April 20, 2024

സ്റ്റാര്‍ട്ടപ്പുകളുടെ വളര്‍ച്ച ത്വരിതപ്പെടുത്താന്‍ കെഎസ് യുഎം ‘എയ്സ്’-ന് തുടക്കമായി

0
Pic.jpeg


ഐടി മേഖലയില്‍ കേരളത്തിലേത് 

മികച്ച അന്തരീക്ഷം: മുഖ്യമന്ത്രി


തിരുവനന്തപുരം:  കോവിഡ്19 സൃഷ്ടിച്ച പരിമിതികള്‍ക്കു നടുവിലും ഇന്ത്യയില്‍ ഐടി മേഖലയിലെ സംരംഭകരെ ആകര്‍ഷിക്കുന്ന ഏറ്റവും മികച്ച അന്തരീക്ഷം കേരളത്തിലാണെന്ന് മുഖ്യമന്ത്രി   പിണറായി വിജയന്‍. 


ടെക്നോപാര്‍ക്കില്‍ സംരംഭങ്ങള്‍ ആരംഭിക്കാനുള്ള വന്‍ താല്പര്യവും ആ സ്ഥാപനത്തോടുള്ള പ്രിയവും അതാണ് വ്യക്തമാക്കുന്നതെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. 

വളര്‍ച്ചാ ഘട്ടത്തിലുള്ള സ്റ്റാര്‍ട്ടപ്പുകള്‍ക്ക് സുസ്ഥിര സംരംഭങ്ങളായി വികസിക്കുന്നതിനുള്ള സമഗ്ര പിന്തുണ നല്‍കുന്നതിന്  ടെക്നോപാര്‍ക്കില്‍ സ്ഥാപിച്ച ആക്സിലറേറ്റര്‍ ഫോര്‍ ഇലക്ട്രോണിക്സ് ടെക്നോളജീസ് (എയ്സ്) ഉദ്ഘാടനം ചെയ്യുകയായിരുന്നു മുഖ്യമന്ത്രി. 

കേരള സ്റ്റാര്‍ട്ടപ് മിഷന്‍റേയും (കെഎസ് യുഎം), കേന്ദ്ര സര്‍ക്കാരിന്‍റെ ഇലക്ട്രോണിക്സ്-   ഐടി മന്ത്രാലയത്തിനു കീഴിലുള്ള  സെന്‍റര്‍ ഫോര്‍ ഡവലപ്മെന്‍റ് ഓഫ് അഡ്വാന്‍സ്ഡ് കംപ്യൂട്ടിങ്ങിന്‍റേയും (സി-ഡാക്) സംയുക്ത സംരംഭമാണ് എയ്സ്. ഓണ്‍ലൈനായി നടന്ന ചടങ്ങില്‍ സംസ്ഥാന ടൂറിസം, ദേവസ്വം, സഹകരണ വകുപ്പ് മന്ത്രി  കടകംപളളി സുരേന്ദ്രന്‍ അദ്ധ്യക്ഷത വഹിച്ചു.  

സംരംഭങ്ങളുടെ സുസ്ഥിരവളര്‍ച്ചയെ പിന്തുണയ്ക്കുന്ന നയം സര്‍ക്കാര്‍ തുടരുമെന്ന് മുഖ്യമന്ത്രി വ്യക്തമാക്കി. യുവ സംരംഭകര്‍ക്ക് പെട്ടെന്ന് വളരാന്‍ എയ്സ് ഏറെ പ്രയോജനപ്രദമാകും. കേരളത്തിലെ ഐടി വ്യവസായത്തിനു ഉപയോഗപ്പെടുത്തുന്ന സ്ഥലം ഇരട്ടിയാകുമെന്നിരിക്കെ ഉയര്‍ന്ന ഇനം ഇലക്ട്രോണിക് സംവിധാനങ്ങളുടെയും ഉപകരണങ്ങളുടെയും ഗവേഷണ വികസന പ്രവര്‍ത്തനങ്ങളുടെ പിന്തുണ ഉറപ്പാക്കാന്‍ എയ്സ് സഹായകമാകുമെന്നും മുഖ്യമന്ത്രി പറഞ്ഞു.

അത്യാധുനിക ഇലക്ട്രോണിക്സ് സംവിധാനങ്ങളുടേയും ഉപകരണങ്ങളുടേയും സേവനങ്ങളുടേയും ഗവേഷണത്തിനും വികസനത്തിനുമുള്ള സോഫ്റ്റ്വെയര്‍ അടിസ്ഥാന സൗകര്യങ്ങള്‍ക്കും ആക്സിലറേറ്റര്‍ പ്രയോജനപ്പെടും. 50,000 ചതുരശ്രയടി വിസ്തീര്‍ണമുള്ള ആക്സിലറേറ്റര്‍ സൗകര്യത്തിലൂടെ ആയിരത്തോളം നേരിട്ടുള്ള തൊഴിലവസരങ്ങള്‍ പുതുതായി സൃഷ്ടിക്കപ്പെടും.

ലോകോത്തര പബ്ലിക് ബിസിനസ് ആക്സിലറേറ്റര്‍ എന്ന യുബിഐ ഗ്ലോബലിന്‍റെ അംഗീകാരം 2019 ല്‍ കെഎസ് യുഎമ്മിന് ലഭിച്ചിരുന്നു. സ്റ്റാര്‍ട്ടപ്പുകള്‍ക്കാവശ്യമായ ഭൗതിക-ബൗദ്ധിക അടിസ്ഥാന സൗകര്യങ്ങള്‍ ആക്സിലറേറ്ററില്‍ നിന്നു ലഭിക്കും.  കൂടാതെ നിശ്ചിത കാലയളവില്‍ സി-ഡാക്കിന്‍റെ മാര്‍ഗനിര്‍ദേശവും ലഭ്യമാകും.   കേന്ദ്ര സര്‍ക്കാരിന്‍റെ ഇലക്ട്രോണിക്സ്, ഐടി മന്ത്രാലയത്തിന്‍റെ സഹായത്തോടെ ഇലക്ട്രോണിക്സ് ടെക്നോളജി അടിസ്ഥാനമാക്കി കൊച്ചിയില്‍ സ്ഥാപിച്ച കെഎസ് യുഎം ഇന്‍കുബേറ്ററിനു പൂരകമായി ഈ ആക്സിലറേറ്റര്‍ പ്രവര്‍ത്തിക്കും. രാജ്യത്തെ ഇലക്ട്രോണിക്സ് ടെക്നോളജി മേഖലയിലെ പ്രമുഖ ആക്സിലറേറ്ററായി വളരുകയാണ്  എയ്സിന്‍റെ സുപ്രധാന ലക്ഷ്യം. ഇലക്ട്രോണിക്സ് അനുബന്ധ മേഖലകളിലുള്ള  അത്യാധുനിക സാങ്കേതികവിദ്യാധിഷ്ഠിത സ്റ്റാര്‍ട്ടപ്പുകള്‍ക്ക് വളരുന്നതിനുള്ള അനുയോജ്യ അന്തരീക്ഷമാണ് ഇവിടെ ലഭ്യമാക്കുന്നത്.
     
സംരംഭങ്ങള്‍ക്ക് യഥാസമയം സഹായങ്ങള്‍ ലഭ്യമാക്കണമെന്ന് മന്ത്രി ശ്രീ കടകംപളളി സുരേന്ദ്രന്‍ അഭിപ്രായപ്പെട്ടു. സംസ്ഥാനത്തിന്‍റെ ഐടി കുതിപ്പിനു തടയിടാന്‍ ചിലര്‍ ശ്രമിക്കുന്നുവെന്ന് അദ്ദേഹം പറഞ്ഞു. അടുത്തമാസം മുതല്‍ സംസ്ഥാനത്ത് ദാരിദ്ര്യരേഖക്കു താഴെയുള്ള 20 ലക്ഷം പേര്‍ക്ക് വേഗതയേറിയ ഇന്‍റര്‍നെറ്റ് കണക്ഷന്‍ ലഭ്യമാക്കുന്ന 1550 കോടിയുടെ കെ-ഫോണ്‍ പദ്ധതി അട്ടിമറിക്കാന്‍ ചില കുത്തക കമ്പനികള്‍ ശ്രിമിക്കുന്നതായും മന്ത്രി കുറ്റപ്പെടുത്തി. ഇത്തരം വികസന വിരുദ്ധരെ ചെറുക്കണമെന്ന് അദ്ദേഹം പറഞ്ഞു.
          
സംരംഭകര്‍ക്ക് ഉയര്‍ന്ന തലത്തിലേയ്ക്ക് വളരാനുള്ള പിന്തുണ സി-ഡാക് നല്‍കുമെന്ന്  എക്സിക്യൂട്ടീവ് ഡയറക്ടര്‍  മഗേഷ് ഇ വ്യക്തമാക്കി. സിഡാക്കിനു കരുത്തുള്ള സൈബര്‍ സുരക്ഷ, വ്യവസായിക ഇലക്ട്രോണിക്സ്, നിര്‍മ്മിതബുദ്ധി, ബ്ലോക്ചെയിന്‍ സാങ്കേതികവിദ്യ തുടങ്ങിയവ അദ്ദേഹം വിശദീകരിച്ചു.

സംസ്ഥാനത്ത് നിലവില്‍ നാലു ലക്ഷം ചതുരശ്ര അടിയില്‍ 3000 സ്റ്റാര്‍ട്ടപ്പുകള്‍ പ്രവര്‍ത്തിക്കുന്നതായി ഐടി, ഇലക്ട്രോണിക്സ് വകുപ്പ് സെക്രട്ടറി  കെ മുഹമ്മദ് വൈ സഫീറുള്ള പറഞ്ഞു. 40 ഇന്‍കുബേറ്ററുകളും 226 മിനി ഇന്‍കുബേറ്ററുകളും ഒരു ഫ്യൂച്ചര്‍ ടെക്നോളജി ലാബും എംഐടി സൂപ്പര്‍ ഫാബ് ലാബ്, 22 ഫാബ് ലാബ് എന്നിവയും പ്രവര്‍ത്തിക്കുന്നുണ്ട്. ഐടി മേഖലയിലെ സംസ്ഥാനത്തെ നിക്ഷേപം 2000 കോടിയാണെന്നും അദ്ദേഹം പറഞ്ഞു. കെഎസ് യുഎം സിഇഒ  ശശി പിലാച്ചേരി മീത്തല്‍ നന്ദി പറഞ്ഞു. 
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *