May 22, 2026

ആദ്യ പിന്നണി ഗാനം തന്നെ ഹിറ്റ് : താരമായി സൗമ്യ ബിജോയ്

0
IMG-20201125-WA0077.jpg
By ന്യൂസ് വയനാട് ബ്യൂറോ
.
കല്‍പ്പറ്റ: ആദ്യ പിന്നണി ഗാനം തന്നെ ശ്രദ്ധിക്കപ്പെട്ട സന്തോഷത്തിലാണ് വയനാട് സ്വദേശിനി സൗമ്യ ബിജോയ് കുറുപ്പ്. കെ ആര്‍ പ്രവീണ്‍ സംവിധാനം ചെയ്ത 'തമി' എന്ന ഷൈന്‍ ടോം ചാക്കോ ചിത്രത്തിലെ 'മിയാ സുഹാ രംഗേ.. എന്ന ഗാനമാണ് പ്രമുഖ സംഗീത സംവിധായകനും ഗായകനുമായ വിശ്വജിത്തിനൊപ്പം സൗമ്യ പാടിയത്. കഴിഞ്ഞ ദിവസമാണ് മലയാളത്തിന്‍റെ പ്രിയ താരം മഞ്ജു വാര്യര്‍ അടക്കമുള്ള 9 പ്രമുഖര്‍ ഈ ഗാനം ഫേസ്ബുക്ക് പേജിലൂടെ റിലീസ് ചെയ്തത്. പതിനായിരങ്ങളാണ് യൂട്യൂബിലൂടെ ഈ ഗാനം ആസ്വദിച്ചത്. ഫൗസിയ അബൂബക്കറിന്‍റെ വരികള്‍ക്ക് സംഗീതം നല്‍കിയത് സി റ്റി വിശ്വജിത്താണ്. സോഷ്യല്‍ മീഡിയയില്‍ പാടിയ ഒരു ഗാനം സംഗീത സംവിധായകന്‍ വിശ്വജിത്ത് കണ്ടതോടെയാണ് സിനിമാ വഴിയില്‍ സൗമ്യക്ക് അവസരം തെളിഞ്ഞത്. തന്‍റെ ആദ്യ ചിത്രത്തില്‍ തന്നെ മറ്റൊരു ഗാനത്തിന് കൂടി ശബ്ദം നല്‍കാന്‍ ഭാഗ്യം ലഭിച്ചു ഈ പുതുമുഖ ഗായികക്ക്.
സംഗീതാഭിരുചിയുള്ള കുടുംബത്തിൽ ജനിച്ച സൗമ്യയുടെ ആദ്യ ഗുരു അമ്മ സുചിത്രയാണ്. മൂന്ന് വയസുമുതൽ സംഗീതത്തിന്റെ ആദ്യപാഠങ്ങൾ അഭ്യസിച്ചു തുടങ്ങി. ഒപ്പം നൃത്തവും പരിശീലിച്ചു. സ്കൂൾ കലോൽസവങ്ങളിൽ ഭരതനാട്യം, കുച്ചിപ്പുടി, മോഹിനിയാട്ടം, നാടോടിനൃത്തം എന്നിവയിൽ തുടർച്ചയായി സമ്മാനങ്ങൾ നേടി. ലളിതഗാനം, മാപ്പിളപ്പാട്ട്‌, ശാസ്ത്രീയ സംഗീതം, പദ്യപാരായണം , കഥാപ്രസംഗം,ഗസൽ എന്നിവയിലും സമ്മാനങ്ങൾ സൗമ്യയെ തേടിയെത്തി. കലോത്സവത്തില്‍  തുടർച്ചയായി അഞ്ചുവർഷം വയനാട്‌ ജില്ലയിലെ കലാതിലക പട്ടം നേടാന്‍ കഴിഞ്ഞു എന്നത് തന്നെ ഈ കലാകാരിയുടെ കഴിവിന്‍റെ അടയാളപ്പെടുത്തലാണ്. ഒപ്പം ഉർദ്ദു പദ്യപാരായണത്തിൽ സംസ്‌ഥാന തലത്തിൽ രണ്ടുവർഷം ഒന്നാം സ്ഥാനം കരസ്ഥമാക്കിയിരുന്നു. നാട്ടിലും പുറത്തുമായി സംഗീത രംഗത്തെ കുലപതികളായ പി ജയചന്ദ്രൻ, ഉണ്ണിമേനോൻ, ബിജു നാരായണൻ തുടങ്ങിയ പ്രതിഭകളുമായി വേദി പങ്കിട്ടിട്ടുണ്ട് ഈ വയനാട്ടുകാരി. ഒട്ടേറെ ആൽബങ്ങളിലും സൗമ്യ പാടിയിട്ടുണ്ട്‌. വിവാഹ ശേഷം ദുബായിൽ താമസിച്ചിരുന്ന കാലയളവില്‍ കൈരളി ടിവിയുടെ 'വോയ്സ്‌ ഓഫ്‌ യു എ ഇ 2014 പുരസ്ക്കാരം നേടിയിട്ടുണ്ട്. UAE യിലെ ഏറ്റവും കാഴ്ച്ചക്കാരുള്ള മലയാളം ചാനൽ ആയ എന്‍ ടി വി യിൽ അവതാരകയായും പ്രവര്‍ത്തിച്ചിട്ടുണ്ട് ഈ കലാകാരി. ഓള്‍ ഇന്ത്യാ റേഡിയോ ബി ഹൈ ഗ്രേഡ് ആര്‍ട്ടിസ്റ്റും സംഗീത അധ്യാപികയുമായ സൗമ്യ കല്‍പ്പറ്റയില്‍ സ്വന്തമായി ഒരു സംഗീത സ്കൂളും നടത്തി വരുന്നുണ്ട്.
പിണങ്ങോട് ഐശ്വര്യയില്‍
ശ്രീധരൻ സുചിത്ര ദമ്പതികളുടെ മകളായ സൗമ്യ സ്വകാര്യ സ്കൂളില്‍ അദ്ധ്യാപികയാണ്. ഭര്‍ത്താവ് മുട്ടില്‍ സ്വദേശി ബിജോയി. ഏക മകള്‍ ശ്രദ്ധ ബിജോയ്.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *