September 3, 2026

കമ്പളക്കാട് 18 മുതല്‍ ഫുട്‌ബോള്‍ മാമാങ്കം കെ.എഫ്.എല്‍ രണ്ടാം എഡിഷന് ഒരുങ്ങി കമ്പളക്കാട്

0
By ന്യൂസ് വയനാട് ബ്യൂറോ
 കമ്പളക്കാട് വോയ്‌സ് ഓഫ് യൂത്ത് ക്ലബിന്റെ ആഭിമുഖ്യത്തില്‍ ഈ വരുന്ന 18 മുതല്‍ കെല്‍ട്രോണ്‍ വളവ് പഞ്ചായത്ത് സ്‌റ്റേഡിയത്തില്‍ കമ്പളക്കാട് ഫുട്‌ബോള്‍ ലീഗ് ആരംഭിക്കുമെന്ന് സംഘാടകര്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. കമ്പളക്കാട് പ്രദേശത്തിന്റെ ഫുട്‌ബോള്‍ പാരമ്പര്യം തിരിച്ചുപിടിക്കാനും മയക്കു മരുന്നിനും ലഹരിക്കും അടിമപ്പെട്ടു കൊണ്ടിരിക്കുന്ന യുവതയെ കായികമായി ഉത്തേജിപ്പിച്ച് അസാന്മാര്‍ഗ്ഗിക ചിന്തകളില്‍ നിന്ന് വഴിതിരിച്ചു വിടാനും ലക്ഷ്യമിട്ടാണ് ഫുട്‌ബോള്‍ മേള സംഘടിപ്പിക്കുന്നത്. 
  
    മേളയുടെ വരുമാനത്തില്‍ നിന്നുള്ള ഒരു വിഹിതം ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ക്കായി ഉപയോഗിക്കുമെന്നും സംഘാടകര്‍ പറഞ്ഞു. കമ്പളക്കാട് ടൗണിലും പരിസര പ്രദേശങ്ങളിലുമുള്ള 162 താരങ്ങള്‍ ഉള്‍കൊള്ളുന്ന 10 ടീമുകളാണ് മാറ്റുരക്കുന്നത്. ജില്ലയിലെ അറിയപ്പെടുന്ന അണ്ടര്‍ 16 മുതല്‍ അണ്ടര്‍ 22 വരെയുള്ളതാരങ്ങളും ടൂര്‍ണമെന്റില്‍ പങ്കെടുക്കും. ദിവസവും വൈകിട്ട് 7.30ന് മത്സരം ആരംഭിക്കും. ടൂര്‍ണമെന്റിന്റെ പ്രചരണാര്‍ഥമുള്ള പ്രമോ വീഡിയോ കഴിഞ്ഞയാഴ്ച കലക്ടര്‍ പ്രകാശനം ചെയ്തിരുന്നു. 
കെ.ജി സഹദേവന്‍, പി.സി മജീദ്, വി.പി യൂസഫ്, പി.സി ഇബ്‌റാഹിം ഹാജി, മോയിന്‍ കടവന്‍, ഷാജി കോരന്‍കുന്നന്‍ എന്നിവര്‍ രക്ഷാധികാരികളായ ക്ലബ്ബിന് 11 അംഗ കമ്മിറ്റി നിലവിലുണ്ട്. ടിക്കറ്റ് ഏര്‍പ്പെടുത്താതെ സംഭാവനകള്‍ സ്വീകരിച്ചാണ് ടൂര്‍ണമെന്റ് സംഘടിപ്പിക്കുന്നത്. 15 ദിവസങ്ങളിലായി നടക്കുന്ന ടൂര്‍ണമെന്റ് കമ്പളക്കാട്ടെ കായികപ്രേമികള്‍ക്ക് ഉത്സവപ്രതീതിയാണ് നല്‍കുന്നത്. 
     18ന് വൈകിട്ട് മില്ലുമുക്കില്‍ നിന്നാരംഭിക്കുന്ന റോഡ്‌ഷോയോടെയാണ് ടൂര്‍ണമെന്റിന് തിരിതെളിയുക. വാര്‍ത്താസമ്മേളനത്തില്‍ ചെയര്‍മാന്‍ ഷൈജല്‍ കുന്നത്ത്, കണ്‍വീനര്‍ ഷെഫീക്ക് അയ്യാട്ട്, ഭാരവാഹികളായ സഹറത്ത് പത്തായക്കോടന്‍, ഹാരിസ് അയ്യാട്ട് തുടങ്ങിയവര്‍ പങ്കെടുത്തു.

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *