April 25, 2024

ബാങ്ക് ഇനി വിരല്‍ത്തുമ്പില്‍; തെരുവുനാടകവുമായി ബാങ്ക് ജീവനക്കാര്‍

0
Img 20220731 Wa00012.jpg
കൽപ്പറ്റ :  അനുദിനം മാറി മറിയുന്ന സാങ്കേതിക ലോകത്തില്‍ ഡിജിറ്റല്‍ സേവനങ്ങളെ പരിചയപ്പെടുത്താന്‍ ബാങ്ക് ജീവനക്കാരുടെ തെരുവ് നാടകം വേറിട്ടതായി. അതിവേഗത്തിലും കാര്യക്ഷമതയോടും ആര്‍ക്കും പ്രാപ്യമാകുന്ന ഡിജിറ്റല്‍ ബാങ്കിങ്ങ് സേവനങ്ങളെ സമഗ്രവും ലളിതവുമായി തെരുവുനാടകത്തിലൂടെ ജീവനക്കാര്‍ അവതരിപ്പിച്ചു. തിരക്കിട്ട ബാങ്ക് ജോലികള്‍ക്കിടയിലും സമയം കണ്ടെത്തി നാടകത്തിന്റെ തിരക്കഥയും സംവിധാനവുമെല്ലാം ഇവര്‍ തന്നെയാണ് തയ്യാറാക്കിയത്. ബാങ്ക് ജീവനക്കാര്‍ക്കൊപ്പം സാമ്പത്തിക സാക്ഷരതാ കൗണ്‍സിലര്‍മാരും ബാങ്ക് വിരല്‍ത്തുമ്പില്‍ തെരുവ് നാടകത്തില്‍ അണിനിരന്നു. വയനാട് ഡിജിറ്റലിലേക്ക് പദ്ധതിയുടെ ഭാഗമായി ലീഡ് ബാങ്കിന്റെ നേതൃത്വത്തില്‍ നബാര്‍ഡിന്റെ സഹായത്തോടെ  ജില്ലയുടെ വിവിധ ഭാഗങ്ങളില്‍ നാടകം അരങ്ങേറിയത്. 
കേരള ഗ്രാമീണ്‍ ബാങ്ക് ചീഫ് മാനേജര്‍ അനില്‍ കുമാറിന്റെ  തിരക്കഥയില്‍   റോബിന്‍ വര്‍ഗീസ്സാണ് തെരുവ് നാടകത്തിന്റെ സംവിധാനം നിര്‍വ്വഹിച്ചത്. ലീഡ് ബാങ്ക് മാനേജര്‍ ബിബിന്‍ മോഹന്‍ നേതൃത്വം നല്‍കി. ആഗസ്റ്റ് 15 ന് കേരളം രാജ്യത്തെ ആദ്യസമ്പൂര്‍ണ ഡിജിറ്റല്‍ ബാങ്കിംഗ് സംസ്ഥാനമായി പ്രഖ്യാപിക്കുന്നതിന്റെ ഭാഗമായാണ് ജില്ലയില്‍ 
വയനാട് ഡിജിറ്റലിലേക്ക് എന്ന പേരില്‍ ബോധവത്കരണ പരിപാടികള്‍ സംഘടിപ്പിക്കുന്നത്. റിസര്‍വ് ബാങ്കിന്റെ മേല്‍നോട്ടത്തില്‍ ലീഡ് ബാങ്കും ജില്ലാ ഭരണകൂടവും കാമ്പെയിനില്‍ പങ്ക് ചേരുന്നു. ജില്ലയിലെ മുഴുവന്‍ ബാങ്ക് അക്കൗണ്ടുകള്‍ക്കും ഏതെങ്കിലും തരത്തിലുള്ള ഡിജിറ്റല്‍ സേവനം ഉറപ്പുവരുത്തുക എന്നതാണ് ലക്ഷ്യം.  
ഡിജിറ്റല്‍ ബാങ്കിങ്ങ് പ്രയോജനപ്പെടുത്താന്‍ ജില്ലയിലെ എല്ലാവരും തയ്യാറാവണമെന്ന്  ലീഡ് ബാങ്ക് മാനേജര്‍ അഭ്യര്‍ത്ഥിച്ചു. കല്‍പ്പറ്റ, മുട്ടില്‍, മീനങ്ങാടി, സുല്‍ത്താന്‍ ബത്തേരി, പനമരം, മാനന്തവാടി, പടിഞ്ഞാറത്തറ എന്നിവടങ്ങളിലാണ്   ഡിജിറ്റല്‍ ബാങ്കിംഗ് ബോധവത്ക്കരണ തെരുവുനാടകം അവതരിപ്പിച്ചത്.
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *