March 29, 2024

ജില്ലാ കളക്ടറുടെ പത്രസമ്മേളനം: സംസ്ഥാന സര്‍ക്കാര്‍ ഒന്നാം വാര്‍ഷികം മെഗാ മേള മെയ് ഏഴിന് മന്ത്രി എ.കെ ശശീന്ദ്രന്‍ ഉദ്ഘാടനം ചെയ്യും

0
Gridart 20220504 1531019132.jpg
കൽപ്പറ്റ : രണ്ടാം പിണറായി സര്‍ക്കാറിന്റെ ഒന്നാം വാര്‍ഷികത്തോടനുബന്ധിച്ച് വയനാട് ജില്ലയിലെ എന്റെ കേരളം മെഗാ എക്‌സിബിഷന്‍ കല്‍പ്പറ്റ എസ്.കെ.എം.ജെ സ്‌കൂള്‍ മൈതാനത്ത് മെയ് 7 മുതല്‍ 13 വരെ വിപുലമായ പരിപാടികളോടെ നടക്കും. മേയ് 7 ന് വൈകീട്ട് 4 മണിക്ക് ജില്ലയുടെ ചുമതലയുള്ള വനം- വന്യജീവി വകുപ്പ് മന്ത്രി എ.കെ.ശശീന്ദ്രന്‍ മേള ഉദ്ഘാടനം ചെയ്യും. ചടങ്ങില്‍ അഡ്വ. ടി.സിദ്ദിഖ് എം.എല്‍.എ അധ്യക്ഷത വഹിക്കും. രാഹുല്‍ ഗാന്ധി എം.പി, ഒ.ആര്‍.കേളു എം.എല്‍.എ, ഐ.സി.ബാലകൃഷ്ണന്‍ എം.എല്‍.എ എന്നിവര്‍ മുഖ്യാതിഥികളായിരിക്കും. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സംഷാദ് മരക്കാര്‍, കല്‍പ്പറ്റ നഗരസഭാ ചെയര്‍മാന്‍ കേയംതൊടി മുജീബ്, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ടി.കെ നസീമ, ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് എസ്. ബിന്ദു, നഗരസഭാ- ബ്ലോക്ക് പഞ്ചായത്ത് അധ്യക്ഷരായ ജസ്റ്റിന്‍ ബേബി, സി. അസൈനാര്‍, ഗിരിജ കൃഷ്ണന്‍, ടി.കെ രമേശ്, സി.കെ രത്‌നവല്ലി, പഞ്ചായത്ത് അസോസിയേഷന്‍ പ്രസിഡന്റ് എച്ച്.ബി പ്രദീപ് തുടങ്ങിയവര്‍ ആശംസ നേരും. 
ഏഴ് ദിവസങ്ങളിലായി 10 സെമിനാറുകളും 9 കലാ- സാംസ്‌കാരിക പരിപാടികളും എക്സ്പോയുടെ ഭാഗമായി സംഘടിപ്പിക്കും. കാര്‍ഷിക- ഭക്ഷ്യ മേളയും ഉണ്ടാകും. ഇന്‍ഫര്‍മേഷന്‍- പബ്ലിക് റിലേഷന്‍സ് വകുപ്പിന്റെ നേതൃത്വത്തില്‍ മുഴുവന്‍ സര്‍ക്കാര്‍ വകുപ്പുകളുടെയും സഹകരണത്തോടെ നടത്തുന്ന മേളയിലും കലാപരിപാടികള്‍ക്കും പ്രവേശനം സൗജന്യമായിരിക്കും. മേളയുടെ ഒരുക്കങ്ങള്‍ എസ്.കെ.എം.ജെ സ്‌കൂള്‍ മൈതാനത്ത് പുരോഗമിക്കുകയാണ്.
മെഗാ എക്‌സിബിഷന്‍
അമ്പതോളം സര്‍ക്കാര്‍ വകുപ്പുകളുടെ സേവനങ്ങള്‍ പ്രദര്‍ശിപ്പിക്കുന്ന 80 സ്റ്റാളുകളും വ്യവസായ വകുപ്പിന്റെ നേതൃത്വത്തില്‍ സൂക്ഷ്മ- ഇടത്തരം സംരംഭങ്ങളുടെയും പൊതുമേഖലാ സ്ഥാപനങ്ങളുടെയും 100 വിപണന സ്റ്റാളുകളും മേളയില്‍ സജ്ജീകരിക്കും. കൃഷി വകുപ്പിന്റെ നേതൃത്വത്തില്‍ കാര്‍ഷിക മേളയും കുടുംബശ്രീയുടെ നേതൃത്വത്തില്‍ വൈവിധ്യമാര്‍ന്ന ഭക്ഷ്യ മേളയും ഒരുക്കും. കേരളത്തിലെ 10 ടൂറിസം അനുഭവങ്ങള്‍ പുനരാവിഷ്‌ക്കരിക്കുന്ന ടൂറിസം വകുപ്പിന്റെ പ്രദര്‍ശനം, കേരളത്തിന്റെ ഭൂതവും ഭാവിയും വര്‍ത്തമാനവും ചിത്രീകരിക്കുന്ന പി.ആര്‍.ഡിയുടെ എന്റെ കേരളം ചിത്രീകരണം, കിഫ്ബിയുടെ പ്രദര്‍ശന പവലിയന്‍, ഐ.ടി വകുപ്പിന്റെയും സ്റ്റാര്‍ട്ടപ്പുകളുടെയും ടെക്നോ ഡെമോ ഏരിയ തുടങ്ങിയവ മേളയുടെ പ്രധാന ആകര്‍ഷകങ്ങളായിരിക്കും. വ്യവസായ- വാണിജ്യ വകുപ്പ്, കൃഷി വകുപ്പ്, കുടുംബശ്രീ തുടങ്ങിയവ വൈവിധ്യമായ ഉത്പന്നങ്ങളുടെ വിപണന സ്റ്റാളുകള്‍ ഒരുക്കും. പൂര്‍ണമായും ശീതീകരിച്ച ജര്‍മ്മന്‍ ടെന്റുകളിലാണ് പവലിയനുകള്‍ സജ്ജീകരിക്കുന്നത്. രാവിലെ 10.30 മുതല്‍ രാത്രി 8 മണിവരെയാണ് സ്റ്റാളുകളിലേക്കുള്ള സന്ദര്‍ശന സമയം ക്രമീകരിച്ചിരിക്കുന്നത്. മെയ് 7 ന് രാവിലെ 11 മണിക്ക് പ്രദര്‍ശനം ആരംഭിക്കും.
എല്ലാ ദിവസവും വൈകീട്ട് സാംസ്‌കാരിക പരിപാടികള്‍ 
പ്രദര്‍ശനത്തോടനുബന്ധിച്ച് എല്ലാ ദിവസവും വൈകീട്ട് സാംസ്‌കാരിക പരിപാടികള്‍ സംഘടിപ്പിക്കും. മെയ് 7 ന് വൈകീട്ട് 6.30 ഷഹബാസ് അമന്റെ ഗസല്‍ സംഗീത നിശ അരങ്ങേറും. മേയ് 8 ന് വൈകീട്ട് 6.30 ന് ഉണര്‍വ്വ് നാടന്‍ പാട്ടുകളും ദൃശ്യാവിഷ്‌കാരങ്ങളും നടക്കും. മേയ് 9 ന് വൈകീട്ട് 6.30 ന് വിനോദ് കോവൂര്‍ (എം80 മൂസ), സലീഷ് ശ്യാം നയിക്കുന്ന ഹാസ്യ സംഗീത വിരുന്ന് അരങ്ങേറും. മെയ് 10 ന് വൈകീട്ട് 6.30 ന് ഫാസില ബാനു ടീം അവതരിപ്പിക്കുന്ന മാപ്പിള കലാസന്ധ്യ നടക്കും. തുടര്‍ന്ന് എടരിക്കോട് കോല്‍ക്കളി സംഘത്തിന്റെ കോല്‍ക്കളി, ചാവക്കാട് അറബന സംഘത്തിന്റെ അറബന മുട്ട് എന്നിവ നടക്കും. മേയ് 11 ന് വൈകീട്ട് 5 ന് മലമുഴക്കി മ്യൂസിക് ബാന്റ് മുളകൊണ്ടുള്ള വാദ്യോപകരണങ്ങളുടെ സംഗീത പരിപാടി അവതരിപ്പിക്കും. തുടര്‍ന്ന് വൈകീട്ട് 6.30 ന് ഇന്ത്യന്‍ ഗ്രമോത്സവം (ഭാരത് ഭവന്‍ ) അഞ്ച് സംസ്ഥാനങ്ങളിലെ തനത് നൃത്തരൂപങ്ങള്‍ അവതരിപ്പിക്കും. എഴുപതോളം കലാകാരന്‍മാര്‍ ഇതില്‍ പങ്കെടുക്കും. മെയ് 12 ന് വൈകീട്ട് 6.30 ന് സമീര്‍ ബിന്‍സി -ഇമാം മജ്ബൂര്‍ ടീം നയിക്കുന്ന സൂഫി സംഗീതം. മെയ് 13 ന് വൈകീട്ട് 5 ന് കണിയാമ്പറ്റ ചില്‍ഡ്രന്‍സ് ഹോം വിദ്യാര്‍ത്ഥികളുടെ യോഗ ഡാന്‍സ്, 6.30 ന് ജീവനക്കാരുടെയും കുടുംബാംഗങ്ങളുടെയും കലാപരിപാടികള്‍ എന്നിവയും അരങ്ങേറും. മന്ത്രിമാര്‍, ജനപ്രതിനിധികള്‍ തുടങ്ങിയവര്‍ പങ്കെടുക്കുന്ന സമാപന പരിപാടിയും 13 ന് വൈകീട്ട് നടക്കും. 
 
വികസന- ബോധവത്ക്കരണ സെമിനാറുകള്‍ 
എല്ലാ ദിവസവും രാവിലെയും ഉച്ചയ്ക്ക് ശേഷവും വിവിധ വകുപ്പുകളുടെ നേതൃത്വത്തില്‍ 10 വികസന സെമിനാറുകള്‍ നടക്കും. മെയ് 8 ന് രാവിലെ 11 ന് പോലീസ് വകുപ്പ് നടത്തുന്ന 'സൈബര്‍ കുറ്റകൃത്യങ്ങളും ഓണ്‍ലൈന്‍ തട്ടിപ്പുകളും' എന്ന സെമിനാര്‍ ജില്ലാ പേലീസ് മേധാവി ഡോ.അരവിന്ദ് സുകുമാര്‍ ഉദ്ഘാടനം ചെയ്യും. സൈബര്‍ ഇന്‍സ്‌പെക്ടര്‍ ഓഫ് പോലീസ് പി.കെ ജിജീഷ് വിഷയാവതരണം നടത്തും. അന്നേ ദിവസം വൈകീട്ട് 3 ന് തദ്ദേശ സ്വയംഭരണ വകുപ്പ് നടത്തുന്ന വയനാട്-പ്രകൃതി സംരക്ഷണവും നഗര ഗ്രാമാസൂത്രണവും എന്ന വിഷയത്തിലെ സെമിനാര്‍ ഒ.ആര്‍.കേളു എം.എല്‍.എ ഉദ്ഘാടനം ചെയ്യും. റിട്ട.ടൗണ്‍ പ്ലാനര്‍ ജി.ശശികുമാര്‍ വിഷയാവതരണം നടത്തും.
മെയ് 9 ന് രാവിലെ 10 ന് കാര്‍ഷിക വികസന-കര്‍ഷക ക്ഷേമവകുപ്പ് 'പച്ചക്കറിയിലെ കൃത്യതാകൃഷി പച്ചക്കറി തൈകളിലെ ഗ്രാഫ്റ്റിംഗ്' എന്ന വിഷയത്തില്‍ നടത്തുന്ന സെമിനാര്‍ അഡ്വ. ടി.സിദ്ദിഖ് എം.എല്‍.എ ഉദ്ഘാടനം ചെയ്യും. കൃഷി വകുപ്പ് ഡയറക്ടര്‍ ടി.വി സുഭാഷ് അധ്യക്ഷത വഹിക്കും. അഗ്രിക്കള്‍ച്ചറല്‍ റിസേര്‍ച്ച് സ്റ്റേഷന്‍ അസിസ്റ്റന്റ് പ്രൊഫസര്‍ ബിനീഷ് ദാസ് വിഷയാവതരണം നടത്തും. ഉച്ചയ്ക്ക് 2 ന് ധനകാര്യ (ദേശീയ സമ്പാദ്യ) വകുപ്പ് 'ദേശീയ സമ്പാദ്യ പദ്ധതികളും നിക്ഷേപ സമാഹരണ സാധ്യതകളും' എന്ന വിഷയത്തില്‍ നടത്തുന്ന സെമിനാര്‍ ധനകാര്യ വകുപ്പ് മന്ത്രി കെ.എന്‍. ബാലഗോപാല്‍ ഓണ്‍ലൈനില്‍ ഉദ്ഘാടനം ചെയ്യും. വകുപ്പ് ഡയറക്ടര്‍ എസ്. മനു അധ്യക്ഷത വഹിക്കും. അസിസ്റ്റന്റ് സൂപ്രണ്ടന്റ് ഓഫ് പോസ്റ്റ് ഓഫീസസ് രാകേഷ് രവി വിഷയാവതരണം നടത്തും.
മെയ് 10 ന് രാവിലെ 11 ന് വിദ്യാഭ്യാസ വകുപ്പ്- സമഗ്ര ശിക്ഷാ കേരളത്തിന്റെ ആഭിമുഖ്യത്തില്‍ 'പൊതു വിദ്യാഭ്യാസത്തിന്റെ വര്‍ത്തമാനവും കേരളത്തിന്റെ ഭാവിയും' എന്ന വിഷയത്തില്‍ നടത്തുന്ന സെമിനാര്‍ സംസ്ഥാന സഹകരണ വികസന ക്ഷേമനിധി ബോര്‍ഡ് വൈസ് ചെയര്‍മാനും മുന്‍ എം.എല്‍.എ യുമായ സി.കെ.ശശീന്ദ്രന്‍ ഉദ്ഘാടനം ചെയ്യും. മിഷന്‍ കോര്‍ഡിനേറ്റര്‍ വില്‍സണ്‍ തോമസ് അധ്യക്ഷത വഹിക്കും. കോഴിക്കോട് ജില്ലാ പ്രോജക്ട് കോ-ഓര്‍ഡിനേറ്റര്‍ ഡോ.അബ്ദുള്‍ ഹക്കീം, ഡയറ്റ് വയനാട് പ്രിന്‍സിപ്പാള്‍ ഡോ.അബ്ബാസ് അലി, മലപ്പുറം എസ്.സി.ആര്‍.ടി., ആര്‍.ഒ., ഡി.ഐ.ഇ.ടി സീനിയര്‍ ലക്ച്ചര്‍ കെ.നാരായണന്‍ ഉണ്ണി എന്നിവര്‍ വിഷയാവതരണം നടത്തും. 
മെയ് 11 ന് രാവിലെ 11 ന് തദ്ദേശ സ്വയംഭരണ വകുപ്പിന്റെ ആഭിമുഖ്യത്തില്‍ 'ജനകീയാസൂത്രണത്തിന്റെ 25 വര്‍ഷങ്ങള്‍; നേട്ടങ്ങള്‍' എന്ന വിഷയത്തില്‍ നടത്തുന്ന സെമിനാര്‍ ജില്ലാപഞ്ചായത്ത് പ്രസിഡന്റ് സംഷാദ് മരക്കാര്‍ ഉദ്ഘാടനം ചെയ്യും. ജോയിന്റ് ഡയറക്ടര്‍ പി. ജയരാജന്‍ അധ്യക്ഷത വഹിക്കും. കില എക്സ്റ്റന്‍ഷന്‍ ഫാക്കല്‍റ്റി വി.കെ. സുരേഷ് ബാബു വിഷയാവതരണം നടത്തും. 
മെയ് 12 ന് രാവിലെ 10 ന് മൃഗസംരക്ഷണ വകുപ്പും ക്ഷീരവികസന വകുപ്പും സംയുക്തമായി 'ഏകാരോഗ്യവും ആന്റി മൈക്രോബിയല്‍ റസിസ്റ്റന്‍സും- കാലികപ്രസക്തി, ഗുണനിലവാരമുള്ള പാലുല്‍പാദനം' എന്നീ വിഷയങ്ങളില്‍ സെമിനാര്‍ നടത്തും. പരിപാടി ഐ.സി. ബാലകൃഷ്ണന്‍ എം.എല്‍.എ ഉദ്ഘാടനം ചെയ്യും. വെറ്ററിനറി യൂണിവേഴ്‌സിറ്റിയിലെ വെറ്ററിനറി പബ്ലിക് ഹെല്‍ത്ത് വകുപ്പ് മേധാവി ഡോ. പ്രജിത്ത് മോഡറേറ്ററാകും. ഡയറക്ടര്‍ ഓഫ് അക്കാദമിക് ആന്‍ഡ് റീസര്‍ച്ച് ഡോ.സി.ലത മുഖ്യപ്രഭാഷണം നടത്തും. വെറ്ററിനറി യൂണിവേഴിസിറ്റി അസി. പ്രൊഫസര്‍മാരായ ഡോ. ജെസ് വര്‍ഗീസ്, ഡോ. കെ. ആശ, ക്ഷീരവികസന ക്വാളിറ്റി കണ്‍ട്രോള്‍ ഓഫീസര്‍ ഡോ.എ. കവിത എന്നിവര്‍ വിഷയാവതരണം നടത്തും. ഉച്ചയ്ക്ക് 2 ന് ആരോഗ്യ വകുപ്പിന്റെ ആഭിമുഖ്യത്തില്‍ 'അടിസ്ഥാന ജീവന്‍രക്ഷാ മാര്‍ഗ്ഗങ്ങളും പ്രഥമ ശുശ്രൂഷയും' എന്ന വിഷയത്തില്‍ നടത്തുന്ന സെമിനാര്‍ ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ.കെ.സക്കീന ഉദ്ഘാടനം ചെയ്യും. ആരോഗ്യ കേരളം ജില്ലാ പ്രോഗ്രാം മാനേജര്‍ ഡോ. സമീഹ സൈതലവി അധ്യക്ഷത വഹിക്കും. മാനന്തവാടി ജില്ലാ ആശുപത്രി അനസ്‌തെറ്റിസ്റ്റ് ഡോ.മുനീഷ് വിഷയാവതരണം നടത്തും. 
മെയ് 13 ന് രാവിലെ 11 ന് വനിതാ- ശിശു വികസന വകുപ്പിന്റെ ആഭിമുഖ്യത്തില്‍ 'സ്ത്രീധന നിരോധന നിയമവും തൊഴിലിടങ്ങളില്‍ സ്ത്രീകള്‍ക്ക് നേരെയുള്ള ലൈംഗികാതിക്രമം തടയല്‍ നിയമവും' സെമിനാര്‍ വയനാട് ജില്ലാ വനിതാ ശിശു വികസന ഓഫീസര്‍ കെ.വി. ആശമോള്‍ ഉദ്ഘാടനം ചെയ്യും. അഡ്വ.ഗ്ലോറി ജോര്‍ജ്ജ് വിഷയാവതരണം നടത്തും. ഉച്ചയ്ക്ക് ശേഷം 3 ന് ചരക്ക് സേവന നികുതി വകുപ്പ് 'ജി.എസ്.ടി.യില്‍ വന്ന പുതിയ മാറ്റങ്ങള്‍' എന്ന വിഷയത്തില്‍ നടത്തുന്ന സെമിനാര്‍ വയനാട് ജോയിന്റ് കമ്മീഷണര്‍ ഓഫ് സ്റ്റേറ്റ് ടാക്‌സ് ജയരാജന്‍ പി.സി. ഉദ്ഘാടനം ചെയ്യും. ഡെപ്യൂട്ടി കമ്മീഷണര്‍ ജയദേവന്‍ കെ.സി അധ്യക്ഷനാകും. ജി.എസ്.ടി സിസ്റ്റം അഡ്മിനിസ്‌ട്രേറ്റര്‍ കെ.ഗിരീഷ് കുമാര്‍ വിഷയാവതരണം നടത്തും. 
പത്രസമ്മേളനത്തില്‍ ജില്ലാ കളക്ടര്‍ എ. ഗീത ഐ.എ.എസ്, എ.ഡി.എം. എന്‍.ഐ. ഷാജു, ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍ കെ. മുഹമ്മദ്, തദ്ദേശ സ്വയംഭരണ വകുപ്പ് ജോയിന്റ് ഡയറക്ടര്‍ പി.ജയരാജന്‍, ടൂറിസം ഡെപ്യൂട്ടി ഡയറക്ടര്‍ ഡി.വി.പ്രഭാത്, ജില്ലാ വ്യവസായ കേന്ദ്രം ജനറല്‍ മാനേജര്‍ ലിസിയാമ സാമുവല്‍, കുടുംബശ്രീ മിഷന്‍ എ.ഡി.എം.സി വാസു പ്രദീപ് തുടങ്ങിയവര്‍ പങ്കെടുത്തു.
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *