April 20, 2024

ആഫ്രിക്കൻ പന്നിപ്പനി : മൂന്ന് ഫാമുകളിലെ പന്നികളെ ദയാവധം ചെയ്തു

0
Img 20220725 Wa00343.jpg
മാനന്തവാടി : ആഫ്രിക്കൻ സ്വൈൻ ഫീവർ സ്ഥിതീകരിച്ച മാനന്തവാടി നഗരസഭയിലെ രോഗം സ്ഥിരീകരിച്ച ഫാമിന്റെ ഒരു കിലോമീറ്റർ ആകാശ ദൂര പരിധിയിലെ മൂന്നു ഫാമുകളിലെ പന്നികളെ ഉന്മൂലനം ചെയ്തു. രാത്രി വൈകിയാണ് നടപടി ക്രമങ്ങൾ പൂർത്തിയായത് . കുറ്റി മൂലയിലുള്ള കർഷകന്റെ ഫാമിലുള്ള 29 പന്നികളെയാണ് ബുധനാഴ്ച്ച ദൗത്യസംഘം ആദ്യം ദയാവധത്തിന് വിധേയമാക്കിയത്.
ബുധനാഴ്ച്ച രാവിലെ മാനന്തവാടി മൃഗാശുപത്രിയിലെത്തിയ പുതിയ ആർ.ആർ.ടി അംഗങ്ങൾക്ക് ചീഫ് വെറ്റിനറി ഓഫീസർ ഡോ. കെ. ജയരാജ്‌, ഡോ. ദയാൽ എസ് , ഡോ. ജവഹർ.കെ എന്നിവർ തവിഞ്ഞാൽ ഗ്രാമപഞ്ചായത്തിലെ ഫാമിൽ അനുവർത്തിച്ച ദയാവധ രീതികൾ വിശദീകരിച്ചു. ഓരോ ഫാമുകളിലെയും സാഹചര്യമനുസരിച്ച് കൈക്കൊള്ളേണ്ട നടപടിക്രമങ്ങളും യോഗത്തിൽ വിശദമാക്കി. ഉച്ചയ്ക്ക് ശേഷം തുടങ്ങിയ ദയാവധ നടപടികൾ ആദ്യത്തെ ഫാമിൽ വൈകിട്ട് 3. 30 ന് പൂർത്തിയായി. പന്നി ഫാം പ്രവർത്തിക്കുന്നത് ആകെ 7 സെന്റ് സ്ഥലത്തു മാത്രമായതിനാൽ സംസ്കരിക്കുന്നതിനുള്ള കുഴി തയ്യാറാക്കുന്നതിന് പ്രായോഗിക ബുദ്ധിമുട്ടുകൾ ഉണ്ടായിരുന്നു. എന്നാൽ ഫാമിനോട് ചേർന്നു തന്നെ 30 മീറ്റർ അകലത്തിൽ കർഷകന്റെ ബന്ധുവിന്റെ സ്ഥലത്ത് ജെസിബി ഉപയോഗിച്ച് 11 അടി താഴ്ച്ചയിലും 12അടി വീതിയിലും12 അടി നീളത്തിലും കുഴിയെടുത്ത് ശാസ്ത്രീയമായി ജഡങ്ങൾ മറവു ചെയ്യാൻ സാധിച്ചു. 
രണ്ടാമത്തെ ഫാമിൽ വൈകീട്ട് ആറു മണിയോടെയാണ് നടപടികൾ തുടങ്ങിയത്. 31 ഓളം പന്നികളെ ഇവിടെ ദയാവധത്തിന് വിധേയമാക്കി. തുടർന്ന് കുഴിനിലത്തുള്ള ഫാമിലെ പന്നികളെ രാത്രി വൈകിയോടെ ദയാവധം ചെയ്തു . 80 ഓളം പന്നികളെയാണ് ദൗത്യ സംഘത്തിന് ദയാവധം ചെയ്യേണ്ടി വന്നത് . 
മേഖലയിലെ സർവൈലൻസ് നടപടികൾ ഊർജിതമാക്കുന്നതിന് വേണ്ടി മാനന്തവാടി നഗരസഭയിൽ എടവക വെറ്റിനറി സർജൻ ഡോ. സീലിയ ലോയ്‌സന്റെ നേതൃത്വത്തിലും തവിഞ്ഞാൽ ഗ്രാമപഞ്ചായത്തിൽ കാട്ടിമൂല വെറ്റിനറി സർജൻ ഡോ. ഫൈസൽ യൂസഫിന്റെ നേതൃത്വത്തിലും നാല് അംഗങ്ങൾ വീതമുള്ള സർവൈലൻസ് ടീമിനെ സജ്ജമാക്കിയിട്ടുണ്ട്.
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *

Latest news