April 19, 2024

ഭിക്ഷാടനവും കുട്ടിക്കടത്തും: സർക്കാർ നിയമനിർമ്മാണത്തിനൊരുങ്ങുന്നു. ആദ്യഘട്ടത്തിൽ മിഷൻ രൂപീകരിക്കും

0

കൽപ്പറ്റ: കുട്ടികളെ തട്ടികൊണ്ടു പോകുന്നതും ഭിക്ഷാടനത്തിന് ഉപയോഗിക്കുന്നതും സംബന്ധിച്ച് സോഷ്യൽ മീഡിയയിൽ ചിത്രങ്ങളും വീഡിയോകളും സന്ദേശങ്ങളും പ്രചരിക്കുന്ന സാഹചര്യത്തിൽ പൊതുജനങ്ങൾക്കിടയിൽ ആശങ്ക വർദ്ധിച്ചു. ഇതര സംസ്ഥാനക്കാർ കൂടുതലായുള്ള കേരളത്തിൽ ഭിക്ഷാടനം നിരോധിക്കണമെന്നും നിയമങ്ങൾ കർശനമാക്കണമെന്നും ആവശ്യം ഉയരുന്നുണ്ട്. കഴിഞ്ഞ ദിവസങ്ങളിൽ പലയിടത്തും റിപ്പോർട്ട് ചെയ്ത കറുത്ത സ്റ്റിക്കർ പതിക്കലും കുട്ടികളെ തട്ടികൊണ്ടു പോകലുമായി ബന്ധപ്പെടുത്തിയും സമൂഹ മാധ്യമങ്ങളിൽ സന്ദേശങ്ങൾ പ്രചരിക്കുന്നുണ്ട്. പലയിടത്തും നാട്ടുകാർ സംഘടിച്ച് ഭിക്ഷാടകർക്കെതിരെയും കുട്ടികളെയുമായി സഞ്ചരിക്കുന്ന ഇതര സംസ്ഥാന സ്ത്രീകളെയും കൈയ്യേറ്റം ചെയ്യുന്നതുൾപ്പെടെയുള്ള സംഭവങ്ങൾ പൊലീസിനും തലവേദനയായിട്ടണ്ട്. 
        പ്രശ്നത്തെ നിയമപരമായി നേരിടാനാണ് സർക്കാർ തീരുമാനം. ഓരോ ജില്ലയിലും ജില്ലാ കലക്ടർമാരുടെയും ശിശു സംരംക്ഷണ ഓഫീസറുടെയും പൊലീസിന്റെയും നേതൃത്വത്തിൽ കർമ്മപദ്ധതി തയ്യാറാക്കി സ്പെഷൽ ഡ്രൈവ് നടത്തി കുട്ടിക്കടത്തും ബാലഭിക്ഷാടനവും ബാലവേലയും ബാലപീഡനവും തടയാനാണ് സർക്കാർ ലക്ഷ്യമിടുന്നത്. ഇതിന് മുന്നോടിയായി സംസ്ഥാന തലത്തിൽ ജില്ലാ ഉദ്യോഗസ്ഥരെ വിളിച്ചു കൂട്ടി രണ്ട് ദിവസത്തെ ശില്പശാല തൃശൂരിൽ നടത്തി.
      ശബരിമല, ഓച്ചിറ ഉൾപ്പെടെയുള്ള പ്രദേശങ്ങളിലും നാല് ജില്ലകളിലും വനിതാ ശിശുക്ഷേമ വകുപ്പും സാമൂഹ്യനീതി  വകുപ്പും  ചേർന്ന് ശരണ ബാല്യം എന്ന പേരിൽ പരീക്ഷാടിസ്ഥാനത്തിൽ നടപ്പാക്കിയ പ്രത്യേക നിരീക്ഷണ ദൗത്യം വിജയമാകുകയും നിരവധി കുട്ടികളെ ഇതിലൂടെ കണ്ടെത്തുകയും ചെയ്തിരുന്നു.ഇതേ രീതിയിൽ ശരണ ബാല്യം എന്ന പേരിൽ എല്ലാ ജില്ലയിലും സ്പെഷൽ ഡ്രൈവ് നടത്താനുമാണ്  ആവശ്യം ഉയർന്നിട്ടുള്ളത്. എന്നാൽ വിഷയത്തിന് അടിയന്തര പ്രാധാന്യം ഉണ്ടെങ്കിലും  പ്രത്യേക തയ്യാറെടുപ്പോടെ നിയമനിർമ്മാണം വേണമെന്നും നിയമ നിർമ്മാണത്തിന് മുന്നോടിയായി ഒരു മിഷൻ രൂപീകരിച്ച് പ്രവർത്തനമാരംഭിക്കുന്നതാണ് നല്ലതെന്നുമുള്ള നിലപാടാണ് വകുപ്പ് സെക്രട്ടറി ബിജു പ്രഭാകറിനുള്ളത്. നിലവിലുള്ള നിയമത്തിലെ പരിമിതികൾ ചൈൽഡ് വെൽഫെയർ കമ്മിറ്റികൾ സർക്കാരിന് മുമ്പിൽ അവതരിപ്പിച്ചിരുന്നു. 
      ശിശു സംരംക്ഷണത്തിന് കേരളത്തിൽ ഒരു നയം വേണമെന്നും ആവശ്യം ഉയരുന്നുണ്ട്. അതിന് മുമ്പ് പൂർത്തിയാക്കേണ്ട നടപടികളുടെ ഭാഗമായി  സ്റ്റാൻഡേർഡ് ഓപ്പറേറ്റിംഗ് പ്രൊസീജർ ( എസ്.ഒ. പി. )  നടന്നുകൊണ്ടിരിക്കുകയാണ്. 
        സംശയാസ്പദമായ സാഹചര്യത്തിൽ കുട്ടികളെയുമായി സ്ത്രീകളെ കണ്ടെത്തിയാൽ അറസ്റ്റ് ചെയ്യാനും വേണ്ടിവന്നാൽ കുട്ടിയുടെയും പിടിയിലാകുന്ന സ്ത്രീയുടെയും ഡി.എൻ.എ ടെസ്റ്റുൾപ്പെടെ നടത്താനും ഉള്ള ചെലവ് സർക്കാർ വഹിക്കും. വ്യാപകമായ തരത്തിൽ ബോധവൽക്കരണം നടത്താൻ സാമൂഹ്യനീതി വകുപ്പ് , വനിതാ ശിശുക്ഷേമ വകുപ്പ് , കുടുംബശ്രീ, ചൈൽഡ് വെൽഫെയർ കമ്മിറ്റി, ശിശു സംരംക്ഷണ യൂണീറ്റ്., സന്നദ്ധ സംഘടനകൾ എന്നിവയുടെ പ്രവർത്തനം ഏകോപിപ്പിക്കും. ആവശ്യമായ എല്ലാ ഘട്ടത്തിലും പൊലീസ് സഹായം നൽകും. ഒരു വർഷം നീണ്ടു നിൽക്കുന്ന ഇത്തരം പദ്ധതികൾക്കായി സംസ്ഥാന ബഡ്ജറ്റിൽ തുക വകയിരുത്താനും സാധ്യതയുണ്ട്.
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *