April 26, 2024

സംസ്ഥാന സര്‍ക്കാര്‍ ഒന്നാം വാര്‍ഷികം; മെയ് ഏഴു മുതല്‍ കല്‍പ്പറ്റയില്‍ മെഗാ പ്രദര്‍ശന- വിപണന മേള

0
Img 20220422 070554.jpg

കൽപ്പറ്റ : സംസ്ഥാന സര്‍ക്കാരിന്റെ ഒന്നാം വാര്‍ഷികത്തോടനുബന്ധിച്ച് മെയ് 7 മുതല്‍ 13 വരെ കല്‍പ്പറ്റ എസ്.കെ.എം.ജെ സ്‌കൂള്‍ ഗ്രൗണ്ടില്‍ വിപുലമായ പ്രദര്‍ശന- വിപണന മേള നടക്കും. ഏഴ് ദിവസങ്ങളിലായി 10 സെമിനാറുകളും കലാ- സാംസ്‌കാരിക പരിപാടികളും എക്‌സ്‌പോയുടെ ഭാഗമായി സംഘടിപ്പിക്കും. കാര്‍ഷിക- ഭക്ഷ്യ മേളയും ഉണ്ടാകും. ഇന്‍ഫര്‍മേഷന്‍- പബ്ലിക് റിലേഷന്‍സ് വകുപ്പിന്റെ നേതൃത്വത്തില്‍ മുഴുവന്‍ സര്‍ക്കാര്‍ വകുപ്പുകളുടെയും സഹകരണത്തോടെ നടത്തുന്ന മേളയിലും കലാപരിപാടികളും  പ്രവേശനം സൗജന്യമായിരിക്കും.
അമ്പതോളം സര്‍ക്കാര്‍ വകുപ്പുകളുടെ സേവനങ്ങള്‍ പ്രദര്‍ശിപ്പിക്കുന്ന 80 സ്റ്റാളുകളും വ്യവസായ വകുപ്പിന്റെ നേതൃത്വത്തില്‍ സൂക്ഷ്മ- ഇടത്തരം സംരംഭങ്ങളുടെയും പൊതുമേഖലാ സ്ഥാപനങ്ങളുടെയും 100 വിപണന സ്റ്റാളുകളും മേളയില്‍ സജ്ജീകരിക്കും. കൃഷി വകുപ്പിന്റെ നേതൃത്വത്തില്‍ കാര്‍ഷിക മേളയും കുടുംബശ്രീയുടെ നേതൃത്വത്തില്‍ വൈവിധ്യമാര്‍ന്ന ഭക്ഷ്യ മേളയും ഒരുക്കും.
കേരളത്തിലെ 10 ടൂറിസം അനുഭവങ്ങള്‍ പുനരാവിഷ്‌ക്കരിക്കുന്ന ടൂറിസം വകുപ്പിന്റെ പ്രദര്‍ശനം, കേരളത്തിന്റെ ഭൂതവും ഭാവിയും വര്‍ത്തമാനവും ചിത്രീകരിക്കുന്ന പി.ആര്‍.ഡിയുടെ എന്റെ കേരളം ചിത്രീകരണം, കിഫ്ബിയുടെ പ്രദര്‍ശന പവലിയന്‍, ഐ.ടി വകുപ്പിന്റെയും സ്റ്റാര്‍ട്ടപ്പുകളുടെയും ടെക്‌നോ ഡെമോ ഏരിയ തുടങ്ങിയവ മേളയുടെ പ്രധാന ആകര്‍ഷകങ്ങളായിരിക്കും.
മെയ് 7 ന് രാവിലെ 11 മണിക്ക് പ്രദര്‍ശനം ആരംഭിക്കും. വൈകീട്ട് 4 മണിക്ക് എക്‌സിബിഷനും 4.30 ന് പൊതുസമ്മേളനവും വനം-വന്യജീവി വകുപ്പ് മന്ത്രി എ.കെ ശശീന്ദ്രന്‍ ഉദ്ഘാടനം ചെയ്യും. ആദ്യദിവസം വൈകീട്ട് 6.30 ഷഹബാസ് അമന്റെ ഗസല്‍ സംഗീത നിശ അരങ്ങേറും. തുടര്‍ന്ന് എല്ലാ ദിവസവും രാവിലെയും ഉച്ചയ്ക്ക് ശേഷവും വിവിധ വകുപ്പുകളുടെ നേതൃത്വത്തില്‍ വികസന സെമിനാറുകളും വൈകീട്ട് 6.30 ന് വിനോദ പരിപാടികളും നടക്കും.
വിനോദ് കോവൂരിന്റെ നേതൃത്വത്തില്‍ (എം80 മൂസ) ഹാസ്യ- സംഗീത വിരുന്ന ഫാസില ബാനു ടീമിന്റെ മാപ്പിളപ്പാട്ട്, കൊണ്ടോട്ടി- എടരിക്കോട് ടീമുകളുടെ ദഫ്മുട്ട്, കോല്‍ക്കളി, ഭാരത് ഭവന്റെ ഇന്ത്യന്‍ ഗ്രാമോത്സവം, ഉണ്‍ര്‍വിന്റെ നാടന്‍പാട്ട്, മറ്റ് കലാപരിപാടികള്‍, സമീര്‍ ബിന്‍സി ടീമിന്റെ സൂഫി ഖവ്വാലി, ഉദ്യോഗസ്ഥരുടെയും കുടുംബാംഗങ്ങളുടെയും കലാപരിപാടികള്‍, ചില്‍ഡ്രന്‍സ് ഹോം വിദ്യാര്‍ത്ഥികളുടെ യോഗ ഡാന്‍സ്, മലമുഴക്കി ബാംബു സംഗീത പരിപാടി തുടങ്ങിയവ വിവിധ ദിവസങ്ങളിലായി അരങ്ങേറും.
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *