March 29, 2024

പോസ്റ്റ് കോവിഡില്‍ പള്‍മണറി റിഹാബിലിറ്റേഷന്‍ ഏറെ പ്രധാനം : ശ്വസന വ്യായാമങ്ങള്‍ വളരെ ഗുണം ചെയ്യും

0
: കോവിഡ് ശ്വാസകോശത്തെ ഗുരുതരമായി ബാധിക്കുന്ന അസുഖമായതിനാല്‍ രോഗമുക്തി നേടിയവരും പോസ്റ്റ് കോവിഡ് സാഹചര്യങ്ങളിലും ശ്വസന വ്യായാമങ്ങള്‍ ചെയ്യുന്നത് ഏറെ ഗുണം ചെയ്യുമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍. നിലവില്‍ ശ്വാസകോശ സംബന്ധമായ അസുഖങ്ങളുള്ളവരാണെങ്കില്‍ ശ്വസന വ്യായാമങ്ങളെ കൂടുതല്‍ ഗൗരവത്തോടെ സമീപിക്കുകയും വേണം. കോവിഡിന്റെ ഭീഷണിയെ അതിജീവിക്കാമെന്നതോടൊപ്പം തന്നെ നിലവിലുള്ള മറ്റ് പല ശാരീരിക ബുദ്ധിമുട്ടുകളെയും തരണം ചെയ്ത് ആരോഗ്യകരമായ ജീവിതം തുടര്‍ന്ന് നയിക്കുവാനും സഹായകരമാകുന്നു. ഇത് മുന്നില്‍ കണ്ടാണ് പള്‍മണറി റിഹാബിലിറ്റേഷന് പ്രാധാന്യം നല്‍കുന്നതെന്നും മന്ത്രി വ്യക്തമാക്കി.
പള്‍മണറി റിഹാബിലിറ്റേഷന്‍ പ്രവര്‍ത്തനങ്ങളില്‍ ശ്വസന വ്യായാമങ്ങളും അതോടൊപ്പം പേശികളുടെ ശക്തി മെച്ചപ്പെടുത്തുന്നതിനുള്ള വ്യായാമങ്ങളും ഉള്‍പ്പെടുന്നു. ഗാര്‍ഹിക വ്യായാമ ക്രമങ്ങള്‍ ആശുപത്രി അധിഷ്ഠിത വ്യായാമ മുറകള്‍ പോലെ ഫലപ്രദമാണ്. വ്യായാമങ്ങളിലും മറ്റു പ്രവര്‍ത്തനങ്ങളിലും ഏര്‍പ്പെടുമ്പോള്‍ ഹൃദയ മിടിപ്പും ശരീരത്തിലെ ഓക്‌സിജന്റെ നിലയും അറിയുന്നതിനായി പള്‍സ് ഓക്‌സിമീറ്റര്‍ ഉപയോഗിക്കാവുന്നതാണ്.
*മുന്‍കരുതലുകള്‍*
ആശുപത്രിയില്‍ നിന്ന് ഡിസ്ചാര്‍ജ് ചെയ്തതിനുശേഷം ആരോഗ്യനില തൃപ്തികരമാണെങ്കില്‍ വ്യായാമ മുറകള്‍ ആരംഭിക്കാവുന്നതാണ്. നെഞ്ചുവേദന, കിതപ്പ് , ക്ഷീണം, തലകറക്കം, നേരിയ തലവേദന എന്നിവ അനുഭവപ്പെട്ടാല്‍ ഉടന്‍ തന്നെ വ്യായാമം നിര്‍ത്തേണ്ടതാണ്. ഓരോ വ്യായാമത്തിനിടയിലും മതിയായ വിശ്രമം അത്യാവശ്യമാണ്.
*നടത്തം*
രോഗ വിമുക്തമാകുന്ന കാലയളവില്‍ തന്നെ നടക്കുന്നതിനായി ഒരു ക്രമം പാലിക്കുന്നത് നല്ലതാണ്. ഓരോ രോഗിയുടെയും ശാരീരികാവസ്ഥ അനുസരിച്ച് വേണം നടക്കേണ്ടത്.
ആദ്യ ആഴ്ച: ഓരോ ദിവസവും 5 തവണ 5 മിനിറ്റ് നടക്കുക
രണ്ടാം ആഴ്ച: ഓരോ ദിവസവും 3 തവണ 10 മിനിറ്റ് നടക്കുക
മൂന്നാം ആഴ്ച: ഓരോ ദിവസവും 2 തവണ 15 മിനിറ്റ് നടക്കുക
*ശരിയായ രീതികള്‍ അവലംബിക്കുക*
കഴിയുന്നിടത്തോളം നിവര്‍ന്ന് ഇരിക്കുക. സാവധാനം അവരവരുടെ സ്ഥലത്തിന് ചുറ്റും നടക്കുക. പതിവായി സ്ഥാനങ്ങള്‍ മാറ്റുക. ഇതു കൂടാതെ നെഞ്ചിനടിയില്‍ ഒരു തലയിണ വെച്ചശേഷം വയറിന്റെ സഹായത്തോടെ ശ്വസിക്കുന്നത് ശ്വാസകോശത്തിന്റെ വിവിധ അറകള്‍ തുറന്നു പ്രവര്‍ത്തിക്കുന്നതിന് സഹായിക്കും.
*ഡയഫ്രം ഉപയോഗിച്ചുള്ള ശ്വസനം*
കാല്‍ മുട്ടിനടിയില്‍ ഒരു തലയിണവച്ച് നിവര്‍ന്നു കിടക്കുക. ഒരു കൈ നെഞ്ചിന്റെ ഭാഗത്തും ഒരു കൈ വയറിന്റെ മുന്‍ഭാഗത്തായും വയ്ക്കുക. നെഞ്ചും വയറും വികസിക്കുന്ന വിധത്തില്‍ മൂക്കിലൂടെ പരമാവധി ശ്വാസം ഉള്ളിലേക്ക് എടുക്കുക. തുടര്‍ന്ന് സാവധാനം വായിലൂടെ ശ്വാസം പുറത്തേക്ക് വിടുക. വയറിലും നെഞ്ചിലും വെച്ചിരിക്കുന്ന കൈകള്‍ ശ്വാസം ഉള്ളിലേക്ക് എടുക്കുമ്പോള്‍ മുകളിലേക്കും ശ്വാസം പുറത്തേക്ക് വിടുമ്പോള്‍ അകത്തേക്കും പോകുന്നത് ശ്രദ്ധിക്കുക. ഇത് ഒരു മിനിറ്റ് തുടരുക. തുടര്‍ന്ന് 30 സെക്കന്റ് വിശ്രമമെടുക്കുക. തുടക്കത്തില്‍ ഒരു തവണ മാത്രം ചെയ്യേണ്ടുന്ന ഈ പരിശീലനം ക്രമേണ എണ്ണം കൂട്ടാവുന്നതാണ്.
*ഇന്‍സെന്റീവ് സ്‌പൈറോമെട്രി*
ഡോക്ടര്‍ നിര്‍ദേശിക്കുന്നവര്‍ക്കാണ് ഇന്‍സെന്റീവ് സ്‌പൈറോമെട്രി ശ്വസന വ്യായാമം ചെയ്യേണ്ടത്. ഒരു ദിവസം 15 മിനിറ്റ് ഇന്‍സെന്റീവ് സ്‌പൈറോമീറ്റര്‍ ഉപയോഗിച്ച് ശ്വസന വ്യായാമം ചെയ്യണം. അതിനായി 5 മിനിറ്റ് വീതമുള്ള 3 സെഷനുകളായി വിഭജിച്ച് ചെയ്യാവുന്നതാണ്.
*ഇന്‍സെന്റീവ് സ്‌പൈറോമീറ്റര്‍ ഉപയോഗിക്കുന്ന വിധം*
കസേരയില്‍ അല്ലെങ്കില്‍ കിടക്കയുടെ അറ്റത്തായി മുതുക് നിവര്‍ന്നി രിക്കുക.
സ്‌പൈറോമീറ്റര്‍ മുഖത്തിനു അഭിമുഖമായി നേരെ പിടിക്കുക.
സാധാരണ ഗതിയില്‍ ശ്വാസം പുറത്തേക്ക് വിടുക
സ്‌പൈറോമീറ്ററിന്റെ വലിക്കുന്ന വായ് ഭാഗം വായ്ക്കുള്ളിലാക്കി ചുണ്ടുകള്‍ ചേര്‍ത്ത് മുറുക്കി പിടിക്കുക
സാവധാനത്തിലും ആഴത്തിലും ശ്വാസം വായ് വഴി ഉള്ളിലേക്ക് എടുക്കുക.
നിര്‍ദ്ദിഷ്ട മാര്‍ക്കിങ്ങിന് മുകളിലേക്ക് ഉയരുന്ന പന്ത് അല്ലെങ്കില്‍ പിസ്റ്റണ്‍ ശ്രദ്ധിക്കുക. കഴിയുന്നിടത്തോളം കുറഞ്ഞത് 5 സെക്കന്റെങ്കിലും ശ്വാസം പിടിച്ചുവക്കുക.
സ്‌പൈറോമീറ്ററിന്റെ വലിക്കുന്ന ഭാഗം വായില്‍ നിന്ന് എടുത്ത് മാറ്റുകയും സാവധാനം ഉഛ്വാസ വായു പുറത്തു വിടുകയും ചെയ്യുക. പിസ്റ്റണ്‍ സ്‌പൈറോ മീറ്ററിന്റെ അടിയിലേക്ക് വീഴാന്‍ അനുവദിക്കുകയും ചെയ്യുക.
വിശ്രമത്തിന് ശേഷം കുറഞ്ഞത് 10 തവണ ആവര്‍ത്തിക്കുക.
ഓരോ 10 തവണയുള്ള ദീര്‍ഘ ശ്വാസത്തിനും ശേഷം ചുമയ്‌ക്കേണ്ടതാണ്. കഫം വരുന്നെങ്കില്‍ തുപ്പിക്കളയണം.
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *