March 28, 2024

ഗുണ്ടകള്‍ക്കെതിരെ നടപടി കൂടുതല്‍ ശക്തമാക്കും; മയക്കുമരുന്ന് കടത്ത് തടയാനും നടപടി

0
Gridart 20220513 1953032702.jpg
തിരുവനന്തപുരം : പോലീസ് ആസ്ഥാനത്ത് നടന്ന ക്രൈം റിവ്യൂ മീറ്റിങിൽ ഇക്കൊല്ലം ജനുവരിമുതൽ മൂന്നുമാസത്തെ വിവിധ കേസുകളുടെ അന്വേഷണ പുരോഗതി സംസ്ഥാന പോലീസ് മേധാവി അനില്‍കാന്ത് വിലയിരുത്തി. ഗുണ്ടകളെ അമര്‍ച്ച ചെയ്യാനായി സംസ്ഥാനതലത്തിലും ജില്ലാതലത്തിലും രൂപീകരിച്ച പ്രത്യേക സംഘങ്ങളുടെ പ്രവര്‍ത്തനത്തെത്തുടര്‍ന്ന് നിരവധി ഗുണ്ടകള്‍ക്കെതിരെ നടപടി സ്വീകരിക്കാന്‍ കഴിഞ്ഞതായി അദ്ദേഹം പറഞ്ഞു. ജില്ലാതലത്തിലെ സംഘത്തിന്‍റെ പ്രവര്‍ത്തനം ഏകോപിപ്പിക്കാന്‍ ജില്ലാ പോലീസ് മേധാവിമാര്‍ പ്രത്യേകശ്രദ്ധ ചെലുത്തണം. വര്‍ഗ്ഗീയ സംഘര്‍ഷങ്ങള്‍ ഉണ്ടാകാതിരിക്കാന്‍ പോലീസ് തികഞ്ഞ ജാഗ്രത പാലിക്കണം. മതസ്പര്‍ദ്ധയും സാമുദായിക സംഘര്‍ഷവും വളര്‍ത്തുന്ന തരത്തില്‍ സമൂഹമാധ്യമങ്ങളിലൂടെ സന്ദേശങ്ങള്‍ പ്രചരിപ്പിക്കുന്നത് തടയണം. ഇത്തരത്തില്‍ സന്ദേശം പ്രചരിപ്പിക്കുന്നവരെ കണ്ടെത്തി നിയമനടപടി സ്വീകരിക്കാന്‍ ജില്ലാ പോലീസ് മേധാവിമാര്‍ കര്‍ശന നടപടി സ്വീകരിക്കണം. മയക്കുമരുന്നിന്‍റെ വിതരണവും കടത്തും തടയാന്‍ പോലീസ് നിതാന്ത ജാഗ്രത പുലര്‍ത്തണമെന്നും സംസ്ഥാന പോലീസ് മേധാവി പറഞ്ഞു.
പോലീസ് ഉദ്യോഗസ്ഥര്‍ പൊതുജനങ്ങളോട് വളരെ മാന്യമായി ഇടപെടണം. ഒരുതരത്തിലുമുളള അഴിമതിയിലും പോലീസ് ഉദ്യോഗസ്ഥര്‍ പങ്കാളികള്‍ ആകുന്നില്ലെന്ന് ഉറപ്പാക്കാന്‍ ജില്ലാ പോലീസ് മേധാവിമാരും മറ്റ് ഉയര്‍ന്ന പോലീസ് ഉദ്യോഗസ്ഥരും പ്രത്യേക ശ്രദ്ധ ചെലുത്തണം. വാഹനാപകടങ്ങള്‍ കുറയ്ക്കുന്നതുമായി ബന്ധപ്പെട്ട് സ്വീകരിക്കേണ്ട നടപടികള്‍ യോഗം ചര്‍ച്ച ചെയ്തു. പോക്സോ കേസുകള്‍, കൊലപാതകം ഉള്‍പ്പെടെയുളള ക്രൈം കേസുകള്‍ എന്നിവയുടെ അന്വേഷണ പുരോഗതിയും യോഗം വിലയിരുത്തി. 
എസ്.പിമാർ മുതല്‍ എ.ഡി.ജി.പിമാർ വരെയുളള പോലീസ് ഉദ്യോഗസ്ഥര്‍ യോഗത്തില്‍ പങ്കെടുത്തു.
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *