രാഹുല്‍ഗാന്ധി നാളെ നായിക്കുന്ന ട്രാക്ടര്‍ റാലി രാഷ്ട്രീയ നാടകമെന്ന് എല്‍ഡിഎഫ്


Ad

കല്‍പ്പറ്റ: രാഹുല്‍ഗാന്ധി എംപി നാളെ രാവിലെ തൃക്കൈപ്പറ്റയില്‍നിന്നു മുട്ടിലേക്കു നയിക്കുന്ന ട്രാക്ടര്‍ റാലി രാഷ്ട്രീയ നാടകമാണെന്നു എല്‍ഡിഎഫ് ജില്ലാ കമ്മിറ്റി പ്രസ്താവനയില്‍ കുറ്റപ്പെടുത്തി. കര്‍ഷകവിരുദ്ധ കാര്‍ഷിക നിയമങ്ങള്‍ക്കെതിരെ രാജ്യവ്യാപകമായി നടക്കുന്ന കര്‍ഷക സമരത്തിനു ഐക്യദാര്‍ഢ്യം അറിയിച്ചാണ് രാഹുല്‍ഗാന്ധിയുടെ നേതൃത്വത്തില്‍ ആറു കിലോമീറ്റര്‍ ട്രാക്ടര്‍ റാലിയെന്നാണ് യുഡിഎഫ് ജില്ലാ നേതൃത്വം പറയുന്നത്. രാജ്യത്തിന്റെ കാര്‍ഷിക മേഖലയെ കോര്‍പറേറ്റുകള്‍ക്കു തീറെഴുതുന്ന കാര്‍ഷിക നിയമങ്ങള്‍ക്കെതിരെ ഡല്‍ഹി അതിര്‍ത്തിയില്‍ കര്‍ഷകര്‍ തുടരുന്ന ത്യാഗനിര്‍ഭരമായ പ്രക്ഷോഭത്തോടു മുഖം തിരിക്കുകയാണ് കോണ്‍ഗ്രസിന്റെ ദേശീയ നേതാവായ രാഹുല്‍ഗാന്ധി ചെയ്തത്. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ നടക്കുന്ന കര്‍ഷക പ്രക്ഷോഭ ഐക്യദാര്‍ഢ്യ സമരവേദികളിലൊന്നും രാഹുല്‍ഗാന്ധിയെ ഇതുവരെ കണ്ടില്ല. കോര്‍പറേറ്റുകളുടെ സാമ്പത്തിക താത്പര്യം സംരക്ഷിക്കുന്ന നയങ്ങളാണ് കോണ്‍ഗ്രസ് നേരത്തേ സ്വീകരിച്ചതും ഇപ്പോള്‍ പിന്തുടരുന്നതും. ഒരേ തോണിയിലാണ് ബിജെപിയുടെയും കോണ്‍ഗ്രസിന്റെയും യാത്ര. നിയമസഭാ തെരഞ്ഞെടുപ്പു അടുത്തപ്പോള്‍ താന്‍ പ്രതിനിധാനം ചെയ്യുന്ന പാര്‍ലമെന്റ് മണ്ഡലത്തിലെ ഒരു ഗ്രാമത്തില്‍ ട്രാക്ടര്‍ റാലി നടത്തുകവഴി രാഹുല്‍ഗാന്ധിയുടെയും യുഡിഎഫിന്റെയും രാഷ്ട്രീയ കുതന്ത്രമാണ് പ്രകടമാകുന്നത്. ട്രാക്ടര്‍ ഓടിച്ചുകാട്ടി ജില്ലയിലെ കര്‍ഷകരുടെ വോട്ടുതട്ടാമെന്നതു എംപിയുടെയും യുഡിഎഫിന്റെയും വ്യാമോഹമാണ്. യുഡിഎഫിന്റെ സമരത്തട്ടിപ്പ് ജനം തിരിച്ചറിഞ്ഞിട്ടുണ്ട്. കര്‍ഷകരോടു ആത്മാര്‍ഥതയുണ്ടെങ്കില്‍ പാര്‍ലമെന്റിനു മുന്നില്‍ രാഹുല്‍ഗാന്ധി സമരത്തിനിറങ്ങണം.
കഴിഞ്ഞ അഞ്ചു വര്‍ഷത്തിനിടെ കര്‍ഷകക്ഷേമം മുന്‍നിര്‍ത്തി നിരവധി പരിപാടികളാണ് എല്‍ഡിഎഫ് സര്‍ക്കാര്‍ നടപ്പിലാക്കിയത്. ഇതിന്റെ ഗുണഫലം അനുഭവിക്കുന്ന കര്‍ഷകസമൂഹം രാഹുല്‍ഗാന്ധിയുടെ റാലിയെ പുച്ഛത്തോടെ തള്ളുമെന്നും പ്രസ്താവനയില്‍ പറഞ്ഞു.

AdAd Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *