April 26, 2024

കണിയാമ്പറ്റ ടൗണ്‍ വികസനത്തിന് സ്ഥലം വിട്ടുനല്‍കണമെന്ന് നാട്ടുകാര്‍

0
Kaniyambetta
കണിയാമ്പറ്റ: കണിയാമ്പറ്റ ടൗണ്‍ വികസനത്തിന് കണിയാമ്പറ്റ വില്ലേജ് ഓഫീസ് സ്ഥലം വിട്ടുനല്‍കണമെന്ന ആവശ്യവുമായി നാട്ടുകാര്‍. കണിയാമ്പറ്റ ടൗണില്‍ സംസ്ഥാന പാതയോടു ചേര്‍ന്നാണ് വില്ലേജ് ഓഫീസ് സ്ഥിതി ചെയ്യുന്നത്. വില്ലേജ് ഓഫീസിന്റെ ചുറ്റുമതിലില്‍ സംസ്ഥാന പാതയോടു ചേര്‍ന്നുള്ള ഭാഗം മുമ്പ് തകര്‍ന്നിരുന്നു. മുമ്പുണ്ടായിരുന്ന അതേ സ്ഥാനത്ത് സംസ്ഥാന പാതക്ക് സമാന്തരമായി മതില്‍ പുനര്‍നിര്‍മിക്കാന്‍ റവന്യൂ വകുപ്പ് നീക്കമാരംഭിച്ചപ്പോഴാണ് പ്രദേശവാസികളും പഞ്ചായത്തും വില്ലേജ് ഓഫീസിന്റെ സ്ഥലത്തില്‍ കുറച്ച് ടൗണ്‍ വികസനത്തിന് വിട്ടു നല്‍കണമെന്ന് ആവശ്യപ്പെട്ടിരിക്കുന്നത്. 
നേരത്തെ മതിലുണ്ടായിരുന്ന സ്ഥലത്തു നിന്നും ഒന്നര മീറ്റര്‍ പുറകോട്ടു നീക്കി മതില്‍ നിര്‍മിക്കണമെന്നാണ് പൊതു ആവശ്യം. തന്‍മൂലം ഒന്നര മീറ്റര്‍ വീതി കൂടി ടൗണ്‍ വികസനത്തിന് ലഭിക്കുമെന്ന് കണിയാമ്പറ്റ ടൗണ്‍ വികസന സമിതി ചൂണ്ടിക്കാട്ടി. ഇടുങ്ങിയ ടൗണാണ് കണിയാമ്പറ്റ. പാതയരുകില്‍ ബസ് കാത്തിരിപ്പ് കേന്ദ്രം കൂടിയുള്ളതിനാല്‍ ടൗണ്‍ അസൗകര്യങ്ങളാല്‍ വീര്‍പ്പുമുട്ടുകയാണ്. ബസ് കാത്തിരിപ്പു കേന്ദ്രത്തിനു മുമ്പില്‍ ബസ് നിര്‍ത്തിയാല്‍ പുറകില്‍ നിന്നു വരുന്ന വാഹനങ്ങള്‍ക്ക് മറികടന്നുപോകാന്‍ റോഡിന് വീതിയില്ല. പാതയരുകില്‍ മുഖാഭിമുഖമായാണ് റോഡിനിരുവശവും ബസ് കാത്തിരിപ്പ് കേന്ദ്രം സ്ഥിതി ചെയ്യുന്നത്. 
പലപ്പോഴും ഒരേ സമയം ബസുകള്‍ രണ്ടു വശത്തും ആളുകളെ കയറ്റാനായി നിറുത്താറുണ്ട്. ഇത്രയും സമയം സംസ്ഥാനപാതയിലെ ഗതാഗതം പൂര്‍ണമായും സ്തംഭിക്കും. ഇപ്രകാരം
 സ്ഥല പരിമിതി മൂലം ടൗണ്‍ വിര്‍പ്പുമുട്ടുന്ന സാഹചര്യത്തില്‍ വില്ലേജ് ഓഫീസിന്റെ സ്ഥലം കൂടി കിട്ടിയാല്‍ കുറച്ച് ആശ്വാസമാകും. നിലവില്‍ വില്ലേജ് ഓഫീസിന്റെ മുറ്റം മുഴുവന്‍ ഇന്റര്‍ലോക്ക് പതിച്ചിട്ടുണ്ട്. പാതയോരത്ത് മതില്‍ നിര്‍മിക്കാന്‍ ഫണ്ടും അനുവദിച്ചിട്ടുണ്ട്. 
നേരത്തെയുണ്ടായിരുന്ന സ്ഥലത്തു തന്നെ മതില്‍ നിര്‍മിക്കാനാണ് നീക്കമെന്ന് അറിഞ്ഞ് നാട്ടുകാര്‍ റവന്യൂ ഉദ്യോഗസ്ഥരെ പ്രതിഷേധം അറിയിച്ചിരുന്നു. തന്‍മൂലം താല്‍ക്കാലികമായി നടപടികള്‍ നിറുത്തിവെച്ചിരിക്കുകയാണ്. ഇതിനിടെ ജനവികാരം മാനിച്ച് കണിയാമ്പറ്റ പഞ്ചായത്ത് ഭരണസമിതി, വില്ലേജ് ഓഫീസിന്റെ മതില്‍ ഒന്നരമീറ്റര്‍ പുറകോട്ട് മാറി നിര്‍മിക്കണമെന്ന് ആവശ്യപ്പെട്ട് പ്രമേയം പാസാക്കിയിട്ടുണ്ട്. ഇതിനിടെ ടൗണ്‍ വികസന സമിതി ഇതുസംബന്ധിച്ച് കലക്ടര്‍ക്ക് നിവേദനവും നല്‍കി. എന്നാല്‍ ചില റവന്യൂ ഉദ്യോഗസ്ഥര്‍ മതില്‍ പാതയരുകില്‍ തന്നെ നിര്‍മിക്കണമെന്ന് നിര്‍ബന്ധം പിടിക്കുന്നതായി ആക്ഷേപമുണ്ട്. ടൗണ്‍ വികസനത്തിന് സ്ഥലം നല്‍കിയില്ലെങ്കില്‍ മതില്‍ നിര്‍മാണം തടയാനാണ് നാട്ടുകാരുടെ തീരുമാനം.
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *