April 20, 2024

കുട്ടികൾക്കൊപ്പം വയനാട് കളക്ടർ: വടക്കനാടിന് ഇത് പുതിയപാഠം

0
Fb Img 1517921805964
കൽപ്പറ്റ:
 
സ്‌കൂൾ ക്ലാസ്സ് മുറിയിൽ അദ്ധ്യാപകരെ മാത്രം കണ്ടുശീലിച്ച ആദിവാസികുട്ടികൾക്ക് ഒരു സംശയം. ഈ കളക്ടർ ആരാ.. കാടിനു നടുവിലെ വടക്കനാട് ഗവ.എൽ.പി.സ്‌കൂൾ വിദ്യാർത്ഥികളുടെതായിരുന്നു ചോദ്യം. കുട്ടികൾക്കൊപ്പം ചെലവിടാൻ സമയം കണ്ടെത്തിയെത്തിയ ജില്ലാ കളക്ടർ എസ്.സുഹാസിനും ഇതൊരു കൗതുകമായി. ഒട്ടും താമസിച്ചില്ല കളക്ടറുടെ മറുപടി പറഞ്ഞു.  കളക്ടറെന്നാൽ നിങ്ങളുടെ  ക്ലാസ്സ് ടീച്ചറെ പോലെ തന്നെ. ജില്ലയുടെ കാര്യങ്ങൾ നോക്കുന്ന ഒരു അദ്ധ്യാപകൻ. ഞങ്ങളുടെ സ്‌കൂൾ മുറ്റം നിറയെ പൊടിയാണ്. കളിക്കാൻ പറ്റുന്നില്ല. ഇന്റർലോക്ക് പതിച്ചു തരുമോ എന്നായി ഇതോടെ കുട്ടികളുടെ അടുത്ത ചോദ്യം. ജില്ലാ കളക്ടർ ഏത് സ്‌കൂളിലാണ് പഠിച്ചത്, ഞങ്ങളുടെ സ്‌കൂൾ കളക്ടർക്ക് ഇഷ്ടമായോ ചോദ്യങ്ങൾ അങ്ങിനെ നീണ്ടു.  എല്ലാ സംശയങ്ങൾക്കും ജില്ലാ കളക്ടർ ആവേശത്തോടെയും കൃത്യതോടെയും  മറുപടി പറഞ്ഞു. കുട്ടികൾക്കും അദ്ധ്യാപകർക്കുമെല്ലാം ഇതൊരു പുതിയ അനുഭവമായി. വടക്കനാടിനും ഇത് പുതുമയുള്ള അധ്യായം. കുട്ടികൾക്കൊപ്പം സമയം ചെലവിടാൻ ഒരു ജില്ലാ കളക്ടർ ഇവിടെ എത്തുന്നതും ആദ്യമായാണ്. തുടിതാളങ്ങളുമായി കുട്ടികൾ കളക്ടറെ  വിദ്യാലയത്തിലേക്ക് സ്വീകരിച്ചു.
 ഒന്നാം ക്ലാസിലെ നിത്യയും നാലാം ക്ലാസിലെ ഗായത്രിദേവിയും ഉൾപ്പെടെയുളള കുട്ടികൾ അവേശത്തോടെയാണ് കളക്ടറോട് സങ്കോചമില്ലാതെ സംവദിച്ചത്.  നിങ്ങളുടെ കൂട്ടുകാരിൽ മടിപിടിച്ചിട്ട്  സ്‌കൂളിൽ  വരാത്തവരുണ്ടോ എന്ന കളക്ടറുടെ ചോദ്യത്തിനു മുമ്പിൽ ഉണ്ട് എന്നായിരുന്നു മറുപടി.  ഇതെല്ലാം സദസ്സിൽ ചിരിപടർത്തി. 
നിഷ്‌കളങ്കമായ കുഞ്ഞുമനസുകളിൽ നിന്നുളള ചോദ്യങ്ങൾ പലതും കാടിന് നടുവിലെ ഗ്രാമത്തിന്റെതുകൂടിയായിരുന്നു.നൂൽപ്പുഴ പഞ്ചായത്തിൽ വനമധ്യത്തിൽ സ്ഥിതി ചെയ്യുന്ന വടക്കനാട് ഗവ.എൽ.പി. സ്‌കൂൾ  ജില്ലയിൽ പട്ടിക വർഗ്ഗ വിദ്യാർത്ഥികൾ കൂടുതലായി പഠിക്കുന്ന സ്‌കൂളാണ്. ആകെയുളള 89 കുട്ടികളിൽ 73 പേരും ആദിവാസി വിഭാഗത്തിൽ നിന്നുളളവരാണ്. വന്യജീവികളോടും സാഹചര്യങ്ങളോടും പൊരുതിയാണ്  ഇവിടെ പഠിക്കാൻ കുട്ടികളെത്തുന്നത്. എട്ടു കിലോമീറ്റോളം യാത്ര ചെയ്തും കുട്ടികളെത്തുന്നു.ആറോളം കോളനികളിൽ നിന്നും ഗോത്രസാരഥി വഴി കുട്ടികൾ വിദ്യാലയത്തിലെത്തുന്നു. കുട്ടികളുടെ കൊഴിഞ്ഞുപോക്ക് ഇവിടെ ഏറ്റവും കുറവെന്നതും ശ്രദ്ധേയം. ഇതെല്ലാമാണ് ജില്ലാ കളക്ടർ എസ്.സുഹാസിനെ വടക്കനാട് എൽ.പി.വിദ്യാലയത്തിലേക്ക് ആകർഷിച്ചത്. കുട്ടികളുടെ പഠനത്തിനായി മികച്ച അന്തരീക്ഷം ഒരുക്കുമെന്നും തുടർ പഠനത്തിന് സൗകര്യമൊരുക്കുമെന്നും കളക്ടർ ഉറപ്പു നൽകി. യു.പി തലത്തിലേക്ക് ഉയർത്താനുളള നടപടികൾ സ്വീകരിക്കണമെന്ന്  പി.ടി.എ ഭാരവാഹികളും അദ്ധ്യാപകരും കളക്ടറോട് ആവശ്യപ്പെട്ടു. കുട്ടികൾക്കൊപ്പം ഉച്ചഭക്ഷണം കഴിച്ചാണ് കളക്ടർ എസ്.സുഹാസ് മടങ്ങിയത്. നൂൽപ്പുഴ പഞ്ചായത്ത് പ്രസിഡന്റ് കെ. ശോഭൻ കുമാർ , ഡയറ്റ് പ്രിൻസിപ്പാൾ ഇ.ജെ.ലീന, എസ്.എസ്.എ ജില്ലാ പ്രോജക്ട് ഓഫീസർ ജി.എൻ.ബാബുരാജ്, പ്രോഗ്രാം ഓഫീസർ എം.ഒ.സജി, പി.ടി.എ പ്രസിഡന്റ് ടി.കെ. ബിജു, എ.ഇ.ഒ ഇ.സെയ്തലവി, പ്രധാനാദ്ധ്യാപകൻ ഇ.രാമകൃഷ്ണൻ, അമ്പലക്കുനി കുമാരൻ ചെട്ട്യാർ തുടങ്ങിയവരും കളക്ടറുടെ സ്‌കൂൾ സന്ദർശന പരിപാടിയിൽ പങ്കെടുത്തു.
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *