April 20, 2024

പ്രത്യേക നിയമനം: 85 പേര്‍ക്ക് നിയമന ഉത്തരവ് കൈമാറി

0
Img 20210115 Wa0286.jpg
പാര്‍ശ്വവത്കരിക്കപ്പെട്ട ജനവിഭാഗങ്ങള്‍ക്കും സര്‍ക്കാര്‍ തൊഴില്‍ ലഭ്യമാക്കുന്നതിന്റെ ഭാഗമായി ജില്ലയിലെ 85 പട്ടികവിഭാഗക്കാര്‍ക്ക് സ്‌പെഷ്യല്‍ റിക്രൂട്ട് മെന്റിലൂടെ നിയമന ശുപാര്‍ശ കൈമാറി. വനാന്തരങ്ങളിലും വനാതിര്‍ത്തിയിലും താമസിക്കുന്ന പ്രത്യേക ഗോത്ര വിഭാഗത്തില്‍പ്പെട്ടവര്‍ക്കാണ് പോലീസ് വകുപ്പില്‍ പി.എസ്.സി മുഖേന നിയമനം നല്‍കുന്നത്. കല്‍പ്പറ്റ  റസ്റ്റ് ഹൗസില്‍ നടന്ന ചടങ്ങില്‍ പബ്ലിക് സര്‍വ്വീസ് കമ്മീഷന്‍ ചെയര്‍മാന്‍ അഡ്വ. എം.കെ. സക്കീര്‍ ഉദ്യോഗാര്‍ത്ഥികള്‍ക്ക് നിയമന ശുപാര്‍ശകള്‍ കൈമാറി. 
വനാതിര്‍ത്തിയിലെ ജനവിഭാഗത്തെയും സര്‍ക്കാര്‍ സംവിധാനത്തിന്റെ ഭാഗമാക്കുവാന്‍ പ്രത്യേക നിയമനത്തിലൂടെ സാധിച്ചതായി  പി.എസ്.സി ചെയര്‍മാന്‍ അഡ്വ. എം.കെ. സക്കീര്‍ പറഞ്ഞു.   ന്യൂനതകള്‍ പരിഹരിച്ച് തികച്ചും സുതാര്യമായ രീതിയിലാണ് ഉദ്യോഗാര്‍ത്ഥികളെ തെരഞ്ഞെടുത്തത്. ഗോത്ര വിഭാഗത്തിലുള്ള കൂടുതല്‍ പേരെയും സര്‍ക്കാര്‍ സംവിധാനത്തിലെത്തിക്കാന്‍ പട്ടികജാതി പട്ടികവര്‍ഗ്ഗ വികസന വകുപ്പിന്റെ സഹകരണം ഉണ്ടാവണമെന്നും  അദ്ദേഹം പറഞ്ഞു. 
ഗോത്രവിഭാഗത്തില്‍പ്പെട്ട അര്‍ഹരായവര്‍ക്ക് സാങ്കേതിക പ്രശ്നങ്ങളാല്‍ തൊഴില്‍ നഷ്ടപ്പെടാതിരിക്കുവാനായി പി.എസ്.സി ഓഫീസുകള്‍ മുഖാന്തരം ഉദ്യോഗാര്‍ത്ഥികളില്‍ നിന്ന് നേരിട്ടാണ് അപേക്ഷകള്‍ സ്വീകരിച്ചത്. പണിയ, അടിയ, ഊരാളി, കാട്ടുനായ്ക്ക വിഭാഗത്തിലുള്ള പട്ടികവര്‍ഗ്ഗക്കാര്‍ക്കായിരുന്നു നിയമനം. പ്രാക്തന ഗോത്ര വിഭാഗക്കാര്‍ക്കുള്ള രണ്ടാം ഘട്ട നിയമനത്തിലാണ് സംസ്ഥാനത്ത് 125 പേര്‍ക്ക് നിയമനം ലഭിച്ചത്. ജില്ലയില്‍ 20 വനിതകള്‍ക്കും 65 പുരുഷന്മാര്‍ക്കുമായിരുന്നു നിയമനം. മലപ്പുറം ജില്ലയില്‍ 7 വനിതകളും 8 പുരുഷന്മാരും ഉള്‍പ്പെടെ 15 പേര്‍ക്കും, പാലക്കാട് ജില്ലയില്‍ 8 വനിതകളും 17 പുരുഷന്മാരും ഉള്‍പ്പെടെ 25 പേര്‍ക്കും നിയമനം ലഭിച്ചു. ആദ്യഘട്ടത്തില്‍ ജില്ലയിലെ 52 പട്ടികവര്‍ഗ വിഭാഗക്കാര്‍ക്ക് നിയമനം ലഭിച്ചിട്ടുണ്ട്. വയനാട് ജില്ലയില്‍ 2239 പുരുഷന്‍മാരും 956 സ്ത്രീകളും അടക്കം 3195 പേരാണ് അപേക്ഷിച്ചിരുന്നത്. ഇതില്‍ 888 പേര്‍ ശാരീകിക ക്ഷമത പരീക്ഷയ്ക്ക് ഹാജരായി.  യോഗ്യരായ 527 പേരെ ഉള്‍പ്പെടുത്തിയാണ് റാങ്ക് ലിസ്റ്റ് തയ്യാറാക്കിയത്. 
ചടങ്ങില്‍ കേരള പബ്ലിക് സര്‍വ്വീസ് കമ്മീഷന്‍ കോഴിക്കോട് റീജിയണല്‍ ഓഫീസര്‍ കെ.എം. ഷെയ്ഖ് ഹുസ്സൈന്‍, ജില്ലാ ഓഫീസര്‍ പി. ഉല്ലാസന്‍, സെക്ഷന്‍ ഓഫീസര്‍മാരായ പി. രാജീവ്, കെ. വിജയലത, കെ. ലളിത തുടങ്ങിയവര്‍ പങ്കെടുത്തു.
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *