March 29, 2024

പുനരധിവാസം: പ്രതീക്ഷ നശിച്ച് ചെറിയ ചീപ്രത്തെ പട്ടികവര്‍ഗ കുടുംബങ്ങള്‍

0
Cheepram
കല്‍പറ്റ- മുട്ടില്‍ പഞ്ചായത്തിലെ പത്താം വാര്‍ഡില്‍ കാരാപ്പുഴ പദ്ധതിക്കായി ഏറ്റെടുത്തതില്‍  പാക്കം  ചെറിയചീപ്രത്തുള്ള  ആദിവാസി കുടുംബങ്ങളെ പുനരധിവസിപ്പിക്കുന്നതിനുള്ള നീക്കങ്ങള്‍ക്ക് മന്ദഗതി. കുടുംബങ്ങളെ ജലവിഭവ വകുപ്പിന്റെ കൈവശമുള്ള മഠംകുന്ന്, ഞാവലംകുന്ന് എന്നിവിടങ്ങളിലേക്ക് മാറ്റി പാര്‍പ്പിക്കുന്നതിനുള്ള നീക്കങ്ങള്‍ക്കാണ് ഒച്ചിന്റെ വേഗത. പുനരധിവാസ പദ്ധതി നിര്‍വഹണത്തിനു സബ് കളക്ടര്‍ അധ്യക്ഷനായി ആറു മാസം മുമ്പ് സബ് കമ്മിറ്റി രൂപകരിച്ചെങ്കിലും തുടര്‍ നടപടികള്‍ എങ്ങുമെത്തിയില്ല. പുനരധിവാസ പദ്ധതിയിലുള്ള ആദിവാസികളുടെ പ്രതീക്ഷ നശിക്കുകയാണ്.
തലമുറകളായി താമസിക്കുന്നവര്‍ക്കു പുറമേ അണക്കെട്ട് നിര്‍മിച്ചതോടെ വെള്ളംകയറിയതടക്കം മറ്റിടങ്ങളില്‍നിന്നുള്ള ആദിവാസി കുടുംബങ്ങള്‍ ചെറിയ ചീപ്രത്തേക്ക് കുടിയേറിയതും പുനരധിവാസത്തെ  ബാധിക്കുന്നുണ്ട്
. ചെറിയ ചീപ്രത്ത് ഭൂമി കൈയേറി കുടില്‍കെട്ടി താമസിക്കുന്ന കുടുംബങ്ങളെ പുനരധിവസിപ്പിക്കേണ്ട ബാധ്യയില്ലെന്ന നിലപാടിലാണ് ജലവിഭവ വകുപ്പ്. 
കാരാപ്പുഴ അണയില്‍ ഷട്ടറിട്ട് ജലനിരപ്പ് ഉയര്‍ത്തിയാല്‍ മുങ്ങിപ്പോകുന്നതാണ് ചെറിയ ചീപ്രത്തിന്റെ   പല ഭാഗങ്ങളും. ഇവിടെ ഏകദേശം നാല് ഏക്കറിലായി നാല്‍പ്പതോളം കുടുംബങ്ങളാണ് താമസം. കോളനിയോടു ചേര്‍ന്ന് സ്വകാര്യ പട്ടയഭൂമികളില്‍ റിസോര്‍ട്ടുകളും പ്രവര്‍ത്തിക്കുന്നുണ്ട്. 
ചെറിയചീപ്രത്ത് പരമ്പരാഗതമായി താമസിക്കുന്ന കുടുംബങ്ങളെ മാറ്റിപ്പാര്‍പ്പിക്കുന്നതിനു ഭരണകൂടം നേരത്തേ നെല്ലാറച്ചാല്‍  ചീപ്രംകുന്നില്‍ സ്ഥലം കണ്ടെത്തിയിരുന്നു. 2010ല്‍ ഏതാനും കുടുംബങ്ങള്‍ക്ക് കൈവശരേഖയും നല്‍കി. എന്നാല്‍  അടിസ്ഥാന സൗകര്യങ്ങള്‍ ഒരുക്കി ആദിവാസികളെ ഈ ഭൂമിയിലേക്ക് മാറ്റാന്‍ റവന്യൂ, ട്രൈബല്‍, ജലവിഭവ വകുപ്പുകള്‍ക്കു കഴിഞ്ഞില്ല. കൈവശരേഖയില്‍ പറയുന്ന സ്ഥലം എവിടെയാണെന്നുപോലും തിട്ടമില്ലാത്ത സ്ഥിതിയിലാണ് പല കുടുംബങ്ങളും. ചെറിയചീപ്രത്ത് പതിറ്റാണ്ടുകളായി താമസിക്കുന്ന കറപ്പന് ലഭിച്ച കൈവശരേഖയില്‍ മുട്ടില്‍ സൗത്ത് വില്ലേജില്‍ ബ്ലോക്ക് നമ്പര്‍ 16ല്‍ 802/ പി.ടി സര്‍വേ നമ്പരില്‍ 0.0810 ഹെക്ടര്‍ ഭൂമി അനുവദിച്ചതായാണ് പറയുന്നത്. എന്നാല്‍ ഈ സ്ഥലം എവിടെയാണെന്ന് ഉദ്യോഗസ്ഥരോ ജനപ്രതിനിധികളെ ഇന്നോളം ചൂണ്ടിക്കാണിച്ചിട്ടില്ലെന്ന് 62-കാരനായ കറപ്പന്‍ പറഞ്ഞു. ഇദ്ദേഹത്തിന്റെ  അതേ അനുഭവമാണ് കൈവശരേഖ ലഭിച്ച മറ്റു കുടുംബങ്ങള്‍ക്കും. 
2010 ജൂണ്‍ മൂന്നിനു വൈത്തിരി തഹസില്‍ദാരും കാരാപ്പുഴ ഇറിഗേഷന്‍ പ്രൊജക്ട് എക്‌സിക്യുട്ടീവ് എന്‍ജിനീയറും ഒപ്പിട്ട് അനുവദിച്ചതാണ് കൈവശരേഖ. 
നെല്ലാറച്ചാല്‍ ചീപ്രംകുന്നില്‍ ആദിവാസികള്‍ക്കായി കണ്ടെത്തിയ സ്ഥലം കൃഷിക്കും വാസത്തിനും യോജിച്ചതായിരുന്നില്ലെന്ന് പാക്കത്തെ പൊതുപ്രവര്‍ത്തകരായ  വി.പി. വര്‍ക്കി, സജി പ്രണവം, എം.ബി. പ്രേംജിത്ത്, ചാര്‍ലി ജോസഫ്, റോയി മഠംപറമ്പില്‍ എന്നിവര്‍ പറഞ്ഞു. കൂലിപ്പണിക്കും ഇവിടെ സാധ്യത ഉണ്ടായിരുന്നില്ല. അതിനാല്‍ത്തന്നെ കൈവശരേഖയില്‍ പറയുന്ന സ്ഥലം അന്വേഷിച്ചു കണ്ടുപിടിക്കുന്നതില്‍ ആദിവാസികള്‍  തത്പരരും ആയിരുന്നില്ല. അങ്ങാടികളോടു ചേര്‍ന്ന് കൃഷിക്കും താമസത്തിനും യോജിച്ചതും കൂലിപ്പണി കിട്ടുന്നതുമായ സ്ഥലമാണ് അവര്‍ ആഗ്രഹിച്ചത്.
 
ദുരിതങ്ങള്‍ക്കു നടുവിലാണ് ചെറിയ ചീപ്രത്ത് ആദിവാസി ജീവിതം. വാസയോഗ്യമായ വീട് ഒരു കുടുംബത്തിനും  ഇല്ല. കുത്തിക്കൂട്ടി പ്ലാസ്റ്റിക് മേഞ്ഞതാണ്  കുടിലുകള്‍. ശൗചാലയങ്ങങ്ങളുടെ അഭാവത്തില്‍ റിസര്‍വോയറിനോടു ചേര്‍ന്നുള്ള കുറ്റിക്കാടുകളാണ് സ്ത്രീകളടക്കമുള്ളവര്‍ക്ക് മല-മൂത്ര വിസര്‍ജനത്തിനു ശരണം.  കൈവശഭൂമിയില്‍ ഉടമാവകാശം ഇല്ലാത്തതിനാല്‍ വൈദ്യുതിയുംഅന്യം. കോളനിയിലെ നിരവധി കുട്ടികള്‍ പാക്കത്തും സമീപത്തുമുള്ള വിദ്യാലയങ്ങളില്‍   പഠിക്കുന്നുണ്ട്. രാത്രി വായനയ്ക്ക് മണ്ണെണ്ണ വിളക്കുകളും മെഴുകുതിരികളുമാണ് ഇവര്‍ക്ക് ആശ്രയം. അടുത്തകാലംവരെ കുടിവെള്ളത്തിനും അലയേണ്ട ഗതികേടിലായിരുന്നു ആദിവാസികള്‍. പ്രദേശവാസികളുടെ സഹകരണത്തോടെ കിണര്‍ നിര്‍മിച്ചതോടെയാണ് കുര്‍നീര്‍ പ്രശ്‌നത്തിനു പരിഹാരമായത്. 
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *