IMG_20220420_064456.jpg

ഞങ്ങളും കൃഷിയിലേക്ക് : സംസ്ഥാനതല ഉദ്ഘാടനം 21ന് ചേർത്തലയിൽ


AdAd
ചേർത്തല : സംസ്ഥാന സർക്കാർ കൃഷി വകുപ്പിൻ്റേ നേതൃത്വത്തിൽ വിവിധ വകുപ്പുകളുടെ ഏകോപനത്തോടെ നടപ്പാക്കുന്ന ഞങ്ങളും കൃഷിയിലേക്ക് എന്ന ബൃഹത്തായ കാർഷിക പദ്ധതിയുടെ സംസ്ഥാനതല ഉദ്ഘാടനം മന്ത്രി 
പിണറായി വിജയൻ ഓൺ ലൈൻ മുഖേന നിർവഹിക്കും. ഏപ്രിൽ 21 വ്യാഴാഴ്ച രാവിലെ 10 മണിക്ക് ചേർത്തല ടൗൺ എൻഎസ്എസ് ഓഡിറ്റോറിയത്തിൽ വച്ച് നടക്കുന്ന ചടങ്ങിൽ കൃഷിവകുപ്പ് മന്ത്രി പി പ്രസാദ് അധ്യക്ഷത വഹിക്കും. പദ്ധതിയുടെ ഭാഗമായുള്ള പച്ചക്കറി തൈകളുടെ വിതരണോൽഘാടനം ഫിഷറീസ് സാംസ്കാരിക വകുപ്പ് മന്ത്രി സജി ചെറിയാൻ നിർവഹിക്കും. 
ചടങ്ങിൽ ആലപ്പുഴ എംപി എ എം ആരിഫ്, മാവേലിക്കര എംപി കൊടിക്കുന്നിൽ സുരേഷ്, അരൂർ എംഎൽഎ ദലീമ ജോജോ, ആലപ്പുഴ എംഎൽഎ പി ചിത്തരഞ്ജൻ, അമ്പലപ്പുഴ എംഎൽഎ എച്ച് സലാം, ഹരിപ്പാട് എംഎൽഎ രമേശ് ചെന്നിത്തല, കുട്ടനാട് എംഎൽഎ തോമസ് കെ തോമസ്, കായംകുളം എംഎൽഎ യു പ്രതിഭ, മാവേലിക്കര എംഎൽഎ എം എസ് അരുൺകുമാർ, ജില്ലാ പഞ്ചായത്ത് പ്രസിഡൻറ് കെ ജി രാജേശ്വരി, പ്രിൻസിപ്പൽ സെക്രട്ടറി ഇഷിതറോയ് ഐഎഎസ്, കൃഷി വകുപ്പ് സെക്രട്ടറി പി എം അലി അസ്ഗർ പാഷ ഐഎഎസ്, ജില്ലാ കളക്ടർ ഡോ രേണുരാജ് ഐ എ എസ്, മുനിസിപ്പൽ ചെയർപേഴ്സൺ ഷെർലി ഭാർഗവൻ എന്നിവർ പങ്കെടുക്കും.
 ഭക്ഷ്യ സ്വയം പര്യാപ്തത കൈവരിക്കുക, കാർഷിക മേഖലയിലെ മൂല്യവർദ്ധനവ് പ്രയോജനപ്പെടുത്തി സമ്പദ്‌വ്യവസ്ഥയെ ശക്തമാക്കുക, സുരക്ഷിത ഭക്ഷണം ലഭ്യമാക്കുക, പ്രകൃതിയെ സംരക്ഷിക്കുക, കാർഷിക കൂട്ടായ്മയിലൂടെ ഒരു ലക്ഷം തൊഴിലവസരങ്ങൾ കാർഷികമേഖലയിൽ സൃഷ്ടിക്കുക, തനത് കാർഷികവിഭവങ്ങൾ സംരക്ഷിക്കുക തുടങ്ങിയ ലക്ഷ്യങ്ങളാണ് പദ്ധതിയിലൂടെ വിഭാവനം ചെയ്യുന്നത്.
തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടെ നേതൃത്വത്തിൽ വാർഡ്തലത്തിൽ വിവിധ സംഘടനകളുടെ പങ്കാളിത്തത്തോടെ രൂപീകരിക്കപ്പെടുന്ന കാർഷികസമിതികളിലൂടെ പഞ്ചായത്ത് തലത്തിൽ പദ്ധതി ആസൂത്രണം ചെയ്തു നടപ്പിലാക്കും. വാർഡ് തല പ്രവർത്തനങ്ങൾ ഏകോപിപ്പിക്കാൻ ഒരു വാർഡിന് 1 എന്ന ക്രമത്തിൽ മാസ്റ്റർ കർഷകൻ ഉണ്ടാവും. ഇതുകൂടാതെ അതെ ഒരു വാർഡിൽ അഞ്ച് ഉത്തമ കൃഷി കുടുംബങ്ങളെ ഇതിൻറെ പ്രചാരണ പ്രവർത്തനങ്ങൾക്കായി തിരഞ്ഞെടുക്കും. ഇവർക്ക് പ്രത്യേക പരിശീലനം നൽകുന്നതാണ്. ഇതിനുപുറമേ വിവിധ സംഘടനകളുടെ സഹകരണത്തോടെ വ്യക്തിപരമായും ഗ്രൂപ്പായും കൃഷി ആരംഭിക്കാവുന്നതാണ്. പദ്ധതിക്ക് ആവശ്യമായ വിത്ത് തൈകൾ എന്നിവ കൃഷിഭവൻ വഴി വിതരണം ചെയ്യും. പദ്ധതിയുടെ ഭാഗമായി ഗ്രൂപ്പായി കൃഷി ചെയ്യുന്ന കർഷകർക്ക് കിസാൻ ക്രെഡിറ്റ് കാർഡ് AIMS രജിസ്ട്രേഷൻ എന്നിവ നൽകുന്നതാണ്. 
വിപണനത്തിനായി പഞ്ചായത്ത് തലത്തിലും നഗരസഭകളിലും ആവശ്യാനുസരണം കേന്ദ്രങ്ങൾ സ്ഥാപിക്കും. ഓരോ പ്രദേശത്തും അധികം വരുന്ന ഉൽപ്പന്നങ്ങൾ ശേഖരിച്ച് വിതരണം ചെയ്യുന്നതിനായി ഹോർട്ടികോർപ്പ്, വി എഫ് പി സി കെ, ഫാർമേഴ്സ് പ്രൊഡ്യൂസേഴ്സ് സംഘങ്ങൾ കൺസ്യൂമർഫെഡ്, സപ്ലൈകോ തുടങ്ങിയ സ്ഥാപനങ്ങളെ ചുമതലപ്പെടുത്തിയിരിക്കുന്നു. മുഴുവൻ കേരളീയരിലും കാർഷികസംസ്കാരം ഉണർത്തി അതുവഴി സ്ഥായിയായ കാർഷികമേഖല കേരളത്തിൽ സൃഷ്ടിച്ചെടുക്കുക എന്നതാണ് പദ്ധതിയിലൂടെ ലക്ഷ്യമിടുന്നത്.
Ad Ad

Leave a Reply

Leave a Reply

Your email address will not be published.