April 25, 2024

ആഴക്കടല്‍ മത്സ്യബന്ധന വിവാദത്തിന് പിന്നില്‍ വന്‍ അഴിമതി; സമഗ്രാന്വേഷണം വേണമെന്ന് കെ സുരേന്ദ്രന്‍

0
Images (74)

ബത്തേരി: ആഴക്കടല്‍ മത്സ്യബന്ധന വിവാദത്തില്‍ സത്യാവസ്ഥ പുറത്തുകൊണ്ടുവരാന്‍ സമഗ്രാന്വേഷണം നടത്തണമെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ.സുരേന്ദ്രന്‍. കരാറിനെ കുറിച്ച് എല്‍ഡിഎഫ് , യുഡിഎഫ് നേതാക്കള്‍ക്ക് നേരത്തെ തന്നെ വിവരങ്ങള്‍ അറിയാമെന്നാണ് ഇപ്പോള്‍ വ്യക്തമാകുന്നത്. പിണറായി വിജയന്‍, മേഴ്‌സികുട്ടിയമ്മ, ഇ.പി.ജയരാജന്‍, രമേശ് ചെന്നിത്തല അച്ചുതണ്ടാണ് ഈ കരാറിനു പിന്നില്‍. കരാര്‍ നടപ്പാക്കി കഴിഞ്ഞാല്‍ വന്‍ അഴിമതി നടത്തുകയായിരുന്നു ലക്ഷ്യം. കൊള്ള മുതല്‍ പങ്കു വെക്കുന്നതിലുള്ള തര്‍ക്കം ഉടലെടുത്തതാണ് ഇപ്പോള്‍ വിവാദമുണ്ടാകാന്‍ കാരണമെന്ന് സുരേന്ദ്രന്‍ പറഞ്ഞു. വിജയ യാത്രയുടെ നാലാം ദിനം ബത്തേരിയില്‍ വാര്‍ത്താ സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. ഭരണ പ്രതിപക്ഷ മുന്നണികള്‍ അറിഞ്ഞുള്ള അഴിമതിയാണിവിടെ നടന്നിരിക്കുന്നത്. ആഴക്കടല്‍ മത്സ്യബന്ധന കരാര്‍ നേടിയ കമ്പനിക്കാര്‍ മന്ത്രിമാരെ മാത്രമാണോ കണ്ടത്. പ്രശാന്ത് ഐഎഎസിന് രമേശ് ചെന്നിത്തലയുമായുള്ള ബന്ധം എല്ലാവര്‍ക്കും വ്യക്തമായിട്ടുണ്ട്. ഇപ്പോള്‍ ചെന്നിത്തലയും കൂട്ടരും ബഹളം വെക്കുന്നത് ജനങ്ങളെ പറ്റിക്കാനാണ്. പ്രതിപക്ഷത്തുനിന്ന് ആര്‍ക്കൊക്കെ വിവാദ കമ്പനിയുമായി ബന്ധമുണ്ടെന്ന് അന്വേഷിക്കേണ്ടതുണ്ട്. കേവലം മത്സ്യ സമ്പത്ത് കൊള്ളയടിക്കുന്നത് മാത്രമല്ല പ്രശ്‌നം. രാജ്യസുരക്ഷയെ തന്നെ ബാധിക്കുന്ന ഗൗരവകരമായ വിഷയമാണ്. കോടികളുടെ അഴിമതി നടന്ന ഈ ഇടപാടില്‍ കൂടുതല്‍ മന്ത്രിമാര്‍ക്ക് ബന്ധമുണ്ടെന്ന് സുരേന്ദ്രന്‍ പറഞ്ഞു. ഈ ഇടപാടില്‍ ഇടനില നിന്നവര്‍ ആരാണെന്നും വ്യക്തമാകേണ്ടതുണ്ട്. കരാറില്‍ നിന്ന് പിന്മാറിയതുകൊണ്ടു മാത്രം രക്ഷപ്പെടാനാകില്ല. കള്ളംവെളിച്ചത്താകുമ്പോള്‍ തൊണ്ടിമുതല്‍ തിരിച്ചേല്പിച്ചാല്‍ കുറ്റവാളി രക്ഷപ്പെടില്ല. എല്ലാ അഴിമതി കേസുകളിലും സര്‍ക്കാര്‍ സ്വീകരിക്കുന്ന നിലപാട് ഇത്തരത്തിലാണ്. പ്രതിപക്ഷ നേതാവിനും മന്ത്രിമാര്‍ക്കും പങ്കുള്ള വലിയ അഴിമതിയാണ് നടന്നതെന്ന് സുരേന്ദ്രന്‍ പറഞ്ഞു.

AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *