വന്യമൃഗ പ്രതിരോധം; വയനാട്ടിൽ നടപ്പാക്കുന്നത് 51 കോടിയുടെ പദ്ധതികള്‍,നിയമസഭയിൽ ഒ ആർ കേളു എംഎൽഎയുടെ ചോദ്യത്തിന് മറുപടിപറയുകയായിരുന്നു മന്ത്രി
മാനന്തവാടി :ജില്ലയിലെ വന്യമൃഗ പ്രതിരോധ പ്രവർത്തനങ്ങൾക്കായി കിഫ്ബിയിൽനിന്ന് നിലവിൽ 51.27 കോടി രൂപയുടെ പദ്ധതികൾ നടക്കുന്നതായി മന്ത്രി എ കെ ശശീന്ദ്രൻ. നിയമസഭയിൽ ഒ ആർ കേളു എംഎൽഎയുടെ ചൊദ്യത്തിന് മറുപടിപറയുകയായിരുന്നു മന്ത്രി. മനുഷ്യ-വന്യജീവി സംഘർഷം ഒഴിവാക്കുന്നതിനായി ജില്ലയിലെ വിവിധ ഡിവിഷനുകളിൽ രണ്ട് ഘട്ടങ്ങളിലായി വിവിധ പദ്ധതികൾ നടപ്പാക്കുന്നുണ്ട്.
വൈൽഡ് ലൈഫിന് കീഴിൽ 0.41 കിലോമീറ്റർദൂരത്തിൽ ആന പ്രതിരോധ നിർമാണത്തിനായി 0.57 കോടി രൂപ അനുവദിച്ചു. 0.19 കി.മീ ദൂരത്തിൽ ആന പ്രതിരോധമതിൽ നിർമാണവും പൂർത്തിയാക്കി. ഇതിനായി 30.2 ലക്ഷം രൂപയാണ് ചെലവിട്ടത്. 10 കിലോമീറ്റർ ദൂരത്തിൽ റെയിൽ ഫെൻസിങ് പ്രവൃത്തി നടത്തുന്നതിനായി 15 കോടി രൂപ വകയിരുത്തുകയും ഭരണാനുമതി ലഭിക്കുകയും ചെയ്‌തിട്ടുണ്ട്.
അതോടൊപ്പംതന്നെ രണ്ടാംഘട്ട പദ്ധതിയിൽ ഉൾപ്പെടുത്തി വയനാട് സൗത്ത്, വയനാട് നോർത്ത്, വയനാട് വൈൽഡ് ലൈഫ് എന്നീ വനം ഡിവിഷനുകളിലായി 43.5 കിലോമീറ്റർ ദൂരത്തിൽ ക്രാഷ്‌ഗാർഡ് സ്റ്റീൽ റോപ്പ് ഫെൻസിങ് നിർമാണത്തിനായി 21.75 കോടി രൂപയും വയനാട് സൗത്ത് ഡിവിഷനുകീഴിൽ ആദിവാസി ഇതര കുടുംബങ്ങളെ അവരുടെ സമ്മതത്തോടുകൂടി മാറ്റിപ്പാർപ്പിക്കൽ പദ്ധതിക്കായി 13.95 കോടി രൂപയും വകയിരുത്തിയിട്ടുണ്ട്. മനുഷ്യ-വന്യജീവി സംഘർഷം ഒഴിവാക്കുന്നതിനായി സർക്കാർ വിവിധ പദ്ധതികൾ ആസൂത്രണം ചെയ്യുന്നതായും മന്ത്രി മന്ത്രിപറഞ്ഞു.
Leave a Reply