാർ ഈ പ്രോജക്ട് അവിടെ സബ്മിറ്റ് ചെയ്തത് അല്ല ചില കാര്യങ്ങൾ മാറ്റിയിട്ട് ആയിരുന്നു. എങ്കിലും അത് അപ്രൂവ് ചെയ്യപ്പെട്ടു.  എൻറെ പേര് അടക്കം ആ പ്രോജക്ടിൽ ഉണ്ടായിരുന്നു. ശ്രീ എം.എ ബേബി ആ പ്രോജക്ട് കേരളനിയമസഭാ ബഡ്ജറ്റിൽ അവതരിപ്പിക്കാം എന്ന് ഉറപ്പു തന്നു . എം എ ബേബി പറഞ്ഞത് പ്രകാരം ഞാൻ റഷ്യയിലെ വ്ലാഡിമീർ പുടിൻ ഭരണകൂടത്തിലെ വിദ്യാഭ്യാസ കാര്യങ്ങൾ നിയന്ത്രിക്കുന്ന നോബെൽ സമ്മാന ജേതാവായ പ്രൊഫസറെ ഒക്കെ ക്ഷണിക്കുകയുണ്ടായി. അങ്ങനെ ആ സമയത്ത് സിൻഡിക്കേറ്റ് എന്നെ യൂണിവേഴ്സിറ്റി സെക്ഷൻ ഡെപ്യൂട്ടി ഡയറക്ടറായി നിയമിക്കാൻ വൈസ് ചാൻസലറെ ചുമതലപ്പെടുത്തി. രാമചന്ദ്രൻ തെക്കേടത്ത് വൈസ് ചാൻസലറായി ഡ്യൂട്ടിയിൽ ഇരിക്കുമ്പോഴാണ് ഉത്തരവ് ഉണ്ടായത് പക്ഷേ അയാൾ എന്നെ അപ്പോയിൻറ് ചെയ്തില്ല. ഒരു കാരണവുമില്ലാതെ എന്നെ അവർ പിരിച്ചുവിട്ടു ഞാൻ ഞാൻ ഇതിനെതിരെ കുസാറ്റിൽ നിരാഹാരം കിടന്നു.
Q : കേരളത്തിലെ മാധ്യമങ്ങൾ ഈ സമയത്ത് താങ്കളോട് എടുത്ത നിലപാട് എങ്ങനെയായിരുന്നു ?
Ans : മാധ്യമങ്ങൾ എല്ലാം നല്ല രീതിയിൽ ആണ് എന്നോട് പെരുമാറിയത്. അന്നത്തെ പ്രതിപക്ഷ നേതാവായിരുന്ന ശ്രീ വി എസ് അച്യുതാനന്ദൻ അടുത്ത ദിനം നാലുമണിക്ക് മുമ്പ് എൻറെ തടഞ്ഞുവച്ച് ശമ്പളം എനിക്ക് തന്നില്ലെങ്കിൽ പ്രശ്നത്തിൽ എൻറെ രൂപം മാറും എന്ന് മുന്നറിയിപ്പ് കൊടുത്തു  . എൻറെ നിരാഹാരസമരം പൊളിക്കുന്നതിനായി  എന്നെ അറസ്റ്റ് ചെയ്തു ആശുപത്രിയിൽ അടച്ചു . പക്ഷേ ഞാൻ ആശുപത്രിയിൽ നിന്നും ചാടിപ്പോയി സമരപ്പന്തൽ പൊളിക്കുന്നതിന് ഒരു നിമിഷം മുമ്പ് അവിടെയെത്തി പന്തലിൽ വെറും നിലത്തു കിടന്നു . അന്ന് നാലുമണിക്ക് വിഎസ് അച്യുതാനന്ദൻ എന്നെ ഫോൺ ചെയ്തപ്പോൾ എൻറെ അവസ്ഥ ഞാൻ തുറന്നു പറഞ്ഞു. എന്തായാലും അദ്ദേഹത്തിൻറെ ഇടപെടലിനാൽ അന്നുതന്നെ എനിക്ക് ശമ്പളം ലഭിച്ചു .എങ്കിലും അതോടുകൂടി ഏതൊക്കെ ഉത്തരവ് ഉണ്ടാക്കിയെടുത്ത അത് കുസാറ്റ് അധികൃതർ എന്നെ നിഷ്കരുണം പിരിച്ചുവിട്ടു.
Q : ശേഷം ഉള്ള നിയമനടപടികൾ ഏതുവിധത്തിൽ ആണ് കൈകാര്യം ചെയ്തത് ?
Ans : അസോസിയേറ്റ് പ്രൊഫസർ എന്ന രീതിയിൽ എനിക്കുള്ള കാലാവധി 60 വയസ്സു വരെ ആണ് . ആ പ്രായം കഴിഞ്ഞു പോയിരിക്കുന്നു .എങ്കിലും കോടതി ഉത്തരവ് എനിക്ക് അനുകൂലമാകുമെന്ന് പ്രതീക്ഷയുണ്ട്. കാരണം, എൻറെ നിയമന ഉത്തരവിൽ പറഞ്ഞിരിക്കുന്നത് എൻറെ നിയമത്തിൻറെ കാലാവധി പ്രോജക്റ്റിന്റെ അവസാനം വരെ ആയിരിക്കും എന്നുള്ളതാണ്. സാലറി കിട്ടും മറ്റ് ആനുകൂല്യങ്ങൾ ഒന്നും കിട്ടില്ല എന്ന് പ്രശ്നവുമുണ്ട്. എങ്കിലും രണ്ടാമത്തെ ഓപ്ഷൻ ആയി ചെയ്ത അത് ജോലിയുടെ ശമ്പളവും വും മറ്റാനുകൂല്യങ്ങളും തന്നു എന്നെ റിട്ടയർ ചെയ്തതായി പ്രഖ്യാപിക്കാനും സാധ്യതയുണ്ട് .
Q : പക്ഷേ ഹ്യൂമൻ റൈറ്റ്സ് വച്ചിട്ട് ടിൽ ദി എൻഡ് ഓഫ് ദി പ്രോജക്റ്റ് എന്ന ഓപ്ഷൻ നിലവിൽ ഉണ്ടാകുമ്പോൾ ഡോ: ജോസഫ് മക്കോളിൽ  തന്നെയല്ലേ സ്വയം റിട്ടയർമെൻറ് തീരുമാനിക്കേണ്ടത് ?
Ans :  പക്ഷേ സിൻഡിക്കേറ്റ് എന്നെ ഇതിനോടകംതന്നെ നിരുപാധികം പിരിച്ചുവിട്ടതായി പ്രഖ്യാപിച്ചുകഴിഞ്ഞു. ഞാൻ അത് കോടതിയിൽ ചലഞ്ച് ചെയ്തിട്ടുണ്ട് .ഇത് നിയമവിരുദ്ധവും മനുഷ്യത്വപരം അല്ലാത്തതുമാണ്. ഗവൺമെൻറും രാഷ്ട്രപതിയും അടക്കം ഇടപെട്ടിട്ടും എനിക്ക് നീതി ലഭിച്ചിട്ടില്ല. ഗവർണർ പി സദാശിവം  എനിക്കുവേണ്ടി പ്രത്യേക ഉത്തരവ് ഇറക്കിയിട്ട് പോലും ആ യൂണിവേഴ്സിറ്റിയുടെ ക്യാമ്പസിൽ പോലും എന്നെ കയറരുത് എന്ന നിലപാടിൽ അധികൃതർ എത്തിച്ചേർന്നു. യൂണിവേഴ്സിറ്റി സിൻഡിക്കേറ്റ് ഞാൻ അവിടെയുള്ള സെക്യൂരിറ്റിയെ ആക്രമിച്ചു എന്ന വ്യാജരേഖ ഇതിനോടകം എനിക്കെതിരെ ചമച്ചു കഴിഞ്ഞിരുന്നു . ഈ കേസ് ഇപ്പോഴും കോടതിയിൽ നടന്നുകൊണ്ടിരിക്കുകയാണ് .
Q : അങ്ങേക്ക്  നിയമസഹായം തരാൻ അവിടെ അഭിഭാഷകർ ഇല്ലേ ?
Ans : എൻറെ വിദ്യാർത്ഥിയായിരുന്ന ഒരാൾ എനിക്കുവേണ്ടി അവിടെ കേസ് വാദിക്കുന്നു . പക്ഷേ ഞാനിപ്പോൾ വയനാട്ടിൽ ആയതിനാൽ എനിക്ക് എപ്പോഴും എറണാകുളം ഹൈക്കോടതിയിൽ ഉള്ള ആ കേസ് തുടർച്ചയായി കൊണ്ടു പോകാൻ സാധിക്കുന്നില്ല. വക്കീൽ പറയുന്നത് സുപ്രീം കോടതിയാണ് ആണ് ഈ കേസിൽ ഉള്ള ബെഞ്ച് കോൺസ്റ്റിറ്റ്യൂട്ട് ചെയ്യേണ്ടത്. അതുവരെ ഹൈക്കോടതിക്ക് കാര്യമായി ഒന്നും ചെയ്യാൻ പറ്റില്ല എന്നൊക്കെയാണ്.
Q :ഈ അവസ്ഥയിൽ ആണോ താങ്കൾ വീണ്ടും കൃഷിക്കാരനായി തീർന്നത് ?
Ans : എനിക്ക് മാനന്തവാടി കല്ലോടി മൂളിത്തോട്  ഒന്നര ഏക്കറോളം സ്ഥലം ഉണ്ട് …. ഇതിനൊപ്പം എൻറെ പിതാവിൻറെ കൈവശമുള്ള അര ഏക്കർ കൂടി പാട്ടത്തിനെടുത്ത് പനമരം ഭൂപണയ ബാങ്കിൽനിന്ന് ആധാരം വെച്ച് ലോൺ എടുത്തു ഞാൻ ജൈവ വാഴ കൃഷി തുടങ്ങി.നല്ല  വിളവ് ഒക്കെ തന്ന് വാഴകൾ ഒക്കെ ഉഗ്രനായി കുലച്ചു നിൽക്കുന്ന സമയത്താണ് 2018ലെ പ്രളയം വില്ലനായി എത്തുന്നത്. സാധാരണയായി ഒരു ദിവസം കൊണ്ട് വെള്ളം ഇറങ്ങി പോകുന്ന പ്രദേശത്ത് 40 ദിവസത്തോളം ആണ് ഒരുതുള്ളിപോലും ഒഴിഞ്ഞു പോകാതെ വെള്ളം കെട്ടി കിടന്നത് . ആ വാഴകളുടെ കൂട്ടത്തിൽ 200 വാഴ മാത്രം ഞാൻ ഇൻഷ്വർ ചെയ്തിട്ടുണ്ടായിരുന്നു. മൊത്തം 1200 വാഴകളാണ് ഉണ്ടായിരുന്നത്.ഇൻഷുർ ചെയ്ത 200 വാഴക്ക് അറുപതിനായിരം രൂപ കിട്ടി . പിറ്റേവർഷം പൂർവ്വാധികം വാശിയോടെ വീണ്ടും അവിടെത്തന്നെ വാഴകൃഷി നടത്തി. ഇതിനുവേണ്ടി അതേ ബാങ്കിൽ നിന്ന് 4 ലക്ഷം രൂപ വീണ്ടും ലോൺ എടുത്തു. ആ വർഷവും കൃഷി പൂർണമായും നശിച്ചു പോയി. അതോടുകൂടി വയലിൽ കൃഷി വേണ്ട എന്ന് തീരുമാനം എടുത്തത് ഞാൻ കര പ്രദേശത്ത് ജൈവ നേന്ത്രവാഴ നടാൻ തുടങ്ങി. പക്ഷേ വിധിവൈപരീത്യം എന്നോണം അതെല്ലാം കാറ്റടിച്ച് നശിച്ചു പോവുകയായിരുന്നു . ഇതിനിടയ്ക്ക് നട്ട ഞാലിപ്പൂവൻ വാഴകൾക്ക്  കുലച്ചപ്പോൾ വില കിട്ടാതെ ആയി തീർന്നു ….
 Q : അതിനുശേഷം ആണല്ലോ മത്സ്യ കൃഷിയിലേക്ക് തിരിഞ്ഞത് ? അതിൽ വിജയം കൊയ്യാൻ സാധിച്ചോ ?
Ans : കേരളത്തിൽ ഫിഷറീസ് ഡിപ്പാർട്ട്മെൻറ് ഞാനടക്കം100  കൃഷിക്കാർക്ക് മത്സ്യകൃഷിയുടെ സ്പെഷ്യൽ യൂണിറ്റ് തുടങ്ങാൻ ലോൺ അനുവദിച്ചു .ആറു ലക്ഷം രൂപയാണ് മൊത്തം ലോൺ തുക .അതിൽ രണ്ട് ലക്ഷത്തി നാൽപതിനായിരം രൂപ സബ്സിഡി കിട്ടും.  പടുതാകുളം പണിഞ്ഞ് അതിൽ മീൻ കുഞ്ഞുങ്ങളെ നിക്ഷേപിക്കാൻ ഫിഷറീസ് വകുപ്പ് പറഞ്ഞു. ഞാൻ അതിനുപകരമായി വലിയ ശാസ്ത്രീയ ഫിഷ് ടാങ്ക് സ്ഥാപിച്ചു.അതും ഫിഷറീസ് പറഞ്ഞ ആ ലാഭത്തിലേക്ക് ഇതുവരെ എത്തിച്ചേർന്നിട്ടില്ല . സത്യം പറഞ്ഞാൽ ഞാൻ ഇപ്പോൾ പനമരം ഭൂപണയ ബാങ്കിൽ ലക്ഷക്കണക്കിന് രൂപയുടെ കടക്കാരൻ ആണ് . എൻറെ ഭൂമിയുടെയും പുരയിടത്തിന്റെയും ആധാരം അവിടെ പണയത്തിലാണ്.
Q : രാഷ്ട്രീയം പരിസ്ഥിതിയെ കാണുന്നതും പരിസ്ഥിതി രാഷ്ട്രീയവും തമ്മിൽ പൊരുത്തപ്പെടാൻ അങ്ങേയ്ക്ക് സാധിക്കുന്നുണ്ടോ ?
Ans : ഭൂമിയെ ശാസ്ത്രജ്ഞർ കാണുന്നത് ഒരു ഒബ്ജക്റ്റ് ആയിട്ടാണ്. പക്ഷേ പരിസ്ഥിതിയെ ഒരു ഒബ്ജക്റ്റ് ആയി നമുക്ക് സമീപിക്കാൻ പറ്റില്ല. ഗോത്ര സ്വഭാവത്തിൽ താമസിക്കുന്ന ആദിവാസികൾ അവരുടെ  പാരിസ്ഥിതിക സന്തുലിതാവസ്ഥയെ ഉപദ്രവിക്കാതെ ആണ് ദൈനംദിന കൃഷി പ്രവർത്തനങ്ങളിൽ ഏർപ്പെടുന്നത്. കാട്ടിൽനിന്ന് കിഴങ്ങ് കുഴിച്ചെടുക്കുന്ന ഒരു ആദിവാസി അതിൻറെ മുളയ്ക്കാനുള്ള ഭാഗം ആ മണ്ണിൽ തന്നെ നട്ടു മൂടിയിട്ടാണ് കിഴങ്ങ് കൊണ്ടുവരുന്നത്. വിത്ത് സൂക്ഷിക്കുക എന്നുള്ളത് അവരുടെ ഒരു ആചാരം തന്നെയാണ്. ഇത് പരിസ്ഥിതിയുമായുള്ള ആദിവാസികളുടെ ജൈവ ബന്ധത്തെയാണ് സൂചിപ്പിക്കുന്നത്. ആധുനിക പരിസ്ഥിതി ശാസ്ത്രജ്ഞർ ഇതൊക്കെ കണ്ടു പഠിക്കേണ്ടതാണ് . എങ്കിലും സമയത്തെക്കുറിച്ച് ബോധമുള്ളവർ ആധുനികശാസ്ത്രത്തിന്റെ പേര് പറഞ്ഞു കൊണ്ട് അധികാരികൾ ആയിത്തീരുകയും ചെയ്യുന്നു . ഇസ്രയേലിൽ ഉള്ള അസ്കിനാഷി ജൂതന്മാർ തങ്ങൾ കൃത്യമായ ആര്യ വംശ സ്വഭാവം ഉള്ളവരാണെന്ന് സ്വയം വിശ്വസിക്കുകയും സാങ്കേതിക വിദ്യയുടെ സമസ്തമേഖലയിലും അവർ കീഴടക്കുകയും ചെയ്തിട്ടുള്ളവരാണ്. ഫെയ്സ്ബുക്കിന്റെ ഉടമസ്ഥാവകാശം ഉപയോഗിക്കുന്നത് ആരാണ് എന്ന് ഓർമിക്കുന്നത് നല്ലതാണ്. പലപ്പോഴും നോബൽ സമ്മാനം കൊടുക്കുന്നതും വാങ്ങുന്നതും വരെ ആ വിഭാഗക്കാർ ആയിത്തീരുന്നത് അത്ഭുതപ്പെടാൻ ഉള്ള കാര്യം ആകുന്നില്ലല്ലോ . അവർ ഫലസ്തീനിൽ നിന്ന് റഷ്യയിലേക്കും മറ്റുള്ള ഇടങ്ങളിലേക്കും കുടിയേറിപ്പാർത്തവർ തന്നെയാണ്. പട്ടാളത്തിൽ പോലും അവർക്ക് വ്യക്തമായ ആധിപത്യം ഉണ്ട് .
പക്ഷേ യഥാർത്ഥ പരിസ്ഥിതി വാദത്തെ സംബന്ധിച്ചിടത്തോളം ഗോത്ര സമൂഹം അവരാണ് ശരിയായ പരിസ്ഥിതി വാദികൾ . അവർ പറയുന്നു ഭൂമി ഒരു ഒബ്ജക്റ്റ് അല്ല . മറിച്ച് ജീവനുള്ള ജീവൻ തുടിക്കുന്ന ഒരു സംഭവമാണ്. അതുകൊണ്ടുതന്നെ ഇതിലുള്ള ഓരോ ജീവൻറെ തരിയും സംരക്ഷിക്കപ്പെടണം എന്ന മനോഭാവം  ഗോത്ര പാരമ്പര്യമുള്ള ഉള്ള കർഷകരിൽ ഇപ്പോഴും നിലനിൽക്കുന്നു. ജീവജാലങ്ങൾ തമ്മിലുള്ള പാരസ്പര്യത്തെ സന്തുലിതാവസ്ഥയാണ് പരിസ്ഥിതിയുടെ മിടിപ്പ്. പക്ഷേ ശാസ്ത്രം ഓരോന്നിനെയും ഒബ്ജക്റ്റ് ആയിട്ടാണല്ലോ കാണുന്നത് ? . ഈ അവസ്ഥ താരതമ്യം ചെയ്തു നോക്കുമ്പോൾ ആദിവാസികളുടെ നിലപാടായ ഭൂമി ഒരു ജീവനുള്ള ഗ്രഹമാണ് ആണ് എന്ന് എന്ന ചിന്തയാണ് എനിക്ക് ശരിയായി തോന്നുന്നത്.
ആദിവാസികൾക്ക് അവരുടേതായിട്ടുള്ള ശാസ്ത്ര സാങ്കേതിക വിദ്യകളും അറിവുകളും ഉണ്ടായിരുന്നു. സംസ്കൃതത്തിലേക്ക്  ആയുർവേദത്തിലെ അറിവുകൾ ഒക്കെ ക്രോഡീകരിക്കുന്ന അതിനും വളരെ മുമ്പ് മുമ്പ് ഇത്തരത്തിലുള്ള ഉള്ള ടെക്നോളജികൾ ഇവിടെ സജീവമായിരുന്നു . അന്ന് അവർ വലിയ വീട് ഉണ്ടാക്കുന്നതിൽ അല്ല ജീവിതത്തെ സ്വാംശീകരിച്ചത്. അവർ പരിസ്ഥിതിക്ക് അനുയോജ്യമായ ചെറിയ കൂരകൾ ഉണ്ടാക്കി അതിൽ താമസിച്ചു. ആദ്യകാലത്ത് സംസ്കൃത പണ്ഡിതന്മാർ ചെയ്ത അതേ ക്രോഡീകരണ ദ്രോഹം തന്നെയാണ് ഇപ്പോഴുള്ള ചില ശാസ്ത്ര വിചക്ഷണർ ചെയ്തുകൊണ്ടിരിക്കുന്നത്. ഇപ്പോൾ കേരളത്തിൽ രാഷ്ട്രീയക്കാർ ചെയ്തുകൊണ്ടിരിക്കുന്നതും അതുതന്നെയാണ്. പക്ഷേ കേരള ജനതയെ സമ്പൂർണ്ണമായി രാഷ്ട്രീയവൽക്കരിക്കാൻ അവർക്ക് ഇതുവരെ സാധിച്ചിട്ടില്ല ഇനിയൊട്ട് സാധിക്കുകയുമില്ല. അധികാര രാഷ്ട്രീയവും വും അല്ലാത്ത രാഷ്ട്രീയവും തമ്മിൽ ഒരുപാട് വ്യത്യാസമുണ്ട് . അത് നമ്മൾ പഠിച്ച് മനസ്സിലാക്കുക തന്നെ വേണം .
Q : പക്ഷേ എന്നിട്ടും ആദിവാസികൾ അധികാരത്തിൽ ഏറുന്ന ചെറിയ ചെറിയ കാഴ്ചകൾ എങ്കിലും നമുക്ക് കാണാൻ സാധിക്കുന്നുണ്ടല്ലോ ?ഇത് പുരോഗമനത്തിന്റെ ഫലമാണ് എന്ന് അവർ വാദിക്കുകയും ചെയ്യുന്നു
Ans : ഒരു ആദിവാസി വിഭാഗത്തിലെ സുഹൃത്തിനെ തെരഞ്ഞെടുപ്പ് ഗോദയിൽ എത്തിക്കുക എന്നത് അത്ര എളുപ്പമുള്ള കാര്യമല്ല. എങ്കിലും വിജയം കൈവരിച്ചാൽ ചിലർ മാത്രം അതിൻറെ തുടർച്ചയിലേക്ക് പൊയ്ക്കൊണ്ടിരിക്കുന്നു. പരമ്പരാഗത കൃഷിക്കാർ എന്ന നിലയിൽ ആദിവാസികൾ അവർക്ക് ഒന്നിനോടും  ഒരു ആധിപത്യ മനോഭാവം പാടില്ല എന്ന് ഉറച്ചു വിശ്വസിക്കുന്നു . കർഷക സമരം ഒക്കെ കാണുമ്പോഴാണ് ഇത്തരം ആശയങ്ങളുടെ വിശാലത നമുക്ക് മനസ്സിലാക്കാൻ സാധിക്കുന്നത്. എന്തുതന്നെയായാലും ജൈവപരമായ ഒരു പഴയ സന്തുലിതാവസ്ഥയ്ക്ക് കോട്ടം തട്ടിയിരിക്കുന്നു. പാറ ഉളി കൊണ്ട് അടിച്ചു പൊട്ടിക്കുന്നതിൽ നിന്ന് ഡൈനാമിറ്റ് വെച്ച് പൊട്ടിക്കുന്ന ലെവലിലേക്ക് ശാസ്ത്രം വളർന്നപ്പോൾ പരിസ്ഥിതിക്ക് എന്ത് ആഘാതം ഏൽപ്പിച്ചാലും പ്രശ്നം ഇല്ല എന്നുള്ള രീതിയിലേക്ക് മനുഷ്യൻറെ ചിന്ത മാറിയിരിക്കുന്നു. ഇത് അത്ര നല്ലതിനല്ല . മരം നട്ടതുകൊണ്ട് കാട് ആവുകയില്ല .
Q : ബഫർസോൺ പ്രഖ്യാപനങ്ങൾ ഭൂമിയെ ഒരു 200 വർഷം കൂടി ജീവിപ്പിക്കാനുള്ള ഒരു അറ്റംപ്റ്റ് ആണ് സൂചിപ്പിക്കുന്നത് എന്ന്  കേന്ദ്ര പരിസ്ഥിതി മന്ത്രാലയം അടക്കമുള്ളവർ അവകാശപ്പെടുന്നുണ്ടല്ലോ ?  പക്ഷേ കേരളത്തിലെ കൃഷിക്കാർ പറയുന്നു ഇത് കർഷക വിരുദ്ധമാണ് എന്ന് .
Ans : കേരളത്തിലെ പച്ചപ്പ് നിലനിർത്തുന്നതിൽ കൃഷിക്കാർക്കുള്ള പങ്ക ഒരിക്കലും തള്ളിപ്പറയാൻ പാടുള്ളതല്ല . അവർ നട്ടുവളർത്തുന്ന ഇന്ന് ചെടികളും വൃക്ഷങ്ങളും ഒക്കെ ഇവിടെയുള്ള ഓക്സിജൻ സന്തുലിതാവസ്ഥ നിലനിർത്തുന്നതിൽ വലിയ പങ്ക് വഹിക്കുന്നുണ്ട്. ആദിവാസികൾ ഒന്നും നശിപ്പിക്കാതെ കൃഷി ചെയ്യുകയും മറ്റു കർഷകർ ഒന്നിനുപുറകെ ഒന്നായി പച്ചപ്പുകൾ  ഭൂമിയിലേക്ക് ആവാഹിച്ചു കൊണ്ടു വരികയും ചെയ്യുന്നു . വലിയ കെട്ടിടങ്ങളും  അണക്കെട്ടുകളും ഒന്നും കർഷകൻറെ ആവശ്യങ്ങൾ അല്ല ഇന്ന് ചിന്തിക്കാൻ സാമാന്യബുദ്ധി തന്നെ മതിയല്ലോ ? . മൾട്ടി സ്പെഷ്യാലിറ്റി ആശുപത്രികൾ വരെ അനിവാര്യമായി വരുന്നത് ആധിപത്യ സമൂഹത്തിനു മാത്രമാണ്.
Q :അത് ഏതാനും ചില മരുന്ന് കമ്പനികൾക്ക് രക്ഷപ്പെടാൻ വേണ്ടിയാണ് എന്ന് അങ്ങ്  ഉദ്ദേശിക്കുന്നുണ്ടോ ?
Ans :  സംശയിക്കാൻ എന്തിരിക്കുന്നു ? ഛത്തീസ്ഗഡിൽ ഭൂമിക്കടിയിൽ വെള്ളത്തിലെ സാന്നിധ്യം പരിശോധിക്കാൻ കോപ്പർ കഷ്ണം കയ്യിൽ പിടിച്ച് നടക്കുന്ന ഒരു രീതിയുണ്ട് എന്ന് അറിയാൻ സാധിച്ചു. വെളുപ്പിനെ സാന്നിധ്യം ഉണ്ടെങ്കിൽ ആ കമ്പി എതിർദിശയിലേക്ക് ചലിച്ച് നിൽക്കുമത്രേ . പക്ഷേ പക്ഷേ മോഡേൺ ടെക്നോളജി യിൽ പ്രവർത്തിക്കുന്ന ഒരു ശാസ്ത്രജ്ഞൻ എന്നുള്ള നിലയിൽ ഇതിൻറെ സയൻറിഫിക് ലോജിക്കിനോട്  എനിക്ക് പൊരുത്തപ്പെടാൻ സാധിക്കുന്നില്ല . അമിത ദൈവവിശ്വാസം പോലെ തന്നെ അമിത ശാസ്ത്ര വിശ്വാസവും അപകടമാണ്. അത് യുക്തിക്ക് നിരക്കാത്ത ഒരുതരം വിശ്വാസമാണ്.നമ്മുടെ ലോകത്ത് പല ശാസ്ത്രജ്ഞരും ആ സുഖകരമല്ലാത്ത ലെവലിൽ എത്തിക്കഴിഞ്ഞു .മോഡേൺ മെഡിസിൻ വഴിയും ആണവായുധം വഴിയും മോഡേൺ ടെക്നോളജി വഴിയും അവർ അഹിംസയുടെ അത്യാവശ്യമായ മൂല്യങ്ങളെ മറികടന്നിരിക്കുന്നു. ഇപ്പോൾ നിലവിലിരിക്കുന്ന കോവിഡ് വൈറസ് തന്നെ അതിനുള്ള ഒരു ഉത്തമ ഉദാഹരണമാണ്.
Q : കഴിഞ്ഞ ഒന്നര പതിറ്റാണ്ടായി വയനാട് പോലെയുള്ള ജില്ലകൾ , അവിടെയുള്ള ജനവാസവും മറ്റുകാര്യങ്ങളും ആരുടെയൊക്കെയോ അജണ്ടക്ക് അനുസരിച്ച് മുന്നോട്ട് നീങ്ങുന്നതായി അനുഭവപ്പെടുന്നുണ്ട്. കടുവാസങ്കേതം ബഫർസോൺ തുടങ്ങി നടന്നുകൊണ്ടിരിക്കുന്ന ഒഴിപ്പിക്കലും ബാണാസുരസാഗർ, കാരാപ്പുഴ , തൊണ്ടാർ പദ്ധതി ,തുടങ്ങി അണക്കെട്ടുകൾ ഒക്കെ നിലവിൽ വരികയും ചെയ്യുന്നതോടെ വളരെ വരെ ഭൂ സാന്ദ്രതയും ജനസാന്ദ്രതയും കുറഞ്ഞ ഈ കുഞ്ഞു ജില്ല ഏകദേശം 70 ശതമാനത്തോളം ഭാഗം ജന വാസയോഗ്യമല്ലാത്തതായിത്തീരാൻ സാധ്യതയില്ലേ ?
ബഫർസോൺ പരിസ്ഥിതി ലോലപ്രദേശം എന്നിങ്ങനെയുള്ള ഉത്തരവുകൾ ഒന്നും അധികകാലം നിലവിൽ ഉണ്ടാകുമെന്ന് തോന്നുന്നില്ല . ഇത് തികച്ചും കർഷക വിരുദ്ധമായ  നടപടികളാണ് . ഇവിടെയുള്ള ഉള്ള വന സംരക്ഷണ വകുപ്പ് ഉദ്യോഗസ്ഥരിൽ വരെ ആധുനികത ബോധമാണ് മുഴച്ചുനിൽക്കുന്നത് . അതുകൊണ്ടാണല്ലോ അവർ തേക്കുനട്ട് കാടിൻറെ സന്തുലിതാവസ്ഥ നശിപ്പിച്ചത് ? .സ്വാഭാവിക വനം അവിടെ നിലവിൽ ഉണ്ടായിരുന്നെങ്കിൽ വന്യമൃഗങ്ങൾ അവൾ കർഷകൻറെ കൃഷി തോട്ടത്തിലേക്ക് കാടിറങ്ങി വരുമായിരുന്നു എന്ന് നിങ്ങൾക്ക് തോന്നുന്നുണ്ടോ ?. തേക്കിൻകാട്ടിൽ തീറ്റ കിട്ടാത്തതുകൊണ്ടാണ് വന്യമൃഗങ്ങൾ കർഷകരുടെ തോട്ടത്തിലേക്ക് ഇറങ്ങുന്നത്. ഇതിൽ ശിക്ഷിക്കപ്പെടേണ്ടത് ഫോറസ്റ്റ് ഉന്നത തല ഉദ്യോഗസ്ഥർ തന്നെയാണ് . എന്നിട്ടും അവർ സോഷ്യൽ ഫോറസ്ട്രി എന്ന പേരിൽ തേക്കിൻതൈകൾ പഞ്ചായത്തിലൂടെ വിതരണം ചെയ്യുന്നു. ഇതു ബോധത്തിന്റെ പ്രശ്നമാണ് . ഇന്ന് ഈ ലോകത്ത് കൊടുത്തുകൊണ്ടിരിക്കുന്നത് ഹിംസയുടെ വിദ്യാഭ്യാസമാണ്. സമയബോധം പലർക്കും നഷ്ടപ്പെട്ടുകഴിഞ്ഞു . അന്നന്ന് പരമാവധി ധനം സമ്പാദിക്കുക എന്ന രീതിയിലേക്ക് ആധുനിക ശാസ്ത്രം മനുഷ്യനെ കെട്ടിവലിച്ച് കൊണ്ടു പോയിരിക്കുന്നു. സ്വാഭാവിക മരണം നിശ്ചയമാണ് എന്നിരിക്കെ തന്നെ ലക്ഷക്കണക്കിന് രൂപ മുടക്കി ആയുസ്സ് നീട്ടാൻ വെൻറിലേറ്ററുകൾ സ്ഥാപിക്കുന്നതിൽ അപ്പുറം കച്ചവടം ഇവിടെ എന്താണ് നടക്കുന്നത് ?.ഒരു ജനത കൂടുതൽ കാലം ജീവിച്ചിരിക്കണം എന്ന് ആഗ്രഹിക്കുന്നുണ്ടെങ്കിൽ അത് സമയബോധം ഇല്ലാത്തതിന്റെ തകരാറാണ് . അധിനിവേശ ത്വരയാണ് ആധുനികശാസ്ത്രം മനുഷ്യരിൽ വളർത്തിയ ഏറ്റവും വലിയ അപകടം.അതിജീവനും നല്ലതാണ് പക്ഷേ അമിത ആയുസ്സിന് കൊതിച്ച് ടെക്നോളജിയെ പിന്തുടരുന്നത് നല്ല ഒന്നാന്തരം വിഡ്ഢിത്തം ആണ് . മോഡേൺ ടെക്നോളജിയുടെ വികസന സങ്കല്പങ്ങൾ എല്ലാം നല്ല ഉട്ടോപ്പിയൻ നയങ്ങളെ കവച്ചുവെക്കുന്ന വിഡ്ഢിത്തങ്ങളാണ് . കേരളത്തിൽ തെങ്ങ് ആണ് കൂടുതൽ കൃഷി  ചെയ്യപ്പെടേണ്ടത് . ഏതു വൃത്തികെട്ട വെള്ളത്തെയും വലിച്ചെടുത്ത സ്വന്തം തടിയിലൂടെ ശുദ്ധീകരിച്ച ശേഷം ലോകത്തിലെ ഏറ്റവും ആരോഗ്യകരമായ പാനീയമായ കരിക്കിൻ വെള്ളം ആക്കി തരുന്ന ജൈവപരമായ ശാസ്ത്രീയ പ്രവർത്തിയാണ് ഓരോ തെങ്ങും ചെയ്തുകൊണ്ടിരിക്കുന്നത് . കേരളത്തിൻറെ കല്പവൃക്ഷം തെങ്ങാണ്. പക്ഷേ ഇവിടെയുള്ള തെങ്ങുകൃഷി സൗത്ത് ഇന്ത്യയിലെ  മറ്റു സംസ്ഥാനങ്ങളെ അപേക്ഷിച്ച് എത്രയോ കുറവാണ് . കേരവൃക്ഷ സംരക്ഷണത്തിന് കർഷകർ തന്നെ മുന്നിട്ടിറങ്ങിയേ പറ്റൂ
Q : നിലവിലെ  കൃഷിക്കാരൻ എന്ന അവസ്ഥ, പക്ഷേ നാനോടെക്നോളജി യിലെ വിജയിയായ ഒരു ശാസ്ത്രജ്ഞൻ കൂടിയാണ് അങ്ങ് . എങ്ങനെ ഇതുമായി പൊരുത്തപ്പെടുന്നു ?
Ans : എൻറെ ചിന്തയിലും ബുദ്ധിയിലും ഉള്ള നാനോടെക്നോളജി ആശയങ്ങളുടെ ഒരു ശതമാനം പോലും ലോകത്തിന് പകർന്നുകൊടുക്കാൻ എന്നെക്കൊണ്ട് സാധിച്ചിട്ടില്ല. ഞാൻ ബയോ സെൻസർ വികസിപ്പിക്കുന്നതിനെ കുറിച്ച് ചിന്തിച്ചിരുന്നു. നമ്മുടെ പോലീസുകാർ മദ്യത്തിൻറെ ഉപയോഗം ഉണ്ടോ എന്ന് ടെസ്റ്റ് ചെയ്യാൻ ഊതിക്കുന്നത് പോലെ നമ്മുടെ ഉച്ഛ്വാസവായു തട്ടിയാൽ ക്യാൻസർ അടക്കമുള്ള  രോഗനിർണയം നടത്തുന്ന ഒരു ബയോ സെൻസർ ബ്രീത്ത് അനലൈസറിനെക്കുറിച്ച് ഞാൻ ചിന്തിച്ചിരുന്നു. പക്ഷേ കുസാറ്റിൽ ഉള്ള ഒരു പ്രത്യേക ജാതി സമൂഹത്തിൻറെ ആധിപത്യത്തോടെ ഉള്ള ആ മനോഭാവം എൻറെ പ്രതിഭയെ തന്നെ തല്ലിക്കെടുത്തി കളയുകയായിരുന്നു. ആ പ്രത്യേക ജാതിയിലുള്ള ശാസ്ത്രജ്ഞർ അല്ലാത്തവരെ പല കാരണങ്ങൾ പറഞ്ഞ് യൂണിവേഴ്സിറ്റിയിൽ നിന്ന് പുറത്താക്കിയിട്ടുണ്ട്. ഇത്തരം ആധിപത്യ മനോഭാവം തന്നെയാണ്  നിലവിലുള്ള കേരളത്തെ സാംസ്കാരികമായും ജൈവപരമായും തല്ലിത്തകർത്തു കൊണ്ടിരിക്കുന്നത്. ഇനിയുള്ള എൻറെ പ്രതീക്ഷ ഇപ്പോൾ നിലവിലുള്ള വിദ്യാർഥികളിൽ ആണ് .അവർ വളരെ ലോജിക്കൽ ആയി ചിന്തിക്കുന്നു , അതിനനുസരിച്ച് പ്രവർത്തിക്കുകയും ചെയ്യുന്നു.അവർക്ക് പലരീതിയിലുള്ള ഇന്ററാക്ഷൻസിലൂടെ നെല്ലും പതിരും വേർതിരിച്ച് നല്ലതിനെ സ്വീകരിക്കാനുള്ള സന്മനസ്സു കാണിക്കുന്നു . അവരെ ആരും വഴിതെറ്റിച്ചു കളയാതിരുന്നാൽ ലോകം നശിക്കാതെ ബാക്കിയായിക്കൊള്ളും.
AdAdAd

Leave a Reply

2 thoughts on “ഡോക്ടർ ജോസഫ് മക്കോളിൽ : കുസാറ്റിൽ നിന്ന് വാഴത്തോട്ടത്തിലേക്ക് ,സിനിമ പോലൊരു ജീവിതം

  1. ഡോക്ടർ ജോസഫ് മക്കോളിളുമായുള്ള അഭിമുഖസംഭാഷണം ഏറെ നന്ന്. മികച്ച ചോദ്യങ്ങൾ..

Leave a Reply

Your email address will not be published. Required fields are marked *