September 26, 2023

കേരള ടൂറിസത്തിന് വേള്‍ഡ് ട്രാവല്‍ മാര്‍ട്ട് അവാര്‍ഡ്

0


തിരുവനന്തപുരം: കൊവിഡ് കാലത്തെ മാതൃകപരമായ പ്രവര്‍ത്തനത്തിന് കേരള ടൂറിസത്തിന്‍റെ ഉത്തരവാദിത്ത ടൂറിസം മിഷന്‍ പ്രവര്‍ത്തനങ്ങള്‍ക്ക് വേള്‍ഡ് ട്രാവല്‍ മാര്‍ട്ട് ലണ്ടന്‍റെ ഹൈലി കമന്‍ഡഡ് അവാര്‍ഡ്. മീനിംഗ് ഫുള്‍ കണക്ഷന്‍സ് എന്ന വിഭാഗത്തിലാണ് സംസ്ഥാന ഉത്തരവാദിത്ത ടൂറിസം മിഷന്‍ ഈ അംഗീകാരം നേടിയത്.


കൊവിഡ് ലോക്ഡൗണ്‍ കാലത്ത് ഉത്തരവാദിത്ത ടൂറിസം മിഷന്‍ സംസ്ഥാനത്തെ മിഷന്‍റെ യൂണിറ്റുകളുമായി ചേര്‍ന്ന് യൂണിറ്റുകളെക്കൊണ്ട് തയ്യാറാക്കി അവതരിപ്പിച്ച വര്‍ക്ക് അറ്റ് ഹോം വീഡിയോകള്‍, സ്റ്റോറി ടെല്ലിംഗ് ഓഡിയോ, വീഡിയോ സീരീസ് തുടങ്ങിയ അതിനൂതന പ്രവര്‍ത്തനങ്ങളാണ് അവാര്‍ഡിന് അര്‍ഹമായത്. ലോക്ഡൗണ്‍ കാലത്ത് സുരക്ഷിതരായി വീട്ടില്‍ ഇരിക്കാനും എന്നാല്‍  നിരാശരായി  ഇരിക്കാതെ കൊവിഡ് പ്രതിരോധത്തിന് മാര്‍ഗ്ഗങ്ങള്‍ സ്വീകരിച്ച്  സ്വയംതൊഴില്‍  പ്രവര്‍ത്തനങ്ങള്‍ തുടരാന്‍ ഉത്തരവാദിത്ത ടൂറിസം മിഷന്‍ സംരഭകരോട് അഭ്യര്‍ത്ഥിച്ചു. കൊവിഡ് മാറിയാലുടന്‍ തൊഴില്‍ പ്രവര്‍ത്തനങ്ങള്‍ കാണാന്‍ കേരളത്തിലേക്കും തങ്ങളുടെ വീടുകളിലേക്കും എത്താന്‍ വിനോദ സഞ്ചാരികളോടും അഭ്യര്‍ത്ഥിച്ച് കൊണ്ടാരംഭിച്ച വീഡിയോകള്‍ ആയിരുന്നു വര്‍ക്ക് അറ്റ് ഹോം വീഡിയോകള്‍. 

സാനിറ്റൈസറോ സോപ്പോ ഉപയോഗിച്ച് കൈ കഴുകി സ്വയം തൊഴില്‍ ചെയ്ത് അവ വീഡിയോ ഡോക്കുമെന്‍റാക്കി അവതരിപ്പിക്കുകയായിരുന്നു മിഷന്‍റെ നിര്‍ദ്ദേശാനുസരണം യൂണിറ്റ് അംഗങ്ങള്‍ ചെയ്തത്. തുടര്‍ന്ന് ഓരോരുത്തരുടേയും പ്രദേശത്തെക്കുറിച്ചുള്ള സ്റ്റോറി ടെല്ലിംഗ് ഓഡിയോകളും അതിന് ശേഷം ഓരോ നാടിനെയും അവിടുത്തെ ഉത്സവങ്ങളെയും കുറിച്ചുള്ള സ്റ്റോറി ടെല്ലിംഗ് വീഡിയോകളും അവതരിപ്പിച്ചു. തുടര്‍ന്ന് മിഷനിലെ കലാപ്രവര്‍ത്തകരുടെ സോപാന സംഗീതം, ഇടക്ക വാദനം, കളംപാട്ട് എന്നിവ പുറത്തിറക്കി. പിന്നീട് വിവിധ ഉല്‍പ്പന്നങ്ങള്‍ നിര്‍മ്മിക്കുന്ന പരിശീലന വീഡിയോകള്‍ തുടങ്ങി ആകെ 1048 ഓഡിയോ വീഡിയോകളുടെ ശേഖരമാണ് ഇതിന്‍റെ ഭാഗമായി തയ്യാറാക്കിയത്.

മുഴുവന്‍ വീഡിയോകളും മിഷനിലെ യൂനിറ്റ് അംഗങ്ങള്‍ സ്വയം നിര്‍മ്മിച്ചതും എഡിറ്റ് ചെയ്തവയും ആയിരുന്നു. ആയിരക്കണക്കിന് ആളുകളാണ് ഇവ വിവിധ സോഷ്യല്‍ മീഡിയ പ്ലാറ്റ്ഫോമുകളിലൂടെ കണ്ടത്. ലോക ഫോക്ലോര്‍ ദിനത്തില്‍ ഫോക്കത്തോണ്‍ എന്ന പരിപാടിയില്‍ ഒന്നര മണിക്കൂര്‍ ഇവ തുടര്‍ച്ചയായി സംപ്രേക്ഷണം ചെയ്തു.

മഹാമാരിയില്‍ വിറങ്ങലിച്ച് നില്‍ക്കുന്ന ടൂറിസം മേഖലയിലെ സംരഭകര്‍ക്കും ടൂറിസ്റ്റുകള്‍ക്കും ആത്മവിശ്വാസം പകര്‍ന്ന ലോകത്തെ ഏറ്റവും ജനകീയമായ ഇടപെടലാണിതെന്ന് അവാര്‍ഡ് ജൂറി അഭിപ്രായപ്പെട്ടു. ഒരേ മനസോടെ പ്രവര്‍ത്തിച്ച് ഏത് പ്രതിസന്ധിയേയും മറികടക്കാനാകുമെന്ന സന്ദേശമാണ് ഈ മുന്നേറ്റം നല്‍കുന്നതെന്ന് അവാര്‍ഡ് ജൂറി കൂട്ടി ചേര്‍ത്തു.  
  
ഉത്തരവാദിത്ത ടൂറിസം മിഷന്‍ ടൂറിസം മേഖലയിലെ നവീന ആശയങ്ങള്‍ പങ്ക് വക്കുന്നതിലും ജനപങ്കാളിത്തം ഉറപ്പാക്കുന്നതിലും ചാലകശക്തിയായി മാറുകയാണെന്ന് ഈ അവാര്‍ഡ് തെളിയിക്കുന്നതായി ടൂറിസം വകുപ്പ് മന്ത്രി ശ്രീ. കടകംപള്ളി സുരേന്ദ്രന്‍ പറഞ്ഞു.

മഹാമാരിക്കാലത്തെ വിനോദസഞ്ചാര മേഖലയിലെ ഏറ്റവും ശ്രദ്ധേയമായ ഇടപെടലാണ് മിഷന്‍ നടത്തിയതെന്ന് ടൂറിസം സെക്രട്ടറി ശ്രീമതി റാണി ജോര്‍ജ് ഐഎഎസ് പറഞ്ഞു. ഈ നേട്ടത്തില്‍ കേരളത്തിലെ മുഴുവന്‍ ഉത്തരവാദിത്ത ടൂറിസം മിഷന്‍ യൂണിറ്റ് അംഗങ്ങളേയും അഭിനന്ദിക്കുന്നുവെന്ന് കേരള ടൂറിസം ഡയറക്ടര്‍ ശ്രീ.പി. ബാല കിരണ്‍ ഐഎഎസ് പറഞ്ഞു.


ജീവിത ഗന്ധിയായ പ്രവര്‍ത്തനങ്ങള്‍ ലോകം വിലയിരുത്താന്‍ അതിഭാവുകത്വമില്ലാതെ അവ നേരിട്ട് അവതരിപ്പിച്ചാല്‍ മതിയെന്ന് ഉത്തരവാദിത്ത ടൂറിസം മിഷന്‍ യൂണിറ്റുകള്‍ തെളിയിക്കുന്നുവെന്നതാണ് ഈ അംഗീകാരത്തിന്‍റെ പ്രത്യേകതയെന്ന് മിഷന്‍ സംസ്ഥാന കോഓര്‍ഡിനേറ്റര്‍ ശ്രീ കെ. രൂപേഷ് കുമാര്‍ പറഞ്ഞു. 2017 ഒക്ടോബര്‍ 20 ന് മിഷന്‍ നിലവില്‍ വന്ന ശേഷം ഉത്തരവാദിത്ത ടൂറിസം മിഷന്‍ നേടിയ അഞ്ചാമത്തെ അന്തര്‍ദേശീയ അവാര്‍ഡാണിത്. മൂന്ന് ദേശീയ അവാര്‍ഡുകളും ഈ കാലയളവില്‍ മിഷന്‍ നേടി. മിഷന് കീഴില്‍ ഇപ്പോള്‍ സംസ്ഥാനത്ത് 20016 യൂണിറ്റുകള്‍ പ്രവര്‍ത്തിക്കുന്നു. ഒരു ലക്ഷം ഗുണഭോക്താക്കള്‍ മിഷന്‍ പ്രവര്‍ത്തനങ്ങളുടെ ഭാഗമാണ്.

മൂന്ന് വര്‍ഷം കൊണ്ട് 35 കോടി രൂപയുടെ വരുമാനം മിഷന് കീഴിലുള്ള യൂണിറ്റുകള്‍ നേടി. ആകെ യൂണിറ്റുകളില്‍ 80 ശതമാനം സ്ത്രീകള്‍ നയിക്കുന്നവയാണ്. 140 എക്സ്പീരിയന്‍ഷ്യല്‍ ടൂര്‍ പാക്കേജുകളും മിഷന്‍ നടത്തിവരുന്നു. ഇതിനകം 7000 പേര്‍ക്ക് മിഷന്‍ പരിശീലനം നല്‍കിക്കഴിഞ്ഞു. മിഷന്‍റെ അഭിമാനപദ്ധതികളായ പെപ്പര്‍, മോഡല്‍ ആര്‍ടി  വില്ലേജ് എന്നിവയിലൂടെ 48 പുതിയ ടൂറിസം കേന്ദ്രങ്ങളും ഉയര്‍ന്ന് വന്നിട്ടുണ്ട്.
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *