April 19, 2024

മീനങ്ങാടി സ്കൂൾ പി.ടി.എയ്ക്ക് സംസ്ഥാനതല പുരസ്കാരം

0
Img 20210212 Wa0039.jpg
.     മീനങ്ങാടി:പൊതുവിദ്യാലയങ്ങളിലെ മികച്ച അധ്യാപക രക്ഷാകർത്തൃ സമിതിക്ക് സംസ്ഥാന സർക്കാർ നൽകുന്ന  പുരസ്കാരം മീനങ്ങാടി ഗവൺമെൻറ് മെൻറ് ഹയർ സെക്കൻഡറി സ്കൂളിന് . സെക്കൻഡറി വിഭാഗത്തിൽ സംസ്ഥാനതലത്തിൽ രണ്ടാമത്തെ മികച്ച പി.ടി.എ ആയാണ് സ്കൂൾ തിരഞ്ഞെടുക്കപ്പെട്ടത്. നാല് ലക്ഷം രൂപയും, പ്രശസ്തിപത്രവും അടങ്ങുന്ന പുരസ്കാരം 15 ന് തിരുവനന്തപുരത്തെ പൊതു വിദ്യാഭ്യാസ ഡയറക്ടറുടെ കാര്യാലയത്തിൽ  വച്ചു നടക്കുന്ന ചടങ്ങിൽ സമ്മാനിക്കും. വയനാട് ജില്ലയിലെ ഏറ്റവും മികച്ച പി. ടി.എയ്ക്കുള്ള പുരസ്കാരവും മീനങ്ങാടിക്കുതന്നെയാണ്. കഴിഞ്ഞ രണ്ടു വർഷങ്ങളിൽ സ്കൂളിൽ നടപ്പിലാക്കിയ വൈവിധ്യപൂർണ്ണമായ പദ്ധതികളാണ് സ്കൂളിനെ നേട്ടത്തിനർഹമാക്കിയത്. പൊതുവിദ്യാലയങ്ങളെ അന്താരാഷ്ട്ര നിലവാരത്തിലേക്ക് ഉയർത്താൻ  സർക്കാർ ആവിഷ്കരിച്ച  പദ്ധതിയുടെ ഭാഗമായി അഞ്ചുകോടി 82 ലക്ഷം രൂപ ചെലവിൽ നിർമ്മിച്ച  കെട്ടിടസമുച്ചയം സമയബന്ധിതമായി പൂർത്തീകരിക്കുന്നതിൽ പി. ടി. എ നടത്തിയ ഇടപെടൽ ശ്രദ്ധേയമായിരുന്നു. കേരളത്തിലെ ഒരു നിയമസഭാ മണ്ഡലത്തിൽ നിന്നും ഒന്ന് എന്ന ക്രമത്തിൽ തിരഞ്ഞെടുത്ത 140 വിദ്യാലയങ്ങളിൽ ഉൾപ്പെട്ട മീനങ്ങാടി, സംസ്ഥാന തലത്തിൽ മൂന്നാമതായും, ജില്ലയിൽ ഒന്നാമതായും കെട്ടിടനിർമാണം പൂർത്തിയാക്കി ക്ലാസുകൾ ആരംഭിച്ചിരുന്നു.  പാവപ്പെട്ട വിദ്യാർഥികൾക്ക്  ഓൺലൈൻ പഠന സൗകര്യം ലഭ്യമാക്കുന്നതിനായി നടപ്പിലാക്കിയ 'ടി.വി – ടാബ് ചലഞ്ച് '  ഏറെ ശ്രദ്ധിക്കപ്പെട്ടു. പ്രളയത്തിൽ വീട് നഷ്ടപ്പെട്ട ദരിദ്ര കുടുംബത്തിന് വീടു നിർമിച്ചു നൽകുന്ന സ്നേഹക്കൂട് പദ്ധതി, ഹയർ സെക്കൻഡറി വിദ്യാർഥികളെ ദേശീയ തലങ്ങളിൽ നടക്കുന്ന വിവിധ പ്രവേശന പരീക്ഷകൾക്കും, സിവിൽ സർവീസ് പരീക്ഷയ്ക്കും സജ്ജരാക്കുന്നതിനുള്ള 'ഫോക്കസ് ദ ബെസ്റ്റ് ' പദ്ധതി, സമ്പൂർണശാസ്ത്ര സാക്ഷര ഗ്രാമം എന്ന ലക്ഷ്യത്തോടെ ആവിഷ്കരിച്ച 'ടെൽ ഫോർ എസ്.ഡി' പദ്ധതി,   ഏറെ പാരിസ്ഥിതിക  പ്രാധാന്യമുള്ള  ആറാട്ടുപാറയുടെ സംരക്ഷണത്തിനായി കഴിഞ്ഞ അഞ്ചു വർഷമായി നടത്തിവരുന്ന ഇടപെടലുകൾ, പഠനം നിർത്തിപ്പോകുന്ന ഗോത്രവർഗ്ഗ വിദ്യാർത്ഥികളെ  സ്കൂളിൽ തിരികെ എത്തിക്കാൻ ആവിഷ്കരിച്ച 'ബാക്ക് ടു സ്കൂൾ' പദ്ധതി,ഒരു ഏക്കർ സ്ഥലത്ത് നടപ്പിലാക്കിയ ജൈവ നെൽക്കൃഷി, പുഴയോരങ്ങളും കാവുകളും സംരക്ഷിക്കുന്നതിനായി നടപ്പിൽ വരുത്തുന്ന വിവിധപദ്ധതികൾഎന്നിവയും നേട്ടങ്ങളിൽ പ്പെടുന്നു.സ്കൂളിൽ ആവിഷ്കരിച്ച അക്ഷര ദക്ഷിണ പദ്ധതിയും പുതുമ പുലർത്തുന്നതായിരുന്നു. വിദ്യാർത്ഥികളും രക്ഷിതാക്കളും അവരുടെ ജന്മദിനങ്ങളിൽ സ്കൂളിലേക്ക് പുസ്തകം സമ്മാനമായി നൽകുന്ന ഈ പദ്ധതി സംസ്ഥാന തലത്തിൽ തന്നെ വ്യാപിപ്പിക്കുമെന്ന് വിദ്യാഭ്യാസ വകുപ്പ് മന്ത്രി പ്രഖ്യാപിച്ചിരുന്നു. 3500 – ലേറെ പുസ്തകങ്ങളാണ് ഇതുവഴി വഴി  സ്കൂൾ ലൈബ്രറിയിലേക്കു സമാഹരിച്ചത്. സ്കൂൾ കായികമേള, ശാസ്ത്രോത്സവം, കലോൽസവം എന്നിവയിൽ വിദ്യാലയം പുലർത്തുന്ന മികവിന് പി. ടി. എ നൽകുന്ന പിന്തുണ എടുത്തുപറയേണ്ടതാണ്. കഴിഞ്ഞവർഷം കുന്നംകുളത്തു വച്ചു നടന്ന സംസ്ഥാന ശാസ്ത്രോത്സവത്തിൽ ബെസ്റ്റ് സ്കൂളായി മീനങ്ങാടി തിരഞ്ഞെടുക്കപ്പെട്ടിരുന്നു .നിലവിൽ റവന്യൂ ജില്ലാ സ്കൂൾ കായികമേളാ ജേതാക്കളായ വിദ്യാലയം 18 തവണ ഓവറോൾ ചാമ്പ്യൻഷിപ്പ് കരസ്ഥമാക്കിയിട്ടുണ്ട്. എസ്.എസ്.എൽ.സി, ഹയർസെക്കൻഡറി വിജയശതമാനത്തിലും, എ പ്ലസ് ജേതാക്കളുടെ എണ്ണത്തിലും സ്കൂൾ പുലർത്തുന്ന മികവും പുരസ്കാരത്തിനായി പരിഗണിക്കപ്പെട്ടു. പ്രിൻസിപ്പാൾ ഷിവികൃഷ്ണൻ, വൈസ് പ്രിൻസിപ്പാൾ സലിൻ പാല,പി.ടി.എ പ്രസിഡണ്ട്  മനോജ് ചന്ദനക്കാവ്,  എസ്.എം.സി ചെയർമാൻ ടി. എം ഹൈറുദ്ദീൻ, മദർ പി.ടി.എ പ്രസിഡണ്ട് സിന്ധു സാലു ,എസ്.പി.ജി കോഡിനേറ്റർ പി.കെ.ഫൈസൽ എന്നിവരുടെ നേതൃത്വത്തിൽ  നടത്തിവരുന്ന പ്രവർത്തനങ്ങളാണ് സ്കൂളിനെ നേട്ടത്തിന് അർഹമാക്കിയത്.
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *