മാവോയിസ്റ്റ് – പോലീസ് ഏറ്റുമുട്ടൽ; ജുഡീഷ്യൽ അന്വേഷണം നടത്തണം: ഐ സി ബാലകൃഷ്ണൻ
കൽപ്പറ്റ: പടിഞ്ഞാറത്തറ മീൻമുട്ടി വനമേഖലയിൽ പോലീസ് വെടിയേറ്റ് മാവോവാദി മരിച്ച സംഭവത്തിൽ ബന്ധുക്കൾ വ്യാജ ഏറ്റുമുട്ടലാണെന്ന് പറഞ്ഞ സാഹചര്യൽ ദുരൂഹതകൾ നീക്കാൻ ജുഡീഷ്യൽ അന്വേഷണം നടത്തണമെന്ന് ഡി സി സി പ്രസിഡന്റ് ഐസി ബാലകൃഷ്ണൻ എം എൽ എ. രണ്ടാം തവണയാണ് വയനാട്ടിൽ ഏറ്റുമുട്ടലിൽ മാവോവാദി കൊല്ലപ്പെടുന്നത്. രക്തചൊരിച്ചിൽ നടത്തി മാവോയിസ്റ്റുകളെ പ്രതിരോധിക്കുന്നത് ശരിയായ രീതിയല്ല. യു ഡി എഫ് സർക്കാരിന്റെ കാലത്ത് പുതിയ പോലീസ് സ്റ്റേഷനുകൾ ആരംഭിച്ചും സേനയെ ശക്തിപ്പെടുത്തിയും, അതോടൊപ്പം തന്നെ മാവോയിസ്റ്റുകൾ താവളമാക്കാൻ സാധ്യതയുള്ള കോളനികളിൽ വികസനമെത്തിച്ചുമാണ് പ്രതിരോധിച്ചിരുന്നത്. സംസ്ഥാന സർക്കാർ മാവോയിസ്റ്റുകൾക്കായി
പ്രഖ്യാപിച്ച കീഴടങ്ങൽ – പുനരധിവാസ പദ്ധതിയും വേണ്ടവിധത്തിൽ നടപ്പിലാക്കാൻ സാധിച്ചിട്ടില്ല. ഓരോ സംഭവം നടക്കുമ്പോഴും ദുരൂഹതകൾ വർധിക്കുകയും, പോലീസ് പ്രതിക്കൂട്ടിലാവുകയും ചെയ്യുകയാണ്. ഇത് പാടില്ല. മാധ്യമ പ്രവർത്തകരെ സുരക്ഷയുടെ പേരിൽ സംഭവ സ്ഥലത്തേക്ക് കടത്തിവിട്ടില്ലെന്ന് പറയുമ്പോഴും ,മൃതദേഹം കൊണ്ടു പോകുന്ന സമയത്ത് അകറ്റി നിർത്തിയത് സംശയാസ്പദമാണ്. ഇത്തരം കേസുകളുണ്ടാകുമ്പോൾ ഒട്ടും സംശയത്തിനിട നൽകാതിരിക്കാൻ സർക്കാർ ജുഡീഷ്യൽ അന്വേഷണം പ്രഖ്യാപിക്കുകയാണ് വേണ്ടതെന്നും അദ്ദേഹം പറഞ്ഞു



Leave a Reply