April 16, 2024

ജൈവകർഷക ഗുരുകുലം : കാർഷിക ലോകത്തിന് വയനാടിൻറെ അത്ഭുതകരമായ സംഭാവന

0
Img 20210211 Wa0242.jpg
     ലോകത്തെ കാർഷിക വിദ്യാർത്ഥികൾ  മുഴുവൻ ഒരു റഫറൻസ് ഗ്രന്ഥമായി കണ്ട് കൃഷിയറിവിനു വേണ്ടി വിനയപൂർവ്വം  സമീപിക്കുന്ന തിരുനെല്ലി കീഴേപ്പാട്ട് ഇല്ലത്ത് ശ്രീ സുകുമാരനുണ്ണിയുമായി സമഗ്രമായ ഒരു അഭിമുഖം.
 
*തയ്യാറാക്കിയത് : ജിത്തു തമ്പുരാൻ*
       തിരുനെല്ലിയിൽ നിന്നും ഒരല്പം ദൂരെയാണ് കീഴേ പ്പാട്ട് ഇല്ലത്ത് സുകുമാരൻ ഉണ്ണിയുടെ ജൈവ കർഷക ഗുരുകുലം സ്ഥാപിതം ആയിട്ടുള്ളത് …. 100% പ്രകൃതിയോട് ഇണങ്ങി ജീവിക്കുന്ന ഒരു ജൈവകാർഷിക രീതിയാണ് ഇവിടെ നിന്ന് പുറംലോകത്തിന് കിട്ടുന്നത് . ഒരർത്ഥത്തിൽ പറഞ്ഞാൽ ഇത് മറ്റൊരു യൂണിവേഴ്സിറ്റി തന്നെയാണ് . ജീവിതം മുഴുവൻ  ജൈവ കൃഷിയുമായി സംവദിക്കുന്ന ശ്രീ : സുകുമാരൻ ഉണ്ണി ഹൃദയം തുറക്കുകയാണ് .നഷ്ടപ്പെടുത്തരുത്, ഇത് കൃഷിയറിവിൻറെ ഒരിക്കലും കാണാത്ത ഒരു പുതു ലോകം തന്നെയാണ് .
Q. ആരൂഢത്തെപ്പറ്റിയും കുടുംബത്തെ പറ്റിയും വിശദീകരിക്കാമോ ? …പുതിയ തലമുറയ്ക്ക് അതൊരു കൗതുകം ആകാൻ സാധ്യതയുണ്ട് .
Ans : വള്ളുവനാട് താലൂക്ക് തിരുമാന്ധാംകുന്ന് അംശം ദേശത്തെ ദേശ വഴിയായിരുന്നു എൻറെ മുത്തശ്ശനായ ശ്രീ നീലകണ്ഠൻ മൂസ്സത് . ഞങ്ങൾ പുലാമന്തോൾ തൈക്കാട്ട് അഷ്ടവൈദ്യ  പരമ്പരയിലുള്ള മൂസ്സതുമാരാണ് . അക്കാലത്ത്  മുത്തച്ഛൻ പാലക്കാട് മീനാക്ഷിപുരത്തിന് അടുത്തുള്ള ഒരു 8 ഏക്കർ സ്ഥലം വൈദ്യ വിദ്യാർഥികൾക്ക് വേണ്ടി ട്രസ്റ്റ് ആക്കി സംരക്ഷിച്ചു പോന്നിരുന്നു .ഞങ്ങൾക്ക് വിഹിതമായി കിട്ടിയത് ചിറ്റൂർ കല്യാണപ്പേട്ട കന്നിമാരി ഭാഗത്തുള്ള ഭൂമിയായിരുന്നു.ഞങ്ങളുടെ ബസ്റ്റോപ്പ് പ്ലാച്ചിമട ആയിരുന്നു.പ്ലാച്ചിമട കരടിക്കുന്നിന് അടുത്തുള്ള ഭാഗങ്ങളിലായിരുന്നു മയിലമ്മ ഒക്കെ താമസിച്ചിരുന്നത്.ഞാനൊക്കെ വളർന്നത് മയിലമ്മയുടെ മടിയിൽ കിടന്നിട്ട് തന്നെയാണ്.
Q.വയനാട്ടിൽ എത്തിപ്പെടാൻ ആയ സാഹചര്യം എന്താണ് ?
Ans: ലോങ്ങ് വെക്കേഷന് ആണ് വയനാട്ടിലേക്ക്  വന്നിരുന്നത് .അമ്മയും മുത്തശ്ശിയുമൊക്കെ വയനാട്ടിലെ തിരുനെല്ലിയിലാണ് താമസിച്ചിരുന്നത് .മുന്നിൽ വലിയ വലിയ ഇരുമ്പ് താക്കോൽ ഇട്ട് തിരിക്കുന്ന സി ഡബ്ല്യു എം എസ് ബസ്സിൽ ചുരം താണ്ടിയാണ് വയനാട്ടിലേക്ക് വരാറുള്ളത് .പാലക്കാട് നിന്ന് കോഴിക്കോട് വന്ന് വയനാട്ടിലേക്ക് വേറെ ബസ് കയറണം . അവിടുത്തെ മുത്തശ്ശി ഒരുക്കി തരുന്ന അപ്പവും പഴവും എല്ലാം ഒരു കാർഡ്ബോർഡ് പെട്ടിയിൽ സൂക്ഷിച്ച് കയ്യിൽ കരുതുന്നതാണ് വഴി നീളെയുള്ള ഭക്ഷണം.  ബസ്സ്  ഒരു വലിയ ലിവർ ഇട്ട് കണ്ടക്ടർ സ്റ്റാർട്ട് ചെയ്യും . 1937 കാലഘട്ടമായിരുന്നു അത്. ചുരത്തിൽ  ഇടയ്ക്കിടെ ബസ് എഞ്ചിൻ ചൂടാകുന്നത് കാരണം നിർത്തി തണുപ്പിച്ച് പതുക്കെയേ വരാൻ പറ്റുമായിരുന്നുള്ളൂ.കൂടും കുടുക്കയും കൃഷി ഉല്പന്നങ്ങളും ചെറിയ വളർത്തുമൃഗങ്ങളും എല്ലാം ബസിനു മുകളിൽ വെച്ചിട്ടുണ്ടാകുമായിരുന്നു . മാനന്തവാടിയിൽ ബസ് ഇറങ്ങിയാൽ പഴയ ആൾക്കാരുടെ വില്ലീസ് ജീപ്പിൽ കയറി ആനയും മാനും പുലിയും കടുവയും എല്ലാം തിങ്ങി തിമിർക്കുന്ന തിരുനെല്ലി കാടിന് നടുവിലൂടെ തിരുനെല്ലി കബനിക്കരയിലുള്ള ഇല്ലത്തേക്ക് എത്തിച്ചേരും. പിന്നീട് തിരികെ പോകാൻ ആകുമ്പോൾ ജീപ്പ് വരും . അപ്പോഴും പഴവും ഭക്ഷണവും ഒക്കെ പാക്ക് ചെയ്ത് എടുത്തിട്ടുണ്ടാകും. അന്ന് കാണാൻ പറ്റിയ ഡീസൽ എൻജിൻ കാറുകൾ അച്ഛൻറെ സുഹൃത്തുക്കളായ ചിലരുടേത് ആയിരുന്നു കൊച്ചി ദിവാൻ ആയിരുന്ന കരുണാകരമേനോൻ , ശേഖര മേനോൻ ,അമ്പാട്ടെ ഈശ്വരൻ കുട്ടി മേനോൻ എന്നീ പഴയ ജന്മിമാർ ഇവർക്കൊക്കെ ലാൻഡ് മാർക്ക്  ,അംബാസിഡർ .ഒ എച്ച് വി , പ്ലിമത്ത് റോക്ക് ,ഷവർ ലെറ്റ് ,തുടങ്ങിയ അന്നത്തെ ആഡംബര വാഹനങ്ങൾ ഉണ്ടായിരുന്നു .ഈ വാഹനങ്ങൾ ഒക്കെ  ബോണറ്റ് മുൻവശത്ത് ലിവർ ഇട്ട് തിരിച്ച് സ്റ്റാർട്ട് ചെയ്യുന്ന മെക്കാനിസം ഉള്ളവയായിരുന്നു.
 Q : ഓരോ ഓർമ്മകളും ഓരോ സംസ്കാരം ആയിരിക്കുമല്ലോ പാലക്കാടൻ കുട്ടിക്കാലത്തെപ്പറ്റി ഒന്ന് പറയാമോ ?
Ans : ശനി ഞായർ സ്കൂൾ അവധി ദിവസങ്ങളിൽ അച്ഛൻറെ അനിയൻ അവൻ റാലി സൈക്കിളും ചവിട്ടി കൊണ്ട് ചിറ്റൂർ ഉള്ള വീട്ടിലേക്ക് വരും.അവിടെനിന്ന് ഇന്ന് അര മുക്കാൽ മണിക്കൂർ സൈക്കിൾ  യാത്ര ചെയ്താൽ കളത്തിൽ എന്ന് പേരുള്ള ഞങ്ങളുടെ ബന്ധുവീട്ടിൽ എത്തിച്ചേരും അവിടെ കന്നുകാലികളുടെ പുറകെ പോകാം കന്നു പൂട്ടുന്നവരുടെ കൂടെ പോകാം , അവർക്കൊപ്പം ഒപ്പം കൃഷിപ്പണികൾ ചെയ്തു പഠിക്കാം.കലപ്പയും നുകവുമുള്ള സാധാരണ കന്നുപൂട്ട് ആയിരുന്നു അന്നത്തെ അവിടുത്തെ കാർഷിക സമ്പ്രദായം. ഉച്ചഭക്ഷണം  ഊണിനു പകരം പനയുടെ നൊങ്ക് അഥവാ ഇള നീര് ആണ് .രണ്ടുദിവസം കഴിഞ്ഞ് ചിറ്റൂരിൽ തിരിച്ചെത്തുമ്പോഴേക്കും കറുത്ത് കരിമുട്ടിച്ചാത്തൻ ആയിട്ടുണ്ടാകും .അവിടെ ശോകനാശിനി എന്ന ഒരു പുഴയുണ്ട് അത് ഭാരതപ്പുഴയുടെ തുടക്കമാണ്. ശോകനാശിനി എന്ന ഈ ചിറ്റൂർ  പുഴ പറളിക്കടവ് എന്ന സ്ഥലത്ത് വെച്ച് കൽപ്പാത്തിപ്പുഴയും ഗായത്രിപ്പുഴയും കൂടിച്ചേർന്ന് ഭാരതപ്പുഴ യിലേക്ക് ഒഴുകുന്നു.പത്താം ക്ലാസിലെ വെക്കേഷനിൽ പരീക്ഷ എഴുതി കഴിഞ്ഞ ആ സമയത്ത് ഞാൻ ഞാൻ ഈ പുഴയുടെ ഉള്ളിലൂടെ നടന്ന് ഏഴു ദിവസംകൊണ്ട് കുറ്റിപ്പുറത്ത് എത്തിയിട്ടുണ്ട് . എങ്ങും കണ്ണെത്താത്ത മണൽപ്പരപ്പ് ആയിരുന്നു. എവിടെയെങ്കിലും തരം കിട്ടിയാൽ മാത്രം കിടന്നു വിശ്രമിക്കും. പട്ടികളുടെ യും കുറുക്കന്മാരുടെയും ശല്യം ആയിരുന്നു അന്ന് അവിടെ ആകെപ്പാടെ ഉണ്ടായിരുന്നത്. അവർ അവർ എന്നെ ദ്രോഹിച്ച തേ ഇല്ല . അവർക്കറിയാമായിരുന്നു ഈയുള്ളവന് പരിസ്ഥിതി ഭ്രാന്തായിരുന്നു എന്ന് .വീട്ടിൽ അറിയിക്കാതെയായിരുന്നു ഒറ്റക്കുള്ള ഈ സാഹസിക യാത്ര .ഇന്ന് നിളയറിയാൻ എന്നും ശോകനാശിനി വൃത്തിയാക്കാൻ എന്നൊക്കെ പറഞ്ഞു കൊണ്ട് പലരും പുറപ്പെട്ടു ഉറങ്ങുന്നത് കാണുമ്പോൾ ഞാൻ ആലോചിക്കാറുണ്ട് ആദ്യകാലത്തൊക്കെ ഇതു പോലുള്ള പദ്ധതികൾ വന്നിരുന്നെങ്കിൽ ഇന്ന് ഈ ദുർഗതി ഭാരതപ്പുഴയ്ക്ക് വരില്ലായിരുന്നു എന്ന് .അന്നൊക്കെ ഒക്കെ പുഴയോരത്ത് വേനൽക്കാല കൃഷികൾ നടക്കുമായിരുന്നു .വെള്ളരി ,മത്തൻ ,പടവലം ,കൈപ്പ , പീച്ചിങ്ങ പോലെയുള്ള നിത്യോപയോഗ പച്ചക്കറികളാണ് അവിടെ കൃഷി ചെയ്തിരുന്നത്.മഴക്കാലമായാൽ പുഴ തന്നെ ആ കൃഷിയിടം മൂടി ഏരിയയെ അതിൻറെ സ്വന്തമാക്കി തീർക്കുമായിരുന്നു .പള്ളം വയ്ക്കുക അഥവാ പുറമ്പോക്ക് കൃഷി ചെയ്യുക എന്നതായിരുന്നു ഈ കൃഷിരീതിക്ക് പറഞ്ഞിരുന്ന പേര് .പാടത്ത് ഇത് ഇടയ്ക്കിടെ കുഴികുത്തി അതിൽനിന്നും മൺചട്ടി കൊണ്ട് ജലസേചനം നടത്തും. കന്നുകാലികൾ കയറാതിരിക്കാൻ ചെറിയ വേലി കെട്ടും.ഇത് മിക്ക നാടുകളിലും നിലവിലുണ്ടായിരുന്ന ഒരു കാർഷിക സമ്പ്രദായമായിരുന്നു.
Q.അപ്പോൾ എപ്പോഴും പാടങ്ങൾ ലൈവ് ആയിരിക്കും അല്ലേ ?
Ans : എപ്പോഴും പാടത്ത് ആൾ ഉണ്ടാകുന്ന നല്ല ഒരു കാലമായിരുന്നു അത്.രാത്രികാലങ്ങളിൽ പോലും കൃഷി സ്ഥലത്ത് അവർ കാവലിരിക്കുമായിരുന്നു. ഇന്നത്തെ വയനാടൻ കൃഷിയിൽ വന്യമൃഗങ്ങളുടെ അധിനിവേശവും നഷ്ടവും എല്ലാം വരാനുള്ള പ്രധാന കാരണം ഫെൻസിംഗ് ഏർപ്പെടുത്തി രാത്രി കാവൽ ഒഴിവാക്കിയതുകൊണ്ടുതന്നെയാണ് .
ഞാൻ ഇവിടെ തിരുനെല്ലിയിൽ എത്തിയതിനുശേഷം കേരളത്തിൽ വനസംരക്ഷണ സമിതി രൂപീകരിക്കുന്ന ഒരു കാലഘട്ടം ഉണ്ടായി . അന്നൊക്കെ കേരളത്തിൽ ആദ്യമായി ഉണ്ടാക്കിയ പാപനാശിനി വനസംരക്ഷണ സമിതിയുടെ എക്സിക്യൂട്ടീവ് മെമ്പർ ആയിരുന്നു. അത് വിഘടിക്കുകയും പാപനാശിനി എന്ന വന സംരക്ഷണ സമിതി സവർണ്ണരുടെതാണ് എന്നും പഞ്ചതീർത്ഥം കാളിന്ദി എന്നീ സംരക്ഷണ സമിതികൾ പട്ടികവർഗ്ഗത്തിൽ ഏതാണ് എന്നും ലേബൽ ഉണ്ടാക്കി ചിലർ ഫണ്ട് വിനിയോഗത്തിൽ ഉള്ള എളുപ്പ മാർഗം സ്വീകരിച്ചു. ജാതിയും വർഗ്ഗവും പറഞ്ഞു കൊണ്ട് അവരൊക്കെ നശിപ്പിച്ചു കളഞ്ഞത് നല്ലൊരു  ആത്മാവ് അറിഞ്ഞുള്ള കൂട്ടായ്മയെ തന്നെയായിരുന്നു. അന്ന് അനുകൂലം കിട്ടുന്നതും കഷ്ടപ്പെടുന്നത് എല്ലാം അവർണ്ണ സവർണ്ണ വ്യത്യാസമില്ലാതെ തന്നെയായിരുന്നു. 
എങ്കിലും ഇന്ന് വളരെ പോസിറ്റീവായി ഒരുകാര്യം കാണുന്നു. ആദ്യ കാലഘട്ടങ്ങളിലെ പോലെ ഇപ്പോൾ വർഷാവർഷം കാണുന്ന കാട്ടുതീ ഉണ്ടാകുന്നില്ല അത് തീർച്ചയായും വനസംരക്ഷണ സമിതികളുടെ ജാഗ്രത്തായ പ്രവർത്തനത്തിന്റെ  ഭാഗമാണ്. എങ്കിലും വനസംരക്ഷണ സമിതികൾ ജാതീയത കൈ വന്നതോടുകൂടി നമ്മൾ എന്ന ദേശത്തിൻറെ സ്വപ്നം  അകന്നു പോവുകയും എൻറെ സെക്കുലർ മനോഭാവത്തിന് യോജിക്കാത്തത് ആണ് എന്നതുകൊണ്ട് ഞാൻ മനസ്സ് സംരക്ഷണസമിതിയുടെ എക്സിക്യൂട്ടീന് പോകുന്ന പരിപാടി നിർത്തുകയും ചെയ്തു.
Q. എപ്പോഴാണ് മുഴുവൻ വയനാട്ടുകാരൻ ആയത് ?
Ans : 1958 ൽ എന്നെ അമ്മ പ്രസവിച്ച് ആറാം മാസം മുതൽ വയനാട്ടിൽ എത്തിച്ചേർന്നു . 1982 ൽ മുത്തശ്ശിയുടെ കയ്യിൽ നിന്ന് എനിക്ക് ഈ ഭൂമിയുടെ ഉടമസ്ഥാവകാശം പതിച്ചു കിട്ടി.കീഴേപ്പാട്ട് ഇല്ലം എന്നതാണ് ഇതിൻറെ പേര്. പാലക്കാട് ചിറ്റൂർ ഉള്ള കീഴേപ്പാട്ട് ഇല്ലത്തിൻറെ അതേ പേരു തന്നെയാണ് ഞാനിവിടെ സ്വീകരിച്ചത്. ഇട്ടിച്ചിരി മലയമ്മ എന്ന എൻറെ മുത്തശ്ശിയുടെ ഓർമ്മയ്ക്കായി  ഇടച്ചേരി എസ്റ്റേറ്റ് എന്ന പേരായിരുന്നു ആദ്യം ഞാൻ ഈ സ്ഥലത്തിന് കൊടുത്തിരുന്നത്.
Q. ഇല്ലത്ത് വിലാസ് എന്ന ജനകീയ സങ്കല്പം എപ്പോഴാണ് ഉടലെടുത്തത് ?
Ans : എൻറെ കാർഷിക രീതികൾ കേട്ടറിഞ്ഞ പലർക്കും ഇവിടെ വന്ന് താമസിക്കണമെന്ന മോഹമുണ്ട് .അവർക്ക് താമസിക്കുന്നതിനു വേണ്ടിയാണ് ഞാൻ വീടിന് തൊട്ടടുത്തായി ഇല്ലത്ത് വിലാസ് എന്ന കോട്ടേജ് ഉണ്ടാക്കിയത്. ഇത്  മകനുവേണ്ടി ഉണ്ടാക്കിയ ഒരു  ഗൃഹമാണ്. ഇതിനൊപ്പം കർഷകൻറെ ഉല്പന്നങ്ങൾ ഇടനിലക്കാരില്ലാതെ അവനായിട്ടു തന്നെ കച്ചവടം ചെയ്യുക എന്ന ന്യായമായ ഉദ്ദേശത്തോടുകൂടിയാണ് ഇവിടെ ഓർഗാനിക് കാർഷിക ഉൽപ്പന്നങ്ങൾ മാർക്കറ്റ് ചെയ്യാൻ തുടങ്ങിയത് . പൊതുവേ കാർഷിക അ ഉൽപ്പന്നങ്ങൾ പാക്ക് ചെയ്തു കിട്ടുമ്പോൾ മാർക്കറ്റഡ് ബൈ എന്ന് മാത്രമേ നമ്മൾ അതിൻറെ പുറത്ത് അച്ചടിച്ചു കാണാറുള്ളൂ . പ്രൊഡ്യൂസ്ഡ് ബൈ എന്ന കർഷകൻറെ പേര് അച്ചടിക്കുന്ന സമ്പ്രദായം ഒരിടത്തും കണ്ടിട്ടില്ല. പക്ഷേ ഇവിടെ മാർക്കറ്റ് ചെയ്യുമ്പോൾ കർഷകരുടെ പേര് തന്നെ അച്ചടിക്കുന്നു. നല്ലതും ചീത്തയും എല്ലാം അവൻ തന്നെ ഉത്തരവാദിത്വത്തോടെ അനുഭവിക്കാൻ ബാധ്യസ്ഥനാകുന്നു .
Q : ആദ്യകാല മാർക്കറ്റിങ് എങ്ങനെയായിരുന്നു ?
Ans : മുത്തശ്ശിയുടെ കയ്യിൽ നിന്ന് ഞാൻ പഠിച്ചെടുത്ത പാരമ്പര്യ ഒറ്റ വിത രീതിയിലുള്ള കാർഷിക വൃത്തിയിലൂടെ കിട്ടുന്ന ഉൽപ്പന്നങ്ങൾ ചോദിച്ച ഇവിടെയെത്തുന്ന  ആവശ്യക്കാർ ഉണ്ടായിരുന്നു . ഇപ്പോൾ ഇവിടെയുള്ളത് ഒറ്റഞാർ രീതിയിൽ കൃഷി ചെയ്യുന്ന നവര, രക്തശാരി, ഒരു പതിറ്റാണ്ടിനു മുകളിലായി ഒറ്റഞാർ കൃഷി ആണ് തുടർന്നു പോരുന്നത്. പനമരത്ത് കൃഷി ഓഫീസർ ആയി വന്ന മണികണ്ഠൻ എന്ന ഒരു നല്ല സൗഹൃദ മനോഭാവമുള്ള മനുഷ്യനാണ് എന്നെ ഒറ്റഞാർ കൃഷിയിലേക്ക് ആകൃഷ്ടൻ ആക്കിയത് . അന്ന് അദ്ദേഹം ഇവിടെ വന്നു ഒരു വയലിൽ നട്ടു കാണിച്ചു തരികയായിരുന്നു . വെറും അഞ്ച് കിലോ വിത്ത് ഉണ്ടെങ്കിൽ ഒരേക്കറിലധികം സ്ഥലത്ത് ഒറ്റഞാർ കൃഷി ചെയ്യാൻ സാധിക്കും. കൂലി ചെലവ് മുതലായവ വളരെ കുറവാണ്. ഒൻപത് വനിതകളാണ് രണ്ട് ഏക്കർ സ്ഥലത്തേക്ക് കാർഷിക തൊഴിലിന് വേണ്ടി വന്നത് .
Q. ലാഭകരമായ യന്ത്രവൽക്കരണത്തിലൂടെ പോകാതിരിക്കാനുള്ള കാരണമെന്താണ് ?
എൻറെ കൈവശമുള്ള വയൽ തട്ടു തട്ടായ രീതിയിലാണ് . യന്ത്ര വൽക്കരണത്തിന് ശ്രമിക്കണം എങ്കിൽ ആദ്യം തന്നെ ഇത് ടില്ലർ ഒക്കെ വെച്ച് നിരപ്പാക്കി എടുക്കേണ്ടി വരും . യന്ത്രങ്ങളെ കൊണ്ടുള്ള കൃഷിരീതി പരിപൂർണ്ണമായി ജൈവ സമ്പ്രദായത്തിലേക്ക്  കൊണ്ടുവന്നാൽ പരിപൂർണ്ണമായി വിജയിക്കാൻ ഒട്ടും സാധ്യമല്ല. മണ്ണിൻറെ സ്വാഭാവിക ഘടന നശിപ്പിക്കുന്ന സമ്പ്രദായമാണ് ആണ് യന്ത്ര വൽകൃത കൃഷിരീതി. ഞാൻ ഇവിടെ ടില്ലർ അടിക്കുന്നു ഉണ്ടെങ്കിൽ അത് നിവൃത്തികേടുകൊണ്ട് മാത്രമായിരിക്കും. ചിലരിൽ നിന്ന് ഡീസൽ ലീക്ക് ഓയിൽ ലീക്ക് മുതലായവ മണ്ണിലേക്ക് സംഭവിക്കുന്നുണ്ട്. ഈ കെമിക്കലുകൾ മണ്ണിലേക്ക് വീഴുമ്പോൾ തന്നെ മണ്ണിൻറെ സ്വാഭാവിക ഘടനയിൽ പങ്കാളികളായ ഏതൊക്കെയോ മൂലകങ്ങളും സൂക്ഷ്മജീവികളും നമുക്ക് നഷ്ടപ്പെട്ടു പോകുന്നു . മനുഷ്യൻറെ യും മൃഗങ്ങളുടെയും വിയർപ്പ് മണ്ണിൽ വീഴുന്നതു പോലും ഒരു വളമാണ്. പൂട്ടു കാളകൾ മൂത്രമൊഴിക്കുന്നതും അവയുടെ വായിൽ നിന്നുള്ള എച്ചിൽ വീഴുന്നതു പോലും മണ്ണിലെ ചില  കാർഷിക ഘടകങ്ങളെ ഉത്തേജിപ്പിക്കാനുള്ള പ്രകൃതിദത്ത മാർഗങ്ങൾ ആയി മാറുന്നു. ഇപ്പോൾ പോൾ പണിക്കാരെ കാർഷികവൃത്തിക്ക് കിട്ടാൻ ഇല്ലാത്ത അവസ്ഥയുണ്ട്. ഇവിടെ നൂറുകണക്കിന് കന്നുകാലി സമ്പത്ത് ഉള്ള കാലത്ത് ആണ് ഞാനൊക്കെ കാളപൂട്ട് ആരംഭിക്കുന്നത്. എൻറെ രണ്ട് പൂട്ടുകാളകൾ പേര് വിളിച്ചാൽ ഓടിവരുന്ന അത്രയും ഇണക്കം ഉള്ളവരായിരുന്നു. വെറും രണ്ട് കാളകളെ വെച്ച് ഞാൻ 9 ഏക്കർ കൃഷി വളരെ ഈസിയായി നടത്തിയിട്ടുണ്ട്
Q : ഒന്നു വിശദീകരിക്കാമോ ? 
രാവിലെ അഞ്ചര മണിക്ക് തന്നെ തലേദിവസം തോട്ടത്തിൽ നിന്ന് അരിഞ്ഞ് തയ്യാറാക്കിവെച്ച പുല്ല് കാളകളെ വയറുനിറയെ കഴിപ്പിക്കും.ഇതിനോടൊപ്പം കഞ്ഞിയും തവിടും മിക്സ് ചെയ്തു കൊണ്ട് കഴിക്കാൻ കൊടുക്കും. അതുകഴിഞ്ഞ് കാളകളെ കണ്ടത്തിൽ മേയാൻ വിടും . കന്നു പൂട്ടുകാരൻ കൃത്യം ആറു മണിക്ക് എത്തണമെന്ന് ഞാൻ  നിഷ്കർഷത കാണിക്കാറുണ്ട്. ആറുമണി മുതൽ 11:00 വരെ കന്നുപൂട്ട് നടക്കും. അതിനുശേഷം ഞാനും കന്നു പൂട്ടുകാരനും കാളകളെ അഴിച്ച് കാളിന്ദിയിൽ കൊണ്ടുപോയി ഉരച്ച് കുളിപ്പിക്കും. എന്നിട്ട് വയലിൽ മേയാൻ വിടും. വൈകുന്നേരം ഉമികളഞ്ഞ തവിട് ഇട്ട് തിളപ്പിച്ച പൊടിയരിക്കഞ്ഞി കൊടുത്ത ശേഷം ആലയിൽ കിട്ടും. ഇത്തരം രീതി തുടരുന്നതുകൊണ്ട് കന്നുകാലികളുടെ ആരോഗ്യവും സ്റ്റാമിനയും എപ്പോഴും അതേപോലെ തന്നെ ഉണ്ടാകുമായിരുന്നു . നമ്മുടെ വീട്ടിലുള്ള മക്കളെ ശ്രദ്ധിക്കുന്നതു പോലെ തന്നെ കന്നുകാലികളെയും നമ്മൾ ശ്രദ്ധിക്കണം.മണ്ണിനും നല്ലത് അതുതന്നെയാണ് സൂര്യോദയത്തിനു മുമ്പ് മുമ്പ് കന്നുപൂട്ടി തുടങ്ങണം മധ്യാഹ്നത്തിനു മുമ്പ് കാളകളെ അഴിച്ചു വിടണം.അങ്ങനെ ആകുമ്പോൾ കന്നുകാലികൾക്ക് ക്ഷീണം സംഭവിക്കില്ല. പരമാവധി ഏരിയ പൂട്ടി തീർക്കാൻ സാധിക്കും. 
Q. ഇത് പഴയ താന്ത്രിക കൃഷിരീതിയിൽ പറഞ്ഞിട്ടുള്ള കാര്യമാണോ ?
Ans : താന്ത്രിക കൃഷിരീതിയിൽ മാത്രമല്ല പഴയ കാലത്ത് ഉണ്ടായിരുന്ന എല്ലാ കാർഷിക രീതിയിലും ഇതിനെപ്പറ്റി പറയുന്നുണ്ട്. നമ്മുടെ ദിനചര്യയുടെ ഭാഗമായിട്ടാണ് നമ്മൾ കാർഷിക സംസ്കാരത്തെ കാണേണ്ടത്.തൊഴിലാളികൾ എത്തുന്നതിനുമുമ്പ് തൊഴിലുടമ പണിസ്ഥലത്ത് എത്തിയിട്ടുണ്ടാകണം. ആ കാർഷിക സമ്പ്രദായപ്രകാരം 24 മണിക്കൂറും 365 ദിവസവും കർഷകൻ പറ്റുമെങ്കിൽ കൃഷി സ്ഥലത്ത് തന്നെ ഉണ്ടാകണം. രാവിലെ കന്നു പൂട്ടുകാർ എത്തുന്നതിനുമുമ്പ് കെട്ടിനിർത്തിയ വെള്ളം ആവശ്യത്തിനുള്ള അളവിൽ നിർത്തി അതിൻറെ ബാക്കി ഒഴിവാക്കിയിട്ടുണ്ടാകണം. കൃഷിക്ക് ആവശ്യമായ അന്തരീക്ഷം ഒരുക്കി കൊടുക്കുകയാണ് തൊഴിലുടമ ചെയ്യേണ്ടത് ജന്മിയായി നിൽക്കുകയല്ല.
Q : ഏറുമാടം കെട്ടി കാട്ടുമൃഗങ്ങളോടു പോരാടിയിട്ടല്ലേ കാർഷിക രംഗം ഇവിടം വരെ എത്തിയത് ?
Ans : പോരാട്ടം എന്ന വാക്ക് തന്നെ തെറ്റാണ്. മൃഗങ്ങളോട് സൗഹൃദം സ്ഥാപിച്ചു കൊണ്ടുമാത്രമേ ഈ മണ്ണിൽ കൃഷി ഇറക്കാൻ സാധിക്കുകയുള്ളൂ. കാരണം ഇത് അവരുടെ സ്വന്തം മണ്ണാണ്.ആനകൾ സഞ്ചാരികളാണ്. ആദിമ കാലത്ത് മനുഷ്യന്മാർ ഗോത്ര യാത്ര നടത്തിയിരുന്നത് പോലെ ആനകളും കൂട്ടമായി സഞ്ചരിച്ചു കൊണ്ടേയിരിക്കുന്നു. കഴിഞ്ഞവർഷം കൂട്ടമായി വന്ന ആനകളിൽ ഒരാൾ മാത്രമേ അടുത്ത വർഷം ഇവിടെ എത്തിപ്പെടുന്നുള്ളൂ. ആനകളുടെ ഒക്കെ ഓർമശക്തി അത്ഭുതാവഹമാണ്. നമുക്ക് അതിനെക്കുറിച്ച് ചിന്തിക്കുക പോലും സാധ്യമല്ല. നമ്മളെക്കാൾ എത്രയോ മര്യാദ ആനകൾക്ക് ഒക്കെ ഉണ്ട് .  എന്താണ് അഭിമാനം എന്താണ് അന്തസ്സ് എന്താണ് ആഭിജാത്യം എന്നൊക്കെ ഇത്തരം മൃഗങ്ങളിൽ നിന്നാണ് നമ്മൾ കണ്ടു പഠിക്കേണ്ടത്.മൃഗങ്ങളെ നമ്മൾ ഗുരുസ്ഥാനത്ത് കണ്ട് ബഹുമാനിച്ചു കൊണ്ട് കൃഷിയിൽ ഏർപ്പെടണം. ഞാൻ വിശ്വസിക്കുന്നത് എന്നോട് മുജ്ജന്മ ബന്ധം ഉള്ള ഏതൊക്കെയോ മൃഗങ്ങൾ എൻറെ കാർഷിക ഉൽപ്പന്നങ്ങളിൽ നിന്ന് ഒരുപിടി കഴിച്ച് സന്തോഷിച്ച് തിരികെ പോകാൻ ആഗ്രഹിച്ചു വരുന്നു എന്ന് മാത്രമാണ്. രാത്രി കാവലിന് പുറത്തുള്ളവരെ ഏർപ്പാടാക്കുമ്പോൾ വല്ലാതെ ശ്രദ്ധിക്കേണ്ടി വരാറുണ്ട് . ചില ആനകൾ വെളിച്ചം കണ്ടാൽ തിരിഞ്ഞ് ഓടും ചിലത് വെളിച്ചത്തിന് നേരെ ആക്രമിക്കാനും വരാറുണ്ട്. വന്യമൃഗങ്ങളുടെ സ്വഭാവം പ്രവചിക്കുക ഒരിക്കലും സാധ്യമല്ല. മൃഗങ്ങളുടെ ചലനം സമ്പൂർണമായി നിരീക്ഷിച്ചശേഷം മാത്രമേ പാട്ട കൊട്ടി ബഹളമുണ്ടാക്കാനും പന്തം കത്തിച്ച് ഭയപ്പെടുത്താനും ഒക്കെ പാടുള്ളൂ. പുതിയ തലമുറയ്ക്ക് ഇത്തരം കാര്യങ്ങളിൽ ക്ഷമ വളരെ കുറവാണ്.രാത്രികാലങ്ങളിൽ തീയൊക്കെ കൊളുത്തി ഏറുമാടം കെട്ടി അവിടെ താമസിക്കുന്നത് അടിയാന്മാരുടെ ഒപ്പം തന്നെയാണ്. അവർ ഒന്നു വീട്ടിൽ പോയി വരുമ്പോഴേക്കും അവർ പറയുന്ന ജോലി സ്ഥലം ഉടമയായ നമ്മൾ ചെയ്തിരിക്കണം. അങ്ങനെ ഒരു കൂട്ടുത്തരവാദിത്വത്തിലൂടെ മാത്രമേ കൃഷി മുന്നോട്ട് പോവുകയുള്ളൂ .
Q : ജൈവകൃഷിയിൽ ഇതുവരെ എത്ര വർഷങ്ങളിൽ മുടക്കുമുതൽ തിരികെ കിട്ടിയിട്ടുണ്ട് ?
Ans : ഈ ചോദ്യം ഒഴിവാക്കാനാണ് ഞാൻ ആദ്യമേ പറഞ്ഞത് .ഇതൊരു സംസ്കാരമാണ് ഇതൊരു ദിനചര്യയാണ്.അതുകൊണ്ടുതന്നെ ഇതിൽ ലാഭചേതങ്ങളുടെ ബാലൻസ് ഷീറ്റ് ഞങ്ങളുടെ ജീവിതത്തിൽ ഉണ്ടാകാറില്ല. രാസവളം വാരിയിട്ട് വ്യാവസായിക അടിസ്ഥാനത്തിൽ ലാഭമുണ്ടാക്കാൻ ആയി കൃഷിയെ സമീപിക്കുന്നത് മണ്ണിനെ കൊല്ലുന്ന പരിപാടിയാണ്.ജീവിത ഉപാധിയായി കൃഷിയെ കാണേണ്ടതില്ല.ജീവിതമായി തന്നെ കാണുക. ചിന്തയിൽ വ്യത്യാസം വരുമ്പോഴാണ് കാർഷിക ലാഭം എന്ന വിചാരത്തിൽ എത്തിച്ചേരുന്നത്.ഇത്തരമൊരു രീതി കാരണം ഒരുതവണ ബാങ്കിൻറെ ജപ്തി നടപടികളുടെ വക്കത്ത് വരെ എത്തിച്ചേർന്ന അനുഭവവും ഉണ്ട് . 
Q : താങ്കളുടെ കൃഷിരീതിയിൽ മുമ്പ് നമ്മൾ സാമൂഹ്യശാസ്ത്രത്തിൽ പഠിക്കുന്ന നദീതടസംസ്കാരം അതേപടി പകർത്തപ്പെട്ടതായി കാണുന്നു . ഇതെങ്ങനെ സംഭവിച്ചു ?
Ans : അർഹതയുള്ളവൻ അർഹതപ്പെട്ടത് എത്തിച്ചേരുന്നു എന്നതു മാത്രമേ ഇതിൽ എനിക്ക് പറയാനുള്ളൂ .1921 എൻറെ മുത്തശ്ശി ഒരു മുഹമ്മദീയനിൽ നിന്ന് വിലകൊടുത്തുവാങ്ങിയ വയലും തോട്ടവും ജൈവ ഘടനയിൽ മാറ്റം ഒന്നും വരുത്താതെ ഇപ്പോഴും ഞാൻ നിലനിർത്തി കൊണ്ടു പോകുന്നു. 
Q.എങ്ങനെയാണ് നെൽകൃഷിയിൽ പിടിച്ചുനിൽക്കാൻ സാധിക്കുന്നത് ?
പ്രളയം ബാധിച്ച് വൈകി നട്ടതിനാൽ ഇത്തവണ നെല്ല് കതിരിട്ടത് വൃശ്ചികത്തിൽ ആണ് . അതുകൊണ്ടുതന്നെ നല്ല വിളവ് കിട്ടുമോ എന്ന കാര്യത്തിൽ സംശയമുണ്ട്.പൊട്ടു നെല്ലാണ് കൂടുതൽ കിട്ടുക. കന്നുകാലിക്കുള്ള പുല്ലും അടുത്ത സീസണിലേക്കുള്ള വിത്തും തീർച്ചയായും കിട്ടും എന്നത് ചെലവ് കുറഞ്ഞ രീതി ആയതിനാൽ സന്തോഷം തരുന്ന കാര്യമാണ്. 
Q പാലക്കാടൻ കൃഷിരീതിയും വയനാടൻ മണ്ണുമായി യോജിച്ചു പോകുന്നുണ്ടോ ?
മണ്ണിന് ആവശ്യമുള്ള മൂലകങ്ങളെ കണ്ടറിഞ്ഞു കൊടുക്കുന്ന രീതിയാണ് പാലക്കാടിന്റേത് . മണ്ണിൽ ഇലകൾ വെട്ടിയിടുകയും വേനൽക്കാലത്ത് ചെറുപയർ മുതിര എള്ള് മുതലായവ വിതയ്ക്കുകയും മഴക്കാലം അടുക്കുമ്പോൾ അത് വിളവെടുത്താലും ഇല്ലെങ്കിലും  വയലിലെ മണ്ണിലേക്ക് ഉഴുതുമറിച്ച് ചേർക്കുകയും ചെയ്യുന്ന പതിവുണ്ട്.ഏരി മണ്ണ് അഥവാ കുള മണ്ണ് വെട്ടുക എന്ന സമ്പ്രദായം പാലക്കാട് നിന്ന് വന്നു ചേർന്നതാണ് .അവിടെ വയലുകളിൽ തലക്കു ഭാഗത്ത്  അങ്ങിങ്ങായി കുളങ്ങൾ നിർമ്മിച്ച് ഇടുക പതിവാണ്. കുളത്തിൽ വേനൽക്കാലമായാൽ വെള്ളം സ്വാഭാവികമായി വറ്റും.ആ അവസരത്തിൽ പിള്ളച്ചേറ് രൂപത്തിൽ അതുവരെ ആ വായിൽ നിന്ന് ഒഴുകി നഷ്ടപ്പെട്ടുപോയ ഓരോ മൂലകങ്ങളും ഈ കുളത്തിലേക്ക് ഒഴുകി എത്തിയിട്ടുണ്ടാകും.തോടുകളിൽ ഉള്ള മണ്ണും ഇതുപോലെ തന്നെയാണ്. ഈ മണ്ണ് കൊത്തിയെടുത്ത ശേഷം വയലുകളിലേക്ക് തിരികെ നിക്ഷേപിക്കും. എട്ടുമാസത്തോളം വെയിൽ പോലും കൊള്ളാതെ കുളത്തിന് അടിയിൽ അതിൽ ഊറിക്കൂടിയ ഈ മണ്ണ് ലോകത്തിലെ ഏറ്റവും മികച്ച ജൈവവള ത്തിൻറെ ഫലമാണ് ചെയ്യുക.ഇതുകൊണ്ട് തോടും വൃത്തിയാകും.മഴക്കാലത്ത് തോട് വൃത്തിയാക്കിയാൽ വിപരീതഫലമാണ് ഉണ്ടാവുക എന്ന് ഓർമ്മിക്കണം.ഈ കുളം മണ്ണ് വെട്ടൽ ഒരു ചാക്രിക സമ്പ്രദായമായി തുടർന്ന് പോവുകയാണ് വേണ്ടത്.അങ്ങനെ ആകുമ്പോൾ  മറ്റു വളങ്ങൾ അന്വേഷിച്ചു പോകേണ്ട ആവശ്യം കുറവാണ്. 
വയലിൻറെ തലഭാഗത്ത് ഒരു കുഴി  ഉണ്ട് .പുതുമഴയ്ക്ക് ഉണ്ടാകുന്ന എല്ലാ കാട്ടു ചെടികളും പച്ചിലകളും പക്ഷിമൃഗാദികളുടെ കാഷ്ടം വീണ് കാട്ടിലെ മണ്ണും എല്ലാം ഈ കുളത്തിലേക്ക് ഒഴുകി വീണു കുളം നിറയും. ആ നിറഞ്ഞ ജൈവ കൂട്ട് കൊണ്ടുവന്ന് അട്ടിയട്ടിയായി പച്ചിലകൾ ചാണകം എന്നിവയോടൊപ്പം കൃത്യമായ അനുപാതത്തിൽ ഇട്ട് ഗോ മൂത്രം ഒഴിച്ച് ടാർപായ കൊണ്ട് മൂടി വെക്കും ഇത് സ്വാഭാവികമായി ഇത് സ്വാഭാവികമായി ഉണങ്ങിപ്പൊടിഞ്ഞ് ജൈവവളം ആയിരിക്കുന്നതായി കാണാം .ഇതാണ് ചാണകപ്പൊടി എന്ന് പറയുന്നത്. ഡ്രമ്മുകൾ നിറയെ ഗോമൂത്രം ചാണകം പച്ചിലകൾ എന്നിവ ഇട്ട് മാസങ്ങളോളം അടച്ചു വെക്കും . ഇത് ഗോബർ ഗ്യാസ് പ്ലാന്റിനോളം വാതക വികിരണ ശക്തിയുള്ള ജൈവ വളക്കൂട്ട് ആയി മാറുന്നു.
Q. ആധുനിക കൃഷി രീതിയിൽ നിന്ന് ഇതിനുള്ള വ്യത്യാസം എന്താണ് ?
Ans : ആധുനിക കൃഷിരീതി വിത്തു മുതൽ എന്നാണ് പറയുന്നത് . പക്ഷേ ഇതുപോലെയുള്ള പല ജൈവ അംശങ്ങളെ യും ഇല്ലാതെ ആക്കിയ ശേഷം ആണ് ആധുനിക രീതിയിൽ കൃഷി ആരംഭിക്കുന്നത്.മേൽപ്പറഞ്ഞ വള കൂട്ടുകൾ ചേർത്ത മണ്ണിൽ എത്ര എത്ര നിർജ്ജീവ അവസ്ഥയിൽ ഉള്ള വിത്ത് ആയാലും ഒരു കുഞ്ഞു ജീവന സാധ്യത എങ്കിലും ഉണ്ടെങ്കിൽ അത് മുളച്ചുവന്ന് കരുത്തുള്ള ചെടിയായി മാറിയിരിക്കും.
Q. ഗവൺമെൻറ് കൃഷി ഉദ്യോഗസ്ഥർക്ക് എങ്ങനെയാണ് ഈ രീതി കളോടുള്ള സമീപനം ? 
Ans : ഏതാനും ചില ഉദ്യോഗസ്ഥർ അനുഭാവപൂർവം പെരുമാറുന്നു. ഞാൻ ജൈവ കൃഷിയുടെ കാര്യത്തിൽ നക്സലൈറ്റ് ആണ് . ജൈവകീടനാശിനികൾ പോലും ഞാൻ ഉപയോഗിക്കാറില്ല.മിത്ര കീടത്തെയും ശത്രു കീടത്തെയും നമുക്ക് തിരിച്ചറിയാൻ സാധിക്കാത്ത  അവസ്ഥയിൽ എങ്ങനെയാണ് ജൈവകീടനാശിനി ഉപയോഗിക്കുന്നത് ? ഗൗളിയും എട്ടുകാലിയും കൂറയും താറാവും കോഴിയും എല്ലാം നമ്മളെ പല രോഗങ്ങളിൽ നിന്നും രക്ഷിക്കുന്നുണ്ട്.അടപ്പുള്ള പാത്രങ്ങൾ ഉപയോഗിച്ച് മനുഷ്യൻ സ്വയം നന്നാവുകയാണ് വേണ്ടത്.അല്ലാതെ മിത്ര കീടങ്ങളെ കൊന്നൊടുക്കുക അല്ല . പല്ലിയും പാറ്റയും കൊല്ലുക എന്ന ഉദ്ദേശത്തിൽ അടിക്കുന്ന സ്പ്രേ നമുക്ക് ശ്വാസകോശസംബന്ധമായ അസ്വസ്ഥതകൾ ഉണ്ടാക്കുന്നുണ്ട്. ഇതിനെതിരെ ആധുനിക വൈദ്യശാസ്ത്രത്തിൽ ഒന്നും ആരും പ്രതികരിച്ചു കാണുന്നില്ല. ഒരുതവണ ഉപയോഗിക്കുന്ന ഇന്ന് കീടനാശിനികളുടെ സ്വാധീനം ഒരു നൂറ്റാണ്ടിനു ശേഷവും മണ്ണിൽ കിടക്കുന്നുണ്ട് എന്ന് കണ്ടെത്തിയിരിക്കുന്നു ഈ ആധുനിക യുഗത്തിൽ ഉള്ള അമ്മമാരുടെ മുലപ്പാലിൽ വരെ കീടനാശിനികളുടെയും രാസവളങ്ങളുടെയും അംശം അടങ്ങിയിട്ടുള്ളതായി ആധുനിക
വൈദ്യശാസ്ത്രം വെളിപ്പെടുത്തുന്നു.അമ്പലങ്ങളിൽ വരെ രാസ കളനാശിനി ഉപയോഗിക്കുന്നുണ്ട് . 
Q : വയനാട്ടിൽ 1965 മുതൽ 80 വരെയുള്ള കാലഘട്ടം കൃഷിക്കാരനെ സംബന്ധിച്ച് അനാവശ്യ സിദ്ധാന്തങ്ങൾ അടിച്ചേൽപ്പിച്ച് ഒരു തലമുറയെ കൃഷിയിൽനിന്ന് വിഘടിപ്പിച്ചു കളയുന്ന ഒരു കാലഘട്ടം ആയിരുന്നു. ഇത്തരം സ്വാധീനങ്ങളിൽ താങ്കൾ പെട്ടു പോയിട്ടുണ്ടോ ? അത് താങ്കളുടെ കാർഷികവൃത്തിയെ ബാധിച്ചിട്ടുണ്ടോ ? കാരണം ആ കാലഘട്ടത്തിൽ താങ്കൾ തീക്ഷ്ണയൗവനത്തിൽ ആയിരിക്കുമല്ലോ ?
Ans : മറ്റ് എല്ലാവരുടെയും യും ജീവിതകാലഘട്ടം പോലെ തന്നെ ഞാനും ആ പ്രായത്തിൽ ഏതു പ്രത്യയ ശാസ്ത്രം സ്വീകരിക്കണമെന്ന് ആശയക്കുഴപ്പത്തിലായിരുന്നു .കൃത്യമായി അന്വേഷിച്ച് ആലോചിച്ച് പഠിക്കുന്ന സ്വഭാവക്കാരൻ ആയതിനാൽ അവയെപ്പറ്റി ഗഹനമായി പഠിക്കുകയും അതിൽ പൊരുത്തക്കേടുകൾ ദർശിക്കാൻ സാധിക്കുകയും എൻറെ ചിന്താഗതിക്ക് യോജിക്കുന്ന ദർശനങ്ങൾ അല്ല എന്ന് തിരിച്ചറിയുകയും അവയിൽനിന്ന് ഇന്ന് കൃത്യമായ അകലം പാലിക്കുകയും ചെയ്തു. പക്ഷേ ഇതൊന്നും ശരിയല്ല എന്ന രീതിയിലുള്ള ബോധവൽക്കരണവുമായി ഞാൻ ഒരിക്കലും മുന്നോട്ടു പോയിട്ടില്ല .സ്വയം തിരിച്ചറിഞ്ഞ് എൻറെ കൂടെ വന്നവരെ ഞാൻ ഇരുകൈയും നീട്ടി സ്വീകരിക്കുകയും അവരുടെ ജീവനും ഉറപ്പുവരുത്തുകയും ചെയ്തു. ബോധവൽക്കരണത്തിന് ഉള്ള പ്രാപ്തി ഒന്നും എനിക്കില്ല അതാത് കാലഘട്ടത്തിൽ അതാത് വിശ്വാസം സ്വീകരിക്കുക അതിൽ സമാധാനം കണ്ടെത്തുക എന്ന് മറ്റുള്ളവരുടെ ജന്മ സ്വാതന്ത്ര്യത്തെ ഞാൻ ഒരിക്കലും നിഷേധിക്കാൻ പോവുകയില്ല.
Q : അറിഞ്ഞിടത്തോളം താങ്കൾ ഇത്രയും കാലത്തെ പര്യവേഷണത്തിലൂടെ എത്തിച്ചേർന്നിരിക്കുന്നത് ജൈവ കർഷക ഗുരുകുലം എന്ന കാർഷിക പഠന സർവകലാശാല എന്ന ആശയത്തിലേക്ക് ആണ് . അത് എവിടം വരെ എത്തിയിരിക്കുന്നു ?
അതിനത്യാവശ്യമായ കെട്ടിടങ്ങളും മറ്റുകാര്യങ്ങളും ഇവിടെ സജ്ജമായി കൊണ്ടിരിക്കുന്നു . ആ പഠനരീതി പ്രകാരം ഈ കൃഷി രീതിയിൽ ആകൃഷ്ടരായി വരുന്നവർക്ക് കൃഷിയുടെ ബാലപാഠം ആണ് ആദ്യം പകർന്നു കൊടുക്കുക. എല്ലാം ഒന്ന് കണ്ടും അറിഞ്ഞും മനസ്സിലാക്കാനുള്ള സൗകര്യമാണ് ഒന്നാമത്തെ ഘട്ടം. കൃഷിവകുപ്പ് ഒക്കെ ഇടപെട്ട് പാസാക്കി തന്ന ഒരു പഴയ ഫാം സ്കൂൾ തന്നെയാണ് ഇത്. ഞാൻ ദൂരെ ചെന്ന് ക്ലാസ് എടുക്കുമ്പോൾ എൻറെ കൃഷി നോക്കാൻ പറ്റാതെ ആയി പോകുന്നു.കർഷകൻറെ വീട്ടിൽ ചെന്ന് വയലിൽ കൃഷി പഠിക്കുകയാണ് വേണ്ടത്. പ്രോജക്ടർ വെച്ചിട്ടുള്ള സെമിനാറുകൾ ഡയറിയിൽ എഴുതാൻ മാത്രമേ കൊള്ളുകയുള്ളൂ. കാർഷിക ശില്പശാല എന്ന വാക്ക് ഉച്ചരിക്കരുത് . ശില്പങ്ങൾക്ക് സംസാരശേഷിയും സംവേദനക്ഷമതയും ഇല്ലല്ലോ . ശില്പങ്ങൾ ആകാൻ താൽപര്യമുള്ളവർക്ക് മാത്രം അങ്ങോട്ട് പോയാൽ മതിയല്ലോ.അല്ലാത്തവർ ഗുരുകുലത്തിൽ വന്ന് പ്രാചീന രീതിയിലുള്ള സത്യസന്ധമായ മണ്ണ് അറിയുന്ന  കൃഷി പഠിക്കട്ടെ . കണ്ടു പോകാൻ ആഗ്രഹിക്കുന്നവർക്ക് ഒരു ദിവസം മാത്രം ഇവിടെ താമസിക്കാം.ആകൃഷ്ടരാകുന്നവർക്ക് വീണ്ടും ഇവിടെ വരാം . സൺഡെ ഫാമിംഗ് എന്ന പേരിൽ ഞായറാഴ്ചകളിൽ സന്ദർശകർക്ക് വരാനുള്ള സംവിധാനം ഇവിടെ ഒരുങ്ങി വരുന്നു.ആഴ്ചയിൽ ഒരു ദിവസമെങ്കിലും കൃഷിയിടത്തിൽ വരികയും കഴിഞ്ഞ ആഴ്ച ചെയ്ത കൃഷിയുടെ ബാക്കി എന്തായി എന്ന് കാണുകയും ചെയ്താൽ താല്പര്യമുള്ളവർ കൂടുതൽ ദിവസം കൃഷിക്കുവേണ്ടി ചെലവഴിക്കുകയും ചിലപ്പോൾ സമ്പൂർണ്ണ ജൈവ കൃഷിക്കാർ തന്നെ ആയിത്തീരുകയും ചെയ്യാൻ സാധ്യതയുണ്ട് എന്ന പ്രതീക്ഷയാണ് ഇവിടെ പുലർന്നു പോകുന്നത്. എന്തായാലും ഇവിടെ വന്ന് ആകൃഷ്ടരായി പഠിക്കാൻ ശ്രമിക്കുന്നവർ ഇതുവരെ ലോകത്തൊരിടത്തും മോശക്കാർ ആയിട്ടില്ല.വിവിധ കാർഷിക സർവകലാശാലകളിൽ നിന്നൊക്കെ വരുന്ന വിദ്യാർത്ഥികൾ ഇവിടെയുള്ള മണ്ണ് കൊണ്ടുപോയി പരിശോധിച്ചപ്പോൾ ഓരോ സീസണിലും വിവിധ തരത്തിലുള്ള ഇനി തീരാൻ സാധിക്കാത്ത അത്ര സൂഷ്മാണുക്കളെ കണ്ടെത്താൻ കഴിഞ്ഞു എന്ന്സാക്ഷ്യപ്പെടുത്തിയിട്ടുണ്ട് .
Q : ഭക്തിയും കൃഷിയും എങ്ങനെ പരസ്പരം സന്നിവേശിപ്പിച്ചു കൊണ്ടുപോകുന്നു ? താങ്കൾ പുലർച്ചെ ബ്രാഹ്മമുഹൂർത്തത്തിൽ  ഉണർന്ന് സൂര്യനെ  തുറന്നു വിടുക എന്ന കർമ്മം വരെ ചെയ്യുന്ന വ്യക്തി ആണല്ലോ ?
Ans : കഴിഞ്ഞ നാല് വർഷത്തോളമായി ഞാൻ തിരുനെല്ലിയിൽ ബലിതർപ്പണം ചെയ്യിക്കുന്ന വാദ്ധ്യാർ ആയി പ്രവൃത്തി ചെയ്യുന്നു .ബലി കർമ്മങ്ങളെ അന്ധവിശ്വാസം എന്നു പറഞ്ഞു തള്ളിക്കളയരുത് . അത് വർഷത്തിലൊരിക്കൽ പിതൃക്കളെ സ്മരിക്കാനുള്ള ഒരു ദിവസം മാത്രമല്ല നമ്മൾ ആരാണെന്നും നമ്മൾക്ക് ആരൊക്കെ ഉണ്ടെന്നും നമ്മൾക്ക് ആരൊക്കെ ഉണ്ടായിരുന്നു എന്നും നമ്മൾ അവസാനം എന്തായി തീരുമെന്നും നമ്മൾക്ക് വേണ്ടി ആരൊക്കെ എന്തു ചെയ്യാൻ എന്തൊക്കെ ചെയ്യാൻ സാധ്യതയുണ്ടെന്നും ഒക്കെ പഠിച്ച് അറിയാനുള്ള ഒരു അവസരംകൂടിയാണ് ബലിതർപ്പണം. അത് വിവിധ മതസ്ഥരിൽ വിവിധരൂപങ്ങളിൽ ആചരിക്കപ്പെടുന്ന ഒരു കാര്യം കൂടിയാണ്. സമസ്താപരാധം ക്ഷമസ്വ എന്നാണ് ബലിതർപ്പണ ഈ സമയത്ത് നമ്മൾ ഏറ്റു പറയുന്നത്. ചാതുർവർണ്യത്തിൻറെ പേരിൽ അത്യാവശ്യം ചെയ്യേണ്ട പല ആചാരങ്ങളും നമ്മൾ ഗൂഢമായി വെക്കുകയും പലർക്കും പകർന്നു കൊടുക്കാതിരിക്കുകയും ചെയ്തിട്ടുണ്ട്. ഇത്തരം ആചാരങ്ങൾ എല്ലാം ആദ്യകാലത്ത് എല്ലാ മനുഷ്യന്റെയും ജീവിത രീതിയിലുള്ളതായിരുന്നു .അതിലെല്ലാം അതിൻറെതായ ശാസ്ത്രീയതയും ഉണ്ടായിരുന്നു . മന്ത്രത്തിന്റെ ശക്തി എന്ന് പറഞ്ഞാൽ അതാത് സമയത്ത് പകർന്നുതരുന്ന ഊർജ്ജം മാത്രമാണ് .ഈ ഊർജ്ജം കാറ്റിൻറെ മർമ്മരത്തിൽ പോലും നമുക്ക് ദർശിക്കാൻ സാധിക്കും. നമ്മുടെ ശരീര ശാസ്ത്രത്തിൻറെ ഭാഗമായിട്ടാണ് പിതൃകർമ്മങ്ങൾ ഒക്കെ സൃഷ്ടിക്കപ്പെട്ടിട്ടുള്ളത്.അച്ഛനുമമ്മയും ഉൾപ്പെട്ട ഏഴു തലമുറയ്ക്കും പശു പൂച്ച ശ്വാനൻ മുതലായ നാൽ കാലികൾക്കും ഗുരുക്കന്മാർക്കും ഗുരുപത്നി മാർക്കും സ്നേഹിതൻമാർക്കും വൃക്ഷങ്ങൾക്കും ഇങ്ങനെ മരിച്ചുപോയ സകലർക്കും വേണ്ടിയാണ്  നമ്മൾ പിതൃകർമ്മം ചെയ്യുന്നത് . ആരും ഒന്നും  അന്യരല്ല എന്ന് നമ്മളെ ഓർമ്മിപ്പിക്കുന്ന ഒരു ചടങ്ങ് കൂടിയാണ് പിതൃതർപ്പണം .നമ്മുടെ ജീവിതശൈലിയിൽ നന്മ വരാൻ വേണ്ടിയാണ് ഇത്തരം ആചാരങ്ങളെ സൃഷ്ടിച്ചിട്ടുള്ളത്.അനാവശ്യമായി ഒരു പട്ടിയെ പോലും കല്ലെടുത്ത് എറിയരുത് എന്നു പറയുന്നതും ഇതുകൊണ്ടൊക്കെ തന്നെയാണ്. 
Q. ജൈവ ഭക്ഷണം നിർബന്ധമാക്കണമെന്ന്  ഉപദേശം കൊടുക്കാറുണ്ടോ ?
Ans : അറിഞ്ഞിടത്തോളം ഒരു കഷണം മാംസം ഒരു മനുഷ്യൻറെ വയറ്റിൽനിന്ന് സമ്പൂർണ്ണമായി ദഹിച്ചു പോകാൻ 21  ദിവസത്തോളമെടുക്കുന്നുണ്ടത്രേ . ഓരോ മതക്കാർക്കും വ്രത കാലാവധി നിശ്ചയിച്ചിട്ടുള്ളത് വൃശ്ചികം ധനു മാസങ്ങളിലാണ് .ഈ കാലഘട്ടത്തിലാണ് പ്രകൃതി ദത്തമായി മൃഗങ്ങൾക്കും മീനുകൾക്കും ഒക്കെ കൊഴുപ്പ് കൂടുന്നുണ്ട് .ഈ സമയത്ത് മാംസം കഴിക്കുന്നത് ദഹനത്തിനുള്ള ഊർജ്ജം കൂടുതൽ ഉപയോഗപ്പെടുത്താൻ ശരീരം നിർബന്ധിതമാകുന്നു . അതുകൊണ്ടുതന്നെ നോയമ്പുകൾ വിശ്വാസമില്ലാതെ അനുഷ്ഠിക്കുന്നത് പോലും ശരീരത്തിന് നന്മ മാത്രമേ കൊണ്ടു വരികയുള്ളൂ . യുക്തിവാദികളോട് തർക്കിക്കാൻ ഞാൻ നിൽക്കാറില്ല. അത് അവരുടെ വിശ്വാസത്തെയും സമയത്തെയും അപഹരിക്കുകയും എൻറെ സമയത്തെ നഷ്ടപ്പെടുത്തുകയും ചെയ്യുന്നു. അവരെ അവരുടെ വഴിക്ക് തന്നെ സഞ്ചരിക്കാൻ വിടുകയാണ് നല്ലത് എന്ന് തോന്നുന്നു. എന്തൊക്കെയോ ആരൊക്കെയോ ആണ് ആണ് എന്ന് അഹങ്കരിച്ചു നടന്ന നമ്മൾ ഒന്നുമല്ല ആരുമല്ല എന്ന് അർത്ഥം മനസ്സിലാക്കി തിരിച്ചറിയുന്ന ദിവസമാണ് പിതൃതർപ്പണ ദിനം . നെഗറ്റീവ് തോട്സ് ഉപേക്ഷിക്കാനുള്ള വഴിയാണ് ഇവിടെ നടക്കുന്നത്. 
Q : കൃഷി തുടങ്ങാൻ പറ്റിയ പ്രായം ഏതാണ് ?
Ans : പിച്ചവെച്ചു നടക്കാൻ ആകുമ്പോൾ പിഞ്ചു കുഞ്ഞിനെ കയ്യിൽ വിത്ത് കൊടുത്ത് മണ്ണിലേക്ക് എറിയാൻ ആവശ്യപ്പെടുക. അത് മുളച്ചുവോ എന്ന് നോക്കാൻ ആവശ്യപ്പെടുക.മുളച്ചു എങ്കിൽ വെള്ളമൊഴിക്കാൻ ആവശ്യപ്പെടുക .എങ്കിൽ അവസാനശ്വാസം വരെ മണ്ണിനൊപ്പം നിൽക്കാൻ അവർക്കു സാധിക്കും.  വിത്തുമുളച്ച് പുതുജീവൻ നാമ്പെടുക്കുന്ന ഒരു സങ്കല്പം ചെറുപ്രായം മുതൽ തന്നെ കുട്ടികളുടെ മനസ്സിൽ ഉണ്ടെങ്കിൽ  അവർക്ക് ഒരിക്കലും കൃഷിയെ വെറുക്കാൻ സാധിക്കുകയില്ല .നിർബന്ധിത വനവൽക്കരണത്തേക്കാൾ നമുക്ക് ആവശ്യം നിലവിൽ ഉള്ള വനങ്ങൾ നശിപ്പിക്കാതെ സംരക്ഷിക്കുക എന്നതാണ് . ശല്യക്കാർ എന്നുപറയുന്ന തേക്കുമരങ്ങൾക്ക് ഇടയിൽ പോലും  കാടിനുള്ളിൽ മിത്ര വൃക്ഷങ്ങൾ വളർന്നുകൊണ്ടിരിക്കുന്നുണ്ട് . കാടിനുള്ളിൽ കടന്നുകയറാൻ ആരെയും അനുവദിക്കരുത്. ഒരർത്ഥത്തിൽ പറഞ്ഞാൽ ഈ ഫോറസ്റ്റ് ഡിപ്പാർട്ട്മെൻറ് തന്നെ പിരിച്ചു വിടുകയാണ് വേണ്ടത് . അവർ മരാമത്തുകൾ ഉണ്ടാക്കുകയും പണം നശിപ്പിക്കുകയും ചെയ്യുക എന്നതിലപ്പുറം ഒരു ഉപകാരവും നാടിനുവേണ്ടി കാടിനുവേണ്ടി ഒന്നും ചെയ്യുന്നില്ല . വനത്തിലെ നീർച്ചാലുകൾ തടയണ കെട്ടുക എന്നത് പോലെയുള്ള വിഡ്ഢിത്തങ്ങളാണ് അവർ ഇപ്പോൾ അനുഷ്ഠിച്ചു കൊണ്ടിരിക്കുന്നത്. പറ്റുമെങ്കിൽ കാട്ടിലേക്ക് പോകാതിരിക്കുക. അതു പോലും ഒരു അതിക്രമം തന്നെയാണ് . നിങ്ങൾ നടുന്ന മരങ്ങൾ ഒന്നും കാർഡിന് ആവശ്യമില്ല . കള്ളിമുൾ ചെടികൾ ചട്ടിയിൽ വളർത്തുന്നുണ്ടെങ്കിൽ നിങ്ങളുടെ വളർത്തു ആവശ്യങ്ങൾ കഴിഞ്ഞാൽ അതിനെ വേരോടെ കൊത്തിപ്പറിച്ചു കല്ലിൽ അരച്ച് നശിപ്പിച്ചു കളയുക. മണ്ണിൽ തൊടുവിക്കാൻ പാടില്ല .എനിക്ക് സ്വപ്നങ്ങൾ ഒന്നും ഇല്ല . രോഗങ്ങൾ ഒന്നുമില്ലാതെ ഏറ്റവും നന്നായി ജീവിച്ചു പോകുക എന്നത് തന്നെ സ്വപ്ന സമാനമായ ഒരു കാര്യമാണ്.
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *