April 26, 2024

മാനന്തവാടി രൂപതാ വൈദികനായ റവ. ഫാ. ജോൺ പുത്തൻപുര നിര്യാതനായി

0
Gridart 20220509 1326261263.jpg
മാനന്തവാടി  മാനന്തവാടി രൂപതാംഗമായ ബഹുമാനപ്പെട്ട ജോൺ പുത്തൻപുര അച്ചൻ (24/06/1932 – 9/5/2022) ഇന്ന് രാവിലെ നിര്യാതനായി. ദ്വാരക വിയാനിഭവനിൽ വിശ്രമജീവിതം നയിക്കുകയായിരുന്ന അച്ചൻ അനാരോഗ്യം നിമിത്തം ഏതാനും ദിവസങ്ങളായി സെന്റ് ജോസഫ്സ് ഹോസ്പിറ്റലിൽ ചികിത്സയിലായിരുന്നു. പരേതരായ പുത്തൻ പുര ദേവസ്യ – ഏലിയാമ്മ ദമ്പതികളുടെ മകനായി 1932 ജൂൺ 24-ന് വടകരയിലാണ് ജോണച്ചന്റെ ജനനം. മേരി, ത്രേസ്യ, ദേവസ്യ, ജോയി എന്നിവരാണ് അച്ചന്റെ സഹോദരങ്ങൾ. 

ലിറ്റിൽ ഫ്ലവർ സ്കൂൾ – വടകര, സെന്റ് ജോൺസ് ഹൈസ്കൂൾ – വടകര എന്നിവിടങ്ങളിലെ പ്രാഥമിക പഠനശേഷം 1953-55 കാലയളവിൽ മുവാറ്റുപുഴ നിർമ്മല കോളേജിൽ നിന്ന് ഇന്റർമീഡിയറ്റ് പഠനവും പഴയ തിരുവിതാംകൂർ-കൊച്ചി ഗവൺമെന്റ് അംഗീകൃത ടിടിസി പഠനവും പൂർത്തിയാക്കി 1956-ൽ പാലാ ഗുഡ് ഷെപ്പേഡ് മൈനർ സെമിനാരിയിൽ പുത്തൻപുര ജോണച്ചൻ വൈദികപരിശീലനത്തിനായി ചേർന്നു. 1958-64 കാലയളവിൽ ആലുവ സെന്റ് ജോസഫ്സ് പൊന്തിഫിക്കൽ സെമിനാരിയിൽ നിന്ന് തത്വശാസ്ത്ര, ദൈവശാസ്ത്ര പഠനങ്ങൾ പൂർത്തിയാക്കിയ ജോണച്ചൻ 1964 ഡിസംബർ 1-ന് ബോംബെയിൽ നടന്ന ദിവ്യകാരുണ്യ കോൺഗ്രസിന്റെ വേദിയിൽ കുടിയേറ്റ ജനതയുടെ പിതാവായ അഭി. സെബാസ്റ്റ്യൻ വള്ളോപ്പിള്ളി പിതാവിൽ നിന്ന് തിരുപ്പട്ടം സ്വീകരിച്ചു. തിരുപ്പട്ട സ്വീകരണശേഷം കർണാടകയിലെ ദാർവാർ യൂണിവേഴ്സിറ്റിയിൽ നിന്ന് ചരിത്രത്തിൽ ബിരുദപഠനവും അച്ചൻ നടത്തിയിട്ടുണ്ട്. 
സെന്റ് മേരീസ് ചർച്ച്  തവിഞ്ഞാൽ, സെന്റ് സെബാസ്റ്റ്യൻസ് ചർച്ച് പോരൂർ, സെന്റ് ആന്റണീസ് ചർച്ച്  ബളാൽ, സെന്റ് സേവ്യേഴ്സ് ചർച്ച്  കൊട്ടോടി, സെന്റ് ജോർജ്ജ് ചർച്ച്  ജഡ്കൽ, സെന്റ് തോമസ് ചർച്ച്  മണക്കടവ്, സെന്റ് ജോർജ്ജ് ഫൊറോനാ പള്ളി  കല്ലോടി, സെന്റ് തോമസ് ചർച്ച്  മരകാവ്, സെന്റ് മാർട്ടിൻ ഡി പോറസ് ചർച്ച്  അമ്പലവയൽ, ഹോളി ക്രോസ് ഫൊറോനാ പള്ളി – നടവയൽ, സെന്റ് മേരീസ് ഫൊറോനാ പള്ളി – മുള്ളൻകൊല്ലി, സെന്റ് അൽഫോൻസാ ചർച്ച് – പടമല, സെന്റ് സെബാസ്റ്റ്യൻസ് ചർച്ച് – തോണിച്ചാൽ, ലൂർദ്ദ് മാതാ ചർച്ച് – കാവുമന്ദം, ക്രൈസ്റ്റ് ദ കിംഗ് ചർച്ച് – പുതുശ്ശേരിക്കടവ് എന്നീ ദേവാലയങ്ങളിലായിരുന്നു ബഹുമാനപ്പെട്ട ജോൺ പുത്തൻപുരയച്ചൻ അജപാലനശുശ്രൂഷ നിർവ്വഹിച്ചത്. 1968-70 കാലയളവിൽ സെമിനാരി വില്ല എസ്റ്റേറ്റിന്റെ മാനേജരായും അച്ചൻ സേവനം ചെയ്തിട്ടുണ്ട്. 2008 മുതൽ ദ്വാരക വിയാനി ഭവനിൽ വിശ്രമജീവിതത്തിലായിരുന്ന ജോണച്ചൻ ഏതാനും മാസങ്ങളായി ആരോഗ്യസംബന്ധമായ അസ്വസ്ഥതകൾ മൂലം ചികിത്സയിലായിരുന്നു. 
നിഷ്കളങ്കമായ പുഞ്ചിരിയും സൗമ്യവും ശാന്തവുമായ പെരുമാറ്റവും ജോണച്ചന്റെ മുഖമുദ്രകളായിരുന്നു. തന്റെ പൗരോഹിത്യജീവിതത്തിന്റെ മുഴുവൻ വർഷങ്ങളും വിശ്രമമില്ലാത്ത അജപാലനശുശ്രൂഷയ്ക്കായി അദ്ദേഹം മാറ്റിവെച്ചു. ദൃഢമായ ദൈവവിശ്വാസവും ശക്തമായ ആത്മവിശ്വാസവും പൂർണ്ണമായും ഉപയോഗപ്പെടുത്തിക്കൊണ്ട് തനിക്ക് ഭരമേത്പിക്കപ്പെട്ട ദൈവജനത്തെ യഥോചിതം പരിപാലിക്കാൻ മിശിഹായുടെ ഈ പ്രിയപുരോഹിതന് സാധിച്ചു. വിവിധാവശ്യങ്ങൾക്കായി തന്നെ സമീപിച്ചവരെയെല്ലാം അച്ചൻ തനിക്ക് സാധിക്കുന്ന വിധത്തിലെല്ലാം അച്ചൻ സഹായിച്ചു. ഓരോ ഇടവകയിലും ദൈവജനത്തിന്റെ ഹൃദയത്തിൽ ജീവിക്കുന്ന പുരോഹിതനായിത്തീരാൻ മാത്രം അജപാലന വൈശിഷ്ട്യം അദ്ദേഹത്തിന്റെ വ്യക്തി ജീവിതത്തിനുണ്ടായിരുന്നു
വൈദികരുടെ മൃതസംസ്കാരശുശ്രൂഷയുടെ ഒന്നാംഭാഗം വിയാനിഭവൻ ചാപ്പലിൽ പൂർത്തിയായതിനെത്തുടർന്ന് അച്ചന്റെ ഭൗതികശരീരം പൊതുദർശനത്തിനായി ദ്വാരക പാസ്റ്ററൽ സെന്ററിന്റെ ചാപ്പലിൽ സൂക്ഷിച്ചിട്ടുണ്ട്. 10/5/2022- രാവിലെ10 മണിക്ക് മൃതസംസ്കാര ശുശ്രൂഷയുടെ അവസാനഭാഗത്തിന് രൂപതാദ്ധ്യക്ഷൻ ബിഷപ് ജോസ് പൊരുന്നേടം നേതൃത്വം നല്കും. ദ്വാരക പാസ്റ്ററൽ സെന്ററിനോട് അനുബന്ധമായുള്ള വൈദികരുടെ സെമിത്തേരിയിൽ മൃതസംസ്കാരം നടത്തും.
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *