ലീഗ് നേതൃത്വത്തിനെതിരെ വയനാട്ടിൽ പോസ്റ്ററുകൾ

കൽപ്പറ്റ: ലീഗ് നേതൃത്വത്തിനെതിരെ വയനാട്ടിൽ പോസ്റ്ററുകൾ. പ്രളയഫണ്ട് അഴിമതിയിൽ അന്വേഷണം ആവശ്യപ്പെട്ടും കണക്കുകൾ പുറത്ത് വിടണമെന്നാവശ്യപ്പെട്ടുമാണ് പോസ്റ്ററുകൾ.സേവ് മുസ്ലിം ലീഗ് എന്ന പേരിലാണ് കൽപ്പറ്റയിലും പൊഴുതനയിലും പോസ്റ്ററുകൾ പ്രത്യക്ഷപ്പെട്ടത്.
ജില്ലാ നേതൃത്വത്തിനെതിരെ വൻ തട്ടിപ്പ് ആരോപണങ്ങളാണ് പോസ്റ്ററുകളിൽ.
ജില്ലാ ലീഗ് ഭരിക്കുന്നത് കെ എം ഷാജിയുടെ നേതൃത്വത്തിലുള്ള മാഫിയ,പ്രളയഫണ്ട് തിരിമറി ലീഗിനെ കളങ്കിതമാക്കി.
പ്രളയഫണ്ട് കൈകാര്യം ചെയ്ത ജില്ലാ സെക്രട്ടറി യഹ്യാഖാനെ പുറത്താക്കണം എന്നിങ്ങനെയാണ് പോസ്റ്ററുകൾ.ഖഇദെ മില്ലത്ത് ഫൗണ്ടേഷന്റെ പേരിലും, മാഗസിന്റെ പേരിലും വൻ തട്ടിപ്പ് നടന്നതായും പരാമർശമുണ്ട്.
ലീഗ് നേതൃത്വത്തിനെതിരെയുള്ള നോട്ടീസുകളും പല മേഖലകളിലും വിതരണം ചെയ്തിട്ടുണ്ട്.ലീഗിനെ കൊള്ളക്കാരുടെ കയ്യിൽ നിന്നും മോചിപ്പിക്കണമെന്നും കെ എം സി സി പാവങ്ങൾക്ക് നൽകിയ പണം നേതാക്കൾ തട്ടിയെടുത്തെന്നുമാണ് നോട്ടീസുകളിൽ പറയുന്നത്.എതിർക്കുന്നവരെ പുറത്താക്കുകയാണ് നേതൃത്വം.
തെരെഞ്ഞെടുപ്പ് കാലത്ത് അവിശുദ്ധകൂട്ടുകെട്ട് ഉണ്ടാക്കിയ നേതാക്കളെ ജില്ലാ പ്രസിഡന്റുൾപ്പെടെ സംരക്ഷിക്കുകയാണെന്നും വിമർശനമുണ്ട്.പ്രളയഫണ്ട് അഴിമതിയാരോപണം കത്തുമ്പോഴും ലീഗ് നേതൃത്വം ഇതുവരെ പ്രതികരിച്ചിട്ടില്ല.കടുത്ത ഭിന്നത പുകയുന്ന ലീഗിൽ അഴിമതിയിൽ അന്വേഷണം ആവശ്യപ്പെട്ട് ഒരു വിഭാഗം രംഗത്തെത്തിയിട്ടുണ്ട്.കെ എം സി സി ഉൾപ്പെടെ നൽകിയ തുകയിൽ വ്യക്തത വരുത്തണമെന്നാണ് ആവശ്യം.വിഭാഗീയത കാരണം പിരിച്ചുവിട്ട പ്രാദേശിക കമ്മറ്റികൾ പോലും പുനസംഘടിപ്പിക്കാൻ നേതൃത്വത്തിന് കഴിയാത്തവിധമാണ് സാഹചര്യങ്ങൾ.ആഭ്യന്തര കലഹങ്ങൾ തുറന്നപോരിലേക്ക് നീങ്ങുന്നതിന്റെ സൂചനയാണ് പ്രത്യക്ഷപ്പെട്ട പോസ്റ്ററുകൾ.
പ്രളയ ഫണ്ടിൽ ചില ജില്ലാ നേതാക്കൾ തിരിമറി നടത്തിയെന്ന് ആരോപണമുന്നയിച്ച് സംസ്ഥാന പ്രസിഡന്റിന് കത്തയച്ച ജില്ലാ കമ്മറ്റി അംഗം സി മമ്മിയെ സസ്പെൻഡ് ചെയ്ത നടപടിയും ഒരു വിഭാഗം ചോദ്യം ചെയ്യുന്നു.കടുത്ത ആരോപണങ്ങൾ ഉന്നയിച്ച മമ്മിക്കെതിരെ സംഘടനാ അച്ചടക്ക നടപടി വന്നപ്പോഴും അഴിമതിയാരോപണം സംബന്ധിച്ച വിശദീകരണത്തിൽ നിന്ന് നേതൃത്വം ഒഴിഞ്ഞുമാറുകയായിരുന്നു.ഈ മാസം പതിനഞ്ചിന് ഇതുസംബന്ധിച്ച് ലീഗ് യോഗം വിളിച്ചിട്ടുണ്ട്.എന്നാൽ എതിർ വിഭാഗത്തിലെ ചിലരെ ഒഴിവാക്കിയാണ് യോഗം.പ്രളയ ഫണ്ട് അഴിമതിയടക്കമുള്ള കാര്യങ്ങളിൽ വ്യക്തത വരുത്തിയില്ലെങ്കിൽ കടുത്ത നടപടികളിലേക്ക് നീങ്ങുമെന്ന് ഒരു വിഭാഗം ശക്തമായ നിലപാടെടുത്ത സാഹചര്യത്തിലാണ് യോഗം.



Leave a Reply