April 23, 2024

ഏഷ്യന്‍ വാട്ടര്‍ ബേര്‍ഡ് സര്‍വേ: വയനാട്ടില്‍ 40 ഇനം നീര്‍പക്ഷികളെ കണ്ടെത്തി

0
Wyd 03 Pullichundan Tharavu

ഏഷ്യന്‍ വാട്ടര്‍ ബേര്‍ഡ് സര്‍വേ: വയനാട്ടില്‍ 40 ഇനം നീര്‍പക്ഷികളെ കണ്ടെത്തി
കല്‍പറ്റ- ഏഷ്യന്‍ വാട്ടര്‍ ബേര്‍ഡ് സര്‍വേയുടെ ഭാഗമായി വയനാട്ടിലെ വിവിധ തണ്ണീര്‍ത്തടങ്ങളില്‍ നടത്തിയ നിരീക്ഷണത്തില്‍  40 ഇനം നീര്‍പക്ഷികളെ കണ്ടെത്തി. ജില്ലയില്‍ നീര്‍പക്ഷി വൈവിധ്യവും എണ്ണവും വര്‍ധിച്ചതായാണ് സര്‍വേഫലം വെളിപ്പെടുത്തുന്നത്. 
ഹ്യൂം സെന്റര്‍ ഫോര്‍ ഇക്കോളജി ആന്‍ഡ് വൈല്‍ഡ് ലൈഫ് ബയോളജി, ജില്ലാ സാമൂഹിക വനവത്കരണ വിഭാഗം, കേരള വെറ്ററിനറി ആന്‍ഡ് അനിമല്‍ സയന്‍സസ് സര്‍വകലാശാല പൂക്കോട് കാമ്പസിലെ എന്‍.എസ്.എസ് യൂണിറ്റ്, മണ്ണുത്തി ഫോറസ്ട്രി എന്നിവ സംയുക്തമായാണ് സര്‍വേ നടത്തിയത്. 1987ല്‍ ആരംഭിച്ചതാണ് ഏഷ്യന്‍ വാട്ടര്‍ ബേര്‍ഡ് സര്‍വേ. സാമൂഹിക വനവത്കരണ വിഭാഗം ഡി.എഫ്.ഒ എ. ഷജ്‌ന, സൗത്ത് വയനാട് ഡി.എഫ്.ഒ അബ്ദുല്‍ അസീസ്, വയനാട് വൈല്‍ഡ് ലൈഫ് വാര്‍ഡന്‍ എന്‍.ടി. സാജന്‍, ഹ്യൂം സെന്റര്‍ ഡയറക്ടര്‍ സി.കെ. വിഷ്ണുദാസ്, ഫെലോ ഡോ.ആര്‍.എല്‍. രതീഷ് എന്നിവരുടെ നേതൃത്വത്തിലായിരുന്നു വയനാട്ടില്‍ ആദ്യമായി വിപുലമായി രീതിയില്‍ നടത്തിയ നീര്‍പക്ഷി സര്‍വേ.
ബാണാസുരസാഗര്‍, കാരാപ്പുഴ റിസര്‍വോയറുകള്‍, പനമരം, ആറാട്ടുതറ, വള്ളിയൂര്‍കാവ്, വയനാട് വന്യജീവി സങ്കേതത്തിലെ അമ്മവയല്‍, ഗോളൂര്‍ എന്നിവിടങ്ങളില്‍ നടന്ന സര്‍വേയില്‍ 35 ഓളം പക്ഷിനിരീക്ഷകരും മണ്ണുത്തി ഫോറസ്ട്രി കോളജിലെ വിദ്യാര്‍ഥികളും പങ്കെടുത്തു. 
കാരാപ്പുഴ അണയോടു ചേര്‍ന്ന രൂപപ്പെട്ട ആഴംകുറഞ്ഞ ജലാശയങ്ങളില്‍ എരണ്ടത്താറാവുകളെ ധാരാളമായി കണാനായെന്ന് ഹ്യൂം സെന്റര്‍ ഡയറക്ടര്‍ പറഞ്ഞു. കാരാപ്പുഴ അണയുടെ നെല്ലാറച്ചാല്‍ ഭാഗത്ത് ചൂളന്‍ എരണ്ട, പച്ച എരണ്ട, വരി എരണ്ട, പുള്ളിച്ചുണ്ടന്‍ താറാവ്, മൂങ്ങാക്കോഴി, ചെറിയ നീര്‍ക്കാക്ക, വലിയ നീര്‍ക്കാക്ക, ചേരക്കോഴി, നീലക്കോഴി, വെള്ളക്കൊക്കന്‍, കുളക്കോഴി, വിശറിവാലന്‍ ചുണ്ടന്‍കാക്ക  എന്നിവയെ കണ്ടെത്തി. ആറാട്ടുതറ, വള്ളിയൂര്‍ക്കാവ് ഭാഗങ്ങളില്‍ അരിവാള്‍ കൊക്കന്‍ ഇനത്തില്‍പ്പെട്ട നൂറിലധികം പക്ഷികളെ കണ്ടു. വന്യജീവി സങ്കേതത്തിലെ ഗോളൂരില്‍ അപൂര്‍വയിനത്തില്‍പ്പെട്ട വയല്‍ നായ്ക്കന്‍ പക്ഷിയുടെ സാന്നിധ്യം സ്ഥിരീകരിച്ചു. ചെങ്കണ്ണി തിത്തിരി, നാടന്‍ താമരക്കോഴി,  വാലന്‍ താമരക്കോഴി എന്നിവയെയും വിവിധ നിര്‍ത്തടങ്ങളില്‍ കണ്ടെത്തി. ജില്ലയില്‍ ആദ്യമായി ബാണാസുരസാഗര്‍ പദ്ധതി പ്രദേശത്തെ  ഒരു തുരത്തില്‍ ചെറിയ മീവല്‍ കാടയെ കാണാനായി. ആയിരത്തിനടുത്ത് നീര്‍പക്ഷികളെയാണ്  സംഘം എണ്ണി തിട്ടപ്പെടുത്തിയത്. നീര്‍പക്ഷി വൈവിധ്യം ജില്ലയില്‍ ആവാസവ്യവസ്ഥ മെച്ചപ്പെടുന്നതിന്റെ സൂചനയായി കണക്കാക്കാമെന്ന് സര്‍വേ സംഘാംഗങ്ങള്‍ അഭിപ്രായപ്പെട്ടു. 

AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *