April 20, 2024

വേൽമുരുകന്റെ മരണം ഏറ്റുമുട്ടലാണെങ്കിൽ ഒരു പോലീസുകാരന് പോലും പരിക്കേൽക്കാത്തത് എന്ത് കൊണ്ടാണെന്ന് കാനം

1
Img 20201106 Wa0159.jpg
  
തിരുവനന്തപുരം: കേരളത്തിൽ മാവോയിസ്റ്റുകൾ ഭീഷണിയല്ലെന്നും അവരെ ഭീഷണിയായി നിലനിർത്തേണ്ടത് പോലീസിന്റെ മാത്രം ആവശ്യമാണെന്നും സി.പി.ഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ. കേരളത്തിലെ വനാന്തരങ്ങളിൽ കഴിയുന്നവർ ജനാധിപത്യ വ്യവസ്ഥയിലേക്ക് മാറാൻ താൽപര്യം പ്രകടിപ്പിക്കുന്നവരാണ്. എന്നാൽ അവരെ വെടിവെച്ച് കൊന്ന് തുടച്ച് നീക്കാൻ നോക്കുന്നത് ശരിയല്ലെന്നും കാനം രാജേന്ദ്രൻ വാർത്താസമ്മേളനത്തിൽ പറഞ്ഞു.
ഇടയ്ക്കിടയ്ക്ക് ആളുകളെ വെടിവെച്ച് കൊല്ലുന്നത് കേന്ദ്ര ഫണ്ട് കിട്ടാന്‍- കാനം.
വയനാട്ടിൽ കഴിഞ്ഞ ദിവസം നടന്നത് ഏകപക്ഷീയമായ ഏറ്റുമുട്ടലാണെന്ന് അവിടെ സന്ദർശിച്ച ജനപ്രതിനിധികൾക്ക് മനസ്സിലായിട്ടുണ്ട്. മരിച്ച വേൽമുരുഗന്റെ ശരീരത്തിലേറ്റ വെടിയുണ്ടകൾ അതിന് തെളിവാണ്. പരസ്പരമുള്ള ഏറ്റുമുട്ടലാണെങ്കിൽ ഒരു പോലീസുകാരന് പോലും പരിക്കേൽക്കാത്തത് എന്ത് കൊണ്ടാണെന്നും കാനം ചോദിച്ചു.
കേരളത്തിൽ നക്സൽ ഭീഷണി നിലനിൽക്കുന്നില്ലെങ്കിലും ഇടയ്ക്കിടെ ഇവരെ വെടിവെച്ച് കൊല്ലുന്നത് ഇന്ത്യയിലെ ഏക കമ്യൂണിസ്റ്റ് സർക്കാരിന്റെ മുഖത്ത് കരിവാരി തേക്കുന്ന തരത്തിലുള്ള നടപടിയാണ്. ഏറ്റുമുട്ടൽ കൊലപാതക നടപടികളിൽ നിന്ന് തണ്ടർബോൾട്ട് പിൻവാങ്ങണം. കേരളത്തിലെ വനത്തിൽ തണ്ടർബോൾട്ടിന്റെ ആവശ്യമില്ലെന്ന് തോന്നുന്നുണ്ട്. ഇക്കാര്യത്തിൽ നടപടിയെടുക്കാൻ സർക്കാർ തയ്യാറാവുമെന്നാണ് കരുതുന്നതെന്നും കാനം പറഞ്ഞു.
മാവോയിസ്റ്റുകളെ തുടച്ചു നീക്കുന്നതിന്റെ പേരിൽ വലിയ ഫണ്ടാണ് കേന്ദ്രത്തിൽ നിന്ന് വന്നുകൊണ്ടിരിക്കുന്നത്. അതിന് വേണ്ടിയാണ് ഇടയ്ക്കിടയ്ക്ക് ആളുകളെ വെടിവെച്ച് കൊല്ലുന്നത്. സംഭവത്തിൽ മജിസ്റ്റീരിയൽ അന്വേഷണത്തിന് ഉത്തരവിടണം. എന്നാൽ മജിസ്റ്റീരിയിൽ അന്വേഷണത്തിന്റെ ശരിയായ ഒരു റിപ്പോർട്ടും പുറത്ത് വരുന്നില്ല എന്നത് മറ്റൊരു കാര്യമാണെന്നു കാനം ചൂണ്ടിക്കാട്ടി.
AdAdAd

Leave a Reply

1 thought on “വേൽമുരുകന്റെ മരണം ഏറ്റുമുട്ടലാണെങ്കിൽ ഒരു പോലീസുകാരന് പോലും പരിക്കേൽക്കാത്തത് എന്ത് കൊണ്ടാണെന്ന് കാനം

  1. പോലീസുകാർക്ക് വെടി കൊളളാത്തതിലാണോ ഇങ്ങേർക്ക് സങ്കടം?

Leave a Reply

Your email address will not be published. Required fields are marked *