April 25, 2024

പുതിയ ഭാവത്തിൽ പഴശ്ശി പാര്‍ക്ക് അണിഞ്ഞൊരുങ്ങുന്നു

0
Img 20210116 Wa0151.jpg

ജില്ലയിലെ ആദ്യത്തെ ഉദ്യാനമായ മാനന്തവാടിയിലെ പഴശ്ശി പാര്‍ക്ക്  പുതു മോടിയോടെ ഉദ്ഘാടനത്തിനൊരുങ്ങുന്നു.    ഏറെക്കാലമായി അടഞ്ഞു കിടന്ന പാര്‍ക്കില്‍ ടൂറിസം വകുപ്പിന്റെ നേതൃത്വത്തില്‍ രണ്ടു കോടിയിലധികം ചെലവഴിച്ചാണ് നവീകരണ പ്രവൃത്തികള്‍ നടത്തി സഞ്ചാരികള്‍ക്കായി തുറക്കുന്നത്. ഒ.ആര്‍.കേളു എം.എല്‍.എ യുടെ ആസ്തിവികസന ഫണ്ടില്‍ നിന്നു 25 ലക്ഷം രൂപയും  പഴശ്ശി പാര്‍ക്കില്‍ കൂടുതല്‍ സൗകര്യം ഒരുക്കാന്‍ ചെലവഴിച്ചു.

മാനന്തവാടി നഗരത്തില്‍ നിന്നും വിളിപ്പാടകലെയുള്ള പാര്‍ക്കില്‍ കുട്ടികളെയും മുതിര്‍ന്നവരെയും  വിനോദ സഞ്ചാരികളെയും ഒരു പോലെ ആകര്‍ഷിക്കാന്‍ കഴിയുന്ന വിധത്തിലാണ് നവീകരണം നടന്നത്. ഇലചാര്‍ത്തുകള്‍ തണല്‍ വിരിക്കുന്ന സഞ്ചാരപാതയും കുട്ടികള്‍ക്കായുള്ള അമ്യൂസ്‌മെന്റ് പാര്‍ക്കും ബോട്ടിങ്ങുമെല്ലാം ഇനി ഏവരെയും ആകര്‍ഷിക്കും. 

കബനി നദിയുടെ തീരത്ത് 1994 ലാണ്  പഴശ്ശി പാര്‍ക്ക് തുടങ്ങിയത്. 1982 ല്‍ സോഷ്യല്‍ ഫോറസ്ട്രിയുടെ നഴ്സറിയായിരുന്ന അഞ്ചേക്കറോളം വിസ്തൃതിയുള്ള പാര്‍ക്ക് 1994 മുതലാണ് ജില്ലാ ടൂറിസം വകുപ്പ് എറ്റെടുത്തത്.  മാനന്തവാടി – കല്‍പ്പറ്റ പ്രധാന പാതയോരത്തുള്ള പാര്‍ക്കില്‍ അക്കാലം മുതല്‍ സഞ്ചാരികള്‍ എത്തിക്കൊണ്ടിരുന്നു. പിന്നീട് പലഘട്ടങ്ങളായി പാര്‍ക്കില്‍ നവീകരണ പ്രവര്‍ത്തനങ്ങള്‍ നടന്നിരുന്നെങ്കിലും കാലത്തിനനുസരിച്ച് വിപുലമായിരുന്നില്ല. ഇതിനെ തുടര്‍ന്നാണ് ഉദ്യാനം മോടികൂട്ടി നാടിനായി തുറന്നുകൊടുക്കാന്‍ ജില്ലാ ടൂറിസം പ്രമോഷന്‍ കൗണ്‍സില്‍ പദ്ധതി തയ്യാറാക്കിയത്.

കുട്ടികള്‍ക്കും മുതിര്‍ന്നവര്‍ക്കും ഒരുപോലെ സായാഹ്നം ചെലവിടാനും വിശ്രമിക്കാനും  ഒഴിവുവേളകള്‍ ചെലവിടാനും മാനന്താവടിയിലെ ഏക പാര്‍ക്കാണിത്. ഈ പാര്‍ക്കിന്റെ നവീകരണം തദ്ദേശീയരുടെയും ഏറെക്കാലത്തെ സ്വപ്നമായിരുന്നു.  സംസ്ഥാന സര്‍ക്കാരും ജില്ലാ ടൂറിസം വകുപ്പും മുന്‍കൈയ്യെടുത്ത് 2കോടിയുടെ നവീകരണ പ്രവര്‍ത്തനങ്ങള്‍ക്ക് ഇവിടെ അനുമതി വാങ്ങുകയായിരുന്നു. 5 കിയോസ്‌ക്കുകള്‍, നടപ്പാത, ബോട്ട് ജെട്ടികള്‍, കെട്ടിടങ്ങള്‍, ഗേറ്റ്, ലാന്‍ഡ്സ്‌കേപ്പ്, ലൈറ്റിംഗ് ജലധാര , കുട്ടികള്‍ക്കുള്ള കളിസ്ഥലം, ഇരിപ്പിടങ്ങള്‍ തുടങ്ങിയവയാണ് സജ്ജീകരിച്ചിരിക്കുന്നത്.  കബനി നദിയിലൂടെയുള്ള ബോട്ട് റൈഡും സഞ്ചാരികളെ  ആകര്‍ഷിക്കും. 
രാവിലെ 9 മുതല്‍ രാത്രി 9 വരെ പാര്‍ക്കിലേക്ക് സഞ്ചാരികളെ പ്രവേശിപ്പിക്കാനാണ് ആലോചന നടക്കുന്നത്.

സാംസ്‌കാരിക പരിപാടികള്‍ അവതരിപ്പിക്കാനും മറ്റുമായി ഇവിടെ ഓപ്പണ്‍ സ്റ്റേജും ഒരുക്കുന്നുണ്ട്. കബനിയിലൂടെയുള്ള ബോട്ടുയാത്രക്ക് മുമ്പെല്ലാം മികച്ച പ്രതികരണമാണ്  സഞ്ചാരികളില്‍ നിന്നും ലഭിച്ചത്. ബോട്ടുയാത്ര സൗകര്യങ്ങള്‍ ഇത്തവണ കൂടുതല്‍ മെച്ചപ്പെടുത്തി. കൂടുതല്‍ പെഡല്‍ ബോട്ടുകളും മറ്റ്ബോട്ടുകളും ഇവിടെ എത്തിക്കാനാണ് തീരുമാനം. രണ്ട് സീറ്റുള്ള ബോട്ടിന് 200 രൂപയും നാല് സീറ്റുള്ള ബോട്ടിന് 350 രൂപയുമാണ് റൈഡിങ്ങിനായി നല്‍കേണ്ടിവരിക.
മുതിര്‍ന്നവര്‍ക്ക് 20 രൂപയും കുട്ടികള്‍ക്ക് 10 രൂപയുമാണ് പാര്‍ക്കിലേക്ക്  പ്രവേശന ചാര്‍ജ്ജായി ഈടാക്കുക. നിലവില്‍ ഒരു മാനേജര്‍ , ഒരു റിസപ്ഷനിസ്റ്റ്, ഒരു വാച്ച്മാന്‍, ഒരു അറ്റന്‍ഡര്‍ , ഒരു സ്വീപ്പര്‍ എന്നിങ്ങനെ 5 ജീവക്കാരണ് ഇവിടെയുള്ളത്.  നവീകരണങ്ങള്‍ വരുന്നതോടുകൂടി കൂടുതല്‍ തസ്തികകള്‍ ഇവിടെ അനുവദിക്കും. 10 ഹൈമാസ് ലൈറ്റുകള്‍, 96 സ്ട്രീറ്റ് ലൈറ്റുകള്‍ എന്നിവ സജ്ജീകരിച്ചിട്ടുണ്ട്. വെള്ളച്ചാട്ടം, കുട്ടികള്‍ക്ക് കളിക്കാനുള്ള പാര്‍ക്കുകള്‍ എന്നിവയുടെ നിര്‍മ്മാണം അവസാനഘട്ടത്തിലാണ്.

സംസ്ഥാന  ഹൈവേ കടന്നു പോകുന്ന റൂട്ടായതിനാല്‍  ഇലക്ട്രിക് വാഹനങ്ങളുടെ ചാര്‍ജ്ജിങ്ങിനായി 2 യൂണിറ്റ് ചാര്‍ജ്ജിംഗ് സ്റ്റേഷനും ഇവിടെ സജ്ജീകരിക്കുന്നുണ്ട്. ഗ്രീന്‍ പ്രോട്ടോക്കോള്‍ പാലിച്ചായിരിക്കും പാര്‍ക്കിന്റെ പ്രവര്‍ത്തനം. അഭ്യന്തര വിനോദ സഞ്ചാരികളെയും നഗരവാസികളായ പൊതുജനങ്ങള്‍ക്കും ഈ ഉദ്യാനം ഇനി വേറിട്ട അനുഭവമായിരിക്കും.

AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *