അയ്യായിരം രൂപ ലോട്ടറിയടിച്ചു;വിവരം അറിയാതെ പപ്പിമോള്‍

കല്‍പ്പറ്റ..- തെരുവില്‍നിന്നു ലഭിച്ച പട്ടിയുടെ പേരില്‍ സംരക്ഷകന്‍ എടുത്ത ലോട്ടറിക്കു 5,000 രൂപ സമ്മാനം.കേരള വെറ്ററിനറി ആന്‍ഡ് അനിമയല്‍ സയന്‍സസ് സര്‍വകലാശാലയുടെ പൂക്കോട് കാമ്പസിനു സമീപം താമസിക്കുന്ന ജീവകാരുണ്യ പ്രവര്‍ത്തകന്‍ ഉത്തോന്തില്‍ കൃഷ്ണന്‍കുട്ടി പപ്പിമോള്‍ എന്നു പേരിട്ടുവളര്‍ത്തുന്ന പട്ടിക്കാണ് ലോട്ടറിയടിച്ചത്.അഞ്ചര വയസുള്ള പപ്പിമോളുടെ പേരില്‍ കോഴിക്കോടുനിന്നു വാങ്ങിയ നിര്‍മല്‍ ഭാഗ്യക്കുറിയുടെ എന്‍.ഒ 374089 നമ്പര്‍ ടിക്കറ്റാണ് സമ്മാനാര്‍ഹമായതെന്നു കൃഷ്ണന്‍കുട്ടി പറഞ്ഞു.സമ്മാനത്തുക തെരുവുപട്ടികളുടെയും മറ്റു മൃഗങ്ങളുടെയും സംരക്ഷണത്തിനായി ട്രസ്റ്റ് രൂപീകരിക്കുന്നതിനു വിനിയോഗിക്കാനാണ് കൃഷ്ണന്‍കുട്ടിയുടെ തീരുമാനം.
2014ല്‍ ജീവിതത്തിനും മരണത്തിനുമിടയിലെ നൂല്‍പാലം കയറി കൃഷ്ണന്‍കുട്ടിയുടെ കൈകളിലെത്തിയതാണ് പപ്പിമോള്‍.ചത്തെന്നുകരുതി സമീപവാസികളില്‍ ചിലര്‍ കുഴികുത്തി മറവുചെയ്യാന്‍ തുടങ്ങുമ്പോഴാണ് യാദൃശ്ചികമായി അതുവഴിയെത്തിയ കൃഷ്ണന്‍കുട്ടി പട്ടിക്കുട്ടിയില്‍ ജീവന്റെ സ്പന്ദനം കണ്ടത്.ഉടന്‍ പട്ടിക്കുഞ്ഞിനെയുമെടുത്ത് അടുത്തുള്ള വെറ്ററിനറി ആശുപത്രിയിലേക്കു പാഞ്ഞു.ഡോക്ടര്‍മാരുടെ ദിവസങ്ങള്‍ നീണ്ട പരിചരണത്തിനൊടുവില്‍ ജീവിതത്തിലേക്കു തിരിച്ചെത്തിയ പട്ടിക്കുട്ടിയെ കൃഷ്ണന്‍കുട്ടി പപ്പിമോള്‍ എന്നു പേരിട്ടു വളര്‍ത്തുകയായിരുന്നു.ആറു മാസത്തോളം ഫിസിയോ തെറാപ്പിയടക്കം നല്‍കിയാണ് പപ്പിമോളെ കൃഷ്ണന്‍കുട്ടി സാധാരണനിലയിലാക്കിയത്.പിന്നീട് അയല്‍വാസിയുടെ തോട്ടത്തിലെ നൂറടിയോളം താഴ്ചയുള്ള പൊട്ടക്കിണറ്റില്‍ വീണപ്പോഴും പപ്പിമോള്‍ക്കു കൃഷ്ണന്‍കുട്ടി രക്ഷകനായി.
ദീര്‍ഘകാലമായി അയലത്തുള്ള ജൂണ്‍ റൊസാരിയോ എന്ന വനിതയുമായി സഹകരിച്ചു തെരവുപട്ടികകളുടെ സംരക്ഷണരംഗത്തു പ്രവര്‍ത്തിച്ചുവരികയാണ് എഴുപത്തിനാലുകാരനായ കൃഷ്ണന്‍കുട്ടി.തെരുവുപട്ടികള്‍ക്കായി ആധുനിക സൗകര്യങ്ങളോടെ ഷെല്‍ട്ടര്‍ തുടങ്ങണമെന്നതു അദ്ദേഹത്തിന്റെ ചിരകാലാഭിലാഷമാണ്.പപ്പിമോള്‍ക്കു ലഭിച്ച ലോട്ടറി ഷെല്‍റ്റര്‍ യാഥാര്‍ഥ്യമാക്കണമെന്ന ചിന്തയുടെ തീവ്രത വര്‍ധിപ്പിച്ചതായി കൃഷ്ണന്‍കുട്ടി പറഞ്ഞു.തെരുവുപട്ടികളുടെ സംരക്ഷണത്തില്‍ എര്‍പ്പെടന്നവരുടെയടക്കം പങ്കാളിത്തത്തോടെ ട്രസ്റ്റ് രൂപീകരിച്ചു ധനസമാഹരണം നടത്തി ഷെല്‍റ്റര്‍ നിര്‍മിക്കാനാണ് കൃഷ്ണ്‍കുട്ടിയുടെ പദ്ധതി.ഈ നീക്കത്തിന്റെ പ്രാരംഭച്ചെലവിലേക്കു സമ്മാനത്തുക വനിയോഗിക്കും.ഇതൊന്നും അറിയാതെ കൃഷ്ണന്‍കുട്ടിയെ കാണുമ്പോള്‍ സ്‌നേഹത്തോടെ നോക്കിയും വാലാട്ടിയും നില്‍ക്കുകയാണ് പപ്പിമോള്‍.



Leave a Reply