April 18, 2024

സംസ്ഥാനം പാലുത്പ്പാദനത്തില്‍ സ്വയംപര്യാപ്തത നേടി; മന്ത്രി കെ രാജു

0
Img 20210126 Wa0354.jpg
 മില്‍മ മലപ്പുറം ഡെയറി പ്രൊജക്ട് ഒന്നാംഘട്ട സമര്‍പ്പണം, പാല്‍പ്പൊടി ഫാക്ടറി ശിലാസ്ഥാപനം, വയനാട് ഡെയറിയിലെ കണ്ടന്‍സിംഗ് പ്ലാന്‍റ് ഉദ്ഘാടനവും ഫെബ്രുവരി 9 ന്
തിരുവനന്തപുരം: സംസ്ഥാനം പാലുത്പ്പാദനത്തില്‍ സ്വയംപര്യാപ്തത നേടിയതായി ക്ഷീര വികസന വകുപ്പ് മന്ത്രി അഡ്വ. കെ. രാജു പ്രഖ്യാപിച്ചു. 2020-21 സാമ്പത്തിക വര്‍ഷത്തിലെ ജനുവരിവരെയുള്ള കണക്കനുസരിച്ച് 14.20 ലക്ഷം ലിറ്റര്‍ പാലാണ് പ്രതിദിനം മില്‍മ സംഭരിക്കുന്നതെന്നും കൊവിഡ് കാല പ്രതിസന്ധിയെ അതിജീവിച്ചാണ് ഈ നേട്ടം കൈവരിക്കാനായതെന്നും മന്ത്രി വ്യക്തമാക്കി.
നിലവിലെ വിപണനം പ്രതിദിനം ശരാശരി 13.25 ലക്ഷം ലിറ്ററില്‍ എത്തി നില്‍ക്കുകയാണ്. 2019-20 സാമ്പത്തിക വര്‍ഷം കേരളത്തില്‍ മില്‍മ സംഭരിച്ചിരുന്നത് ശരാശരി പ്രതിദിനം 12.5 ലക്ഷം ലിറ്റര്‍ പാലായിരുന്നു. പ്രതിദിന വിപണന ശരാശരി 13.37 ലക്ഷം ലിറ്ററുമായിരുന്നു. വിപണനത്തിനുവേണ്ട
അധിക പാലിനായി തമിഴ്നാട്, കര്‍ണാടക സംസ്ഥാനങ്ങളിലെ ആവിന്‍, കെ.എം.എഫ് പോലെയുള്ള സഹകരണ സ്ഥാപനങ്ങളെയാണ് ആശ്രയിച്ചിരുന്നതെന്നും വാര്‍ത്താസമ്മേളനത്തില്‍ മന്ത്രി അറിയിച്ചു.
സംസ്ഥാനത്തെ ഏറ്റവും വലിയ ക്ഷീര വ്യവസായ പദ്ധതിയിലുള്‍പ്പെടുത്തി മലപ്പുറത്തെ മൂര്‍ക്കനാട് നിര്‍മ്മിക്കുന്ന പാല്‍പ്പൊടി നിര്‍മ്മാണ ഫാക്ടറിയുടെ ശിലാസ്ഥാപനവും മലപ്പുറം ഡെയറി പ്രൊജക്ടിന്‍റെ ഒന്നാം ഘട്ട സമര്‍പ്പണവും വയനാട് ഡെയറിയിലെ മില്‍ക്ക് കണ്ടന്‍സിംഗ് പ്ലാന്‍റിന്‍റെ ഉദ്ഘാടനവും ഫെബ്രുവരി 9 ചൊവ്വാഴ്ച നടക്കുമെന്ന്  മന്ത്രി അറിയിച്ചു.
മലപ്പുറം ജില്ലയിലെ മൂര്‍ക്കനാട് ഡെയറി കോമ്പൗണ്ടില്‍ വച്ച് ഉച്ചയ്ക്ക് 2 മണിക്ക് ബഹു. ക്ഷീര വികസന വകുപ്പ് മന്ത്രി അഡ്വ. കെ. രാജു ഉദ്ഘാടനങ്ങള്‍ നിര്‍വ്വഹിക്കും. ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി   കെ.ടി. ജലീല്‍, പികെ കുഞ്ഞാലിക്കുട്ടി എംപി, മങ്കട എം.എല്‍.എ.  ടി. എ. അഹമ്മദ് കബീര്‍ എന്നിവര്‍ സന്നിഹിതനായിരിക്കും. അതേ വേദിയില്‍ വീഡിയോ കൊണ്‍ഫെറന്‍സിലൂടെയാണ് വയനാട് ഡെയറിയിലെ കണ്ടന്‍സിംഗ് പ്ലാന്‍റിന്‍റെ ഉദ്ഘാടനവും നടക്കുക.
കഴിഞ്ഞ സാമ്പത്തിക വര്‍ഷം മലബാറിലെ പാല്‍ സംഭരണം വിപണനത്തേക്കാള്‍ 1.26 ലക്ഷം കൂടുതലായിരുന്നു. മലബാറിലെ അധികമുള്ള പാല്‍ തിരുവനന്തപുരം, എറണാകുളം യൂണിയനുകള്‍ക്ക് നല്‍കുകയായിരുന്നു പതിവ്. എന്നാല്‍ ഈ വര്‍ഷം സര്‍ക്കാര്‍ പ്രോത്സാഹനം കൊണ്ടുള്ള ക്ഷീരമേഖലയിലെ ഉണര്‍വ്വ്, മറ്റു തൊഴില്‍ മേഖലയിലെ പ്രതിസന്ധികള്‍ എന്നിവയാല്‍ മലബാര്‍ മേഖലാ യൂണിയനില്‍ പാല്‍ സംഭരണം വര്‍ദ്ധിച്ച് പ്രതിദിനം 2.12 ലക്ഷം ലിറ്റര്‍ പാല്‍ അധികമുള്ള സ്ഥിതിയാണ്. ഈ അവസ്ഥയിലാണ് മില്‍മയ്ക്ക് സ്വന്തമായി മലബാറില്‍ പാല്‍പ്പൊടി ഫാക്ടറിയെന്നത് പ്രസക്തമാകുന്നത്.
വ്യാവസായികമായി പിന്നാക്കം നില്‍ക്കുന്ന മലപ്പുറം ജില്ലയിലെ വികസന പദ്ധതിയുടെ ഭാഗമായാണ് പാല്‍പ്പൊടി നിര്‍മ്മാണ ഫാക്ടറി സ്ഥാപിക്കുന്നത്. സംസ്ഥാനത്ത്  പൊതുമേഖലയിലെ ആദ്യ ബൃഹദ് സംരംഭമാണിത്. ആധുനിക രീതിയിലുളള യന്ത്രങ്ങളും ഏറ്റവും പുതിയ തെര്‍മല്‍ വേപ്പര്‍ റീകംപ്രെഷന്‍ ടെക്നോളജിയും ഉപയോഗിച്ച്  ഒരു വര്‍ഷത്തിനകം 10 മെട്രിക് ടണ്‍ ഉല്പാദനശേഷിയുളള പാല്‍പ്പൊടി നിര്‍മ്മാണശാല സ്ഥാപിക്കുന്നതിനാണ് സംസ്ഥാന സര്‍ക്കാര്‍ അംഗീകാരം നല്‍കിയിരിക്കുന്നത്.  53.93 കോടി രൂപ ആകെ ചിലവ് പ്രതീക്ഷിക്കുന്ന പദ്ധതിയില്‍ 15.50 കോടി രൂപ സംസ്ഥാന ക്ഷീര വികസന വകുപ്പ് വിഹിതമായും 32.72 കോടി രൂപ ആര്‍.ഐ.ഡി.എഫ് പദ്ധതിയില്‍ ഉള്‍പ്പെടുത്തി നബാര്‍ഡ് വിഹിതമായും 5.17 കോടി രൂപ മലബാര്‍ മേഖലാ യൂണിയന്‍ വിഹിതമായും വകയിരുത്തിയിട്ടുണ്ട്.
മലപ്പുറം ഡെയറി പ്രോജക്റ്റിന് 1  ലക്ഷം ലിറ്റര്‍ ശേഷിയാണുള്ളത്.  ഇതിന്‍റെ ഒന്നാം ഘട്ടം പൂര്‍ത്തീകരിച്ചിട്ടുണ്ട്. ഈ ഫാക്ടറിയുടെ സൗകര്യങ്ങള്‍ പാല്‍പ്പൊടി ഫാക്ടറിക്ക് സംയുക്തമായി പങ്കിട്ട് ഉപയോഗിക്കാനാകുമെന്നതിനാല്‍  നിര്‍മാണ ചിലവ് കുറയ്ക്കാനാകും.
കേരളത്തില്‍ പാലുല്‍പ്പാദനം ഏറ്റവും കൂടുതലുളള ജില്ലകളിലൊന്നും കേന്ദ്ര സര്‍ക്കാര്‍ ക്ഷീര സൗഹൃദ ജില്ലകളിലൊന്നായി  സംസ്ഥാനത്തു നിന്നും തെരഞ്ഞെടുത്തതുമായ വയനാട് ജില്ലയില്‍ മണിക്കൂറില്‍ 3000 ലിറ്റര്‍ ശേഷിയുളള മില്‍ക്ക് കണ്ടന്‍സിംഗ് പ്ലാന്‍റാണ് സ്ഥാപിച്ചിരിക്കുന്നത്. രാഷ്ട്രീയ കൃഷി വികാസ് യോജനയില്‍ നിന്നും 310 ലക്ഷം രൂപയും കേന്ദ്ര-സംസ്ഥാന സര്‍ക്കാര്‍ ധനസഹായമായി യൂണിയന് അനുവദിച്ച തുകയും യൂണിയന്‍റെ സ്വന്തം ഫണ്ടായി 120 ലക്ഷം രൂപയും ഉപയോഗിച്ചാണ് വയനാട് ഡെയറിയില്‍ മില്‍ക്ക് കണ്ടന്‍സിംഗ് പ്ലാന്‍റിന്‍റെ ജോലികള്‍ പൂര്‍ത്തീകരിച്ചിട്ടുളളത്. ഈ മില്‍ക്ക് കണ്ടന്‍സിംഗ് പ്ലാന്‍റില്‍ ഉല്പാദിപ്പിക്കുന്ന കണ്ടന്‍സ്ഡ് മില്‍ക്ക് ഉപയോഗിച്ച് മില്‍ക്ക് പേഡ പോലുളള മൂല്യവര്‍ദ്ധിത ഉല്പന്നങ്ങളുടെ ഉല്പാദനം ത്വരിതപ്പെടുത്താന്‍ കഴിയും. കേരളത്തില്‍ സഹകരണ മേഖലയില്‍ ആദ്യമായി സ്ഥാപിച്ചിട്ടുളള കണ്ടന്‍സിംഗ് പ്ലാന്‍റാണിത്.
ഈ സര്‍ക്കാരിന്‍റെ കാലയളവില്‍ തന്നെ പാലുത്പ്പാദനത്തില്‍ സംസ്ഥാനത്തിന് സ്വയം പര്യാപ്തത നേടാനായതായും മടങ്ങിയെത്തിയ പ്രവാസികളും ക്ഷീര മേഖലയുടെ മഹത്വം തിരിച്ചറിഞ്ഞ് മേഖലയിലേക്ക് പ്രവേശിച്ചതിനാല്‍ സ്വയംപര്യാപ്തത നിലനിര്‍ത്താന്‍ കഴിയുമെന്നാണ് പ്രതീക്ഷയെന്നും മില്‍മ ചെയര്‍മാന്‍  പി.എ. ബാലന്‍ മാസ്റ്റര്‍ പറഞ്ഞു.
കര്‍ഷകര്‍ക്ക് പാലിന് ഏറ്റവും കൂടുതല്‍ വില നല്‍കുന്ന സംസ്ഥാനമാണ് കേരളമെന്നും മലപ്പുറത്തെ മൂര്‍ക്കനാട് നിര്‍മ്മിക്കുന്ന പാല്‍പ്പൊടി നിര്‍മ്മാണശാല  കേരളത്തിന്‍റെ അഭിമാന പദ്ധതിയാണെന്നും മില്‍മ മലബാര്‍ മേഖലാ ക്ഷീരോത്പ്പാദക യൂണിയന്‍ ചെയര്‍മാന്‍  കെ. എസ്. മണി പറഞ്ഞു.
മില്‍മ മാനേജിംഗ് ഡയറക്ടര്‍ ഡോ.പാട്ടീല്‍ സുയോഗ് സുഭാഷ് റാവുവും വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്തു.
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *