April 24, 2024

30 വയസിന് മുകളിൽ സൗജന്യ പരിശോധനയും ചികിത്സയും:മന്ത്രി വീണാ ജോർജ്

0
Gridart 20220425 1945459712.jpg

തിരുവനന്തപുരം : അൽപം ശ്രദ്ധ ആരോഗ്യം ഉറപ്പ്' എന്ന ക്യാമ്പയിന്റെ ഭാഗമായി 30 വയസിന് മുകളിലുള്ള 5 ലക്ഷത്തിലധികം പേരെ വീട്ടിലെത്തി ജീവിതശൈലീ രോഗ നിർണയ സ്‌ക്രീനിംഗ് നടത്തിയതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ്. ഈ ക്യാമ്പയിന്റെ ഭാഗമായി 30 വയസിന് മുകളിലുള്ളവരെ വീട്ടിൽ പോയി കണ്ട് സൗജന്യ രോഗ നിർണയവും ആവശ്യമുള്ളവർക്ക് ചികിത്സയും ലഭ്യമാക്കുന്നു. ആദ്യ ഘട്ടമായി സംസ്ഥാനത്തെ 140 നിയോജക മണ്ഡലങ്ങളിലെയും ഓരോ പഞ്ചായത്തിലാണ് പദ്ധതി ആരംഭിച്ചത്. പദ്ധതി ആരംഭിച്ച് 5 ആഴ്ചയ്ക്കുള്ളിൽ തന്നെ ഇത്രയും പേരിലേക്ക് ആരോഗ്യ പ്രവർത്തകർക്ക് എത്തപ്പെടാൻ കഴിഞ്ഞത് വലിയ നേട്ടമാണെന്ന് മന്ത്രി വ്യക്തമാക്കി. 30 വയസിന് മുകളിലുള്ളവർ ജീവിതശൈലീ രോഗങ്ങൾക്കെതിരെ ശ്രദ്ധിക്കണമെന്ന കണക്കാണു പുറത്തു വരുന്നത്. ആകെ 5,02,128 പേരെ സ്‌ക്രീനിങ് നടത്തിയതിൽ 21.17 ശതമാനം പേർ (1,06,312) ഏതെങ്കിലും ഒരു ഗുരുതര രോഗം വരുന്നതിനുള്ള റിസ്‌ക് ഫാക്ടർ ഗ്രൂപ്പിൽ വന്നിട്ടുണ്ട്. ഇവരെ വിദഗ്ധ പരിശോധനയ്ക്ക് വിധേയമാക്കിയിരിക്കുകയാണ്. 11.49 ശതമാനം പേർക്ക് (57,674) രക്താതിമർദ്ദവും, 8.9 ശതമാനം പേർക്ക് (44,667) പ്രമേഹവും, 4.14 പേർക്ക് (20,804) ഇവ രണ്ടും സ്ഥിരീകരിച്ചതായി കണ്ടെത്തിയിട്ടുണ്ട്. 6775 പേരെ ക്ഷയരോഗത്തിനും 6139 പേരെ ഗർഭാശയ കാൻസറിനും 34,362 പേരെ സ്തനാർബുദത്തിനും 2214 പേരെ വദനാർബുദത്തിനും സ്ഥിരീകരണത്തിനായി റഫർ ചെയ്തിട്ടുണ്ട്.
മലപ്പുറം ജില്ലയാണ് ഏറ്റവും മികച്ച സ്‌ക്രീനിങ് കാഴ്ച വച്ചിരിക്കുന്നത്. 81,876 പേരെയാണ് മലപ്പുറം സ്‌ക്രീനിങ് നടത്തിയത്. തൃശൂർ (59,291) രണ്ടാം സ്ഥാനത്തും, ആലപ്പുഴ (50,979) മൂന്നാം സ്ഥാനത്തുമാണ്. റിസ്‌ക് ഗ്രൂപ്പിൽ പെട്ടവരെയും റഫർ ചെയ്ത രോഗികളെയും ആരോഗ്യ വകുപ്പിന് കീഴിലുള്ള പരിശോധന കേന്ദ്രങ്ങളിൽ സൗജന്യ പരിശോധനയ്ക്ക് വിധേയമാക്കുന്നതാണ്. ഇവരിൽ ആവശ്യമുള്ളവർക്ക് ചികിത്സയും ഉറപ്പ് വരുത്തും. ഇ-ഹെൽത്ത് വികസിപ്പിച്ചെടുത്ത ശൈലീ ആപ്ലിക്കേഷനിലൂടെയാണ് ആരോഗ്യ പ്രവർത്തകർ ഗൃഹസന്ദർശനം നടത്തി ജീവിതശൈലീ രോഗനിർണയം നടത്തി വരുന്നത്. ഇത് തത്സമയം തന്നെ അതാത് ആരോഗ്യ കേന്ദ്രങ്ങളിലും ജില്ലാതലത്തിലും സംസ്ഥാന തലത്തിലും ഡാഷ് ബോർഡിലൂടെ നിരീക്ഷിക്കുവാൻ സാധിക്കുന്നതാണ്.
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *

Latest news