April 26, 2024

ഇവർ നാടിൻറെ രക്ഷകർ : പടിഞ്ഞാറത്തറ പൾസ് എമർജൻസി ടീമിന് ലോകത്തിൻറെ അഭിനന്ദനങ്ങൾ

0
Img 20210205 Wa0466.jpg
ജിത്തു തമ്പുരാൻ
പടിഞ്ഞാറത്തറ :
പടിഞ്ഞാറത്തറ പി എച്ച് സി യെയും ചുറ്റുവട്ടത്തുള്ള വീടുകളെയും വൻ  അഗ്നിബാധയിൽ നിന്നു രക്ഷിച്ച് നാടിൻറെ മുത്തുകളായി മാറി പടിഞ്ഞാറത്തറ പൾസ് എമർജൻസി ടീം .ഇതിന്  നിമിത്തമായതാകട്ടെ ഒരു ഓട്ടോ ഡ്രൈവറുടെ അവസരോചിതമായ വാട്സ്ആപ്പ് സന്ദേശം .2021 ജനുവരി 26 ന് ഭാരതമെമ്പാടും റിപ്പബ്ലിക് ദിനം ആഘോഷിച്ചുകൊണ്ടിരിക്കവേയാണ് ഏകദേശം ഉച്ച 2:30ന്  പടിഞ്ഞാറത്തറയിലെ ഓട്ടോഡ്രൈവറായ കുഞ്ഞുമോൻ പടിഞ്ഞാറത്തറ കൂട്ടം എന്ന പ്രാദേശിക വാട്സ്ആപ്പ് ഗ്രൂപ്പിലൂടെ ഒരു വീഡിയോ സന്ദേശം അയക്കുന്നത് . കുഞ്ഞുമോൻ താമസിക്കുന്നത് പടിഞ്ഞാറത്തറയിൽ നിന്നും ഒരു കിലോമീറ്റർ അപ്പുറത്തുള്ള പേരാൽ എന്ന പ്രദേശത്താണ് .സ്വന്തം വീടിന് അടുത്ത് നിൽക്കുമ്പോൾ തന്നെ പടിഞ്ഞാറത്തറ ഭാഗത്ത് എവിടെയോ അഗ്നി പടരുന്നതും പുക ഉയരുന്നതും കാണുന്നതായി കുഞ്ഞുമോൻ വീഡിയോ സന്ദേശത്തിലൂടെ അറിയിച്ചു.
സന്ദേശം കണ്ട് പടിഞ്ഞാറത്തറ പൾസ് എമർജൻസി ടീമിലെ ഷാജഹാൻ അഭ്യൂഹം പരന്ന പ്രദേശത്തേക്ക് ഓടിയെത്തി . ഷാജഹാൻ അവിടെ കണ്ട കാഴ്ച ഭീതി ജനകമായിരുന്നു . ഹെക്ടർ കണക്കിന് വരുന്ന പടിഞ്ഞാറത്തറ ആശുപത്രിക്കുന്നിനെ ഒന്നടങ്കം കത്തിച്ച് എരിച്ച് വിഴുങ്ങിക്കൊണ്ട് ആയിരക്കണക്കിന് രോഗികളുടെ ആശ്രയമായ പടിഞ്ഞാറത്തറ കാപ്പു കുന്ന് പി എച്ച് സി യുടെ മേൽ കത്തിപ്പടരാൻ ഒരുങ്ങുകയായിരുന്നു ഭീകര രൂപം കൈക്കൊണ്ട അഗ്നിനാളങ്ങൾ .
ഷാജഹാൻ പൾസ് എമർജൻസി ടീമിന് മെസ്സേജ് അയക്കുകയും പെട്ടെന്ന് കയ്യിൽ കിട്ടിയ നമ്പറുകളിൽ വിളിച്ച് അറിയിക്കുകയും ചെയ്തു . അതുപ്രകാരം ഷാജഹാന്റെ അരികിലേക്ക് ടീം പൾസ് എമർജൻസി അംഗങ്ങളായ  ഷംസു വാണിയം കണ്ടി, അനസ് ഉത്ത ,മുജീബ് തൈക്കണ്ടി, ദാവൂദ് പുതിയാമ്മൽ , എന്നിവർ കിട്ടിയ യാത്രാ മാധ്യമങ്ങളിലൂടെ ഓടിയെത്തി . കുന്നിൻറെ ഉച്ചിയിലേക്ക് അതിഭീകരമായി തീപടർന്നു കൊണ്ടിരിക്കുന്ന സമയമായിരുന്നു അത് . തീ അണയ്ക്കാനുള്ള വെള്ളം കിട്ടണമെങ്കിൽ  തന്നെ 500 മീറ്ററോളം താഴെ പോകണം . ഇനിയും വൈകി പോയാൽ കാപ്പുകുന്ന് ആശുപത്രി തന്നെ ഒരുപിടി ചാരവും ചില ഓർമ്മകളുമായി മാറിയേക്കാൻ ഇടയുണ്ട് .
അവിടെയാണ് ദൈവത്തിൻറെ കരങ്ങൾ എന്നൊക്കെ പറയുന്നതുപോലെ അവസരോചിതമായ അവരുടെ പ്രവൃത്തി  ഉണ്ടായത് . ആദ്യം കണ്ട ഏതൊക്കെയോ മരത്തിൽ പാഞ്ഞുകയറി കമ്പുകളും ഇലകളും ഒടിച്ചെടുത്ത് പുറമേ പടരാൻ തുടങ്ങിയ അഗ്നിയെ  അവർ തല്ലിക്കെടുത്താൻ ആരംഭിച്ചു . പിന്നെ പതുക്കെപ്പതുക്കെ ആ ഫയർ സർക്കിളിനുള്ളിലേക്ക് കടന്ന് സ്വന്തം ജീവൻപോലും തൃണവൽഗണിച്ച് അവർ അവർ ആ വലിയ തീപ്പടർപ്പിനെ  നിയന്ത്രണവിധേയമാക്കി . അവസാനത്തെ അഗ്നി നാളത്തെ പോലും അണച്ചു എന്ന് ഉറപ്പു വരുത്തിയശേഷം ഒരല്പം അകലെ മാറിയിരുന്നു വിശ്രമിക്കുമ്പോൾ പോലും അവർ ചിന്തിച്ചിട്ടില്ല എത്ര വലിയ അപകടത്തിൽ നിന്നാണ് ആ നാടിനെ അവർ രക്ഷിച്ചത് എന്ന് . അവർ പറയുന്നു : ഞങ്ങൾക്കു മുമ്പിൽ തീ കെടുത്തുക എന്നതല്ലാതെ മറ്റു വഴികൾ ഒന്നും ഉണ്ടായിരുന്നില്ല. സർവ്വം നശിക്കുന്നതിനു മുമ്പ് പാവപ്പെട്ടവരുടെ ആശ്രയമായ ആ സർക്കാർ ആശുപത്രിയിലേക്ക് തീപടർന്ന് കത്തിച്ചാമ്പലാകുന്നതിനുമുമ്പ് ഞങ്ങൾക്ക് ആ തീ അണക്കണമായിരുന്നു .
കുന്നിനു താഴെയുള്ള ഒരു വീടിന് അരികിൽ നിന്നാണ് ഈ അഗ്നിബാധയുടെ തുടക്കം ഉണ്ടായത് എന്ന് പൾസ് എമർജൻസി ടീമിൻറെ വിശദമായ അന്വേഷണത്തിലൂടെ സ്ഥിരീകരിക്കപ്പെട്ടിട്ടുണ്ട്. ഒന്നുകിൽ ചപ്പുചവറുകൾ തൂത്തുവാരി ഇട്ട് കത്തിച്ചതിൽ നിന്ന് പടർന്നതായിരിക്കാം . അല്ലെങ്കിൽ മറ്റേതെങ്കിലും വിധത്തിൽ ആയിരിക്കാം . ദൃക്സാക്ഷികളും തെളിവുകളും ഇല്ലാതെ ആരെയും ആർക്കും കുറ്റപ്പെടുത്താൻ പറ്റില്ല .എങ്കിലും  നമ്മളോരോരുത്തരും ശ്രദ്ധിക്കേണ്ടതായിട്ടുണ്ട് .ഓരോ തോട്ടങ്ങളിലും വേനൽക്കാലം ആകുമ്പോൾ കരിയിലകൾ നിറയുന്നു. അതുകൊണ്ടുതന്നെ ഏതെങ്കിലും വിധത്തിൽ വീടിന് ചുറ്റുവട്ടത്ത് തീയിടുന്നു എങ്കിൽ നിങ്ങളുടെ ആവശ്യം ഓണം കഴിഞ്ഞ് അത് നിർബന്ധമായും അണച്ചു കളയുവാൻ ശ്രദ്ധിക്കുക. അവിടെ ഏക്കർകണക്കിന് സ്ഥലത്ത് തീ പടർന്നപ്പോൾ നശിച്ചു പോയത് നൂറു കണക്കിന് ഉരഗങ്ങളും ഇഴ ജന്തുക്കളും ചെറുജീവികളും അടങ്ങിയ ഒരു ആവാസ ജാലം തന്നെയാണ് .
പടിഞ്ഞാറത്തറ പൾസ് എമർജൻസി ടീമിൻറെ അവസരോചിതമായ ഈ പ്രവർത്തിക്കു മുമ്പിൽ ലോകം മുഴുവൻ അവരെ അഭിനന്ദനങ്ങൾ കൊണ്ട് മൂടുന്നു .യുവാക്കളുടെ കരങ്ങൾ കൊണ്ട് മാത്രമേ ഈ ലോകം രക്ഷപ്പെടുകയുള്ളൂ എന്ന ശ്രീ എ പി ജെ അബ്ദുൽ കലാമിൻറെ വാക്കുകൾ അങ്ങനെ എല്ലാ അർത്ഥത്തിലും ഇവിടെ സത്യമായി തീരുന്നു . ദുഃഖകരമായ ഒരു കാര്യം എന്താണെന്ന് വെച്ചാൽ പടിഞ്ഞാറത്തറ ഗ്രാമപഞ്ചായത്ത് അധികൃതർ ആരോഗ്യ വകുപ്പ് അധികൃതർ എന്നിവരരാരും സാഹസികരായ ഈ ടീമിനെ ഒരു ചടങ്ങിൽ വിളിച്ച് ഒന്ന് അഭിനന്ദിച്ചു കൂടിയില്ല എന്നുള്ളതാണ് . ഈ  യുവാക്കളുടെ മനോധൈര്യം നാടറിയാൻ തുടങ്ങിയത് 2018 ലെ പ്രളയ കാലം മുതലാണ് . അന്നുമുതൽ ഇന്നോളവും എന്നെന്നേക്കും പടിഞ്ഞാറത്തറയിലെയും ചുറ്റുവട്ടത്തെയും പ്രശ്നങ്ങളെയും പ്രതിസന്ധികളെയും നേരിടുന്നതിന് ഗ്രാമവാസികളുടെ രക്ഷകരായി പൾസ് എമർജൻസി ടീം ഉണ്ട് . ഇവർക്കൊപ്പം ദൈവത്തിൻറെ കരങ്ങളും ഉണ്ട്. 
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *