March 29, 2024

സെൻറ് ജോസഫ് മിഷൻ ഹോസ്പിറ്റലിനു അനുമോദനവുമായി ആരോഗ്യവകുപ്പ്

0
Img 20210211 Wa0217.jpg
മാനന്തവാടി : കൊറോണ ആശങ്കകൾക്കിടയിൽ  കൊറോണ ഇതരരോഗികളുടെ ചികിത്സയ്ക്ക് 2020 മാർച്ച് 11 മുതൽ  സ്ഥലവും സാഹചര്യമൊരുക്കി  ആതുരസേവനരംഗത്ത്  മാതൃകയായ മാനന്തവാടി സെൻറ് ജോസഫ്സ് മിഷൻ  ഹോസ്പിറ്റലിനെ വയനാട് ജില്ലാ ആരോഗ്യ വകുപ്പ്  ഫലകം നൽകി അനുമോദിച്ചു.
ജില്ലാ ആശുപത്രി കോവിഡ് സെൻറർ  (കോവിഡ് രോഗികളുടെ  ചികിത്സയ്ക്ക് മാത്രമായി) ആയി മാറ്റിവയ്ക്കപ്പെട്ട സാഹചര്യത്തിൽ ഇതര രോഗികളുടെ പ്രത്യേകിച്ച് സ്ത്രീരോഗ വിഭാഗങ്ങൾക്കും നവജാതശിശുക്കൾക്കും സർജറി ആവശ്യമായ സ്ത്രീകൾക്കും വേണ്ട പരിചരണം നൽകുന്നതിന് ഓപ്പറേഷൻ തീയേറ്റർ, ലേബർ റൂം ,എൻ ഐ സി യു ,റൂമുകൾ ,വാർഡുകൾ മറ്റ് അനുബന്ധ സൗകര്യങ്ങൾ എന്നിവ നൽകിക്കൊണ്ട് സ്വകാര്യ ആശുപത്രിയായ  സെൻറ് ജോസഫ്സ് മിഷൻ ആശുപത്രി ഗവൺമെൻറ് നോട് ചേർന്നു പ്രദേശവാസികളായ ട്രൈബൽ വിഭാഗങ്ങൾക്കും  സാമ്പത്തികമായി പിന്നോക്കം നിൽക്കുന്നവർക്കും സഹായകമായി.  കഴിഞ്ഞ 11 മാസങ്ങളിലായി  1241 സാധാരണ പ്രസവങ്ങൾ  464 സിസേറിയനുകൾ  106 മറ്റ് ശസ്ത്രക്രിയകൾ തുടങ്ങി ധാരാളം സേവനങ്ങൾ സൗജന്യമായി നൽകി.
വയനാട് ജില്ല ആരോഗ്യ വകുപ്പിന്റെ  പ്രതിനിധികളായി ഡിഎംഒ (ജില്ലാ മെഡിക്കൽ ഓഫീസർ ) ഡോ. രേണുക, ജില്ലാ ആശുപത്രി മെഡിക്കൽ സൂപ്രണ്ട് ഡോക്ടർ ദിനേശ് ,ജില്ലാ കോവിഡ്  നോഡൽ ഓഫീസർ ഡോക്ടർ ചന്ദ്രശേഖർ ,ജില്ലാ സർവൈലൻസ് ഓഫീസർ ഡോക്ടർ നൂന , ജില്ലാ ആശുപത്രി അസിസ്റ്റൻറ് സൂപ്രണ്ട് ഡോക്ടർ ദിനേശ്, ജില്ലാ ആശുപത്രി ആർഎംഒ ഡോക്ടർ സക്കീർ എന്നിവർ അനുമോദന യോഗത്തിൽ പങ്കെടുത്തു.
കോവിഡ് ഇതര രോഗികളുടെ ചികിത്സയെ സംബന്ധിച്ച് ആശങ്ക നിലനിന്ന സാഹചര്യത്തിൽ തങ്ങളാൽ കഴിയുന്ന സേവനങ്ങൾ അതിന്റെ പരമാവധി നൽകി സഹായിച്ച സെൻറ് ജോസഫ്സ് മിഷൻ ഹോസ്പിറ്റലിന്റെ മനുഷ്യത്വപരമായ സമീപനം കോവിഡ്-19 ന്റെ ആഗാധങ്ങളെ ഫലപ്രദമായി തരണം ചെയ്യുന്നതിന് സഹായകമായി എന്നും ഇത്തരം ഒരു സേവനം സംസ്ഥാനത്ത് മറ്റൊരിടത്തും ഉണ്ടായിട്ടില്ലെന്നും ഡോക്ടർ രേണുക അഭിപ്രായപ്പെടുകയും  അഭിനന്ദിക്കുകയും ചെയ്തു .ഗവൺമെൻറ് ആശുപത്രിയുടെ മുഴുവൻ സൗകര്യങ്ങളും നിലച്ചപ്പോഴും ഒരു അമ്മയോ കുഞ്ഞോപോലും മരണപ്പെടാൻ ഇടയാകാത്ത വിധം സേവനം നൽകാൻ സാധിച്ചത് ഈ ആശുപത്രിയുടെ ഉദാര സമീപനം മൂലമാണെന്ന് ജില്ലാ ആശുപത്രി സൂപ്രണ്ട് ഡോക്ടർ ദിനേശ് പറഞ്ഞു. ജില്ലാ കോവിഡ് നോഡൽ  ഓഫീസർ ഡോക്ടർ ചന്ദ്രശേഖരനും ലഭിച്ച സേവനങ്ങളെ പ്രത്യേകമാം വിധം നന്ദിയോടെ അനുസ്മരിക്കുകയും അഭിനന്ദിച്ച് സംസാരിക്കുകയും ചെയ്തു.
“നമ്മളാരും ജനിച്ചത് നമുക്ക് മാത്രമല്ല …” എന്ന സിസറോയുടെ വാക്കുകൾ കടമെടുത്തു കൊണ്ട്  സെൻറ് ജോസഫ്സ് ആശുപത്രി ഡയറക്ടർ ഫാ. മനോജ് കവലക്കാടൻ  ജില്ലാ ആരോഗ്യ വകുപ്പ് ചെയ്ത പ്രവർത്തനങ്ങളെ അഭിനന്ദിക്കുകയും രാപകൽ വ്യത്യാസമില്ലാത്ത അവരുടെ അധ്വാനങ്ങളാണ് വയനാട്ടിൽ കോവിഡ് വ്യാപനം മാതൃകയാം വിധം നിയന്ത്രിച്ച് നിർത്തുന്നതിന് കാരണമായതെന്ന് അനുസ്മരിക്കുകയും ചെയ്തു . സെന്റ്.ജോസഫ്സ് മിഷൻ ആശുപത്രി അസി.ഡയറക്ടർ ഫാ. ജോമേഷ് തേക്കിലക്കാട്ടിൽ, അഡ്മിനിസ്ട്രേറ്റർ 
സി. സാൽവിൻ ആശുപത്രിയിലെ മറ്റു വിവിധ വകുപ്പു മേധാവികൾ എന്നിവരുടെ സാന്നിധ്യത്തിൽ 
ഫാ. മനോജ്  ജില്ലാ മെഡിക്കൽ ഓഫീസർ ഡോ. രേണുകയിൽ നിന്ന് ഫലകം ഏറ്റുവാങ്ങി . ജില്ലാ ആശുപത്രി ആർ എം ഒ ഡോ. സക്കീർ യോഗത്തിന് നന്ദി രേഖപ്പെടുത്തി.
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *