April 24, 2024

ജില്ലാ ആശുപത്രിയില്‍ 12 കോടിയിലേറെ രൂപയുടെ ഉപകരണങ്ങള്‍ ഉപയോഗിക്കാതെ നശിക്കുന്നു.

0
മാനന്തവാടി: അടിയന്തിര ചികിത്സ നിഷേധിക്കരുതെന്ന ജില്ലാ ഭരണകൂടത്തിന്റെ ഉത്തരവ് നിലനില്‍ക്കുമ്പോഴും മാനന്തവാടി ജില്ലാ ആസ്പത്രിയില്‍ 12 കോടിയിലേറെ രൂപയുടെ ഉപകരണങ്ങള്‍ ഉപയോഗിക്കാതെ നശിക്കുന്നു. കോവിഡ് പാശ്ചാത്തലത്തില്‍ അടിയന്തിര ഘട്ട ചികിത്സ ലഭ്യമല്ലാത്ത സാഹചര്യം ഉണ്ടാവാന്‍ പാടില്ലെന്ന ജില്ലാ കലക്ടര്‍ കൂടിയായ ദുരന്തനിവാരണ അതോറിറ്റി ചെയര്‍മാന്റെ ഉത്തരവ് നിലനില്‍ക്കുമ്പോഴാണ് വയനാട് ജില്ലാആസ്പത്രിയില്‍ രോഗികള്‍ക്ക് ചികിത്സ നല്‍കാത്തതിനാല്‍ പന്ത്രണ്ട് കോടിയിലേറെ രൂപയുടെ യന്ത്രോപകരണങ്ങള്‍ നശിക്കുന്നത്. വാഹനാപകടങ്ങളിലും മറ്റും നിസാര പരിക്കേല്‍ക്കുന്നവരെ പോലും, കിടത്തി ചികിത്സിക്കേണ്ടി വരുന്നതിനാല്‍ കോഴിക്കോട് മെഡിക്കല്‍ കോളേജിലേക്ക് റഫര്‍ ചെയ്യുകയാണ് ചെയ്യുന്നത്. ജില്ലാ ആശുപത്രി കൊറോണ വാര്‍ഡാക്കി മാറ്റിയപ്പോള്‍ അത്യാഹിത വിഭാഗം വിന്‍സെന്റ് ഗിരി ആസ്പത്രിയിലേക്ക് മാറ്റിയിരുന്നു. ഇവിടെ രോഗികളെ പരിശോധിക്കുക മാത്രമാണ് ചെയ്യുന്നത്. കിടത്തിചികിത്സയില്ല. ചെറിയ രോഗത്തിന് പോലും കിടത്തിചികിത്സിക്കേണ്ടി വരുന്ന രോഗികളെ കോഴിക്കോട് മെഡിക്കല്‍ കോളേജിലേക്ക് റഫര്‍ ചെയ്യുകയാണ് ചെയ്യുന്നത്. രോഗികള്‍ പിന്നീട് ഏക ആശ്രയം സ്വകാര്യ ആസ്പത്രികള്‍ മാത്രമാണ്.കഴിഞ്ഞ ആറ് മാസത്തിലേറെയായി ജില്ലാ ആസ്പത്രിയിലെ ഉപകരണങ്ങള്‍ പ്രവര്‍ത്തിപ്പിക്കാത്തതിനാല്‍ അടിയന്തിര ഘട്ടങ്ങളില്‍ ചികില്‍സ നല്‍കേണ്ട ഉപകരണങ്ങള്‍, സംവിധാനങ്ങള്‍ ,എല്ലാം തുരുമ്പെടുത്ത് നശിച്ച് തുടങ്ങി. സര്‍ക്കാര്‍ സ്വകാര്യ ആസ്പത്രികളില്‍ ചികിത്സ തേടി എത്തുന്ന രോഗികള്‍ക്ക് അടിയന്തിര ചികിത്സ നിഷേധിക്കരുതെന്ന ജില്ലാ ഭരണകൂടത്തിന്റെ, ഉത്തരവുള്ളപ്പോഴാണ് ജില്ലാ ആസ്പത്രി കൊറോണ വാര്‍ഡ് ആക്കിയതോടെ രോഗികള്‍ ചികിത്സ കിട്ടാതെ നട്ടം തിരിയുന്നത്. ഇന്റന്‍സീവ് കെയര്‍ യൂണിറ്റ്, സര്‍ജറിവാര്‍ഡ്, ലേബര്‍ വാര്‍ഡ്, ഓപ്പറേഷന്‍ തിയ്യറ്റര്‍ എന്നിവിടങ്ങളിലെ ഉപകരണങ്ങളാണ് മാസങ്ങളോളമായി പ്രവര്‍ത്തിക്കാത്തത് കാരണം നാശത്തിലേക്ക് നീങ്ങുന്നത്. ഓപ്പറേഷന്‍ കോട്ട്, വെന്റിലേറ്ററുകള്‍, ഇന്‍കുബേറ്റര്‍,ഫ്രീസറുകള്‍,സ്‌കാനിഗ് മെ ഷിനറികള്‍ ഉള്‍പ്പെടെയുള്ള ഉപകരണങ്ങള്‍ പ്രവര്‍ത്തിപ്പിക്കാതെ വെച്ചാല്‍ പിന്നീട് പ്രവര്‍ത്തിപ്പിക്കാന്‍ കഴിയില്ലെന്നാണ് പറയപ്പെടുന്നത്. ഇതിന് പുറമെ ഓപ്പറേഷനും മറ്റും കഴിഞ്ഞ രോഗികള്‍ക്കും മറ്റും നല്‍കാനായി ഫാര്‍മസികളിലുള്ള ലക്ഷക്കണക്കിന് രൂപയുടെ മരുന്നുകളും കാലവധി പൂര്‍ത്തിയായിവരികയാണ്. ഇത്തരം മരുന്നുകളും വിതരണം ചെയ്യാന്‍ പറ്റാത്ത സ്ഥിതിയാണുള്ളത്. 45 ലക്ഷം രൂപ ചിലവിട്ട് സ്ഥാപിച്ച ഏറ്റവും അധുനീകരീതിയിലുള്ള പ്രസവവാര്‍ഡിലെ ലാപ്രോ സ്‌കോപ്പി ഉപകരണം, 40 ലക്ഷം ചിലവില്‍ വാങ്ങിയ നോര്‍മല്‍ സര്‍ജറി ഉപകരണങ്ങള്‍, സിസേറിയന്‍ അടക്കമുള്ള യൂണിറ്റ്, 30 ലക്ഷത്തോളം രൂപ ചിലവഴിച്ച് സ്ഥാപിച്ച മാമോഗ്രാഫി മെഷീന്‍. മാമോഗ്രാഫി മെഷീന്‍ കേരളത്തില്‍ വയനാട് ജില്ലാ ആസ്പത്രിയില്‍ മാത്രമാണുള്ളത്. കേരളത്തിലെ മറ്റൊരു ജില്ലാ ആശുപത്രിയിലും ഈ സംവിധാനങ്ങളില്ല. 25 ലക്ഷം രൂപ ചിലവില്‍ നിര്‍മ്മിച്ച എന്‍ഡോസ്‌കോപ്പി, സര്‍ജിക്കല്‍ എന്‍ഡോസ്‌കോപ്പി, ഇ എന്‍ ടി വിഭാഗങ്ങളില്‍ സ്ഥാപിച്ച 65 ലക്ഷം രൂപ ചിലവിട്ട് വാങ്ങിച്ച ഉപകരണങ്ങളാണ് നശിക്കുന്നത്. 10 ലക്ഷം രൂപ മുടക്കി വാങ്ങിച്ച അനസ്‌തേഷ്യ മെഷീന്‍, നേത്രവിഭാഗത്തില്‍ ഏറ്റവും അധൂനീകരീതിയിലുള്ള 25 ലക്ഷം രൂപ ചിലവില്‍ വാങ്ങിയ മൈക്രോസ്‌കോപ്പ് എന്നിവയാണ് നശിച്ചുകൊണ്ടിരിക്കുന്നത്. ഇതിന് പുറമെ, 45 ലക്ഷം രൂപ ചിലവിട്ട് നിര്‍മ്മിച്ച ഡബിള്‍ഡോര്‍ ലോന്‍ട്രി മെഷീനും, കൂടാതെ 1 കോടിയോളം രൂപ ചിലവഴിച്ച് നിര്‍മ്മിച്ച ആധുനീക രീതിയിലുള്ള ഓപ്പറേഷന്‍ തിയ്യറ്റര്‍, മൂന്നര കോടി രൂപ വിലവരുന്ന സര്‍ജിക്കല്‍ ഉപകരണങ്ങള്‍ എന്നിവയും ഉപയോഗിക്കാതിരുന്നാല്‍ പ്രവര്‍ത്തനക്ഷമമല്ലാതാകും. വാഹനാപകടങ്ങളിലും മറ്റും പരിക്കേറ്റ് ചികിത്സ തേടിയെത്തുന്നവരുടെ ഒടിവ്, ചതവ്, മുറിവ് എന്നിവയുടെ ആഴവും നിജസ്ഥിതിയും മനസിലാക്കുന്നതിനായി സ്ഥാപിച്ച ആര്‍ത്രോസ്‌കോപ്പിക് മെഷീനും ഇതുവരെയായി പ്രവര്‍ത്തനം ആരംഭിച്ചിട്ടില്ല. രാഹുല്‍ഗാന്ധി കഴിഞ്ഞ ദിവസം ഉദ്ഘാടനം ചെയ്തതും, കൊവിഡിന് മുമ്പ് തന്നെ സ്ഥാപിക്കപ്പെട്ടതുമായ ഈ ഉപകരണം ഇതുവരെയും ഉപയോഗിച്ചിട്ടില്ല. സ്വകാര്യമേഖലയിലെ ആശുപത്രികളെ വെല്ലുന്ന വിധത്തിലുള്ള അത്യാധുനിക സംവിധാനങ്ങളുള്ള അത്യാഹിതവിഭാഗം, പ്രസവവാര്‍ഡിലെ ഓപ്പറേഷന്‍ തിയ്യറ്റര്‍, കുട്ടികളുടെ വാര്‍ഡിലെ ഉപകരണങ്ങള്‍ എന്നിവയും ഉപയോഗിക്കാത്തതിനാല്‍ നശിച്ചുകൊണ്ടിരിക്കുകയാണ്. ഇതിന് പുറമെ, മുന്‍ എം പി എം ഐ ഷാനവാസ് ജില്ലാ ആശുപത്രിക്ക് അനുവദിച്ച ഒരു കോടിയിലേറെ രൂപ ചിലവിട്ട് സ്ഥാപിച്ച സി ടി സ്‌കാനിന്റെയും പ്രവര്‍ത്തനം നിലച്ചിരിക്കുകയാണ്. കോടികളുടെ ഉപകരണങ്ങള്‍ നശിച്ചുകൊണ്ടിരിക്കുമ്പോഴും സാധാരണക്കാര്‍ മതിയായ ചികിത്സ ലഭിക്കാതെ ദുരിതം അനുഭവിക്കുകയാണ്. വയനാട് ജില്ലക്ക് പുറമെ തൊട്ടടുത്ത സംസ്ഥാനമായ കര്‍ണാടകയിലെ കുടക്, ബൈരക്കുപ്പ, അന്തര്‍സന്ത എന്നിവിടങ്ങളില്‍ നിന്നും, തൊട്ടടുത്ത ജില്ലയായ കണ്ണൂര്‍ ജില്ലയിലെ കൊട്ടിയൂര്‍ അടക്കമുള്ള ഭാഗങ്ങളില്‍ നിന്നും രോഗികള്‍ ചികിത്സതേടിയെത്തുന്നത് മാനന്തവാടി ജില്ലാ ആസ്പത്രിയിലായിരുന്നു. എന്നാല്‍ ഇപ്പോള്‍ ഇവിടെയെല്ലാമുള്ള രോഗികള്‍ ചികിത്സ കിട്ടാതെ ദുരിതത്തിലാണ്. 

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *