
കൽപ്പറ്റ: വരാനിരിക്കുന്ന അസംബ്ലി തെരഞ്ഞെടുപ്പിൽ കൽപ്പറ്റ നിയോജക മണ്ഡലത്തിലെ സ്ഥാനാർത്ഥി കർഷക ആഭിമുഖ്യമുള്ള വയനാട്ടുകാരനായിരിക്കണമെന്ന് കർഷക കോൺഗ്രസ് ജില്ലാ കമ്മിറ്റി യോഗം നേതൃത്വത്തോട് ആവശ്യപ്പെട്ടു. 70 ശതമാനം കർഷകരുള്ള കേരളത്തിൽ സ്ഥാനാർത്ഥികളിൽ കർഷകർക്ക് കൂടുതൽ പ്രാധാന്യം നൽകണമെന്ന് യോഗം ആവശ്യപ്പെട്ടു. ഏറ്റവും കൂടുതൽ പ്രശ്നങ്ങളും പ്രയാസങ്ങളും നേരിടുന്നവരാണ് കർഷകർ. പക്ഷെ അവരെ കുറിച്ച് നിയമ സഭയിൽ കാര്യമായി ആരും ശബ്ദിക്കാത്തത് കർഷക പ്രാതിനിധ്യത്തിന്റെ കുറവാണെന്ന് യോഗം ചൂണ്ടികാട്ടി. വയനാട് ജില്ലയിലെ കർഷകർ അഭിമുഖീകരിക്കുന്ന വന്യമൃഗശല്യം, സർഫാസി നിയമം, ഉൽപ്പന്നങ്ങളുടെ വില തകർച്ച, താങ്ങുവില നിശ്ചയിച്ചതിലും സംഭരണത്തിലുമുള്ള അപാകതകൾ പരിഹരിക്കുന്നതിന് നിയമസഭാ തലത്തിൽ കർഷക പ്രതിനിധികളുമായി ചർച്ച ചെയ്തു പരിഹരിക്കണമെന്ന് യോഗം ആവശ്യപ്പെട്ടു. പ്രസിഡണ്ട് അഡ്വ. ജോഷി സിറിയക് അധ്യക്ഷത വഹിച്ചു. സംസ്ഥാന കമ്മിറ്റി അംഗം വി.ടി തോമസ് ഉദ്ഘാടനം ചെയ്തു. ടോമി തെക്കുമല, വി.ഡി ജോസ്, ബാബു പന്നിക്കുഴി, മനോജ്, ജോസ് കാരകത്ത്, ഡിയോണി സിബി, അന്നക്കുട്ടി ദേവസ്യ, കെ.ജെ ജോൺ, ജോൺസൺ പനമരം പ്രസംഗിച്ചു.



Leave a Reply