March 29, 2024

ആസ്പിരേഷണൽ ഡിസ്ട്രിക്ട് പ്രോഗ്രാം: സർക്കാർ നിസഹകരണത്തെക്കുറിച്ചു രാഹുൽഗാന്ധിയോടു ചോദിക്കണമെന്നു കേന്ദ്ര മന്ത്രി സ്മൃതി ഇറാനി

0
Gridart 20220503 1953597342.jpg
കൽപ്പറ്റ: വയനാട്ടിൽ ആസ്പിരേഷണൽ ഡിഡ്ട്രിക്ട് പ്രോഗ്രാമിൽ പദ്ധതികൾ നടപ്പിലാക്കുന്നതിൽ സംസ്ഥാന സർക്കാർ നിസഹകരിക്കുന്നുണ്ടോയെന്നു രാഹുൽഗാന്ധി എം.പിയോടു ചോദിക്കണമെന്നു കേന്ദ്ര വനിതാ ശിശു വികസന ക്ഷേമ മന്ത്രി സ്മൃതി ഇറാനി. ആസ്പിരേഷണൽ ഡിസ്ട്രിക്ട് പ്രോഗ്രാം അവലോകനത്തിനു എത്തിയ അവർ പി.ഡബ്ല്യു.ഡി റസ്റ്റ് ഹൗസ് ഹാളിൽ പത്ര സമ്മേളനത്തിലാണ് ഇങ്ങനെ പറഞ്ഞത്. പ്രോഗ്രാമിൽ പദ്ധതികൾ പ്രാവർത്തികമാക്കുന്നതിൽ സംസ്ഥാന സർക്കാർ വേണ്ടവിധം സഹകരിക്കുന്നില്ലെന്നു കരുതുന്നുണ്ടോയെന്നു ചോദിച്ചപ്പോഴായിരുന്നു അക്കാര്യം വയനാട് എം.പിയോടു തിരക്കണമെന്ന പ്രതികരണം. പിന്നാക്ക ജില്ലകളെ വികസിത ജില്ലകളുടെ നിലവാരത്തിലേക്കു ഘട്ടങ്ങളായി ഉയർത്തുന്നതിനു കേന്ദ്ര സർക്കാർ ആവിഷ്‌കരിച്ചതാണ് ആസ്പിരേഷണൽ ഡിസ്ട്രിക്ട് പ്രോഗ്രാം. സംസ്ഥാനത്തു പ്രോഗ്രാമിൽ ഉൾപ്പെടുത്തിയ ഏക ജില്ലയാണ് വയനാട്. ജില്ലയെ പ്രോഗ്രാമിൽ ഉൾപ്പെടുത്തുന്നതിൽ സംസ്ഥാന സർക്കാർ തുടക്കത്തിൽ താൽപര്യം കാണിച്ചിരുന്നില്ല. ആരോഗ്യം, വിദ്യാഭ്യാസം, പോഷകാഹാര ലഭ്യത, അടിസ്ഥാന സൗകര്യ വികസനം, നൈപുണ്യ വികസനം തുടങ്ങിയ മേഖലകളിൽ പദ്ധതികൾ പ്രാവർത്തികമാക്കി ജില്ലയുടെ അവികസിതാവസ്ഥയ്ക്കു പരിഹാരം കാണുകയാണ് ആസ്പിരേഷണൽ ഡിസ്ട്രിക്ട് പ്രോഗ്രാമിന്റെ ലക്ഷ്യമെന്നു കേന്ദ്രമന്ത്രി പറഞ്ഞു. മൂന്നു വർഷം മുമ്പ് പ്രോഗ്രമിൽ ഉൾപ്പെടുത്തിപ്പോൾ ജില്ല നേരിട്ടിരുന്ന വെല്ലുവിളികളിൽ പലതും ഇപ്പോഴും നിലനിൽക്കുകയാണ്. പ്രോഗ്രാം റാങ്കിംഗിൽ വയനാട് വളരെ പിന്നിലാണ്. റാങ്ക് ഉയർത്തുന്നതിനു വിവിധ വകുപ്പുകളുടെ പ്രവർത്തനം ഏകോപിപ്പിക്കണം. ജില്ലയിലെ പട്ടികവർഗ ജനതയുടെ ജീവിതസാഹചര്യങ്ങൾ മെച്ചപ്പെടേണ്ടതുണ്ട്. പ്രോഗ്രാം അവലോകനത്തിനുശേഷം രണ്ട് പട്ടികവർഗ ഊരുകൾ സന്ദർശിച്ചു. ഭൂമി, വാസയോഗ്യമായ വീട്, വൈദ്യുതി, കുടിവെള്ളം എന്നിവയുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങൾ കോളനികളിൽ നിലനിൽക്കുകയാണ്. ജിവിതാവസ്ഥയുമായി ബന്ധപ്പെട്ടു നിരവധി പരാതികളാണ് ആദിവാസികൾ പറഞ്ഞത്. പട്ടികവർഗ ജനതയുടെ ഉന്നമനത്തിനു ഉതുകുന്ന പദ്ധതികളിൽ ജില്ലാ ഭരണകൂടം മതിയായ ശ്രദ്ധ ചെലുത്തണം. ആദിവാസികളുടെ വിദ്യാഭ്യാസ പുരോഗതിയും നൈുപുണ്യ വികസനവും ഉറപ്പുവരുത്തണം. ആരോഗ്യമേഖലയിൽ അരിവാൾ രോഗ പ്രതിരോധ പ്രവർത്തനങ്ങൾ ഊർജിതമാക്കണം. കർഷകർ, തെരുവുകച്ചവടക്കാർ എന്നിവർക്കു സഹായകമാകുന്ന പദ്ധതികൾക്കു പ്രാധാന്യം നൽകണം. ഭൂരഹിത ആദിവാസി കുടുംബങ്ങൾക്കു ഭൂമി നൽകുന്നതിനു നടപടികൾ പുരോഗതിയിലാണെന്നാണ് അവലോകന യോഗത്തിൽ കലക്ടർ അറിയിച്ചത്. ആസ്പിരേഷണൽ ഡിസ്ട്രിക്ട് പ്രോഗ്രാം അവലോകന യോഗത്തിലേക്കു ക്ഷണിച്ചില്ലെന്ന ജില്ലയിലെ യുഡിഎഫ് എംഎൽഎമാരുടെ പരാതി ശ്രദ്ധയിൽപ്പെടുത്തിയപ്പോൾ അക്കാര്യത്തിൽ ജില്ലാ കലക്ടറാണ് മറുപടി പറയേണ്ടതെന്നു അമേഠി എംപിയുമായ സ്മൃതി ഇറാനി പറഞ്ഞു. വയനാടിന്റെ ഭൂപ്രകൃതിയെക്കുറിച്ചുള്ള ചോദ്യത്തിനു ജില്ല സുന്ദരമാണെന്നും ഇക്കാര്യം അമേഠിയിലെ ജനങ്ങളെ അറിയിക്കുമെന്നും അവർ പ്രതികരിച്ചു. താൻ രാഹുൽഗാന്ധിയെപോലെ അല്ലെന്നും അമേഠിയിൽനിന്നു ഒളിച്ചോടില്ലെന്നും അവർ പറഞ്ഞു. പത്ര സമ്മേളനത്തിൽ ജില്ലാ കലക്ടറുടെ സാന്നിധ്യം ഉണ്ടായിരുന്നില്ല. കലക്ടർ പങ്കെടുക്കേണ്ടതായിരുന്നുവെന്നു പറഞ്ഞായിരുന്നു കേന്ദ്രമന്ത്രിയുടെ വാർത്താസമ്മേളനത്തിനു തുടക്കം. അടിയന്തരമായി മറ്റൊരു വിഷയത്തിൽ ഇടപെടേണ്ടിവന്നതിനാലാണ് വാർത്താസമ്മേളത്തിൽ കേന്ദ്ര മന്ത്രിക്കൊപ്പം പങ്കെടുക്കാൻ കഴിയാതിരുന്നതെന്നു കലക്ടർ പിന്നീട് പറഞ്ഞു.
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *