October 8, 2024

ജില്ലാതല പട്ടയമേള 15 ന്: രണ്ടാംഘട്ടത്തില്‍ 802 പേര്‍ കൂടി ഭൂവുടമകളാകും

0
Img 20220613 Wa00402.jpg
മാനന്തവാടി : സംസ്ഥാന സര്‍ക്കാറിന്റെ നൂറ് ദിന കര്‍മ്മ പദ്ധതികളുടെ ഭാഗമായി നടക്കുന്ന ജില്ലാതല പട്ടയമേള ജൂണ്‍ 15 ന് വൈകീട്ട് 3 ന് മാനന്തവാടി അമ്പുകുത്തി സെന്റ് തോമസ് ഓഡിറ്റോറിയത്തില്‍ റവന്യൂ വകുപ്പ് മന്ത്രി കെ.രാജന്‍ പട്ടയം കൈമാറി ഉദ്ഘാടനം ചെയ്യും. മാനന്തവാടി, സുല്‍ത്താന്‍ ബത്തേരി, കല്‍പ്പറ്റ താലൂക്കുകളിലെ 802 ഗുണഭോക്താക്കള്‍ക്കാണ് രണ്ടാം ഘട്ടത്തില്‍ പട്ടയം നല്‍കുന്നത്. ഭൂപതിവ് ചട്ടപ്രകാര മുളള 140 പട്ടയങ്ങളും, 7 ദേവസ്വം ക്രയ സര്‍ട്ടിഫിക്കറ്റുകളും, 335 മിച്ചഭൂമി പട്ടയങ്ങളും, മാനന്തവാടി ലാന്‍ഡ് ട്രിബൂണലിലെ 250 ക്രയ സര്‍ട്ടിഫിക്കറ്റുകളും, വനാവകാശ നിയമ പ്രകാരമുള്ള 70 അവകാശ രേഖകളുമാണ് ചടങ്ങില്‍ വിതരണം ചെയ്യുക. കഴിഞ്ഞ ഏപ്രിലില്‍ മീനങ്ങാടിയില്‍ നടന്ന ഒന്നാംഘട്ട പട്ടയമേളയിലൂടെ 525 പേര്‍ ഭൂമിയുടെ അവകാശികളായിരുന്നു. 2021 നവംബറില്‍ 412 പേര്‍ക്കും പട്ടയം നല്‍കി. ഇതോടെ ജില്ലയില്‍ ഒരു വര്‍ഷത്തിനിടെ 1739 പേര്‍ക്ക് പട്ടയം നല്‍കാന്‍ സംസ്ഥാന സര്‍ക്കാറിന്റെയും ജില്ലാഭരണകൂടത്തിന്റെയും ഇടപെടലിലൂടെ സാധിച്ചു. 
ചടങ്ങില്‍ പുതുതായി നിര്‍മ്മിച്ച മാനന്തവാടി സബ്കളക്ടര്‍ ഓഫീസ്, താലൂക്ക് ഓഫീസ് അനക്‌സ് കെട്ടിടങ്ങള്‍, പേര്യ സ്മാര്‍ട്ട് വില്ലേജ് ഓഫീസ് കെട്ടിടം, നവീകരിച്ച മാനന്തവാടി ലാന്റ് ട്രൈബൂണല്‍ ഓഫീസ്, താലൂക്ക് ഓഫീസ്, കാഞ്ഞിരങ്ങാട് വില്ലേജ് ഓഫീസ് എന്നിവയുടെയും ഉദ്ഘാടനവും റവന്യൂ മന്ത്രി നിര്‍വ്വഹിക്കും. ഒ.ആര്‍ കേളു എം.എല്‍.എ ചടങ്ങില്‍ അധ്യക്ഷത വഹിക്കും. എം.എല്‍.എമാരായ ഐ.സി. ബാല കൃഷ്ണന്‍, ടി. സിദ്ധീഖ്, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സംഷാദ് മരക്കാര്‍, ജില്ലാ കളക്ടര്‍ എ.ഗീത, സബ്കളക്ടര്‍ ആര്‍.ശ്രീലക്ഷമി, എ.ഡി.എം എന്‍.ഐ ഷാജു, വിവിധ ജനപ്രതിനിധികള്‍, രാഷ്ട്രീയപാര്‍ട്ടി പ്രതിനിധികള്‍ തുടങ്ങിയവര്‍ പങ്കെടുക്കും. തുടര്‍ന്ന് വൈകീട്ട് 4 ന് പനമരം സ്മാര്‍ട്ട് വില്ലേജും, 5ന് എടവക സ്മാര്‍ട്ട് വില്ലേജ് ഓഫീസും റവന്യു വകുപ്പ് മന്ത്രി അതത് സ്ഥങ്ങളില്‍ നടക്കുന്ന ചടങ്ങില്‍ ഉദ്ഘാടനം ചെയ്യും.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *