April 16, 2024

നോര്‍ക്ക വനിതാ മിത്ര വായ്പകള്‍: നോര്‍ക്ക റൂട്ട്സും വനിതാ വികസന കോര്‍പ്പറേഷനും ധാരണാ പത്രം കൈമാറി

0
Img 20220404 170220.jpg
തിരുവനന്തപുരം : മൂന്നു ശതമാനം പലിശ നിരക്കില്‍ വനിതാ സംരംഭകര്‍ക്ക് ഒരു വര്‍ഷത്തിനിടയില്‍ ആയിരം വായ്പകള്‍ ലക്ഷ്യം. 
നോര്‍ക്ക വനിത മിത്ര എന്ന പേരില്‍ നോര്‍ക്ക റൂട്ട്സും വനിതാ വികസന കോര്‍പ്പറേഷനും ചേര്‍ന്ന് വനിതാ സംരംഭകര്‍ക്കായി ഒരുക്കുന്ന പുതിയ വായ്പാ പദ്ധതിയുടെ ധാരണാപത്രം കൈമാറി. 
വിദേശത്ത് രണ്ടു വര്‍ഷമെങ്കിലും ജോലി നോക്കുകയോ താമസിക്കുകയോ ചെയ്തശേഷം സ്ഥിരമായി മടങ്ങിയെത്തിയ വനിതകള്‍ക്ക് 30 ലക്ഷം രൂപവരെയുള്ള വായ്പകളാണ് പദ്ധതിയില്‍ ആവിഷകരിച്ചിരിക്കുന്നത്. നടപ്പു വര്‍ഷം 1000 വായ്പകള്‍ ലഭ്യമാക്കാനാണ് ലക്ഷ്യമിട്ടിരിക്കുന്നതെന്ന് നോര്‍ക്ക റൂട്ട്സ് റസിഡന്റ് വൈസ് ചെയര്‍മാന്‍ പി.ശ്രീരാമകൃഷ്ണനും വനിതാ വികസന കോര്‍പ്പറേഷന്‍ ചെയര്‍പേഴ്സണ്‍ കെ.സി.റോസക്കുട്ടിയും അറിയിച്ചു. വനിതാ വികസന കോര്‍പ്പറേഷന്റെ ആറു ശതമാനം പലിശ നിരക്കിലുള്ള വായ്പക്ക് ആദ്യ നാലു വര്‍ഷം നോര്‍ക്ക റൂട്ട്സിന്റെ മൂന്നു ശതമാനം സബ്്സിഡി അടക്കം മൂന്നു ശതമാനം പലിശ നിരക്കില്‍ വനിതാ സംരംഭകര്‍ക്ക് വായ്പ ലഭിക്കുമെന്നതാണ് പുതിയ പദ്ധതിയുടെ സവിശേഷത. 
വനിതാ വികസന കോര്‍പ്പറേഷന്റെ www.kswdc.org എന്ന വെബ്‌സൈറ്റ് വഴി അപേക്ഷിക്കാവുന്നതാണ്. 
നോര്‍ക്ക റൂട്ട്സിന്റെ എന്‍.ഡി.പി.ആര്‍.ഇ.എം പദ്ധതിയുടെ ഭാഗമായാണ് നോര്‍ക്ക വനിതാ മിത്ര വായ്പകള്‍ ആവിഷ്‌കരിച്ചിരിക്കുന്നത്. 
തയ്ക്കാട് നോര്‍ക്ക സെന്ററില്‍ നടന്ന ചടങ്ങില്‍ നോര്‍ക്ക റൂട്ട്സ് റസിഡന്റ് വൈസ് ചെയര്‍മാന്‍ പി.ശ്രീരാമകൃഷ്ണന്റെ സാന്നിദ്ധ്യത്തില്‍ നോര്‍ക്ക റൂട്ട്സ് സി.ഇ.ഒ കെ.ഹരികൃഷ്ണന്‍ നമ്പൂതിരിയും വനിതാ വികസന കോര്‍പ്പറേഷന്‍ എം.ഡി ബിന്ദു കെ.സിയും ധാരണാപത്രം കൈമാറി. വനിതാ വികസന കോര്‍പ്പറേഷന്‍ ചെയര്‍പേഴ്സസണ്‍ കെ.സി.റോസക്കുട്ടി ഓണ്‍ലൈനായി സംബന്ധിച്ചു. നോര്‍ക്ക റൂട്ട്‌സ് ജനറല്‍ മാനേജര്‍ അജിത്ത് കോളശ്ശേരി പങ്കെടുത്തു. 
2021-22 സാമ്പത്തിക വര്‍ഷം എന്‍.ഡി.പി.ആര്‍.ഇ.എം സംരംഭക വായ്പകളുടെ എണ്ണത്തില്‍ മികച്ച മുന്നേറ്റമാണ് നോര്‍ക്ക റൂട്ട്സ് കൈവരിച്ചത്. 1000 സംരംഭകര്‍ക്ക് വായ്പകള്‍ അനുവദിക്കുകയും 19 കോടി രൂപ സബ്സിഡി ഇനത്തില്‍ അനുവദിക്കുകയും ചെയ്തു. മുന്‍ വര്‍ഷം 782 വായ്പകളും 16.28 കോടി രൂപ സബ്സിഡിയുമാണ് നല്‍കിയത്. 
ആകെ 17 ധനകാര്യസ്ഥാപനങ്ങളിലൂടെയാണ് എന്‍.ഡി.പി.ആര്‍.ഇ.എം വായ്പകള്‍ അനുവദിച്ചുവരുന്നത്. വനിതാ വികസന കോര്‍പ്പറേഷന്‍ കൂടി പങ്കാളിയായതോടെ സ്ഥാപനങ്ങളുടെ എണ്ണം 18 ആയി. 
കാനറാ ബാങ്ക്- 174, സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ -152, കെഎസ്ബിസിഡിസി- 116, കേരള ബാങ്ക്- 103, ഫെഡറല്‍ ബാങ്ക്-80, യൂണിയന്‍ ബാങ്ക്- 71, പ്രവാസി ലിമിറ്റഡ് മലപ്പുറം-66, ഇന്ത്യന്‍ ഓവര്‍സീസ് ബാങ്ക്- 54, ബാങ്ക് ഓഫ് ഇന്ത്യ -46, കെ എഫ് സി -35, കെ എസ് കാര്‍ഡ് ബാങ്ക് -30, ബാങ്ക് ഓഫ് ബറോഡ-26, സൗത്ത് ഇന്ത്യന്‍ ബാങ്ക് -22, ട്രാവന്‍കൂര്‍ പ്രവാസി ഡവലപ്മെന്റ്റ് കോഓപ്പറേറ്റീവ് സൊസൈറ്റി -13, എസ് സി / എസ് ടി കോര്‍പ്പറേഷന്‍ – 3 എന്നിങ്ങനെയാണ് കഴിഞ്ഞ സാമ്പത്തിക വര്‍ഷം വിവിധ ധനകാര്യസ്ഥാപനങ്ങളിലൂടെ അനുവദിച്ച പുതുസംരംഭങ്ങളുടെ എണ്ണം. 
വായ്പയെ കുറിച്ചുള്ള വിശദാംശങ്ങള്‍ക്ക് വനിതാ വികസന കോര്‍പ്പറേഷന്റെ 0471 2454585, 2454570, 9496015016 എന്നീ നമ്പരുകളില്‍ ബന്ധപ്പെടുകയോ നോര്‍ക്ക റൂട്ട്‌സിന്റെ www.norkaroots.org എന്ന വെബ്സൈറ്റ് സന്ദര്‍ശിക്കുകയോ തിരുവനന്തപുരം ഹെഡ്ഓഫീസിലെ 0471 2770511 എന്ന ഫോണ്‍ നമ്പരിലോ 18004253939 എന്ന ടോള്‍ ഫ്രീ നമ്പരിലോ ബന്ധപ്പെടാവുന്നതുമാണ്. 0091 880 20 12345 എന്ന നമ്പരില്‍ വിദേശത്തു നിന്നും മിസ്സ്ഡ് കോള്‍ സേവനവും ലഭ്യമാണ്.
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *