യൂറിയ കരിഞ്ചന്തയിൽ: കമ്പനികൾ വഞ്ചിക്കുന്നെന്ന് വ്യാപാരികൾ
മാനന്തവാടി ∙ ജില്ലയിൽ ഏറ്റവും കൂടുതൽ ആവശ്യമായി വരുന്ന രാസവളമായ
യൂറിയക്ക് ക്ഷാമം. നെല്ല്, കാപ്പി, വാഴ, കപ്പ, ഇഞ്ചി തുടങ്ങിയ
കൃഷികൾക്കെല്ലാം ഉപയോഗിക്കേണ്ട രാസവളം കിട്ടാതായിട്ട് ഏറെ നാളുകളായി.
കൃഷിയിടത്തിൽ അത്യാവശ്യമായ സമയത്ത് യൂറിയ തീരെ കിട്ടാത്തത് കർഷകരെ
പ്രതിസന്ധിയിലാക്കുന്നുണ്ട്.
വളം ഡിപ്പോകളിലൊന്നും യൂറിയ ഇല്ല. നെല്ല് കതിരാവുന്നതിന് മുൻപ് വളമിടാൻ
കഴിയാത്ത അവസ്ഥയിലാണ് പല കർഷകരും.
രാസവള കമ്പനികൾ തങ്ങളെയും കർഷകരെയും വഞ്ചിക്കുന്ന നിലപാടാണ്
സ്വീകരിക്കുന്നതെന്ന് വളം വ്യാപാരികൾ പറയുന്നു. ചാക്കിന് 266 രൂപ 50
പൈസക്ക് വിൽക്കേണ്ട വളം കടകളിൽ എത്തിക്കുന്നത് തന്നെ 266 രൂപക്കാണ്.
കയറ്റിറക്ക് കൂലി കയ്യിൽ നിന്ന് പോകുന്ന അവസ്ഥയായതോടെ പല വ്യാപാരികളും
വളം എടുക്കുന്നത് നിർത്തി. കമ്പനികൾ തങ്ങളെയും കർഷകരെയും
വഞ്ചിക്കുന്നെന്ന് വ്യാപാരികൾ പറയുന്നു. ഇതേ സമയം ചാക്കിന് 350 രൂപ വരെ
ഇൗടാക്കി കരിഞ്ചന്തയിൽ യൂറിയ വിൽക്കുന്നവരുമുണ്ട്. എംഎഫ്എൽ, സ്പിക്ക്,
എംസിഎഫ് തുടങ്ങിയ കമ്പനികളുടെ യൂറിയ വളമാണ് ജില്ലയിൽ എത്തുന്നത്.
ചാക്കിന് 1600 രൂപയോളം വിലയുള്ള യൂറിയ സർക്കാർ സബിസിഡി നൽകുന്നതിനാലാണ്
കമ്പനികൾ 266.50 രൂപക്ക് കർഷകർക്ക് നൽകുന്നത്. എന്നാൽ വളം ഏറെ ആവശ്യമായ
സമയത്ത് കൃഷിക്കാർക്ക് ലഭിക്കാത്ത സാഹചര്യമാണ് നിലവിലുള്ളത്.
ജില്ലയിലെ വളം ഡിപ്പോകളിൽ ആവശ്യത്തിന് വളം എത്തുന്നു എന്ന് ഉറപ്പ്
വരുത്താൻ നടപടി വേണമെന്നാണ് കർഷകരുടെ ആവശ്യം. കരിഞ്ചന്ത ഒഴിവാക്കി
വളക്കടകളിലൂടെ തന്നെ കർഷകർക്ക് യൂറിയ ലഭിക്കാനുള്ള സാഹചര്യം
ഒരുക്കണമെന്ന് വളം വ്യാപാരികളും പറയുന്നു.



Leave a Reply