April 25, 2024

പട്ടിക വര്‍ഗ്ഗ വിദ്യാര്‍ത്ഥികളുടെ ക്ഷേമം:ജില്ല കൂടുതല്‍ പ്രാധാന്യം നല്‍കണം

0
Img 20220719 Wa00102.jpg
കൽപ്പറ്റ : പട്ടിക വര്‍ഗ്ഗ വിദ്യാര്‍ത്ഥികളുടെ ആരോഗ്യത്തിനും വിദ്യാഭ്യാസത്തിനും കൂടുതല്‍ പ്രാധാന്യം നല്‍കണമെന്നും ഗോത്രസാരഥി പദ്ധതി അനിശ്ചിതത്വത്തിലാകരുതെന്നും തദ്ദേശ സ്വയംഭരണ വകുപ്പ് അഡീഷണല്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി ശാരദ മുരളീധരന്‍ പറഞ്ഞു. ജില്ലാ ആസൂത്രണ ഭവന്‍ എ.പി.ജെ ഹാളില്‍ നടന്ന ആസൂത്രണ സമിതി യോഗത്തില്‍ സംസാരിക്കുകയായിരുന്നു അവര്‍. ഗോത്രസാരഥി പദ്ധതിക്ക് ആവശ്യമായ ബന്ധപ്പെട്ട വകുപ്പുകള്‍ വകയിരുത്തണം. കുട്ടികള്‍ വിദ്യാലയത്തിലെത്താന്‍ കൂടുതല്‍ വെല്ലുവിളി നേരിടുന്ന പ്രദേശത്തിന് മുന്‍ഗണന നല്‍കണം. പട്ടികവര്‍ഗ്ഗവികസന വകുപ്പ്, തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങള്‍ എന്നിവ പദ്ധതിക്കായി നീക്കിവച്ച തുക എത്രയാണെന്ന് ജില്ലാ ആസൂത്രണ സമിതി വിലയിരുത്തണം. ആവശ്യമെങ്കില്‍ ബാക്കി തുക കണ്ടെത്താനുള്ള നടപടിയുണ്ടാകണം. 
 
 ഓരോ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളും ദുരന്തനിവാരണ മാസ്റ്റര്‍ പ്ലാനിംഗ് തയ്യാറാക്കണം. ഇതില്‍ ഷെല്‍ട്ടര്‍ മാനേജ്‌മെന്റ് പ്രോജക്ടിന് കൂടുതല്‍ പ്രാധാന്യം നല്‍കണം. വയനാട് ജില്ലപോലുള്ള മലയോരമേഖലകളില്‍ ദുരന്ത സാഹചര്യങ്ങളെ നേരിടാന്‍ ഇതുപകരിക്കും. വിനോദ സഞ്ചാരത്തിന് പേര് കേട്ട ജില്ലയില്‍ മാലിന്യരഹിത ടൂറിസത്തിന് പ്രാധാന്യം നല്‍കണം. തദ്ദേശീയ തലത്തില്‍ മാലിന്യ സംസ്‌ക്കരണത്തിന് പ്രാധാന്യം നല്‍കി കൊണ്ടുള്ള പദ്ധതികള്‍ നടപ്പിലാക്കണം. പുഴകളിലും മറ്റ് ജലാശയങ്ങളിലും മാലിന്യം തള്ളുന്ന പ്രവണതകള്‍ അനുവദിക്കരുതെന്നും ശാരദ മുരളീധരന്‍ പറഞ്ഞു.  
 2022 – 23 വാര്‍ഷിക പദ്ധതിയുടെ ഭാഗമായി മാനന്തവാടി ബ്ലോക്ക് പഞ്ചായത്ത് സമര്‍പ്പിച്ച പദ്ധതി ജില്ലാ ആസൂത്രണ സമിതി യോഗം ഭേദഗതികളോടു കൂടി അംഗീകരിച്ചു. മാനന്തവാടി ബ്ലോക്ക് പഞ്ചായത്ത് സമര്‍പ്പിച്ച പദ്ധതിയില്‍ ഭിന്നശേഷി കലോത്സവം, ഗെയിംസ് ഫെസ്റ്റിവല്‍, സമഗ്ര കോളനി വികസനം, ഹരിത ഭവനം, സ്പീച്ച് ഒക്യുപേഷന്‍ തൊറാപ്പി എന്നീ മുന്‍ഗണനാ പദ്ധതികളും ഭിന്നശേഷി സ്‌കോളര്‍ഷിപ്പ്, ഗോത്രസാരഥി, വൃക്കരോഗികള്‍ക്കുള്ള ഡയാലിസിസ് തുടങ്ങിയ സംയുക്ത പദ്ധതികള്‍ക്കും യോഗം അംഗീകാരം നല്‍കി. 
വിദ്യാലയങ്ങളിലെ പ്രഭാത ഭക്ഷണ വിതരണം, നെല്‍കര്‍ഷകര്‍ക്കുള്ള സബ്‌സിഡി വിതരണം, ഭിന്നശേഷി വിദ്യാര്‍ത്ഥികള്‍ക്കുള്ള സ്‌കോളര്‍ഷിപ്പ്, വൃക്കരോഗികള്‍ക്കായുള്ള ഡയാലിസിസ് പദ്ധതി, തെരുവുനായ ശല്യം പരിഹരിക്കുന്നതുമായി ബന്ധപ്പെട്ട പദ്ധതി, ഗ്രാമ പഞ്ചായത്തുകളിലെ ഗ്രാമീണ പാത വികസനം തുടങ്ങിയ പദ്ധതികളും മാനന്തവാടി ബ്ലോക്ക് പഞ്ചായത്തിന്റെ വാര്‍ഷിക പദ്ധതിയില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. 
ജില്ലാ പഞ്ചായത്ത് പ്രസിഡന്റും ആസൂത്രണ സമിതി ചെയര്‍ പേഴ്‌സണുമായ സംഷാദ് മരക്കാര്‍ അദ്ധ്യക്ഷത വഹിച്ചു. ജില്ലാ കളക്ടര്‍ എ. ഗീത, ജില്ലാ പ്ലാനിംഗ് ഓഫീസര്‍ ആര്‍. മണിലാല്‍, ജില്ലാ ആസൂത്രണ സമിതി സര്‍ക്കാര്‍ നോമിനി എ.എന്‍. പ്രഭാകരന്‍, ആസൂത്രണ സമിതി അംഗങ്ങള്‍, തദ്ദേശ സ്വയം ഭരണ സ്ഥാപന പ്രതിനിധികള്‍, ജില്ലാതല ഉദ്യോഗസ്ഥര്‍, പഞ്ചായത്ത് അസോസിയേഷന്‍ ഭാരവാഹികള്‍ തുടങ്ങിയവര്‍ യോഗത്തില്‍ പങ്കെടുത്തു.
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *