March 28, 2024

ഹരിത വീട്, ശുചിത്വ വീട് ബോധവല്‍ക്കരണം തുടങ്ങി

0

കൽപ്പറ്റ:ശുചിത്വ, മാലിന്യ സംസ്‌കരണ പ്രവര്‍ത്തനങ്ങളെ സംബന്ധിച്ച് പൊതുജനങ്ങളെ ബോധവല്‍ക്കരിക്കുന്നതിനുളള ടീന്‍ ഫോര്‍ ഗ്രീന്‍ കാമ്പയിന് ജില്ലയില്‍ തുടക്കമായി. ജില്ലാതല ഉദ്ഘാടനം കണിയാമ്പറ്റ വിദ്യാപുരം റസിഡന്‍സ് അസോസിയേഷനില്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സംഷാദ് മരയ്ക്കാര്‍ നിര്‍വ്വഹിച്ചു. ഹരിതകേരളം മിഷന്‍, ശുചിത്വ മിഷന്‍ എന്നിവരുടെ നേതൃത്വത്തിലുളള പദ്ധതി എന്‍.എസ്.എസ് വളണ്ടിയര്‍ മാരുമായി സഹകരിച്ചാണ് നടപ്പാക്കുന്നത്.

റസിഡന്‍സ് അസോസിയേഷനുകള്‍, കുടുംബശ്രീ അയല്‍ക്കൂട്ടങ്ങള്‍, ക്ലബുകള്‍, വായനശാലകള്‍, മറ്റു സന്നദ്ധ സംഘടനകള്‍ എന്നിവരെയെല്ലാം പങ്കെടുപ്പിച്ച് താഴെത്തട്ടുമുതലുളള സമഗ്രമായ ബോധവല്‍ക്കരണമാണ് ലക്ഷ്യമിടുന്നത്. മുഴുവന്‍ വീടുകളിലും ഉറവിടത്തില്‍ തന്നെ അജൈവ മാലിന്യങ്ങള്‍ തരംതിരിച്ച് വെയ്ക്കാനും ഇവ ഹരിത കര്‍മ്മ സേനയ്ക്ക് കൈമാറുന്നതിനുളള സാഹചര്യമൊരുക്കും. ബോധവല്‍ക്കരണ യജ്ഞ ത്തിന്റെ ആദ്യപടിയാണ് ടീന്‍ ഫോര്‍ ഗ്രീന്‍ ക്യാമ്പയിന്‍. എന്‍.എസ്.എസ് വളണ്ടിയര്‍മാരുടെ വീടുകളിലാണ് ആദ്യം നടപ്പാക്കി തുടങ്ങുന്നത്. ഇതിന്റെ ഭാഗമായി ജില്ലയിലെ ഹയര്‍ സെക്കണ്ടറി സ്‌കൂളുകളിലെ എന്‍.എസ്.എസ് വളണ്ടിയര്‍മാരുടെ നേതൃത്വത്തില്‍ ശേഖരിച്ച അജൈവ മാലിന്യങ്ങള്‍ മൂന്ന് തരത്തില്‍ തരംതിരിച്ച് ഹരിത കര്‍മ്മ സേനയ്ക്ക് കൈമാറി തുടങ്ങി. ഇവ ക്ലീന്‍ കേരള കമ്പനി ഏറ്റെടുക്കും. ഹരിത കേരളം മിഷന്റെയും ശുചിത്വ മിഷന്റെയും ടീമംഗങ്ങള്‍ , ഹരിത കര്‍മ്മ സേനാംഗങ്ങള്‍ ,ടീന്‍ ഫോര്‍ ഗ്രീന്‍ അംഗങ്ങള്‍ എന്നിവരെയും ഉള്‍പ്പെടുത്തിയുള്ള പ്രത്യേകം പാനല്‍ പൊതുജനങ്ങളുമായി സംവദിക്കുകയും സംശയങ്ങള്‍ക്ക് മറുപടി നല്‍കുകയും ചെയ്യുന്ന രീതിയിലാണ് പദ്ധതി ആസൂത്രണം ചെയ്തിരിക്കുന്നത്.

ചടങ്ങില്‍ കണിയാമ്പറ്റ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കമല രാമന്‍, ഹരിത കേരള മിഷന്‍ ജില്ലാ കോര്‍ഡിനേറ്റര്‍ ഇ.സുരേഷ് ബാബു, ശുചിത്വ മിഷന്‍ പ്രോഗ്രാം ഓഫീസര്‍ കെ.അനൂപ്, ക്ലീന്‍ കേരള കമ്പനി ജില്ലാ മാനേജര്‍ എസ.് വിഘ്നേഷ്, വാര്‍ഡ് മെമ്പര്‍ കുഞ്ഞായിഷ, വിദ്യാപുരം റസിഡന്‍സ് അസോസിയേഷന്‍ പ്രസിഡന്റ് സജിത് കുമാര്‍, എന്‍.എസ്.എസ് വളണ്ടിയര്‍മാരായ സഫാന ഫെബിന്‍, റിസാന തുടങ്ങിയവര്‍ സംസാരിച്ചു.

AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *