തറവില കടലാസിൽ : വയനാട്ടിലെ പാവയ്ക്ക കർഷകർ പ്രതിസന്ധിയിൽ

.
മാനന്തവാടി:
സർക്കാർ തറവില പ്രഖ്യാപിച്ചെങ്കിലും പാവയ്ക്കക്ക് വിലയില്ലാത്തത് കർഷകർക്ക് തിരിച്ചടിയായി.
സുഭിക്ഷ കേരളം പദ്ധതിയില്‍ മുഖ്യമന്ത്രിയുടെ നൂറുദിന കര്‍മ്മ പരിപാടികളില്‍ ഉള്‍പ്പെടുത്തിയാണ് സംസ്ഥാനത്ത് പച്ചക്കറികൾക്ക് താങ്ങുവിലയും സംഭരണവും ആരംഭിച്ചത്.16 ഇനം പഴം പച്ചക്കറികൾക്കാണ് അടിസ്ഥാന വില പ്രഖ്യാപിച്ചത്. ഇതിൽ പാവയ്ക്കക്ക് 30 രൂപയാണ് സർക്കാർ തറവില പ്രഖ്യാപിച്ചത്. എന്നാൽ ഇപ്പോൾ പൊതു മാർക്കറ്റിൽ 20 രൂപയ്ക്ക് താഴെ മാത്രമാണ് പാവക്ക എടുക്കുന്നത്. അതും പരിമതമായ തൂക്കത്തിൽ മാത്രമെ എടുക്കുന്നുള്ളൂ. വയനാട്
ജില്ലയിലെ പലഭാഗങ്ങളിലും ടൺ കണക്കിന് പാവയ്ക്ക ആണ് ഇത്തവണ പ്രതിദിനം വിളവെടുക്കുന്നത്. ഇതിൽ തവിഞ്ഞാൽ പഞ്ചായത്തിൽ മാത്രം 10 ടണ്ണിനു മുകളിൽ ആണ് പ്രതിദിന പാവക്ക ഉൽപാദനം. സർക്കാർ പ്രഖ്യാപിച്ച തറവില വലിയ പ്രതീക്ഷയോടെയാണ് കർഷകർ കണ്ടിരുന്നത്.
നേന്ത്രവാഴക്കക്ക് എല്ലാ ജില്ലയിലും 30 രൂപ തറവില നിശ്ചയിച്ചപ്പോൾ വയനാടൻ നേന്ത്ര കായ്ക്ക് 25 രൂപയാണ് തറവില . ഇത് കർഷകരുടെയും കർഷക സംഘടനകളുടെയും പ്രതിഷേധത്തിന് ഇടയാക്കിയെങ്കിലും ഇപ്പോഴും വയനാട്ടിലെ നേന്ത്ര വാഴ കർഷകരോടുള്ള അവഗണന തുടരുകയാണ്. – ഇതിനിടെയാണ് പാവക്കക്കും വിലയിടിഞ്ഞത്.
നിശ്ചയിച്ച തറവില പ്രകാരം
വയനാട്ടിലെ കർഷകർ ഉൽപാദിപ്പിച്ച മുഴുവൻ പാവക്കയും സംഭരിക്കണമെന്ന് മുൻ മന്ത്രിയും കെ.പി. സി.സി. ജനറൽ സെക്രട്ടറിയുമായ പി.കെ. ജയ ലക്ഷ്മി ആവശ്യപ്പെട്ടു. സർക്കാർ അടിയന്തരമായി കർഷകരുടെ പ്രശ്നത്തിൽ ഇടപെടണം. ഉല്പാദന ചെലവും ഭൂമിയുടെ പാട്ടവും വർദ്ധിച്ച സാഹര്യത്തിൽ വാഴകർഷകരും പാവൽ കർഷകരും വലിയ പ്രതിസന്ധിയിലാണ്. ഇതിന് പരിഹാരം കാണണമെന്നും മുമ്പ് സംഭരിച്ച ഇനത്തിൽ കർഷകർക്ക് നൽകാനുള്ള മുഴുവൻ കുടിശ്ശികയും ഉടൻ കൊടുത്ത് തീർക്കണമെന്നും ജയലക്ഷ്മി ആവശ്യപ്പെട്ടു.



Leave a Reply