March 28, 2024

കെ എസ് ആർ ടി സി യിൽ കാറ്റഗറി തിരിച്ച് ശമ്പളം; ജീവനക്കാരെ പല തട്ടുകളിലാക്കി ഐക്യം തകർക്കാനുള്ള സർക്കാർ തന്ത്രം: എംപ്ലോയീസ് സംഘ്

0
Gridart 20220629 1559352462.jpg
ശമ്പള വിഷയത്തിൽ കെ എസ് ആർ ടി സി ജീവനക്കാർ ബത്തേരിയിൽ നടത്തുന്ന 23-ാം ദിവസത്തെ ധർണ്ണ കേരളാ സ്റ്റേറ്റ് ട്രാൻസ്പോർട്ട് എംപ്ലോയീസ് സംഘ് വയനാട് ജില്ലാ പ്രസിഡന്റ് സന്തോഷ് ജി നായർ ഉദ്ഘാടനം ചെയ്തു.കെ എസ് ആർ ടി സി ജീവനക്കാർക്ക് മേയ് മാസത്തെ ശമ്പളം ജൂൺ അവസാനമായിട്ടും എല്ലാ വിഭാഗം ജീവനക്കാർക്കും നൽകിയിട്ടില്ല. കഴിഞ്ഞ മാസം 193 കോടിയിലധികം രൂപ വരുമാനമുണ്ടായിട്ടും മുൻ ധാരണപ്രകാരം ശമ്പള വിതരണം നടത്താൻ സർക്കാർ തയ്യാറായില്ല. എംപ്ലോയീസ് സംഘിന്റെ നേതൃത്വത്തിൽ ജീവനക്കാർ സെക്രട്ടേറിയറ്റിനു മുന്നിലും എല്ലാ ജില്ലാ കേന്ദ്രങ്ങളിലും അനിശ്ചിതകാല സമരം പത്തു ദിവസം പിന്നിട്ടപ്പോൾ മാത്രമാണ് ആദ്യപടിയായി കണ്ടക്ടർ, ഡ്രൈവർ വിഭാഗം ജീവനക്കാർക്ക്  ശമ്പളം നൽകിയത്. അതോടെ സമരം അവസാനിപ്പിക്കുമെന്ന സർക്കാരിന്റെ കണക്കുകൂട്ടൽ തെറ്റിച്ചു കൊണ്ട് മുഴുവൻ ജീവനക്കാരുടെയും ശമ്പള പ്രതിസന്ധി പരിഹരിക്കാത്തതിനാൽ സമരം ശക്തമായി തുടരുന്ന സാഹചര്യത്തിൽ വീണ്ടും പത്തു ദിവസങ്ങൾക്കു ശേഷം മിനിസ്റ്റീരിയൽ വിഭാഗത്തിന് ശമ്പളം നൽകുകയായിരുന്നു. എന്നാൽ മെക്കാനിക്കൽ ജീവനക്കാർക്ക് എന്ന് ശമ്പളം നൽകാനാവുമെന്നു പറയാൻ പോലും സർക്കാരിനാവുന്നില്ല. സർക്കാർ ബോധപൂർവ്വം സൃഷ്ടിച്ച പ്രതിസന്ധി മാത്രമാണ് ഇപ്പോഴുള്ളത്. ഏതു തരത്തിലും ജീവനക്കാരെ പ്രകോപിപ്പിച്ച് പണിമുടക്കിലേക്ക് തള്ളിവിട്ട് സ്ഥാപനത്തെ ഇഷ്ടക്കാർക്ക് തീറെഴുതാനുള്ള ഗൂഢനീക്കത്തിന്റെ ഭാഗമാണ് ശമ്പള പ്രതിസന്ധി. സർക്കാരും മാനേജ്മെന്റും ഭരണകക്ഷി യൂണിയനും ചേർന്ന മൂവർ സഖ്യത്തിന്റെ തിരക്കഥയാണിപ്പോൾ അരങ്ങേറുന്നത്. സി ഐ ടി യു യൂണിയൻ കെ എസ് ആർ ടി സിയുടെ വസ്തു വിറ്റാലും കടം വീട്ടാവുന്നതാണ് എന്ന നിർദ്ദേശം ഈ “മുക്കൂട്ട് മുന്നണി ” യുടെ യഥാർത്ഥ ഉദ്ദേശം വെളിവാക്കുന്നു. കെ എസ് ആർ ടി സി ജീവനക്കാർ വസ്തുതകൾ തിരിച്ചറിഞ്ഞ് പ്രതികരിക്കുന്നത് ഇക്കൂട്ടർ തിരിച്ചറിയണം.
 പരിചയ സമ്പന്നരായ എംപാനൽ ജീവനക്കാരെ പിരിച്ചു വിട്ടിട്ട് കെ സ്വിഫ്റ്റിൽ കൃത്യമായ പരിശീലനം ലഭിക്കാത്ത ഡ്രൈവർ മാരെ നിയമിച്ചു കൊണ്ട് യാത്രക്കാരുടെ ജീവൻ പോലും അപകടത്തിലാക്കുന്നതിന്റെ ഉദാഹരണമാണ് ഇന്ന് പുലർച്ചെ നെഞ്ചങ്കോട് ഉണ്ടായത്. ചവിട്ടടിയിലെമണ്ണൊലിച്ചു പോവുമ്പോഴും യജമാനഭക്തി കൈവിടാത്തവർക്ക് കാലം മറുപടി നൽകിയ ചരിത്രം കെ എസ് ആർ ടി സിയിലും ആവർത്തിക്കുമെന്ന് സന്തോഷ് ജി നായർ അഭിപ്രായപ്പെട്ടു. ധർണ്ണ സമരത്തിൽ എം.കെ സജീവ് അധ്യക്ഷത വഹിച്ചു. സി.ഗോപിദാസൻ, സി.കെ.പ്രദീപ്, സി.എ സനിൽകുമാർ , സന്തോഷ് കുമാർ ടി.വി. ഷിബിമോൻ കെ തുടങ്ങിയവർ പ്രസംഗിച്ചു.
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *