മില്‍മ മൂല്യവര്‍ദ്ധിത ഉല്‍പ്പന്നങ്ങള്‍ വിപണിയിലെത്തിക്കും; മന്ത്രി ചിഞ്ചുറാണി
തിരുവനന്തപുരം: കേരളീയരുടെ ജനപ്രിയ ബ്രാന്‍ഡായ മില്‍മ നിലവിലുള്ള ഉല്‍പ്പന്നങ്ങള്‍ക്കു പുറമേ നിരവധി മൂല്യവര്‍ദ്ധിത ഉല്‍പ്പന്നങ്ങള്‍ വിപണിയിലെത്തിക്കുമെന്ന് ക്ഷീരവികസന-മൃഗസംരക്ഷണ മന്ത്രി ജെ. ചിഞ്ചുറാണി പറഞ്ഞു. ഇന്ത്യന്‍ ധവള വിപ്ലവത്തിന്‍റെ പിതാവായ ഡോ.വര്‍ഗീസ് കുര്യന്‍റെ ജന്‍മശതാബ്ദി ആഘോഷത്തിന്‍റേയും ദേശീയ ക്ഷീര ദിനാഘോഷത്തിന്‍റേയും ഭാഗമായി പൂജപ്പുരയിലെ ഗവണ്‍മെന്‍റ് ചില്‍ഡ്രന്‍സ് ഹോം ഫോര്‍ ബോയ്സിലെ കുട്ടികള്‍ക്ക് ക്ഷീര സമ്മാനങ്ങള്‍ വിതരണം ചെയ്യുകയായിരുന്നു മന്ത്രി. മില്‍മ ഉല്‍പ്പന്ന വിതരണ വാഹനത്തിന്‍റെ ഫ്ളാഗ് ഓഫും മന്ത്രി നിര്‍വ്വഹിച്ചു.
മില്‍മ തിരുവനന്തപുരം മേഖല യൂണിയന്‍റെ പരിധിയിലെ തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ ജില്ലകളിലെ സംസ്ഥാന സാമൂഹ്യ നീതി വകുപ്പിന്‍റെ മേല്‍നോട്ടത്തില്‍ പ്രവര്‍ത്തിക്കുന്ന ശിശുസംരക്ഷണ കേന്ദ്രങ്ങള്‍ക്കു കീഴിലുള്ള ഒന്‍പത് സ്ഥാപനങ്ങളിലെ കുട്ടികള്‍ക്കാണ് മില്‍മ ഉല്‍പ്പന്നങ്ങള്‍ വിതരണം ചെയ്യുന്നതെന്ന് മന്ത്രി അറിയിച്ചു. സമൂഹത്തില്‍ അറിയപ്പെടുന്നവരായി ലക്ഷ്യബോധത്തോടെ വളരണമെന്ന് അവിടുത്തെ കുട്ടികളോട് മന്ത്രി അഭ്യര്‍ത്ഥിച്ചു. ആവശ്യമായ എല്ലാ സൗകര്യങ്ങളും സര്‍ക്കാര്‍ നിലവില്‍ നല്‍കുന്നുണ്ട്. അത്തരം സൗകര്യങ്ങളെല്ലാം ഫലപ്രദമായി പ്രയോജനപ്പെടുത്തണമെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.
മില്‍മ ഉല്‍പ്പന്നങ്ങള്‍ കുട്ടികള്‍ക്ക് പരിചയപ്പെടുത്തുന്നതിന്‍റെ ഭാഗമായാണ് ഇന്ത്യയുടെ പാല്‍ക്കാരനായ ഡോ. വര്‍ഗീസ് കുര്യന്‍റെ നൂറാം ജന്‍മദിനത്തില്‍ തന്നെ ഈ പരിപാടി സംഘടിപ്പിച്ചതെന്ന് ചടങ്ങില്‍ അദ്ധ്യക്ഷനായിരുന്ന തിരുവനന്തപുരം മേഖല യൂണിയന്‍ അഡ്മിനിസ്ട്രേറ്റീവ് കമ്മിറ്റി കണ്‍വീനര്‍ എന്‍ ഭാസുരാംഗന്‍ പറഞ്ഞു.
മില്‍മ തിരുവനന്തപുരം മേഖല യൂണിയന്‍ അഡ്മിനിസ്ട്രേറ്റീവ് കമ്മിറ്റി അംഗം കെ ആര്‍ മോഹനന്‍ പിള്ള സ്വാഗതവും മാനേജിംഗ് ഡയറക്ടര്‍ ഡി എസ് കോണ്ട നന്ദിയും പറഞ്ഞു. പൂജപ്പുരയിലെ ഗവണ്‍മെന്‍റ് ചില്‍ഡ്രന്‍സ് ഹോം ഫോര്‍ ബോയ്സിന്‍റെ പ്രോഗ്രാം മാനേജര്‍ വേണു, ക്ഷീരവികസന-മൃഗസംരക്ഷണ മന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറി അനില്‍ ഗോപിനാഥ് എന്നിവര്‍ സന്നിഹിതരായിരുന്നു.
ഒന്‍പത് സ്ഥാപനങ്ങളിലെ 230 കുട്ടികള്‍ക്കാണ് മില്‍മ ഉല്‍പ്പന്നങ്ങള്‍ സൗജന്യമായി നല്‍കിയത്. പേട, മാംഗോ ജ്യൂസ്, ചോക്ലേറ്റ്, ഫ്ളേവേര്‍ഡ് മില്‍ക്ക് എന്നീ ഉല്‍പ്പന്നങ്ങളടങ്ങിയ കിറ്റായിരുന്നു വിതരണം ചെയ്തത്.





Leave a Reply