April 16, 2024

ജീവിച്ചിരിക്കുന്ന മാതാപിതാക്കളുടെ പ്രതിമ നിർമ്മിച്ച് സമർപ്പിച്ച് മകൻ

0
Img 20220624 Wa00102.jpg
കൊമ്മയാട് : ജീവിച്ചിരിക്കുന്ന മാതാപിതാക്കളുടെ പ്രതിമ നിർമ്മിച്ച് സമർപ്പിച്ച് മകൻ. കൊമ്മയാട് തെങ്ങുംതോട്ടത്തിൽ സജി മാത്യുവാണ് കർഷകരായ തൻ്റെ മാതാപിതാക്കളുടെ പ്രതിമകൾ നിർമ്മിച്ചത്.  
കരാറുകാരനായ സജി മാത്യു കൊമ്മയാട് മിറാക്കിൾ ഹോളിഡേയ്സ് എന്ന പേരിൽ വീടിനോട് ചേർന്ന് നിർമ്മിച്ച ഹോംസ്റ്റേ പരിസരത്താണ് പിതാവ് തെങ്ങും തോട്ടത്തിൽ മത്തായിയുടെയും മാതാവ് റോസയുടെയും പ്രതിമകൾ നിർമ്മിച്ചത്. കർഷകരായ മത്തായിയും റോസയും കഠിനാധ്വാനം ചെയ്താണ് കുടിയേറ്റ കാലത്ത് മക്കളെ പഠിപ്പിച്ച് വളർത്തിയത്. ജീവിച്ചിരിക്കുമ്പോൾ മാതാപിതാക്കൾക്ക് വേണ്ടി വ്യത്യസ്തമായി എന്തെങ്കിലും ചെയ്യണമെന്ന ചിന്തയും, മാതാപിതാക്കളോടുള്ള ആദരവുമാണ് പ്രതിമയിലേക്ക് വഴിതെളിച്ചതെന്ന് സജി പറഞ്ഞു. കർഷകനായ മത്തായി ജലചക്രമുപയോഗിച്ച് വെള്ളം തേവുന്നതും ഭർത്താവിന് ചായയുമായി വരുന്ന റോസയുടെയും പ്രതിമകളാണ് നിർമ്മിച്ചിരിക്കുന്നത്.  
ജലചക്രം യന്ത്രത്തിൻ്റെ സഹായത്തോടെ പ്രവർത്തിക്കും. പ്രദേശവാസികൾക്ക് കൗതുകമാണ് ഈ കാഴ്ച. നിരവധിപേർ മിക്കദിവസങ്ങളിലും ഇവിടെയെത്തി ഫോട്ടോയും വീഡിയോസും എടുക്കാറുണ്ട്. നാട്ടുകാരുടെയിടയിലും സമൂഹമാധ്യമങ്ങളിലൂടെയും പ്രതിമ വൈറലാണ്. കൂളിവയൽ സ്വദേശിയും ആസാമിൽ ശിൽപ്പിയുമായ സി എം ജോസാണ് ഫൈബറിൽ ഒരാഴ്ചയെടുത്ത് പ്രതിമ നിർമ്മിച്ചത്. ശിൽപ്പി വന്ന് നേരത്തെ ഫോട്ടോ എടുത്തിരുന്നുവെന്നും പ്രതിമ നിർമ്മിക്കാനാണന്ന് അറിഞ്ഞിരുന്നില്ലന്നും ഉദ്ഘാടന വേളയിൽ കർട്ടൻ മാറ്റിയപ്പോൾ മാത്രമാണറിഞ്ഞതെന്നും മത്തായി പറഞ്ഞു. നാട്ടിലെ മുതിർന്ന കർഷകനായ 93 വയസ്സുള്ള ജോസഫ് മഠത്തികുന്നേലാണ് പ്രതിമ കർട്ടൻ മാറ്റി ഉദ്ഘാടനം ചെയ്തത്. കൊമ്മയാട് പള്ളിവികാരി ഫാ.ജോസ് കപ്യാർമല സന്നിഹിതനായിരുന്നു.
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *