April 19, 2024

കൃത്യതാ കൃഷി ; മാറുന്ന കാലത്തോടുള്ള പ്രതിരോധം

0
Gridart 20220509 1529473082.jpg
കൽപ്പറ്റ : മാറുന്ന കാലത്ത് കൃഷി രീതികളോടുള്ള സമീപനവും മാറണം. ഹൈടെക് കൃഷിയുടെ സാധ്യതകള്‍ പങ്കുവെച്ച് എന്റെ കേരളം പ്രദര്‍ശന നഗരിയിലെ കാര്‍ഷിക വികസന കര്‍ഷക ക്ഷേമ വകുപ്പ് നടത്തിയ സെമിനാര്‍ കൃഷി സംരംഭകര്‍ക്ക് വഴികാട്ടിയായി. പച്ചക്കറിയിലെ കൃത്യതാ കൃഷി, പച്ചക്കറി തൈകളിലെ ഗ്രാഫ്റ്റിംഗ് എന്ന വിഷയത്തെ ആസ്പദമാക്കിയാണ് സെമിനാര്‍ സംഘടിപ്പിച്ചത്. എങ്ങനെ കൃത്യത കൃഷി നടത്താം ,കൃഷിക്ക് അവശ്യമായ സംവിധാനങ്ങള്‍, കൃത്യത കൃഷിയുടെ ഗുണങ്ങള്‍, സാധാരണ കൃഷി രീതിയില്‍ നിന്നും കൃത്യത കൃഷിയെ വേറിട്ടു നിര്‍ത്തുന്ന കാര്യങ്ങള്‍ എന്നിവ സെമിനാര്‍ ചര്‍ച്ച ചെയ്തു. കാര്‍ഷിക വികസന കര്‍ഷക ക്ഷേമ വകുപ്പ് ഡയറക്ടര്‍ ടി.വി. സുഭാഷ് ഓണ്‍ലൈനായി സെമിനാര്‍ ഉദ്ഘാടനം ചെയ്തു. കര്‍ഷകരുടെ വരുമാനം വര്‍ദ്ധിപ്പിക്കാനും നൂതന കാര്‍ഷിക സംസ്‌ക്കാരം വളര്‍ത്തിയെടുക്കാനും ഹൈടെക് കൃഷി സഹായിക്കുമെന്ന് ഡയറക്ടര്‍ ടി.വി.സുഭാഷ് പറഞ്ഞു. മണ്ണുത്തി അഗ്രികള്‍ച്ചര്‍ റിസര്‍ച്ച് സ്റ്റേഷന്‍ അസി: പ്രൊഫസര്‍ എസ്.ബിനിഷ സെമിനാറില്‍ വിഷയം അവതരിപ്പിച്ചു. കൃത്യമായ സ്ഥലത്ത് കൃത്യമായ സമയത്ത് കൃത്യമായ അളവില്‍ അത്യുത്പാദന ശേഷിയുള്ള സങ്കരയിനം വിത്തുകള്‍ കൃഷി ചെയ്യുന്ന രീതിയാണ് കൃത്യത കൃഷി. കൃഷി ചെയ്യുമ്പോള്‍ പാലിക്കേണ്ട പ്രാഥമിക നടപടികളായ മണ്ണ് പരിശോധന, തടം തയാറാക്കല്‍, ഡ്രിപ് ഇറിഗേഷന്‍ എന്നിവയെക്കുറിച്ച് സെമിനാര്‍ ചര്‍ച്ച ചെയ്തു. പച്ചക്കറി കൃഷിയില്‍ നടത്തുന്ന ഡ്രാഫ്റ്റിംഗ് രീതിയെക്കുറിച്ച് കര്‍ഷകര്‍ക്ക് അവബോധം നല്‍കി. മണ്ണില്‍ കുടി പകരുന്ന രോഗങ്ങളെ തടയാനും പ്രതിരോധ ശക്തി വര്‍ദ്ധിപ്പിക്കാനും ഗ്രാഫ്റ്റിംഗ് രീതികള്‍ പ്രയോജനപ്പെടും. പ്രധാനമായും തക്കാളി, വഴുതന, മുളക് എന്നീ പച്ചക്കറികളില്‍ നടത്തുന്ന ഗ്രാഫ്റ്റിംഗ് രീതിയില്‍ ്ശ്രദ്ധിക്കേണ്ട കാര്യങ്ങളും സെമിനാറില്‍ വിശദീകരിച്ചു. തൃശൂരിലെ ഹൈടെക് ഫാമില്‍ ഹൈടെക് കൃഷിയിലൂടെ ഉത്പ്പാദിപ്പിച്ച വിളകളെ സെമിനാര്‍ വേദിയില്‍ പരിചയപ്പെടുത്തി. കൃഷി സംബന്ധമായ സംശയ നിവാരണത്തിനും സെമിനാര്‍ വേദിയായി. കൃഷി ഡെപ്യൂട്ടി ഡയറക്ടര്‍ ജോര്‍ജ് മത്തായി അധ്യക്ഷത വഹിച്ചു. കൃഷി അസിസ്റ്റന്റ് ഡയറക്ടര്‍ കെ മമ്മൂട്ടി, അസിസ്റ്റന്റ് പ്രിന്‍സിപ്പല്‍ കൃഷി ഓഫീസര്‍ രാജി വര്‍ഗീസ് തുടങ്ങിയവര്‍ സംസാരിച്ചു.
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *