March 29, 2024

പതിറ്റാണ്ട് നീണ്ട നിശബ്ദ സേവനം .. ആയിരങ്ങൾക്ക് സാന്ത്വനമായി നന്മ വയനാട്

0
Img 20180210 Wa0280

കൽപ്പറ്റ: സർക്കാർ ആശുപത്രികളിലും വീടുകളിലും  ആശ്രയമില്ലാതെ കിടപ്പിലായ നിർധനരായ രോഗികൾക്കും അവരുടെ കൂട്ടിരിപ്പുകാർക്കും കഴിഞ്ഞ   പത്ത് വർഷമായി സാന്ത്വനമാവുകയാണ്  ഒരു കൂട്ടം കാരുണ്യ പ്രവർത്തകർ. ബത്തേരി താലൂക്ക് ആശുപത്രി കേന്ദ്രീകരിച്ച് 2008 ഫെബ്രുവരി എട്ടിന് രോഗികൾക്ക് കഞ്ഞി വിതരണം ആരംഭിച്ച നന്മ വയനാട് എന്ന കൂട്ടായ്മയിലെ ജീവകാരുണ്യ പ്രവർത്തകർ അവരുടെ സേവന പാതയിൽ പത്ത് വർഷം പിന്നിട്ടു. ഇപ്പോൾ പ്രവർത്തനം ജില്ല മുഴുവൻ വ്യാപിപ്പിക്കേണ്ടി വന്നു. ഇതിനിടെ ഒരു ദിവസം പോലും ഭക്ഷണ വിതരണം മുടക്കിയില്ല. 
പ്രസിഡണ്ട് പി.സി.സജിത്കുമാറിന്റെയും ജനറൽ സെക്രട്ടറി ഷൂക്കൂർ തരുവണയുടേയും, ട്രഷറർ ബെന്നി സെബാസ്റ്റ്യന്റെയും   നേതൃത്വത്തിലാണ് നന്മയുടെ പ്രവർത്തനം.
    ഇപ്പോൾ കഞ്ഞി വിതരണം മാത്രമല്ല മരുന്ന്, വസ്ത്രം, ധനസഹായം ,ആംബുലൻസ് സേവനം, വിദ്യാഭ്യാസ ധനസഹായം, തുടങ്ങി ആവശ്യക്കാരുടെ നിസ്സഹായവസ്ഥ കണ്ടറിഞ്ഞ് വിവിധ സേവനങ്ങൾ നൽകി വരുന്നു. പത്ത് വർഷം മുമ്പ് 25 അംഗങ്ങളുമായി ആരംഭിച്ച ഈ കൂട്ടായ്ക്ക് അംഗബലത്തിലോ സാമ്പത്തിക നിലവാരത്തിലോ ഭൗതിക സാഹചര്യങ്ങളിലോ വലിയ വളർച്ചയൊന്നും ഉണ്ടായിട്ടില്ല. എങ്കിലും  നാളിതുവരെ സഹായം അഭ്യർത്ഥിച്ച് വന്ന ഒരാളെപ്പോലും സഹായമില്ലാതെ മടക്കി അയക്കേണ്ടി വന്നിട്ടില്ലന്ന് പ്രസിഡണ്ട് പി.സി. സജിത്കുമാർ പറഞ്ഞു. 
      നിർധനരായ രോഗികൾക്ക് മരുന്നിന് പുറമെ അരിയും ഭക്ഷണ സാധനങ്ങളും വീട്ടിലെത്തിച്ച് നൽകാറുണ്ട് .കടകളിൽ നിന്നും വീടുകളിൽ നിന്നും  ലഭിക്കുന്ന  സഹായത്തിൽ നിന്ന് നൂറിലധികം പേർക്ക് സ്ഥിരമായി സഹായം നൽകി വരുന്നുണ്ടന്ന് ജനറൽ സെക്രട്ടറി ഷുക്കൂർ തരുവണ പറഞ്ഞു. 
       ഒരു ലക്ഷത്തിലധികം രൂപയാണ് ഒരു മാസം ഏറ്റവും ചുരുങ്ങിയ നിലയിൽ ജീവകാരുണ്യ പ്രവർത്തനത്തിന് ആവശ്യം. ഇരുപതോളം റിസീവർമാർ ചേർന്നാണ് ഇതിനുള്ള ധനസമാഹരണം നടത്തുന്ന തെന്ന് ട്രഷറർ ബെന്നി സെബാസ്റ്റ്യൻ പറഞ്ഞു. 
      പത്ത് വർഷത്തിനിടെ ഇതുവരെ ഒരു തവണ പോലും വാർഷികാഘോഷം പോലുള്ള ഒരു പൊതു പരിപാടിയും നടത്തിയിട്ടില്ല. അതിനുള്ള പണം കൂടി രോഗികൾക്ക് സഹായമായി നൽകുകയാണ് പതിവ്. ഒരു പതിറ്റാണ്ടു നീണ്ട നിശബ്ദ ജീവകാരുണ്യ പ്രവർത്തനത്തിന്റെ പത്താം വാർഷികത്തിൽ കഞ്ഞി വിതരണത്തിന്റെ ഉദ്ഘാടനം ബത്തേരി താലൂക്ക് ആശുപത്രിയിൽ ഡോ: വി.വി. സൂരജ് നിർവ്വഹിച്ചു. ഷുക്കൂർ തരുവണ ,ബെന്നി സെബാസ്റ്റ്യൻ,  നിൻസി സി.എം, യു.എ. ശാരദ, മറിയാമ്മ ജോസഫ് തുടങ്ങിയവർ സംബന്ധിച്ചു.
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *