വന്യമൃഗ ശല്യംതടയാൻ പെരിക്കല്ലൂര്‍ മുതല്‍ കൊളവള്ളിവരെ സോളാര്‍ ഹാങ്ങിങ് ഫെന്‍സ് സ്ഥാപിക്കും

സുല്‍ത്താന്‍ബത്തേരി: കേരള-കര്‍ണാടക അതിര്‍ത്തിമേഖലയായ പെരിക്കല്ലൂര്‍ മുതല്‍ കൊളവള്ളിവരെയുള്ള പ്രദേശങ്ങളിലെ വന്യമൃഗശല്യം പ്രതിരോധിക്കുന്നതിനായി സോളാര്‍ ഹാങ്ങിങ് ഫെന്‍സ് സ്ഥാപിക്കുമെന്ന് ഐ.സി. ബാലകൃഷ്ണന്‍ എം.എല്‍.എ. അറിയിച്ചു. പദ്ധതിയുടെ ടെണ്ടര്‍ നടപടികള്‍ പൂര്‍ത്തിയായിട്ടുണ്ട്.
മുള്ളന്‍കൊല്ലി പഞ്ചായത്തിലെ പെരിക്കല്ലൂര്‍ മുതല്‍ കൊളവള്ളിവരെയും, കൊളവള്ളി മുതല്‍ മാടപ്പള്ളിക്കുന്ന് വരെയുമുള്ള 11.4 കീലോമീറ്റര്‍ ദൂരത്തിലാണ് സോളാര്‍ ഹാങ്ങിംങ് വൈദ്യുതി വേലി സ്ഥാപിക്കുന്നത്. അതിര്‍ത്തി മേഖലയിലെ രൂക്ഷമായ വന്യമൃഗ ശല്യം പരിഹരിക്കണമെന്ന
പ്രദേശവാസികളുടെ ഏറെക്കാലമായുള്ള ആവശ്യം പരിഗണിച്ചാണ് ഐ.സി. ബാലകൃഷ്ണന്‍ എം.എല്‍.എ. ആസ്തവികസന ഫണ്ടില്‍നിന്നും 70 ലക്ഷം രൂപ പദ്ധതിയ്ക്കായി അനുവദിച്ചത്. ഇതിന് കഴിഞ്ഞ ഫെബ്രുവരിയില്‍ ഭരണാനുമതിയും ലഭിച്ചു. നേച്ചര്‍ ഫെന്‍സ് എന്ന സ്ഥാപനമാണ് പ്രവൃത്തിയുടെ കരാര്‍ ഏറ്റെടുത്തിട്ടുള്ളത്. സൗത്ത് വയനാട് ഡി.എഫ്.ഒ.യാണ് പദ്ധതി നിര്‍വഹണ ഉദ്യോഗസ്ഥന്‍.
ഈ ഫെന്‍സിങ് സ്ഥാപിക്കുന്നതിലൂടെ വളരെ ചെലവുകുറഞ്ഞ രീതിയില്‍ അതിര്‍ത്തിമേഖലയിലെ വന്യമൃഗങ്ങളുടെ ശല്യം പരിഹരിക്കാനാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. പ്രദേശവാസികളെ ഉള്‍പ്പെടുത്തി ഒരു ജനകീയ കമ്മിറ്റി രൂപവത്കരിച്ചതിനുശേഷം ഉടന്‍ പ്രവര്‍ത്തികള്‍ ആരംഭിക്കുമെന്നും ഐ.സി. ബാലകൃഷ്ണന്‍ എം.എല്‍.എ. പറഞ്ഞു.



Leave a Reply